ആധുനിക ക്രിമിനൽ നീതിന്യായ വ്യവസ്ഥിതികളിലെല്ലാം അപകീർത്തിപ്പെടുത്തൽ (Defamation) ഒരു കുറ്റകൃത്യമാണ്. ക്രിമിനലും സിവിലുമായ നടപടി സ്വീകരിക്കാവുന്ന കുറ്റമാണതെന്ന് പറയുമ്പോൾ കുറ്റവാളിയെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ക്രിമിനലായും അയാളിൽ നിന്ന് നഷ്ടപരിഹാരം തേടി സിവിലായും അന്യായം ഫയൽ ചെയ്യാമെന്ന് ചുരുക്കം. വാചികം, ലിഖിതം എന്നീ രണ്ടിനങ്ങളായാണ് അപകീർത്തിപ്പെടുത്തലെന്ന കുറ്റകൃത്യം പൊതുവെ തരംതിരിക്കപ്പെട്ടിരിക്കുന്നത്. ഒന്നര നൂറ്റാണ്ടിന് ശേഷം ഇന്ത്യയിൽ ക്രിമിനൽ നിയമം പരിഷ്കരിച്ചതിനൊടുവിൽ പ്രാബല്യത്തിലായ ഭാരതീയ ന്യായസൻഹിത പ്രകാരം അപകീർത്തിപ്പെടുത്തൽ രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. വാചികം, ലിഖിതം എന്നതിനപ്പുറം, അപകീർത്തിയുടെ ഉള്ളടക്കത്തിൻ്റെ തീവ്രതക്കനുസരിച്ച് കുറ്റകൃത്യത്തെ സവിശേഷമായി അഡ്രസ്സ് ചെയ്യുന്നില്ല ആധുനിക ക്രിമിനൽ നീതിശാസ്ത്രമെന്നത് ശ്രദ്ധേയമാണ്.
മനുഷ്യൻ്റെ മാനത്തിന് വില കൽപിക്കുകയും അതിന് ഭംഗം വരുത്തുന്നത് വലിയ അപരാധമായി പരിചയപ്പെടുത്തുകയും ചെയ്യുന്നതിനൊപ്പം വ്യഭിചാരാരോപണത്തെ അപകീർത്തിയെന്ന കുറ്റകൃത്യത്തിൻ്റെ ഗണത്തിൽ പ്രത്യേകമായി ക്രിമനലൈസ് ചെയ്യുന്നുണ്ട് ഇസ്ലാമിക ക്രിമിനൽ നീതിന്യായ സംവിധാനം. വിശുദ്ധ ഖുർആനിലെ സൂറതുന്നൂറിലെ നാലാമത്തെ വചനം വ്യഭിചാരാരോപണത്തെ പ്രശ്നവത്കരിക്കുന്നതാണ്. “പതിവ്രതകളുടെ പേരിൽ വ്യഭിചാരാരോപണം നടത്തുകയും അതിന് നാല് സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരാരോ അവരെ നിങ്ങൾ എൺപത് അടി വീതം അടിക്കുക. അവരുടെ സാക്ഷ്യം ഒരിക്കലും നിങ്ങൾ സ്വീകരിക്കരുത്. അവർ തന്നെയാണ് അക്രമികൾ” എന്നാണ് പ്രസ്താവിത വചനത്തിൻ്റെ ഉള്ളടക്കം. ഖുർആൻ വചനത്തിലെ ‘മുഹ്സ്വനാത്’ എന്ന വാക്കിൻ്റെ വിവക്ഷ പതിവ്രത, വിവാഹിത, ചാരിത്രശുദ്ധിയുള്ളവൾ എന്നൊക്കെയാണ്. വ്യഭിചാരം അതിനീച പ്രവൃത്തിയായതിനാൽ അതേപ്രതി ഒരാളുടെ മേൽ ആരോപണമുന്നയിച്ചാൽ അയാൾക്കത് കടുത്ത അപമാന ഭാരമുണ്ടാക്കുമെന്നത് നേര്. അതിനാൽ വ്യഭിചാരാരോപണത്തെ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമായി കണക്കാക്കുന്നു ഇസ്ലാം.
പതിവ്രതകൾക്ക് നേരേ വ്യഭിചാരാരോപണം നടത്തുന്നത് മാത്രമാണ് കുറ്റകൃത്യമെന്ന് കരുതേണ്ടതില്ല. നല്ല നടപ്പുകാരായ പുരുഷന്മാരെക്കുറിച്ച് പ്രസ്തുത ആരോപണം ഉന്നയിക്കുന്നതും തതുല്യമായ കുറ്റം തന്നെ. എൺപത് അടിയെന്ന ശിക്ഷ അവിടെയും ബാധകമാണ്. വൃഭിചാരാരോപണം വഴിയുണ്ടാകുന്ന ദുഷ്പേരും അതിൻ്റെ പ്രത്യാഘാതങ്ങളും കൂടുതൽ ദോഷകരമായി ബാധിക്കുക സ്ത്രീകളെയായതിനാലാണ് പതിവ്രതകൾക്കെതിരെ വ്യഭിചാരാരോപണം നടത്തുന്നതിനെ പ്രത്യേകം പരാമർശിച്ചത്. ഒരാൾ അപരനെതിരെ വ്യഭിചാരമാരോപിച്ചാൽ അത് നാല് സാക്ഷികൾ മുഖേനെ തെളിയിക്കണം. പുരുഷലിംഗം സ്ത്രീയുടെ യോനിയിൽ ഞാൻ കണ്ടെന്ന് ഓരോരുത്തരും സാക്ഷി പറയുക വേണം. അവ്വിധം നാല് സാക്ഷികൾ വഴി തെളിയിക്കാനായില്ലെങ്കിൽ വ്യഭിചാരാരോപണം നടത്തിയയാൾക്കെതിരെ സ്വീകരിക്കേണ്ട ശിക്ഷാനടപടിയാണ് എൺപത് അടി എന്നത്. മാത്രമല്ല അയാളുടെ സാക്ഷ്യം ഒരു സംഗതിയിലും ഒരു കാലത്തും സ്വീകാര്യമല്ലെന്ന് കൂടി മേൽചൊന്ന വചനത്തിൻ്റെ ബാഹ്യശൈലിയിൽ നിന്ന് മനസ്സിലാക്കാം. ഒപ്പം ‘ഫാസിഖ്’ അതായത് ദുർവൃത്തനെന്ന ചീത്തപ്പേരിനയാൾ വിധേയനാവുകയും ചെയ്യും.
ഏഴ് മഹാപാപങ്ങളിൽ ഒന്നായാണ് ഇസ്ലാം വ്യഭിചാരാരോപണത്തെ കാണുന്നത്. വായിൽ തോന്നിയത് കോതക്ക് പാട്ടെന്ന നിലയിൽ വൃഭിചാരാരോപണം നടത്താൻ പാടില്ലെന്ന നിഷ്കർഷത മതത്തിനുണ്ട്. വ്യഭിചാരക്കുറ്റം തെളിയിക്കുന്നതിന് പുരുഷന്മാരായ നാല് സാക്ഷികൾ വേണം. സുറുമ കുപ്പിയിൽ കോലിറക്കുന്നത് പോലെ അവളുടെ യോനിയിൽ അയാളുടെ ലിംഗം കണ്ടെന്ന് നാലിൽ ഓരോരുത്തരും സാക്ഷി പറഞ്ഞാൽ മാത്രമേ വ്യഭിചാരക്കുറ്റം തെളിയിക്കപ്പെടുകയുള്ളൂ. അത്തരത്തിൽ വ്യഭിചാരക്കുറ്റം തെളിയിക്കപ്പെടുക അപൂർവമാകുമെന്ന വസ്തുത മതത്തിന് അറിയാഞ്ഞിട്ടല്ല. അപരൻ്റെ രഹസ്യം മറച്ചുവെക്കണമെന്നും കുറ്റാരോപണങ്ങളിൽ ലാഘവബുദ്ധി പാടില്ലെന്നും ഇസ്ലാം പഠിപ്പിക്കുന്നു. മറ്റുള്ളവരെക്കുറിച്ച് നല്ലത് മാത്രം ചിന്തിക്കൂ എന്നതാണ് മതത്തിൻ്റെ നിലപാട്. അപ്പോഴും വ്യഭിചാരമെന്ന നീചവൃത്തി ചെയ്തു പോയതിനൊടുവിൽ പശ്ചാത്താപ മനസ്സുമായി കടന്നുവരുന്നയാളെ ശിക്ഷിക്കുന്നതിന് മതത്തിന് തടസ്സമില്ല താനും.
ആധുനിക ക്രിമിനൽ നീതിന്യായ വ്യവസ്ഥിതി നിർവചിക്കുന്ന അപകീർത്തിപ്പെടുത്തൽ എന്ന കുറ്റകൃത്യം ഊന്നുന്നത് തെറ്റായ പ്രസ്താവനയോ അതിൻ്റെ മറ്റു വിധത്തിലുള്ള ആവിഷ്കാരമോ നടത്തുന്നു എന്നതിലാണ്. അതിനാൽ സത്യം പറയുന്നതും സദുദ്ദേശ്യത്തോടെ അവതരിപ്പിക്കുന്നതും സാമൂഹിക നന്മ ലാക്കാക്കിയുള്ളതുമായ പ്രസ്താവന നടത്തുന്നതും അപകീർത്തിയെന്ന കുറ്റകൃത്യത്തിൻ്റെ പരിധിയിൽ പെടില്ല. എന്നാൽ അപകീർത്തിയുടെ ഗണത്തിൽ പെടുന്ന വ്യഭിചാരാരോപണമെന്ന കുറ്റകൃത്യത്തിൽ മതത്തിൻ്റെ ഊന്നൽ ശക്തമായ തെളിവ് ഉണ്ടാകണമെന്നതിലാണ്. ഉറച്ച തെളിവുകളില്ലാത്ത ഊഹാപോഹങ്ങളിൽ ഒരാളുടെയും ജീവിതം തകരുകയോ സാമൂഹികാന്തരീക്ഷം കലുഷിതമാകുകയോ ചെയ്യരുത്. കൃത്യതയുള്ള തെളിവുകളില്ലാതെ തലങ്ങും വിലങ്ങും വ്യഭിചാരാരോപണം നടത്തുന്ന സമൂഹത്തിൽ ദിനംപ്രതി എത്ര പേരായിരിക്കും അപമാനത്തിൻ്റെ സിവിൽ ഡെത്തിലേക്ക് മുഖംകുത്തി വീഴുകയെന്നെന്നൊന്നാലോചിച്ചു നോക്കൂ…
