നിയമവാഴ്ച എന്നാൽ നിയമത്തിൻ്റെ വാഴ്ചയാണ്. എല്ലാത്തിനും മുകളിലാണ് നിയമമെന്ന് ആശയം. മറ്റൊരർഥത്തിൽ നിയമത്തിന് മുമ്പിൽ എല്ലാവരും തുല്യരെന്ന്. ആരുടെ, ഏത് നിയമമാണ് തലപ്പത്ത് എന്നാണ് ചോദ്യമെങ്കിൽ രാഷ്ട്ര നിയമമെന്നാണ് മറുപടി. നിയമവാഴ്ച (Rule of law) ആഗോള നീതിന്യായ സിദ്ധാന്തമാണ്. നിയമവാഴ്ച അംഗീകരിക്കാത്ത ഒരു രാജ്യവും ഇന്നില്ലെന്ന് പറയുമ്പോൾ അത് തകരുകയോ പൂർണാർഥത്തിൽ പ്രയോഗതലത്തിൽ ഇല്ലാതിരിക്കുകയോ ചെയ്യുന്ന ദേശരാഷ്ട്രങ്ങളുണ്ടെന്നത് വേറെക്കാര്യം. ആഭ്യന്തര കലാപങ്ങളിൽ ഉലയുന്ന പല ആഫ്രിക്കൻ രാജ്യങ്ങളും നിയമവാഴ്ച തകർന്ന രാജ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്. അത്തരം സമൂഹങ്ങളിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളാകും. ആർക്കും നിയമം കയ്യിലെടുക്കാമെന്നാകുമ്പോൾ സമാധാനവും സ്വസ്ഥതയും അന്യമാകും. നിയമവാഴ്ചയുള്ള സമൂഹത്തിൽ ജീവിക്കുന്നവർക്ക് അതിൻ്റെ അഭാവം സൃഷ്ടിക്കുന്ന ഭീകരത അത്രയെളുപ്പം മനസ്സിലാകണമെന്നില്ല. സമൂഹം നിയമവാഴ്ചയുള്ളതാകുകയെന്നത് മനുഷ്യൻ്റെയും സഹജീവികളുടെയുമെല്ലാം അനിവാര്യത തന്നെ.
നിയമം ഉണ്ടാക്കി, അതുപ്രകാരം പൗരന്മാരെ വഴിനടത്താൻ ജനപ്രതിനിധികളെ ചുമതലപ്പെടുത്തുന്നതാണ് ആധുനിക ദേശരാഷ്ട്രങ്ങളുടെ ഭരണരീതി. എന്നാൽ, നേരത്തേ ഒരുക്കിനിർത്തിയ നിയമപ്രകാരം ജനങ്ങളെ നയിക്കാൻ ജനപ്രതിനിധിയെ ചുമതലപ്പെടുത്തുന്നതാണ് ഇസ്ലാമിന്റെ രീതി. ഒരുക്കിനിർത്തിയിട്ടുള്ള നിയമം സ്രഷ്ടാവായ അല്ലാഹുവിൻ്റെ നിയമമാണ്. അതിനാൽ, ഇസ്ലാമിക രാഷ്ട്രീയത്തിൽ ലെജിസ്ലേച്ചർ അതായത് നിയമനിർമാണ സഭയില്ല. കാരണം നിയമം ഉണ്ടാക്കേണ്ടതില്ലെന്നത് തന്നെ. ജനപ്രതിനിധിക്കോ ജനങ്ങൾക്കോ ആത്യന്തിക നിയമനിർമാണാധികാരമില്ല. എന്നാൽ നിയമമുണ്ട്. ആ നിയമത്തിലേക്ക് ജനങ്ങളെ വിധേയപ്പെടുത്തി കൊണ്ടുവരലാണ് ഇസ്ലാമിലെ നിയമവാഴ്ച. അവിടെ നിയമമില്ലാത്ത ശൂന്യ ഇടങ്ങളുണ്ടാകില്ല. ആധുനികലോകത്ത് നിയമനിർമാണം നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന മേഖലയാണ്. അങ്ങനെവരുമ്പോൾ പുരോഗമനപരമാണ് അതെന്ന് തോന്നുമെങ്കിലും നിയമനിർമാണം ഉണ്ടായിട്ടില്ലെന്നതിൻ്റെ പേരിൽ നീതി നിഷേധിക്കപ്പെട്ടതിൻ്റെ ഉദാഹരണങ്ങൾ ലോകരാജ്യങ്ങളിൽ നിന്ന് നമുക്ക് കണ്ടെടുക്കാനാകും.
ഒരുദാഹരണം ശ്രദ്ധിക്കൂ: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പരമോന്നത കോടതിയുടെ പരിഗണനയിൽ ഈയിടെ ഒരു വ്യവഹാരമെത്തിയത്, ഭാര്യയെ പ്രകൃതിവിരുദ്ധ ഭോഗത്തിനിരയാക്കിയതിൽ അവർ ക്രൂരമായി കൊല്ലപ്പെട്ടു എന്നതായിരുന്നു. രാജ്യത്തെ പുതിയ ക്രിമിനൽ നിയമത്തിൽ പ്രകൃതിവിരുദ്ധ ലൈംഗികത പരാമർശിക്കുന്ന വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിയെ വെറുതെ വിടുകയായിരുന്നു കോടതി. അത്തരത്തിൽ നിയമമില്ലാത്തതിൻ്റെ വിടവ് ഇസ്ലാമിക നീതിന്യായ സംവിധാനത്തിലുണ്ടാകില്ല. ഖുർആൻ, സുന്നത്, ഇജ്മാഅ്, ഖിയാസ് എന്നീ നാലിലൊരു പ്രമാണങ്ങളിൽ അതിനൊരു തീർപ്പുണ്ടാകും. മേൽപറഞ്ഞ പ്രകൃതിവിരുദ്ധ ഭോഗത്തെ ഖുർആൻ തന്നെ വിലക്കുന്നുണ്ട്. ഒരു ജനതയുടെ നാശത്തിന് ഹേതുവായി ഹൂദ് അധ്യായത്തിൽ പ്രകൃതിവിരുദ്ധ ഭോഗത്തെ അടയാളപ്പെടുത്തുന്നുണ്ട്. ഭാര്യയെ ബലപ്രയോഗത്തിലൂടെ അതിന് വിധേയപ്പെടുത്തുന്നതും കുറ്റകരം തന്നെയെന്നാണ് ഇസ്ലാമിന്റെ സമീപനം.
സമൂഹം നിരന്തരം മാറികൊണ്ടിരിക്കുന്നു. പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിലെ ജനങ്ങളുടെ മുൻമാതൃകകളില്ലാത്ത പ്രശ്നങ്ങൾക്ക് അല്ലാഹു നിയമം ഇറക്കിത്തരുമോ എന്ന ചോദ്യം ഉയരുന്നുണ്ടാകണം. എന്നാൽ പുതിയ പ്രശ്നങ്ങളെ അല്ലാഹു ഇറക്കിയ വിധികളോട് ചേർത്തുവെക്കുകയാണ് ഇസ്ലാമിക നിയമസംവിധാനം ചെയ്യുക. ആ ദൗത്യം നിർവഹിക്കുക മുജ്തഹിദുകളാണ്. അതായത് ഇസ്ലാമിക മാനദണ്ഡപ്രകാരം, ഗവേഷണത്തിന് അർഹതയുള്ള അഗാധജ്ഞാനികൾ. അവരും നിയമം ഉണ്ടാക്കുന്നവരല്ല, കണ്ടെടുക്കുന്നവരാണ്. മുജ്തഹിദായ പണ്ഡിതർ ഇല്ലെന്നുവന്നാലും ഭരണാധികാരികൾക്കോ പൊതുജനങ്ങൾക്കോ നിയമം സൃഷ്ടിക്കാൻ വകുപ്പില്ല. മുജ്തഹിദിൻ്റെ ശേഖരത്തിൽ നിന്ന് പരതുകയാണ് ചെയ്യേണ്ടത്.
നിയമം സ്രഷ്ടാവായ അല്ലാഹുവിന്റെത് മാത്രമായ വാഴ്ചയാണ് ഇസ്ലാമിന്റെ നിയമവാഴ്ച. "വിധി അല്ലാഹുവിൻ്റെതല്ലാതെ ആരുടെതുമല്ല" എന്ന് വിശുദ്ധ ഖുർആൻ ‘അൻആം’ അധ്യായത്തിലെ 57-ാം വാക്യത്തിൽ പറയുന്നത് അല്ലാഹുവിൻ്റെ നിയമത്തെക്കുറിച്ചും അതിൻ്റെ വാഴ്ചയെക്കുറിച്ചുമാണ്. ഇപ്പറഞ്ഞ നിയമം നടപ്പാക്കേണ്ടവരാണ് ഇസ്ലാമിക പരിപ്രേക്ഷ്യത്തിലെ ഭരണകൂടം. അതിൽ മതദൃഷ്ട്യാ യോഗ്യരായവർ പലരുമുണ്ടാകുമ്പോൾ പരമയോഗ്യനെ ജനങ്ങൾക്ക് തിരഞ്ഞെടുക്കാം. അതിനാണ് ‘ബൈഅത്’ എന്ന് പറയുന്നത്.
