തൊഴിലാളികളുടെ അവകാശങ്ങൾക്കായി രൂപം കൊണ്ട സംഘടനകളാണ് ട്രേഡ് യൂണിയനുകൾ. തൊഴിലാളികൾ സംഘടിതരായി അവരുടെ ആവശ്യങ്ങളും അവകാശങ്ങളും മുന്നോട്ടുവയ്ക്കുന്നതിനുള്ള വേദിയെന്ന നിലയിലാണ് ഇവ പ്രവർത്തിക്കുന്നത്.
18, 19 നൂറ്റാണ്ടുകളിൽ യൂറോപ്പിലുണ്ടായ വ്യാവസായിക വിപ്ലവത്തിന്റെ കാലത്താണ് ട്രേഡ് യൂണിയനുകൾ രൂപംകൊള്ളുന്നത്. ഫാക്ടറികളിലെ ദീർഘസമയ ജോലി, കുറഞ്ഞ വേതനം, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾ എന്നിവ തൊഴിലാളികളെ സംഘടിതരാകാൻ പ്രേരിപ്പിച്ചു. ഇന്ത്യയിൽ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ട്രേഡ് യൂണിയൻ ശക്തിപ്രാപിച്ചത്. 1920-ൽ രൂപീകരിച്ച ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സാണ് (AITUC) ഇന്ത്യയിലെ ആദ്യത്തെ ദേശീയ ട്രേഡ് യൂണിയൻ. തുടർന്ന് നിരവധി ട്രേഡ് യൂണിയനുകൾ രൂപംകൊണ്ടു.
ട്രേഡ് യൂണിയനുകളുടെ പ്രധാന ലക്ഷ്യം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ്. മെച്ചപ്പെട്ട വേതനം, സുരക്ഷിത തൊഴിൽ സാഹചര്യങ്ങൾ, തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി, തൊഴിലിടങ്ങളിലെ ജനാധിപത്യപരമായ പ്രവർത്തനങ്ങൾ എന്നിവ ലക്ഷ്യങ്ങളിൽ പെട്ടതാണ്. ആധുനിക തൊഴിൽ മേഖലകളിൽ, തൊഴിലാളികളുടെ അവകാശ സംരക്ഷിക്കുന്നതിലും തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിലും ട്രേഡ് യൂണിയനുകൾക്ക് പ്രധാനപ്പെട്ട പങ്കുണ്ട്.
ആധുനിക തൊഴിൽ മേഖലകളിലെ പങ്കാളിത്തം
ഇൻഫർമേഷൻ ടെക്നോളജി, സർവീസ് സെക്ടർ തുടങ്ങിയ പുതിയ തൊഴിലിടങ്ങളിലും യൂണിയനുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പുതിയ തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ചുള്ള നിയമങ്ങൾ രൂപീകരിക്കുന്നതിനും ഇവ ഇടപെടുന്നു. തൊഴിലിടങ്ങളിലെ ലിംഗസമത്വം ഉറപ്പാക്കുന്നതിനും തൊഴിലാളികൾക്ക് നീതിപൂർണ്ണമായ അവസരങ്ങൾ ലഭ്യമാക്കുന്നതിനും യൂണിയനുകൾ ശ്രമിക്കുന്നുണ്ട്.
സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള വളർച്ചയും തൊഴിൽ മേഖലയിലെ മാറ്റങ്ങളും ട്രേഡ് യൂണിയനുകൾക്ക് വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട്, പുതിയ തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് യൂണിയനുകൾ പ്രവർത്തന രീതികൾ നവീകരിക്കേണ്ടത് അനിവാര്യമാണ്. പുതിയ തൊഴിൽ നിയമങ്ങൾ, തൊഴിലാളി അവകാശങ്ങൾ എന്നിവയെക്കുറിച്ച് തൊഴിലാളികളെ ബോധവൽക്കരിക്കേണ്ടതും യൂണിയനുകളുടെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്നാണ്.
കൃത്യമായി വേതനം ലഭ്യമാക്കാൻ സമ്മർദ്ദം ചെലുത്തുക, കാരണമില്ലാതെ തൊഴിലാളികളെ പിരിച്ചുവിടുന്നതിനെതിരെ ശബ്ദമുയർത്തുക തുടങ്ങി നിരവധി നല്ല പ്രവർത്തനങ്ങൾ ട്രേഡ് യൂണിയനുകൾ നിർവഹിച്ചിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിലും യൂണിയനുകൾക്ക് വലിയ ശ്രദ്ധയുണ്ടായിരുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ, തൊഴിലുടമയോട് എതിരാളിയെപ്പോലെ പെരുമാറുകയും സാമ്പത്തികവും ശാരീരികവുമായ നഷ്ടങ്ങൾ വരുത്തുന രീതിയിൽ സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
ആഗോളവൽക്കരണത്തിലൂടെ ലോകം ഒരു ഗ്രാമം പോലെ മാറിയിരിക്കുകയാണ്. വർക്ക് ഫ്രം ഹോം, റിമോട്ട് വർക്ക്, കാൾ സെന്ററുകൾ തുടങ്ങിയ സംവിധാനങ്ങളിലൂടെ ആഗോള തലത്തിൽ തൊഴിലുടമയ്ക്കും തൊഴിലാളിക്കും പരസ്പരം ബന്ധപ്പെടാവുന്ന സാഹചര്യങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഈ മാറ്റങ്ങൾ പരമ്പരാഗത ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ്.
അതുകൊണ്ട്, പുതിയ കാലത്തെ ആവശ്യങ്ങൾ മനസ്സിലാക്കി ട്രേഡ് യൂണിയനുകൾ അവരുടെ പ്രവർത്തനരീതിയിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. തൊഴിലുടമയെയും തൊഴിലാളിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സൗമ്യതയും സമതുലിതത്വവും കൈവിടാത്ത ഒരു മധ്യവർത്തിയായാണ് യൂണിയനുകൾ പ്രവർത്തിക്കേണ്ടത്. അതിലൂടെ ഭാവിയിൽ അവയ്ക്ക് വലിയ പ്രസക്തിയും സാധ്യതയും നിലനിൽക്കും.
ഇസ്ലാമിക വീക്ഷണത്തിൽ, തൊഴിലാളികളുടെ പ്രതിനിധി, മധ്യവർത്തി എന്നീ നിലകളിൽ തൊഴിൽ കരാറുകളിലും മറ്റും അവരുടെ അവകാശങ്ങളും സേവനവും ഉറപ്പുവരുത്തുന്ന ഏജന്റായി ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നതിൽ അടിസ്ഥാനപരമായ പ്രശ്നമില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ യൂണിയൻ നേതാക്കൾ തൊഴിലുടമയെയും തൊഴിലാളിയെയും ഒരുപോലെ ചൂഷണം ചെയ്യുന്ന പ്രവണതകൾ രൂപപ്പെടാറുണ്ട്. സമ്മർദ്ദശക്തി ദുരുപയോഗം ചെയ്ത് അവിഹിതമായി നേടിയെടുക്കുന്ന ആനുകൂല്യങ്ങളോ സാമ്പത്തിക ഫണ്ടുകളോ ഇസ്ലാമിക മതദൃഷ്ട്യാ അനുവദനീയമല്ല.










