മനുഷ്യന് നീതിപൂർവ്വവും സത്യസന്ധവുമായ രീതിയിൽ ധനം സമ്പാദിക്കാനുള്ള പ്രധാന മാർഗമാണ് കച്ചവടം. മനുഷ്യചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള തൊഴിലുമാണത്. പ്രവാചകനോട് ഏറ്റവും നല്ല തൊഴിലേതാണെന്ന് ചോദിച്ചപ്പോൾ 'സ്വന്തമായി അധ്വാനിച്ച് സമ്പാദിക്കുന്നതും വഞ്ചനയില്ലാത്ത കച്ചവടവും' എന്നാണ് മറുപടി നൽകിയത്. ഇസ്ലാം നിർദ്ദേശിക്കുന്ന സത്യസന്ധമായ കച്ചവടത്തിന് ചില നിബന്ധനകൾ പാലിക്കപ്പെടണം.
കച്ചവടത്തിൻ്റെ നിബന്ധനകൾ
വിൽപ്പനയിൽ ഏർപ്പെടുന്ന രണ്ടുപേരും (വിൽക്കുന്നയാളും വാങ്ങുന്നയാളും) സ്വതന്ത്രരും സാമ്പത്തിക ഇടപാടിന് വിലക്കില്ലാത്തവരുമായിരിക്കണം. അവർ സ്വന്തം ആവശ്യത്തിനായി കച്ചവടം ചെയ്യുന്നവരോ, മറ്റൊരാളുടെ വകീൽ അഥവാ പ്രതിനിധിയായി ഇടപാട് നടത്തുന്നവരോ ആവാം.
വിൽക്കുന്നയാൾ തന്റെ ഉടമസ്ഥതയിലുള്ള വസ്തു വാങ്ങുന്നയാൾക്ക് കൈമാറുന്നതായി അറിയിക്കുന്ന വാക്ക് പറയണം (ഉദാ: “ഞാൻ നിനക്ക് വിറ്റു”). വാങ്ങുന്നയാൾ അത് സ്വീകരിക്കുന്നതായി അറിയിക്കുന്ന വാക്കും പറയണം (ഉദാ: “ഞാൻ അത് വാങ്ങി”). രണ്ടുപേരും കാണും വിധം മുമ്പിൽ വച്ചിട്ടുള്ള ചരക്കാണ് ഇങ്ങനെ കച്ചവടം ചെയ്യുന്നത്.
വിൽക്കുന്നയാളും വാങ്ങുന്നയാളും വാചകം ഉപയോഗിക്കാതെ, കൊടുക്കൽ-വാങ്ങൽ മാത്രം നടത്തിയാൽ അത് കച്ചവടമാകില്ല എന്നാണ് ഇസ്ലാമിക കർമ ശാസ്ത്രത്തിലെ പ്രബലാഭിപ്രായം. കൈമാറ്റത്തിലൂടെ കച്ചവടമായി പരിഗണിക്കപ്പെടുന്ന സാധനങ്ങളിലെല്ലാം ഇങ്ങനെ വാചകമില്ലാതെ കച്ചവടം ചെയ്യാമെന്ന് മറ്റൊരു അഭിപ്രായമുണ്ട്. ഇത് പൊതുവെ ഉപയോഗപ്പെടുത്താറുള്ള അഭിപ്രായമാണ്.
വിൽക്കുന്ന വസ്തുവിന്റെ വില എത്രയാണെന്ന് വിൽക്കുന്നയാൾ വാങ്ങുന്നയാളോട് വ്യക്തമാക്കണം. വാങ്ങുന്നയാൾക്കത് തൃപ്തികരമാണെങ്കിൽ കച്ചവടം നടക്കും. അല്ലെങ്കിൽ വില കുറയ്ക്കാൻ ചർച്ച നടത്താം. രണ്ടുപേർ തമ്മിൽ കച്ചവടം നടത്തുമ്പോൾ വിൽപ്പന വസ്തുവും വിലയും സദസ്സിൽവച്ചു തന്നെ കൈമാറുന്നതാണ് ഏറ്റവും ഉചിതം. വസ്തു സദസ്സിൽവച്ചു കൈമാറി വില പിന്നീട് നൽകുന്നതിലും വിരോധമില്ല. എന്നാൽ ഭക്ഷണസാധനങ്ങൾക്ക് പകരം ഭക്ഷണസാധനങ്ങൾ, നാണയങ്ങൾക്ക് പകരം നാണയങ്ങൾ പോലുള്ള, ഇസ്ലാമികമായി പലിശ വരാൻ സാധ്യതയുള്ള ഇടപാടുകളിൽ വസ്തുവും വിലയും പൂർണമായും സദസ്സിൽവച്ചു തന്നെ നൽകണം. കടമോ അവധിയോ പാടില്ല.
കച്ചവടച്ചരക്കിൻ്റെ നിബന്ധനകൾ
വില്പന സാധുവാകണമെങ്കിൽ വിൽക്കുന്ന വസ്തുവിൽ അഞ്ച് നിബന്ധനകളുണ്ടാവണം. പരിശോധിക്കാം. ഒന്ന്, വിൽപ്പന വസ്തു ശുദ്ധിയുള്ളതായിരിക്കണം. അശുദ്ധമാണെന്ന് പ്രത്യേകം പറയപ്പെട്ടിട്ടില്ലാത്ത എല്ലാ വസ്തുക്കളും ശുദ്ധിയുള്ളതായാണ് പരിഗണിക്കുന്നത്. രക്തം, മൂത്രം, ശവം തുടങ്ങിയ അശുദ്ധ വസ്തുക്കൾ വിൽക്കാൻ പാടില്ല. എന്നാൽ തന്റെ കൈവശമുള്ള ഇത്തരം അശുദ്ധ വസ്തുക്കൾ വെറുതെ നൽകുന്നതിന് വിരോധമില്ല. മൃഗങ്ങളിൽ പന്നി അശുദ്ധമാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. നായ പൊതുവെ അശുദ്ധമായി പരിഗണിക്കപ്പെടുന്നുവെങ്കിലും ഇത് ശുദ്ധിയുള്ളതാണെന്ന് ഇമാം മാലിക് അഭിപ്രായപ്പെട്ടിട്ടുണ്ട്.
രണ്ട്, ഉപകാരമുള്ള വസ്തുവായിരിക്കണം. ഇതനുസരിച്ച് ഉപകാരമില്ലാത്ത വന്യമൃഗങ്ങളെ വിൽക്കാൻ പാടില്ല. നാട്ടുമൃഗങ്ങളിൽ നിന്ന് പൂച്ചയെ എലിയെ പിടിക്കാൻ വിൽക്കാം. കൗതുകകരമായ കാഴ്ചയ്ക്കായി മയിലിനെയും, പാട്ട് ആസ്വദിക്കാൻ കുയിലിനെയും വിൽക്കാം. ലൗ ബേർഡ്സ്, ഗോൾഡൻ ഫിഷ് പോലുള്ള ആകർഷകങ്ങളായ പക്ഷികളും മൃഗങ്ങളും ഈ വിഭാഗത്തിൽ പെടും. സംഗീതോപകരണങ്ങളും നശീകരണ ആയുധങ്ങളും സാധാരണയായി ഇസ്ലാം ഉപകാരമുള്ളവയായി കണക്കാക്കാറില്ല. എന്നാൽ മരത്തിൽ നിർമിച്ച ഗിറ്റാർ പോലുള്ള വലിയ സംഗീതോപകരണങ്ങൾ അഴിച്ചെടുത്ത് കസേര പോലുള്ള മറ്റൊരു ഉപകാരപ്രദമായ വസ്തുവാക്കി മാറ്റാൻ കഴിയുന്നുവെങ്കിൽ അത് പരിഗണിച്ച് വിൽക്കാമെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്.
മൂന്ന്, കച്ചവടച്ചരക്കിൽ വിൽപ്പനക്കാരന് ഉടമാവകാശമുണ്ടാവണം. ഉടമാവകാശമോ കൈകാര്യാവകാശമോ ഇല്ലാത്ത ഒരു വസ്തു വിൽക്കാനാവില്ല. അതിനാൽ, അന്യരുടെ വസ്തുവിൽ നടത്തുന്ന ക്രയവിക്രയം അസാധുവാണ്. കമ്പനികളുടെ പ്രൊഡക്ടുകൾ, റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ തുടങ്ങിയവ ഒരു ബന്ധവുമില്ലാത്തയാളുകൾ ഉടമകളാണെന്ന പേരിൽ വിൽക്കാൻ ശ്രമിക്കുന്നത് പല തർക്കങ്ങൾക്കും ഇടയാക്കാറുണ്ട്.
നാല്, വാങ്ങുന്നയാൾക്ക് കച്ചവടച്ചരക്ക് ഏൽപ്പിച്ചു കൊടുക്കാൻ കഴിയണം. കൂട്ടിൽ നിന്ന് ഓടിമറഞ്ഞ മൃഗം, പുഴയിലോ സമുദ്രത്തിലോ ഉള്ള മത്സ്യം, ആകാശത്ത് പറക്കുന്ന ഇണങ്ങിയിട്ടില്ലാത്ത പക്ഷികൾ, വിൽപ്പന സമയത്ത് ലഭ്യമല്ലാത്ത പഴവർഗങ്ങൾ എന്നിവ ഏൽപിച്ചു കൊടുക്കാൻ പറ്റാത്തവയ്ക്ക് ഉദാഹരണമാണ്. ഇത്തരം വസ്തുക്കളുടെ വിൽപ്പന സാധുവാകുകയില്ല.
അഞ്ച്, വിൽക്കപ്പെടുന്ന വസ്തുവിനെക്കുറിച്ച് വിൽക്കുന്നയാൾക്കും വാങ്ങുന്നയാൾക്കും അറിവുണ്ടായിരിക്കണം. അറിയാത്ത വസ്തുവാണെങ്കിൽ വാങ്ങുന്നയാൾ ചതിയിലകപ്പെടാൻ സാധ്യതയുണ്ട്. വിൽപ്പന ഒരു നിശ്ചിത വസ്തുവാണെങ്കിൽ, ഉദാഹരണത്തിന് താമസിച്ചിരുന്ന വീട്, ഞാൻ ഉപയോഗിച്ചിരുന്ന വാഹനം തുടങ്ങിയവ. വാങ്ങുന്നയാൾക്ക് അതിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടാകണം. അഥവാ അവൻ ആ വസ്തു കണ്ടതിനു ശേഷമാണ് വാങ്ങേണ്ടത്. അല്ലെങ്കിൽ മുമ്പ് കണ്ട അറിവിന്റെ അടിസ്ഥാനത്തിൽ, അതിൽ മാറ്റമൊന്നും വന്നിട്ടില്ലെങ്കിൽ വാങ്ങാം.
എന്നാൽ നിശ്ചിതമല്ലാത്ത വസ്തുക്കളാണെങ്കിൽ അവയുടെ വിശേഷണങ്ങൾ പറഞ്ഞ് വ്യക്തമാക്കിയാൽ മതി. നിശ്ചിത കോൺഫിഗറേഷനിലുള്ള ഒരു കമ്പ്യൂട്ടർ, ഒരു വാഹന നിർമാണ കമ്പനിയുടെ നിശ്ചിത മോഡലും ഗുണനിലവാരവുമുള്ള വാഹനം എന്നിവ ഉദാഹരണങ്ങളാണ്. ഇവിടെ വിൽപ്പന വസ്തു നേരിൽ കാണുന്നത് നിർബന്ധമല്ല. വിൽപ്പന സമയത്ത് പറയുന്ന നിബന്ധനകൾ അതിൽ ഉണ്ടായാൽ മതി. പിന്നീട് കാണുമ്പോൾ പറഞ്ഞ വിശേഷണങ്ങൾ മുഴുവൻ ഇല്ലെങ്കിൽ വാങ്ങിയയാൾക്ക് കച്ചവടം റദ്ദാക്കാം. അല്ലെങ്കിൽ ആ ന്യൂനതയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാം.
വാങ്ങുന്നയാൾ അന്ധനാണെങ്കിൽ കാഴ്ച നഷ്ടപ്പെടുന്നതിന് മുമ്പ് കണ്ട വസ്തു ഇപ്പോഴും അതേ ഗുണനിലവാരത്തിൽ തന്നെയുണ്ടെങ്കിൽ അത് വാങ്ങാം. അല്ലെങ്കിൽ ഇപ്പോഴുള്ളത് പരിശോധിച്ച് വാങ്ങുന്നതിനായി കാഴ്ചയുള്ള ഒരാളെ പ്രതിനിധിയായി ഏൽപ്പിക്കേണ്ടിവരും. വാങ്ങുന്നതിന്റെയും വിൽക്കുന്നതിന്റെയും വാക്കുകൾ പറയാൻ കഴിയാത്ത ഊമയാണെങ്കിൽ 'താൻ വാങ്ങി' എന്ന് അറിയിക്കുന്ന ആംഗ്യം കാണിച്ചാൽ മതിയാകും.
നടേ വിവരിച്ച നിബന്ധനകളിൽ ഒന്നോ അതിലധികമോ പാലിക്കാത്ത ഇടപാടുകൾ അസാധുവായിരിക്കും. വിൽക്കപ്പെടുന്ന വസ്തു ശുദ്ധിയുള്ളതായിരിക്കണമെന്നതിനാൽ ഇസ്ലാമിക വീക്ഷണത്തിൽ ശുദ്ധിയില്ലാത്ത രക്തം, ശവം, പന്നിമാംസം, ബഹുദൈവാരാധകർ ഉപയോഗിക്കുന്ന ബിംബങ്ങൾ എന്നിവയുടെ വിൽപ്പന അസാധുവാണ്.
നിരോധിക്കപ്പെട്ട കച്ചവടങ്ങൾ
പന്നിയും ബിംബങ്ങളും വിൽക്കുന്നത് പ്രവാചകൻ നിരോധിച്ചിട്ടുണ്ടെന്ന് നബി ശിഷ്യനായ ജാബിർ റിപ്പോർട്ട് ചെയ്ത തിരുവചനത്തിൽ കാണാം. നായ, രക്തം, വേശ്യാവൃത്തിയിലൂടെ ലഭിക്കുന്ന വരുമാനം എന്നിവയും നിരോധിച്ചിട്ടുണ്ട് എന്ന് ഇമാം മുസ്ലിം രേഖപ്പെടുത്തുന്നുണ്ട്. കള്ളുവിൽപ്പന, നായയെ വിറ്റു കിട്ടുന്ന വരുമാനം, വേശ്യാവൃത്തിക്ക് സ്ത്രീകളെ നിർബന്ധിപ്പിച്ച് ലഭിക്കുന്ന വരുമാനം, ജ്യോതിഷം നോക്കി ജ്യോതിഷികൾ ഉണ്ടാക്കുന്ന വരുമാനം എന്നിവയും നിഷിദ്ധമാണെന്ന് പ്രവാചക വചനളിൽ പറയുന്നുണ്ട്(അബൂ ദാവൂദ്).
നായയെ വിറ്റു ലഭിക്കുന്ന വില നിഷിദ്ധമാണെന്ന് ഇമാം ശാഫിഈ വിശദീകരിച്ചിട്ടുണ്ടെങ്കിലും മറ്റു ചില പണ്ഡിതന്മാർക്ക് എതിരഭിപ്രായമുണ്ട്. നായ അശുദ്ധമാണെങ്കിലും അതിനെ വാങ്ങുകയും വിൽക്കുകയും ചെയ്യാം എന്നതാണ് ഇമാം അബൂഹനീഫയുടെ അഭിപ്രായം. ഇന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനും, അന്ധരായ ആളുകൾക്ക് വഴി കാണിക്കുന്നതിനും, ദുരന്തഭൂമികളിൽ ഭൂമിക്കടിയിൽ മനുഷ്യരുണ്ടോ എന്ന് കണ്ടെത്തുന്നതിനുമെല്ലാം നായയെ ഉപയോഗിക്കുന്നുണ്ട്. ഇമാം മാലിക് നായ ശുദ്ധിയുള്ളതാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
ഒട്ടകം, കാള തുടങ്ങിയ മൃഗങ്ങളുടെ ബീജം മൃഗങ്ങൾക്ക് ഗർഭം ധരിക്കുന്നതിനായി വിൽക്കുന്നത് നിരോധിക്കപ്പെട്ടതാണ്. ഇതുസംബന്ധിച്ച ഹദീസ് ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. മൃഗങ്ങളുടെ പൂർണ്ണവളർച്ചയെത്തിയ ഗർഭസ്ഥശിശുവിനെ വിൽക്കുന്നതും നിരോധിക്കപ്പെട്ടതാണ്. പ്രസവിക്കപ്പെടുന്നത് വരെ കാത്തിരിക്കണം. പ്രസവശേഷം മുലകുടി പ്രായം കഴിഞ്ഞാൽ ആ കുഞ്ഞിനെ വിൽക്കാവുന്നതാണ്.
വസ്ത്രം, വിരിപ്പ് തുടങ്ങിയ മടക്കി വെച്ചിട്ടുള്ള സാധനങ്ങൾ ഉൾഭാഗം കാണാതെ, തൊട്ടത് അല്ലെങ്കിൽ എറിഞ്ഞ് കൊള്ളുന്നത് എടുക്കണം എന്ന രീതിയിൽ വിൽക്കുന്നത് നിഷിദ്ധമാണ്. കാരണം, ഉപഭോക്താവിന് സാധനം കയ്യിലെടുത്ത് പരിശോധിച്ച് അതിലെ കുറവുകൾ കണ്ടെത്താനുള്ള സൗകര്യം ലഭിക്കുന്നില്ല.
അതുപോലെ നിബന്ധനയോടുകൂടിയ ചില വിൽപ്പനകളും സാധുവല്ല. ഉദാഹരണത്തിന്, 'നിന്റെ വീട് എനിക്ക് രണ്ട് ലക്ഷം രൂപയ്ക്ക് വിൽക്കണമെന്ന നിബന്ധനയിൽ എന്റെ കാർ നിനക്ക് 50,000 രൂപയ്ക്ക് വിറ്റു' എന്നത്. ഇവിടെ രണ്ട് വസ്തുക്കളും വേർതിരിച്ച് വിൽക്കേണ്ടതാണ്. രണ്ടും പരസ്പരം നിബന്ധനയാക്കി ഒരുമിച്ച് വിൽക്കുമ്പോൾ അസാധുവാകുന്നു.
എന്നാൽ വിൽപ്പനയ്ക്ക് കരുത്തേകുന്ന നിബന്ധനയാണെങ്കിൽ കുഴപ്പമില്ല. ഉദാഹരണത്തിന്, 'എന്റെ കച്ചവട സ്ഥാപനം നിങ്ങൾക്ക് 10 ലക്ഷം രൂപയ്ക്ക് വിറ്റു. നിങ്ങൾ വില നൽകുന്നത് വരെ ഗ്യാരണ്ടിയായി നിങ്ങളുടെ കാർ എന്റെയടുക്കൽ പണയമായി വെക്കണം' എന്ന് നിബന്ധയാക്കുന്നു. ഇവിടെ നിബന്ധന വിൽപ്പനയെ പിന്തുണയ്ക്കുന്നതായതിനാൽ സാധുവാണ്.










