മനുഷ്യ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന അടിസ്ഥാന ഘടകമാണ് ഭൂമി. ഭൂമിയും മനുഷ്യനും തമ്മിലുള്ള ബന്ധം അതിപുരാതന കാലം മുതലേ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. മനുഷ്യ പിതാവായ ആദം നബി ഭൂമിയിലേക്ക് വന്നപ്പോൾ എവിടെയാണ് ഇറങ്ങിയത്, ഹവ്വാ ബീവിയുമായി കണ്ടുമുട്ടിയത് എവിടെയാണ് എന്ന ചർച്ചകൾ ചരിത്രത്തിൽ കാണാം. ആദം നബി ഇന്ത്യയിൽ നിന്ന് കാൽനടയായി നാൽപത് ഹജ്ജുകൾ ചെയ്തുവെന്ന് പ്രബലമായ ഹദീസ് വചനത്തിൽ വന്നിട്ടുണ്ട്( ഇമാമ് ഹാകിം). ഭൂമിയിൽ ആദ്യമായി നിർമ്മിക്കപ്പെട്ട ആരാധനാലയം വിശുദ്ധ കഅ്ബയാണെന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു. ഒരു ലക്ഷത്തിലധികം പ്രവാചകന്മാരെ വ്യത്യസ്ത ഭൂവിഭാഗങ്ങളിലേക്കാണ് അല്ലാഹു നിയോഗിച്ചത്. മുഹമ്മദ് നബി ജനിച്ച അറബി ഗോത്രം, മക്കയിൽ താമസമാക്കിയ ഇബ്രാഹിം നബിയുടെ മകൻ ഇസ്മാഈൽ നബിയുടെ തുടർച്ചയാണെന്നാണ് ചരിത്രം.
മിക്ക സംസ്കാരങ്ങളും രൂപപ്പെട്ടത് ഓരോ നദീതടങ്ങളിലാണ്. യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതട സംസ്കാരം, സിന്ധു നദീതട സംസ്കാരം, നൈൽ നദീതട സംസ്കാരം എന്നിവ ഉദാഹരണമാണ്. എന്നാൽ, അറബി സംസ്കാരം രൂപപ്പെടുന്നത് ഭൂഗർഭ നദിയെന്ന് വിളിക്കാവുന്ന സംസമിന്റെ തീരത്താണ്.
ഇന്നും കലാപങ്ങളും യുദ്ധങ്ങളും തുടരുന്ന പ്രധാന പ്രദേശങ്ങളിൽ ഒന്നാണ് ഫലസ്തീൻ. അവിടെയുള്ള പ്രശ്നങ്ങൾ പ്രധാനമായും ഭൂമിയുടമസ്ഥതയുമായി ബന്ധപ്പെട്ടതാണ്. ചരിത്രപരമായി അറബി വംശജർ താമസിച്ചിരുന്ന പ്രദേശങ്ങളിൽ ഇസ്റാഈൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നതോടെയാണ് പ്രശ്നങ്ങളാരംഭിക്കുന്നത്. ഭൂമിയുടമസ്ഥതയും രാഷ്ട്രീയ അധികാരവും തമ്മിലുള്ള ബന്ധം ആധുനിക ലോകത്തിലെ പല പ്രശ്നങ്ങളുടെയും കേന്ദ്രവിഷയമായി നിലകൊള്ളുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.
മനുഷ്യന് ജീവിക്കാൻ ഭൂമി ആവശ്യമാണെന്നതുപോലെ മരണാനന്തര വിശ്രമത്തിനും ഭൂമി വേണം. ഇത്രയും പ്രാധ്യാനത്തോടെ പരിഗണിക്കപ്പെടുന്നത് കൊണ്ട് ഭൂമിയുമായി ബന്ധപ്പെട്ട് ഇസ്ലാമിന് ധാരാളം നിർദ്ദേശങ്ങൾ പറയാനുണ്ട്.
തന്റെ അവകാശത്തിലുള്ള ഭൂമി മറ്റൊരാൾക്ക് കൈമാറിയാൽ ആ കൈമാറ്റത്തെ സാധൂകരിക്കുന്ന രേഖകളും സാക്ഷികളും പരാമർശിക്കപ്പെടുന്നത് പതിവാണ്. വിൽപ്പന സാധുവാകാന് സാങ്കേതികമായി കരാറിന്റെയോ സാക്ഷികളുടെയോ ആവശ്യമില്ലെങ്കിലും പ്രായോഗികതലത്തിൽ ഭൂമി കൈമാറ്റ രേഖകൾ/റിയൽ എസ്റ്റേറ്റ് ഡോക്യുമെന്റ് ശരിയായ രീതിയിൽ റജിസ്ട്രേഷൻ ഓഫീസുകളിൽ സമർപ്പിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ പുതിയ കാലത്ത് കൈമാറ്റം ചെയ്യുന്ന ഭൂമിയുടെ സ്കെച്ച് പ്ലാൻ, അതിരുകളുടെ വിവരം, ഭൂമി ആരിൽ നിന്നാണ് ലഭിച്ചത് എന്നിവ വിവരിക്കുന്ന അടിയാധാരം തുടങ്ങിയ രേഖകൾ ആവശ്യമാണ്. ഇസ്ലാമിക വീക്ഷണത്തിൽ ഭൂമി കൈമാറ്റം ചെയ്യുമ്പോൾ ഭൂമിയുടെ വിസ്തൃതിയും അതിരുകളും നിർണയിക്കണം എന്നുണ്ട്. മറ്റൊരു പ്രധാന നിബന്ധന ഭൂമി കൈമാറുമ്പോൾ വാങ്ങുന്നയാൾക്ക് ഭൂമിയിലേക്ക് വഴിയുണ്ടായിരിക്കണം എന്നതാണ്. ഒന്നിലധികം വഴികളുണ്ടെങ്കിൽ വാങ്ങുന്നയാൾക്ക് ലഭിക്കുന്നത് ഏതു വഴിയാണ് എന്ന് മുൻകൂട്ടി വ്യക്തമാക്കേണ്ടതുണ്ട്.
വിശാലമായൊരു ഭൂമിക്ക് വീതിയേറിയ റബ്ബറൈസ്ഡ് റോഡും മറ്റൊരു വശത്ത് കുഴികളും വിടവുകളുമുള്ള ഗ്രാമീണ റോഡും ഉണ്ടെങ്കിൽ, ആ ഭൂമിയിൽ നിന്ന് അല്പം സ്ഥലം വാങ്ങുന്ന കക്ഷിക്ക് ഏതു റോഡാണ് ഉപയോഗിക്കാനാവുക എന്ന് മുൻകൂട്ടി പറയണം. കാരണം, അയാൾ ഈ ഭൂമി വാങ്ങുന്നതുകൊണ്ടുള്ള ആവശ്യം നിറവേറാൻ ക്വാളിറ്റിയുള്ള റോഡ് തന്നെ വേണമെന്നാണെങ്കിൽ അത് ലഭിച്ചില്ലെങ്കിൽ അദ്ദേഹത്തിന് നഷ്ടം വരും. ഗോഡൗൺ പോലെയുള്ള ആവശ്യത്തിനാണെങ്കിൽ ചിലപ്പോൾ ആ റോഡും മതിയാകും. പക്ഷേ, വില കുറയും.
വിശാലമായ ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഫ്ലാറ്റുകളുടെ ഒരു സമുച്ചയം, അതിലേക്ക് പോകുന്ന പ്രധാന വഴി അവിടെ താമസിക്കുന്ന എല്ലാവർക്കും അവകാശപ്പെട്ടതായിരിക്കും. അത് തടസ്സപ്പെടുത്താനോ സ്വകാര്യവൽക്കരിക്കാനോ ആർക്കും അധികാരമില്ല. ഇതുപോലെ, പൊതുവഴിയുടെ ഇരുവശത്തും ഭൂവുടമകൾക്ക് അവരുടെ ഭൂമിയിൽ നിന്ന് പൊതുവഴിയിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ കെട്ടിടം നിർമ്മിക്കാൻ അവകാശമില്ല. എന്നാൽ ജനങ്ങൾക്കോ ഉയരമുള്ള വാഹനങ്ങൾക്കോ പോകാവുന്ന പരിധിക്കപ്പുറം വഴിയുടെ മുകളിൽ നിർമാണം നടത്താവുന്നതാണ് എന്നാണ് ചില പണ്ഡിതന്മാൻ പറയുന്നത്. ഉദാഹരണത്തിന്, ബിൽഡിങ്ങിന്റെ മൂന്നാം നിലയിൽ നിന്ന് പൊതുവഴിയിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ ഒരു കോൺക്രീറ്റ് വരാന്തയോ നടപ്പാതയോ ബാൽക്കണിയോ നിർമിക്കാം. ഇത്രയും ഉയരത്തിലായതിനാൽ പൊതുവഴിയിലൂടെ നടന്നു പോകുന്നവർക്കും വാഹനത്തിൽ പോകുന്നവർക്കും ബുദ്ധിമുട്ടില്ല എന്നതാണ് കാരണം പറയുന്നത്. എന്നാൽ, ഓരോ ഭൂമിയുടെയും ഉടമയ്ക്ക് ആ ഭൂമിയുടെ മുകളിലെ അന്തരീക്ഷം ആകാശം വരെയും താഴെഭാഗം ഭൂമിയുടെ ഉൾവശം വരെയും അവകാശമായി കണക്കാക്കപ്പെടുന്നു എന്ന പൊതുനിയമത്തിന്റെ അടിസ്ഥാനത്തിൽ, പൊതുവഴിയും അതിന്റെ മുകളിലുള്ള ആകാശഭാഗവും പൊതുജനങ്ങളുടെ അവകാശമായി പരിഗണിക്കപ്പെടും. അതിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ നിർമിതികൾ ഉണ്ടാക്കാൻ പാടില്ല എന്ന് പറയേണ്ടിവരും. ആധുനിക മുനിസിപ്പാലിറ്റി കൺസ്ട്രക്ഷൻ നിയമങ്ങളും ഇത്തരത്തിലുള്ള നിർമ്മിതിയെ കർശനമായി വിലക്കുന്നുണ്ട്. ഇങ്ങനെ പൊതു സ്ഥലങ്ങളിലോ മറ്റുള്ളവരുടെ അവകാശത്തിന് വിഘാതമുണ്ടാക്കുന്ന വിധമോ നിർമിക്കപ്പെട്ട നിർമിതികൾക്കെതിരിൽ കോടതി വിധി വന്നാൽ പൊളിച്ചു മാറ്റേണ്ടതായ സന്ദർഭങ്ങളും വരും. കോടതി ഇടപെട്ട ഇത്തരം വിധികൾ വാർത്തകളിൽ ഇടം പിടിച്ചതാണ്.
ഭൂമിയിടപാടിൽ വ്യക്തത വരുത്തേണ്ട ഒരു പ്രധാന വിഷയം ഭൂമിയുടെ സ്വഭാവമാണ്. കരഭൂമിയാണെങ്കിൽ പ്രത്യക്ഷത്തിൽ കാണുന്ന ഭൂമിയുടെ വിശേഷണവും വിസ്തൃതിയുമാണ് പ്രധാനമായും പരിഗണിക്കുക. വെള്ളം കെട്ടി നിൽക്കുന്ന ഭൂമിയോ പുഴയോ ആണെങ്കിൽ മുകളിലുള്ള വെള്ളവും അതിനടിയിലുള്ള മണൽ പ്രദേശവും പരിഗണനയിൽ വരും.
മറ്റു വില്പന വസ്തുക്കളിൽ നിന്ന് ഭൂമിയെ വേർതിരിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. പ്രഥമമായി, ഭൂമി ഒരു പരിമിത വിഭവമാണ്. ഭൂമിയുടെ അളവിനെ നമുക്ക് വർധിപ്പിക്കാൻ കഴിയില്ല. രണ്ടാമതായി, ഭൂമി ഒരു സ്ഥാവര സ്വത്താണ്. അഥവാ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് നീക്കം ചെയ്യാനാവില്ല. ഭൂമി അല്ലാഹുവിന്റെ സൃഷ്ടി എന്ന നിലക്ക് പ്രകൃതിദത്തമാണ്. മനുഷ്യ പ്രയത്നമോ നിർമാണ ചെലവൊ വരുന്നില്ല. എന്നാൽ നിരപ്പല്ലാത്ത ഭൂമികളെ നിരപ്പാക്കുന്നതും വൃക്ഷങ്ങളും പുഷ്പങ്ങളും പിടിപ്പിച്ച് ഭംഗിയാക്കുന്നതുമായ ലാൻഡ്സ്കേപ്പിംഗ് വർക്കുകൾ പണവും പ്രയത്നവും ആവശ്യമുള്ളതാണ്.
ഭൂമിയുടെ ഉടമസ്ഥത രണ്ട് രീതിയിലാണ്. സ്വകാര്യ ഉടമസ്ഥതയും പൊതു ഉടമസ്ഥതയും. സ്വകാര്യ ഉടമസ്ഥത എന്നത് ഒരാൾക്കോ ഒന്നിലധികം വ്യക്തികൾക്കോ ഉടമാവകാശമുള്ള ഭൂമിയെയാണ് സൂചിപ്പിക്കുന്നത്. അത്തരം ഭൂമിയിൽ മുകളിലേക്ക് നിർമാണങ്ങൾ നടത്തുന്നതും താഴേക്ക് കുഴിച്ചു കിണറോ കുളമോ നിർമിക്കുന്നതും സാധാരണയായി ഉടമയുടെ അവകാശത്തിൽപ്പെടുന്നു. എന്നാൽ ഭൂമിയിൽ അമിതമായ ആഴത്തിൽ കുഴിക്കുന്നത് മൂലം തൊട്ടടുത്തുള്ള ഭൂമികളുടെയും അവിടെയുള്ള നിർമ്മിതികളുടെയും സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യം ഉണ്ടെങ്കിൽ, അത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുകയോ തടയപ്പെടുകയോ ചെയ്യാം.
പൊതു ഉടമസ്ഥതയിലുള്ള ഭൂമിയുടെ മേൽനോട്ടം സാധാരണയായി സർക്കാരിൽ നിക്ഷിപ്തമാണ്. ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇത്തരം ഭൂമികൾ സർക്കാർ ഉപയോഗിക്കുന്നു. വിദ്യാഭ്യാസം, ചികിത്സ, ക്രമസമാധാന പാലനം, നിയമസംരക്ഷണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും, ജനങ്ങളുടെ വിനോദത്തിനായി പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനും ഈ ഭൂമികൾ വിനിയോഗിക്കപ്പെടുന്നു.
ഇസ്ലാമിലെ ധാർമിക നിയമങ്ങളനുസരിച്ച്, ഭൂമിയടക്കം മുഴുവൻ സമ്പത്തിൻ്റെയും ഉടമ അല്ലാഹുവാണ്. അവൻ നമുക്ക് വിഭവങ്ങൾ താത്കാലിക ഉപയോഗത്തിനു നൽകിയതാണ്. താൽക്കാലികം എന്നത് ഭൂമിയുടെ വിഷയത്തിൽ ഒന്നു കൂടി വ്യക്തമാകും. കാരണം, ജോലിക്കോ പഠനത്തിനോ വേണ്ടി സ്വന്തം നാട് വിട്ടുപോകുന്നവർ ഭൂമി കൂടെ കൊണ്ടുപോകുന്നില്ലല്ലോ. ജീവിതം കഴിഞ്ഞ് ഖബറിൽ മറമാടപ്പെടുമ്പോഴും കിടക്കുന്ന സ്ഥലമൊഴികെ ബാക്കിയെല്ലാം ഉപേക്ഷിച്ചാണ് പോകുന്നത്. നൂറുകണക്കിന് തലമുറകളിലൂടെ ആയിരക്കണക്കിന് പേരുടെ ഉടമസ്ഥതയിലായിരുന്ന ഭൂമിയാണിപ്പോൾ കൈവശമുള്ളത് എന്ന് ചിന്തിക്കുമ്പോൾ എത്ര നശ്വരമാണ് നമ്മുടെ അധികാരങ്ങളും ഉടമസ്ഥാവകാശങ്ങളും എന്ന് ബോധ്യപ്പെടാൻ പ്രയാസമില്ല.
ഭൂമിയിൽ നിന്ന് ലഭിക്കുന്ന വിഭവങ്ങളുടെ അവകാശം.
ഒരാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് ലഭിക്കുന്ന വിഭവങ്ങളുടെ ഉടമാവകാശം സാധാരണയായി ആ ഭൂമിയുടെ ഉടമയ്ക്കാണ്. ഉദാഹരണത്തിന്, ഒരാളുടെ ഭൂമി കുഴിച്ചപ്പോൾ അവിടെ നിന്ന് സ്വർണ്ണ നിക്ഷേപമോ വിലപിടിച്ച രത്നങ്ങളുടെ നിക്ഷേപമോ ലഭിച്ചാൽ, ഇസ്ലാമിക ദൃഷ്ട്യാ, ആ വ്യക്തിയുടെ ഭൂമിയിൽ നിന്ന് ലഭിച്ചതിനാൽ അതിന്റെ ഉടമാവകാശം അവനാണ്. എന്നാൽ അതിന് സകാത്ത് നൽകേണ്ട ബാധ്യതയുണ്ടാകും.
ഇത്തരം നിക്ഷേപങ്ങൾ കണ്ടെത്താൻ വലിയ ചെലവ് വന്നിട്ടുണ്ടെങ്കിൽ അതിന് രണ്ടര ശതമാനം (2.5%) സകാത്ത് നൽകണം. വളരെ കുറഞ്ഞ ചെലവിലാണ് ലഭിച്ചതെങ്കിൽ ഇരുപത് ശതമാനം (20%), അഥവാ അഞ്ചിലൊന്ന്, സകാത്തായി നൽകേണ്ടതാണ്. എന്നാൽ ആധുനിക രാഷ്ട്രനിയമങ്ങളനുസരിച്ച് ഭൂമിയിൽ നിന്ന് കണ്ടെത്തുന്ന നിധികളും സമ്പത്തുകളും പലപ്പോഴും പൊതുസ്വത്തായി കണക്കാക്കപ്പെടുകയും സർക്കാരിൽ നിക്ഷിപ്തമാവുകയും ചെയ്യുന്നു. ഭൂഗർഭത്തിൽ നിന്ന് പെട്രോൾ പോലുള്ള ബയോ-എനർജി സ്രോതസ്സുകൾ കണ്ടെത്തിയാലും അവ സർക്കാർ ഉടമസ്ഥതയായി കണക്കാക്കി സർക്കാർ ഏറ്റെടുക്കുന്നതാണ് സാധാരണ നിയമം.
ഇസ്ലാമികമായി, ഭരണാധികാരിയുടെ അനുമതിയോടെ ഇത്തരം വിഭവങ്ങൾ സ്വകാര്യ നിക്ഷേപമായി ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുന്ന സാഹചര്യങ്ങളിൽ അങ്ങനെ ചെയ്യാവുന്നതാണ്.
പ്രശസ്ത പണ്ഡിതൻ ഇമാം മാവറദീ അൽ ഹാവിൽ കബീർ എന്ന ഗ്രന്ഥത്തിൽ പറയുന്നത് ഇങ്ങനെ: ഭൂമിയുടെ അന്തർഭാഗത്തു നിന്ന് ലഭിക്കുന്ന വിഭവങ്ങൾ രണ്ടുതരത്തിലാണ്. ഒന്ന് ഖര രൂപത്തിലുള്ളതും മറ്റൊന്ന് ദ്രാവക രൂപത്തിലുള്ളതും. ഖര രൂപത്തിലുള്ളത് സ്വർണം, വെള്ളി, ഈയം പോലെ. ദ്രാവക രൂപത്തിൽ ഉള്ളത് ക്രൂഡ് ഓയിൽ, ടാർ പോലെയും. ഇതിൽ ഖര രൂപത്തിലുള്ളത് വ്യക്തിക്ക് ഉടമസ്ഥാവകാശമുണ്ടെന്നും മറ്റുള്ളവർ എടുക്കുന്നതിനെ അവന് തടയുകയും ചെയ്യാം. എന്നാൽ, ദ്രാവക രൂപത്തിലുള്ള ക്രൂഡോയിൽ പോലോത്തത് ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും പുറത്തേക്ക് വന്നാൽ ജനങ്ങളെ തടയാൻ കഴിയില്ലെന്നും അത് മറ്റുള്ളവർക്കു കൂടി അവകാശപ്പെട്ടതാകുമെന്നും ഒരു അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ടെങ്കിലും അതും വ്യക്തിയുടെ ഉടമസ്ഥതയിലുള്ളത് തന്നെയാണ് എന്നാണ് അന്തിമവിധിയായി അദ്ദേഹം പ്രസ്താവിക്കുന്നത്.
ജന്മാവകാശവും കുടിയായ്മയും
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പൗരന് രാജ്യത്തിന്റെ ഏതു ഭാഗത്തും ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടെയുള്ള സ്വത്തുകൾ വാങ്ങുകയും അവയുടെ ഉടമസ്ഥത സംരക്ഷിക്കുകയും ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ ജി സി സി അടക്കമുള്ള പല രാഷ്ട്രങ്ങളിലും ഭൂമിയുടെയും വസ്തുവിന്റെയും ഉടമാവകാശം പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. (Federal Law No. 7 of 2006 ). ഇന്ത്യയിൽ വിദേശികൾക്ക് ഭൂമിയും വസ്തുക്കളും വാങ്ങി ഉടമപ്പെടുത്തുന്നതിന് ചില നിയന്ത്രണങ്ങൾ ഉള്ളതുപോലെ.
ഉടമാവകാശം ലഭിക്കാത്ത സ്ഥലങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവർ അവിടെ വാടകക്കാരും കുടിയാന്മാരുമായിരിക്കും. എന്നാൽ പല ഇന്ത്യൻ വ്യവസായികൾക്കും യുകെ, യു എസ് എ പോലുള്ള രാഷ്ട്രങ്ങളിൽ സ്വന്തമായി ഭൂമിയും കെട്ടിടങ്ങളുമുള്ളതായി പത്രറിപ്പോർട്ടുകൾ കാണാറുണ്ട്. പ്രത്യേകിച്ച് ഇരട്ട പൗരത്വം അനുവദിക്കുന്ന നാടുകളിൽ.










