കൊലപാതകം (Murder) മഹാ അപരാധമാണെന്ന കാര്യത്തിൽ പക്ഷാന്തരമുണ്ടാകില്ല. ഒരാളെ കൊല്ലുന്നതിലൂടെ അയാളുമായുള്ള നാനാതരം വ്യവഹാരങ്ങളെയും റദ്ദാക്കുകയാണ് കൊലയാളി ചെയ്യുന്നത്. കൊല്ലപ്പെട്ടയാളോട് പ്രപഞ്ചത്തിനുണ്ടായിരുന്ന ബന്ധത്തെ മുറിച്ചിടുന്നു ഘാതകൻ. ജീവിച്ചിരിക്കാനുള്ള അവകാശമാണല്ലോ പരമമായ അവകാശം. ആ അവകാശത്തെ നിയമപരമല്ലാത്ത വിധത്തിൽ കവർന്നെടുക്കുന്ന കൊലയാളി ജീവിച്ചിരിക്കാൻ അർഹനല്ലെന്ന് കരുതുന്നതിൽ മനുഷ്യാന്തസ്സിനെ ഉയർത്തിപ്പിടിക്കുന്ന നിലപാടാണുള്ളത്. അന്യായമായി കൊല്ലുന്നത് മനുഷ്യരാശിയോടുള്ള വെല്ലുവിളിയാണെന്ന വിശുദ്ധ ഖുർആനിലെ ‘മാഇദ’ അധ്യായത്തിലെ 32ാം വചനം ചൂണ്ടിക്കാട്ടുന്ന ആശയമാണത്.
മന:പൂർവം ചെയ്യുന്നതാണല്ലോ കൊലപാതകം. അബദ്ധത്തിൽ കൊല്ലപ്പെടുന്നതിനെ വേറിട്ട് തന്നെ നിർവചിക്കുന്നുണ്ട് ലോകരാജ്യങ്ങളിലെ ക്രിമിനൽ നീതിന്യായ സംവിധാനങ്ങളെല്ലാം. വിവിധ സംസ്ഥാനങ്ങളിലെ ക്രിമിനൽ നിയമങ്ങൾ തമ്മിൽ വ്യത്യാസമുണ്ട് അമേരിക്കയിൽ. അവിടെ കൊലപാതകക്കുറ്റത്തെ മൂന്നായാണ് വിഭജിച്ചിരിക്കുന്നത്. ഫസ്റ്റ് ഡിഗ്രി, സെകൻഡ് ഡിഗ്രി, തേർഡ് ഡിഗ്രി എന്നിങ്ങനെയാണ് ആ വിഭജനം. ഇന്ത്യയിലാകുമ്പോൾ മന:പൂർവ നരഹത്യയും മന:പൂർവമല്ലാത്ത നരഹത്യയുമായാണ് വർഗീകരിച്ചിരിക്കുന്നത്. മറ്റു ലോകരാജ്യങ്ങളിലെല്ലാം ഈ വർഗീകരണമുണ്ട്. ഫലത്തിൽ മന:പൂർവമായ കൊലപാതകത്തെയും അബദ്ധത്തിൽ സംഭവിക്കുന്ന കൊലപാതകത്തെയും വേറിട്ട് നിർവചിക്കുകയും അതുവഴി വ്യത്യസ്ത തരത്തിലുള്ള ശിക്ഷ പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്.
ഇസ്ലാമിക നീതിന്യായ വ്യവസ്ഥിതിയിൽ കൊലപാതകക്കുറ്റത്തെ മൂന്നായി തരംതിരിക്കുന്നുണ്ട്. കാരണമില്ലാതെയോ മതപരമായ ന്യായീകരണമില്ലാതെയോ ഒരാളെ കൊല്ലുന്നതാണ് ഒന്നാമത്തെ ഇനം. അവിടെ കൊലപാതകം കൊലയാളിയുടെ ബോധപൂർവമായ പ്രവൃത്തിയാണ്. തീവെച്ച് കൊല്ലുക, കുത്തിക്കൊല്ലുക, ഉയർന്ന സ്ഥലത്തു നിന്ന് താഴേക്കെറിഞ്ഞ് കൊല്ലുക, ഭക്ഷണമോ വെള്ളമോ ഇല്ലാതെ മരിക്കുന്നത് വരെ തടവിലിടുക എന്നിവയൊക്കെ മന:പൂർവമായ കൊലപാതകങ്ങളാണ്. കൊലപാതകിക്ക് ലഭിക്കുന്ന ശിക്ഷ അയാളെ കൊല്ലുമെന്നതാണ്.
അപ്പോഴും കൊല്ലപ്പെട്ടയാളുടെ അനന്തരാവകാശികൾക്ക് കൊലയാളിയിൽ നിന്ന് ദിയാധനം സ്വീകരിച്ച് പ്രതിക്രിയ ഒഴിവാക്കി കൊടുക്കുന്നതിനുള്ള അവകാശമുണ്ട് ഇസ്ലാമിൽ. തങ്ങളുടെ രക്തബന്ധത്തിലെ ഒരംഗത്തെ അന്യായമായി കൊലപ്പെടുത്തിയയാളെ കൊല്ലണമെന്നാണ് ഇരയുടെ അനന്തരാവകാശികളുടെ പക്ഷമെങ്കിൽ പ്രതിക്രിയ തന്നെ ഭരണകൂടം നടപ്പിലാക്കണം. ഒരാൾ അന്യായമായി കൊല്ലപ്പെടുമ്പോൾ ആത്യന്തികമായി അതിൽ വേദനിക്കുക അയാളുടെ ബന്ധുക്കളാണല്ലോ. അതിനാൽ പ്രതിക്രിയയാണോ ദിയാധനമാണോ വേണ്ടതെന്നതിൽ അവരുടെ തിരഞ്ഞെടുപ്പ് പ്രധാനമാണെന്ന പരിപ്രേക്ഷ്യത്തെ ഇസ്ലാം ഉയർത്തിപ്പിടിക്കുന്നു. ഒരാൾ ക്രിമിനൽ കുറ്റകൃത്യം ചെയ്യുന്നു എന്നതിനർഥം നിയമം ലംഘിക്കുന്നു എന്നാണ്. പ്രസ്തുത ക്രിമിനൽ പ്രവൃത്തി സ്റ്റേറ്റിനെതിരായ നടപടിയാണെന്ന കാഴ്ചപ്പാടാണ് ആധുനിക ക്രിമിനൽ നീതിന്യായ വ്യവസ്ഥിതികളെല്ലാം മുന്നോട്ടു വെക്കുന്നത്. അതിനാൽ സ്റ്റേറ്റാണ് കൊലപാതക കുറ്റത്തിൽ ഉൾപ്പെടെ ശിക്ഷ അന്തിമമായി തീരുമാനിക്കുന്നത്. കൊല്ലപ്പെട്ടയാളുടെ വ്രണിത ഹൃദയരായ രക്തബന്ധുക്കൾ എല്ലാത്തിനും സാക്ഷികൾ മാത്രം. അതിൽ നിന്ന് വ്യത്യസ്തമാണ് ഇസ്ലാമിൻ്റെ സമീപനം. കൊല്ലപ്പെട്ടയാളുടെ അനന്തരാവകാശികൾക്ക് പ്രതിക്രിയ ആവശ്യപ്പെടുകയോ മതിയായ ദിയാധനം സ്വീകരിച്ച് മാപ്പ് നൽകുകയോ ചെയ്യാം. അപ്പോഴും പ്രതിക്രിയക്ക് പോകുന്നതിനെക്കാൾ ഉത്തമം മാപ്പ് നൽകലാണെന്ന് ഇസ്ലാമിക കർമശാസ്ത്ര പണ്ഡിതർ പറഞ്ഞുവെക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. കാരണം പകരം കൊല്ലണമെന്ന് ആവശ്യപ്പെടാൻ അവകാശമുണ്ടായിരിക്കെ അത് വേണ്ടെന്നു വെച്ച് മാപ്പു നൽകുന്നത് വലിയ നന്മയാണ്. തങ്ങളനുഭവിക്കുന്ന കഠിന വേദനയിലും കുറ്റവാളിയിലേക്ക് പോലും കിനിഞ്ഞിറങ്ങുന്ന സ്നേഹവായ്പാണവിടെ പ്രകടമാകുന്നത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന പോരിനും പകക്കും ചെക്ക് വെക്കുന്ന മനുഷ്യത്വമാണത്. ഇസ്ലാമിക ക്രിമിനൽ നീതിന്യായ വ്യവസ്ഥിതിക്ക് ബഹുമുഖ ലക്ഷ്യങ്ങളുണ്ടെന്ന് ചുരുക്കം.
സാധാരണ നിലയിൽ കൊലപാതകത്തിലേക്ക് നയിക്കുകയോ മരണം സംഭവിക്കുകയോ ചെയ്യാത്ത പ്രവൃത്തിയാൽ യാദൃശ്ചികമായി കൊല്ലപ്പെടുന്നതാണ് ഇസ്ലാമിക ക്രിമിനൽ നീതിന്യായ വ്യവസ്ഥിതി പ്രകാരമുള്ള കൊലപാതക കുറ്റത്തിലെ രണ്ടാമത്തെ ഇനം. രോഗശമനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഡോക്ടർ ചികിത്സിക്കുന്നതിനിടയിൽ രോഗി മരിക്കുന്നത് അതിന് ഉദാഹരണമാണ്. അങ്ങനെ വന്നാൽ ശിക്ഷ ദിയാധനം നൽകുകയെന്നതാണ്. കുറ്റവാളിയുടെ ബാധ്യതയാണ് ദിയാധനം നൽകൽ. പ്രതിക്രിയ ഉണ്ടാവുകയില്ല.
പൂർണമായും അബദ്ധവശാൽ സംഭവിക്കുന്ന കൊലപാതകമാണ് ഇസ്ലാമിക ക്രിമിനൽ നീതിന്യായ വ്യവസ്ഥിതിയിലെ മൂന്നാമത്തെ ഇനം. പക്ഷിയെ വേട്ടയാടുകയായിരുന്നു. പക്ഷേ വെടിയുണ്ട ചെന്നുപതിച്ചത് അടുത്തുള്ളയാളുടെ ദേഹത്താണ്. അബദ്ധവശാലാണ് അവ്വിധം കൊല്ലപ്പെട്ടത്. ദിയാധനം നൽകലാണവിടെ ശിക്ഷ. കുറ്റവാളിയുടെ ബന്ധുക്കളാണത് നൽകേണ്ടത്. ഓരോ സംഭവത്തിൻ്റെയും വസ്തുതയനുസരിച്ച് ദിയാധനത്തിൻ്റെ തോത് വ്യത്യാസപ്പെടുന്നതാണ്.
ആധുനിക ക്രിമിനൽ നീതിന്യായ സമ്പ്രദായത്തിൽ മന:പൂർവമായ കൊലപാതകത്തിന് വധശിക്ഷയുണ്ട്. അത് ജീവപര്യന്തം തടവുമാകാം. പിഴയുമുണ്ടായിരിക്കാം. മന:പൂർവമല്ലാത്ത നരഹത്യക്ക് ജീവപര്യന്തം തടവാണ് പരമാവധി ശിക്ഷ. പിഴയൊടുക്കേണ്ടിയും വന്നേക്കാം. മന:പൂർവമായ കൊലപാതകത്തിന് മരണശിക്ഷയുണ്ടെന്ന് പറയുമ്പോഴും വധശിക്ഷ ഒഴിവാക്കുന്നതാണ് ഇപ്പോൾ ലോകരാജ്യങ്ങളിലെ പൊതു പ്രവണത. വധശിക്ഷ വേണോ വേണ്ടയോ എന്നതൊന്നും കൊല്ലപ്പെട്ടയാളുടെ അനന്തരാവകാശികളുടെ തിരഞ്ഞെടുപ്പാകുന്നുമില്ല. ന്യായീകരണമേതുമില്ലാതെ മന:പൂർവം മറ്റൊരാളെ കൊന്നയാൾ മാനവരാശിയെയാകെ കൊന്നിരിക്കുന്നു എന്ന നിലപാടാണ് ബോധപൂർവമായ കൊലപാതകത്തിന് ശിക്ഷ വിധിക്കുമ്പോൾ അടിത്തറയാകേണ്ടത്. ഇന്ത്യയെപ്പോലെ, അപൂർവങ്ങളിൽ അപൂർവമായ കൊലപാതക കുറ്റത്തിന് മാത്രം വധശിക്ഷ നൽകുന്ന വേറെയും രാജ്യങ്ങളുണ്ട്.
