സലം അഥവാ അഡ്വാൻസ് സെല്ലിംഗ് ഒരു പ്രത്യേക വ്യാപാര രീതിയാണ്. അറബിയിൽ ഇതിന് സലഫ് എന്നും പ്രയോഗമുണ്ട്. നിശ്ചിത കാലയളവ് കഴിഞ്ഞ് ഒരു നിശ്ചിത വസ്തു കൈമാറാമെന്ന കരാർ പ്രകാരം, വസ്തുവിന്റെ വില ഇടപാട് സമയത്ത് തന്നെ മുൻകൂറായി നൽകുകയും നിശ്ചയിച്ച സമയത്ത് അതേ ഗുണനിലവാരത്തിലും അളവിലുമുള്ള വസ്തു വാങ്ങുന്നവന് കൈമാറുകയും ചെയ്യുന്നതാണ് ഈ ഇടപാടിന്റെ സ്വഭാവം.
മദീനയിലെ കാർഷിക സാഹചര്യത്തിൽ ജനങ്ങളുടെ ജീവിതം പ്രധാനമായും ഈത്തപ്പഴം പോലുള്ള വിളകളെ ആശ്രയിച്ചായിരുന്നു. ഒരു വർഷത്തെ വിളവെടുപ്പിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ് വർഷം മുഴുവനുമുള്ള കുടുംബച്ചെലവുകൾ നിറവേറ്റാൻ അവർ ആശ്രയിച്ചിരുന്നത്. എന്നാൽ, അപ്രതീക്ഷിത ചിലവുകൾ ഉണ്ടാകുമ്പോൾ അധികമായി പണം ആവശ്യമായി വരും. അത്തരം സാഹചര്യങ്ങളിൽ അടുത്ത വർഷം ലഭിക്കാനിരിക്കുന്ന വിളവ് മുൻകൂട്ടി വിറ്റ് പണം സമാഹരിക്കേണ്ട അവസ്ഥയുണ്ടാവും. വിളവ് ലഭിക്കാൻ ഒരു വർഷം വരെ കാത്തിരിക്കേണ്ടതിനാൽ, പിന്നീട് ചരക്ക് കൈമാറാമെന്ന കരാറിൽ ഇപ്പോൾ തന്നെ അതിന്റെ വില കൈപ്പറ്റാൻ ഇസ്ലാം അനുമതി നൽകി.
മുൻകൂർ വിൽപ്പനയായ സലം ആദ്യം ഈത്തപ്പഴം, മുന്തിരി പോലുള്ള കാർഷിക ഉൽപ്പന്നങ്ങളിലാണ് പ്രയോഗിച്ചിരുന്നത്. പിന്നീട് അളവിലോ തൂക്കത്തിലോ കൃത്യമായി നിർവചിക്കാവുന്ന വ്യവസായിക ഉൽപ്പന്നങ്ങൾ ഉൾപ്പെടെ പല വസ്തുക്കളിലും ഇത് അനുവദനീയമായി. സാധാരണ കച്ചവടത്തിൽ നിന്ന് സലമിനെ വ്യത്യസ്തമാക്കുന്നത്, ഇതിന് ചില പ്രത്യേക നിബന്ധനകൾ ഉണ്ടെന്നതാണ്.
ഉദാഹരണത്തിലൂടെ നമുക്കിത് വ്യക്തമായി മനസ്സിലാക്കാം. ഒരു ബിൽഡിംഗ് കോംപ്ലക്സിൻ്റെ മേൽക്കൂരയുടെ കോൺക്രീറ്റ് വർക്ക് നാലുമാസം കഴിഞ്ഞിട്ടാണ് ഷെഡ്യൂൾ ചെയ്തത്. അതിന് വേണ്ടത് 5000 കിലോ അഥവാ 5 ടൺ സിമന്റാണ്. നാലുമാസം കഴിഞ്ഞ് ലഭ്യമാകേണ്ട സിമന്റിന് ഇപ്പോൾ തന്നെ സിമന്റ് ഡീലറുമായി കരാർ ഉറപ്പിക്കുകയും അതിന്റെ വില ഇപ്പോൾ തന്നെ നൽകാൻ തയ്യാറാവുകയും ചെയ്യുന്നു. നാലുമാസം കഴിഞ്ഞുള്ള സിമൻ്റിൻ്റെ മാർക്കറ്റ് വില ഏകദേശം ഊഹിക്കുന്ന ഡീലർ, റെഡി ക്യാഷ് ലഭിക്കുന്നതുകൊണ്ട് അതിൽ ഡിസ്കൗണ്ട് ചെയ്യാൻ തയ്യാറാവും. സിമൻ്റിൻ്റെ കമ്പനിയും ക്വാളിറ്റിയും വ്യക്തമാക്കുകയും അതിന് നിശ്ചയിച്ച ഡിസ്കൗണ്ട് കുറച്ചുള്ള വില പിരിഞ്ഞു പോവുന്നതിന് മുമ്പ് തന്നെ കൈമാറുകയും ചെയ്യുന്നു. ഇവിടെ ക്യാപിറ്റലായ കാശ് കൊടുത്ത് അഡ്വാൻസ് സെല്ലിങ്ങിൽ ഏർപ്പെട്ടയാളും സപ്ലൈ ചെയ്യാമെന്ന് ഏറ്റെടുത്തയാളും തമ്മിലാണ് സലമിന്റെ കരാർ ഉറപ്പിക്കുന്നത്. അഡ്വാൻസ് സെല്ലിങിലുള്ള അധിക നിബന്ധനകൾ ഏതൊക്കെയാണെന്ന് നോക്കാം.
ഒന്ന്: ഡീൽ ഉറപ്പിക്കുന്ന സദസ്സിൽ വെച്ചു തന്നെ മുൻകൂറായി വില സ്വീകരിക്കണം.
രണ്ട്: ഏതു വസ്തുവിലാണോ സലം നടക്കുന്നത് ആ വസ്തു കടമായി പിന്നീട് സപ്ലൈ ചെയ്യുന്നതായിരിക്കും. മേൽപ്പറഞ്ഞ ഉദാഹരണത്തിലെ സിമന്റ് പോലെ.
മൂന്ന്: നിശ്ചിത അവധി എത്തുമ്പോൾ ചരക്ക് എവിടെയാണ് ഡെലിവറി ചെയ്യേണ്ടതെന്ന് മുൻകൂട്ടി തീരുമാനിക്കണം.
നാല്: കരാറിൽ മൂലധനം റൊക്കമാണെന്ന് വന്നിരിക്കണം. അതായത്, കടമാണെന്നു പറയുകയും പിന്നീട് സദസ്സിൽവെച്ച് തന്നെ ഏൽപ്പിച്ചതുകൊണ്ട് മതിയാവുകയില്ല.
അഞ്ച്: നിശ്ചിത അവധിയെത്തുമ്പോൾ ചരക്ക് സപ്ലൈ ചെയ്യാൻ സാധിക്കണം.
ആറ്: ചരക്കിന്റെ ക്വാണ്ടിറ്റി നിശ്ചയിച്ചിരിക്കണം.
ഏഴ്: നിശ്ചിത അവധി എത്തുമ്പോൾ സപ്ലൈ ചെയ്യേണ്ട ചരക്കിന്റെ ഗുണനിലവാരം വ്യക്തമാക്കണം. ഗുണനിലവാരം വ്യക്തമായി നിർവചിക്കാനാവാത്ത പലതരം ഭക്ഷണങ്ങൾ ചേർത്ത മിശ്രിതം പോലെയുള്ളവ അഡ്വാൻസ് സെല്ലിംഗിന് പറ്റില്ല.
"ആരെങ്കിലും മുൻകൂർ കച്ചവടം അഥവാ സലം നടത്തുകയാണെങ്കിൽ അത് നിശ്ചിത അവധിക്കാവണം. നിശ്ചിത അളവോ തൂക്കമോ നിശ്ചയിച്ചിരിക്കണം. "ഇബ്നു അബ്ബാസ് റിപ്പോർട്ട് ചെയ്ത നബി വചനം ഹദീസ് പണ്ഡിതന്മാരായ ബുഖാരി, മുസ്ലിം എന്നിവർ ഇതിനു തെളിവായി ഉദ്ധരിക്കുന്നുണ്ട്.
ഗോതമ്പ്, ഈത്തപ്പഴം, മുന്തിരി പോലുള്ള ഭക്ഷ്യവസ്തുക്കളിലാണ് അഡ്വാൻസ് സെല്ലിംഗ് നടത്തുന്നതെങ്കിൽ ഏതു ഇനമാണെന്നും എത്ര അളവാണെന്നും പ്രത്യേകം പറയേണ്ടതുണ്ട്.
ആധുനിക വ്യാവസായിക സാമ്പത്തിക വ്യവസ്ഥിതിയിൽ സലമിന് വലിയ പ്രസക്തിയുണ്ട്. ഇരുമ്പ്, ചെമ്പ്, അലുമിനിയം, സ്റ്റീൽ തുടങ്ങിയ ലോഹങ്ങളും സിമന്റ്, കല്ല് പോലുള്ള നിർമ്മാണ വസ്തുക്കളും അഡ്വാൻസിലൂടെ മുൻകൂർ വില നിശ്ചയിച്ച് വില അപ്പോൾ തന്നെ കൈമാറുന്നത് വ്യാവസായിക വളർച്ചക്കും സാമ്പത്തിക പുരോഗതിക്കും സഹായിക്കുന്നതാണ്.
പലിശരഹിത സാമ്പത്തിക വ്യവസ്ഥിതിയുടെ ഭാഗമായ ഇസ്ലാമിക് ബാങ്കിംഗിൽ വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ അഡ്വാൻസ് സെല്ലിംഗ്(സലം) രീതിയിൽ ഇടപാട് നടത്തുന്നത് ഇരുകക്ഷികൾക്കും സൗകര്യപ്രദവും ഗുണകരവുമാണ്. ഉൽപാദകർക്ക് അല്ലെങ്കിൽ കർഷകർക്ക് ഉൽപാദനം ആരംഭിക്കുന്നതിന് മുമ്പേ ആവശ്യമായ മൂലധനം ലഭ്യമാകുകയും വാങ്ങുന്നവർക്കു നിശ്ചിത ഗുണനിലവാരത്തിലും അളവിലും വസ്തു ഉറപ്പോടെ ലഭിക്കുകയും ചെയ്യുന്നു. ഇതിലൂടെ പലിശയില്ലാത്ത രീതിയിൽ സാമ്പത്തിക ഇടപാട് നടക്കുകയും ഉൽപാദനവും വ്യാപാരവും പ്രോത്സാഹനം നേടുകയും ചെയ്യുന്നു.










