കുറ്റാരോപിതനെ സ്വന്തത്തിനെതിരെ തന്നെ സാക്ഷിയാകാൻ നിർബന്ധിക്കരുതെന്നത് അമേരിക്കയിലും ബ്രിട്ടനിലും ഇന്ത്യയിലുമെല്ലാമുള്ള പ്രധാന പൗരാവകാശങ്ങളിലൊന്നാണ്. തനിക്ക് വിനയാകും വിധം കുറ്റാരോപിതൻ സാക്ഷി പറയേണ്ടതില്ലെന്നത് ആഗോളതലത്തിൽ തന്നെ ക്രിമിനൽ നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട പ്രധാന മാൻഡേറ്റാണെന്ന് പറയുമ്പോൾ കുറ്റം സംശയാതീതമായി തെളിയിക്കപ്പെടാത്ത കാലത്തോളം കുറ്റാരോപിതനെ നിയമം നിരപരാധിയായി കാണുന്നുവെന്നതാണ് അതിനാധാരം. പ്രോസിക്യൂഷൻ അതായത് വാദിഭാഗമാണ് കുറ്റം തെളിയിക്കേണ്ടത്. അതിനാൽ തൻ്റെ താത്പര്യത്തിന് വിരുദ്ധമായി സാക്ഷി പറയേണ്ട ആവശ്യം കുറ്റാരോപിതനില്ല. അവ്വിധമൊരു സംരക്ഷണം ഇന്ത്യയിൽ കുറ്റാരോപിതന് ലഭ്യമായ ഭരണഘടനാപരമായ മൗലികാവകാശം പോലുമാണ്.
നിയമപാലകർ കുറ്റാരോപിതനെ ബലപ്രയോഗത്തിലൂടെ സ്വന്തത്തിനെതിരെ തന്നെ സാക്ഷി പറയാൻ നിർബന്ധിക്കുന്നതിൽ നിന്നുള്ള സംരക്ഷണ കവചമാണ് മേൽചൊന്ന നിയമമെങ്കിലും ധാർമികമായ ശൂന്യതയുണ്ടവിടെ. സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ടായിരിക്കും കുറ്റാരോപിതർ ചിലപ്പോൾ മൗനം പാലിക്കുകയോ സത്യം പറയാതിരിക്കുകയോ ചെയ്യുന്നത്. അതേസമയം ഇസ്ലാമിക ക്രിമിനൽ നീതിന്യായ കാഴ്ചപ്പാടിൽ തനിക്ക് വിനയാകുമെന്ന് കണ്ടാലും നീതി നടപ്പാകണമെന്ന താത്പര്യം മുൻനിർത്തി സ്വന്തത്തിന് എതിരാകും വിധം സാക്ഷി പറയേണ്ട ഉത്തരവാദിത്വം വിശ്വാസികൾക്കുണ്ട്. ഖുർആനിലെ നിസാഅ് അധ്യായത്തിലെ 135ാം വചനം, സത്യവിശ്വാസികൾ സ്വന്തം ശരീരത്തോടും മാതാപിതാക്കളോടും ബന്ധുക്കളോടും നീതി കാണിക്കണമെന്ന് കൽപിക്കുന്നുണ്ട്.
സ്വന്തത്തിന് പ്രയാസമുണ്ടായാൽ പോലും സത്യം മാത്രമേ പറയാവൂ. അങ്ങനെ നേര് പറയുന്നത് നിനക്ക് തന്നെ തിരിച്ചടിയാകുന്നത് അവഗണിക്കണം. അല്ലാഹുവിനെ അനുസരിച്ചവർക്ക് പ്രയാസകരമായ എല്ലാ കാര്യങ്ങളിലും അവൻ തുറവി നൽകുമെന്നാണ് വിശ്രുത ഖുർആൻ വ്യാഖ്യാതാവായ ഹാഫിള് ഇബ്നു കസീർ പ്രസ്താവിത വചനത്തിലെ 'അത് നിങ്ങൾക്ക് തന്നെയും എതിരാകുമെങ്കിലും ശരി' എന്ന ഭാഗത്തിന് നൽകിയ വിശദീകരണം. തനിക്കു തന്നെ എതിരാകുന്ന വിധം സാക്ഷിയാകൂ എന്ന് സത്യവിശ്വാസികളോട് കൽപിക്കുക മാത്രമല്ല സ്രഷ്ടാവായ അല്ലാഹു വിശുദ്ധ ഖുർആനിലൂടെ ചെയ്യുന്നത്. പ്രത്യുത അത്തരം വിപത്ഘട്ടങ്ങളിലും സത്യസാക്ഷ്യത്തിൻ്റെ കൂടെയായാൽ സ്രഷ്ടാവിൽ നിന്ന് ആശ്വാസത്തിൻ്റെ സ്പർശമുണ്ടാകുമെന്നാകുമ്പോൾ നീതി സങ്കൽപത്തിൽ ഇസ്ലാമിക ധാർമികത മനോഹരമായി പ്രവർത്തിക്കുന്നത് കാണാം. സ്വന്തത്തിന് വിനയാകുമെന്ന് വരുമ്പോഴും നീതി നടപ്പാക്കപ്പെടണമെന്നതിലാണ് മതം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കാര്യം എന്തു തന്നെയായാലും കുറ്റാരോപിതൻ തനിക്കെതിരെ തെളിവ് നൽകേണ്ടതില്ലെന്ന നിയമ പരിരക്ഷ യഥാർഥ കുറ്റവാളിയെ കണ്ടെത്തുന്നതിന് പകരം വാദി - പ്രതി പക്ഷങ്ങൾ കോടതി മുറിയിൽ ഉന്നയിക്കുന്ന വാദമുഖങ്ങളുടെ ഉത്പന്നം മാത്രമാക്കി നീതിയെ മാറ്റുകയാണ് ചെയ്യുന്നത്.
നിയമങ്ങളുടെ പ്രധാന ഉറവിടങ്ങളിലൊന്നാണ് മതങ്ങൾ എന്നത് സുവിദിതമാണല്ലോ. ശരിയായ മതത്തിൻ്റെ ധാർമിക പാഠങ്ങൾ നിയമനിർമാണങ്ങളുടെയും കോടതി നടപടിക്രമങ്ങളുടെയും ഭാഗമാകുമ്പോഴാണ് നീതി എന്ന പ്രയോഗം സാർഥമാകുന്നത്. സ്രഷ്ടാവിൻ്റെ നിയമങ്ങൾ സുതാര്യമാണ് എന്ന കാര്യം തെര്യപ്പെടുന്നുണ്ടല്ലോ മേൽപ്രസ്താവിത ഖുർആൻ വചനത്തിൽ. അതായത് തനിക്ക് എതിരാണെങ്കിലും സത്യത്തിന് സാക്ഷ്യം വഹിക്കൂ എന്ന് പറയുന്നിടത്ത് മറച്ചുവെക്കലോ തെറ്റുദ്ധരിപ്പിക്കലോ ഇല്ല. നീതിയെപ്രതിയുള്ള ഇസ്ലാമിക കാഴ്ചപ്പാടിൻ്റെ പ്രതിഫലനമാണത്. വ്യക്തിയുടെ സംസ്കരണത്തിൽ തുടങ്ങി ഒരു ദേശരാഷ്ട്രത്തിൻ്റെ നീതിന്യായ സംവിധാനത്തെ വരെ സമഗ്രമായി സ്പർശിക്കുന്നതാണ് ഇസ്ലാമിലെ നീതി സങ്കൽപം. അതിന് സാമൂഹികവും രാഷ്ട്രീയവുമായ തലങ്ങൾ മാത്രമല്ലയുള്ളത്. ഒരു നല്ല മനുഷ്യനെ സൃഷ്ടിക്കുകയെന്നത് ഇസ്ലാമിക നീതി സങ്കൽപത്തിൻ്റെ വൈയക്തിക തലമാണ്. നീതിയെക്കുറിച്ചുള്ള ഇസ്ലാമിക പരിപ്രേക്ഷ്യം വേറെ തന്നെ വിശദീകരിക്കപ്പെടേണ്ടതാണ്.
