ഇലക്ട്രോണിക് കൊമേഴ്സ് (E-Commerce) എന്നത് ഇന്റർനെറ്റ് ഉപയോഗിച്ച് വസ്തുക്കളും സേവനങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പുതിയ ബിസിനസ് രീതിയാണ്. ഉപഭോക്താക്കൾക്ക് ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങാനും, വിൽക്കാനും ഇതിലൂടെ സൗകര്യം ലഭിക്കുന്നു. ബിസിനസ് ആഗോളതലത്തിൽ വ്യാപിച്ചതോടെ ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും ആളുകൾക്ക് പരസ്പരം വസ്തുക്കളും സേവനങ്ങളും കൈമാറ്റം ചെയ്യാൻ കഴിയുന്ന സാഹചര്യം ഇന്നുണ്ട്. ഈ സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോമാണ് ഇ-കൊമേഴ്സ് എന്ന് പറയുന്നത്. ഇ-കൊമേഴ്സിന്റെ പ്രധാന ഘടകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
വിവിധ വ്യാപാര മോഡലുകൾ
ബിസിനസ് ടു ബിസിനസ് (B2B)
ഒരു ബിസിനസ് സ്ഥാപനവും മറ്റൊരു ബിസിനസ് സ്ഥാപനവും തമ്മിൽ വസ്തുക്കളോ സേവനങ്ങളോ കൈമാറുന്ന രീതിയാണ് ബിസിനസ് ടു ബിസിനസ് (B2B) മോഡൽ. ഇത് സാധാരണയായി പൊതുജനങ്ങളായ അന്തിമ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തുന്ന ഘട്ടമല്ല. അതിന് മുമ്പുള്ള ഇടനില വ്യാപാര ഘട്ടങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ഉദാഹരണത്തിന്, ഒരു നിർമ്മാണ കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങൾ ഹോൾസെയിൽ വ്യാപാരികൾക്ക് വിൽക്കുന്നത് B2B രീതിയിലാണ്. അതായത്, ബിസിനസുകൾ തമ്മിലുള്ള ഇടപാടുകളെയാണ് B2B എന്ന് വിളിക്കുന്നത്.
ബിസിനസ് ടു കസ്റ്റമർ (B2C)
ബിസിനസ് നടത്തുന്ന സ്ഥാപനങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് വസ്തുക്കളോ സേവനങ്ങളോ വിൽക്കുന്ന രീതിയാണ് ബിസിനസ് ടു കസ്റ്റമർ (B2C) മോഡൽ. ആധുനിക സംവിധാനത്തിൽ, ആവശ്യക്കാരനായ ഏത് ഉപഭോക്താവിനും തനിക്ക് ആവശ്യമുള്ള വസ്തു നിർമ്മിക്കുന്നതോ സപ്ലൈ ചെയ്യുന്നതോ ആയ സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയും. തുടർന്ന് ആവശ്യമായ പ്രോഡക്ടുകൾ ഇ-കൊമേഴ്സ് വഴി ഓർഡർ ചെയ്ത്, ഓൺലൈൻ പെയ്മെന്റ് നടത്തി, സ്വന്തം വിലാസത്തിൽ ലഭ്യമാക്കാൻ കഴിയുന്ന സൗകര്യമാണ് ഇത്. ഉദാഹരണത്തിന്, ഗുരുതരമായ രോഗം ബാധിച്ച ഒരാൾക്ക് ആവശ്യമായ പ്രത്യേക മരുന്ന് വിദേശ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് ഓർഡർ ചെയ്യാം. നിർമാതാക്കളുമായി ബന്ധപ്പെട്ടു, അവർ നൽകിയ രീതിയിൽ പെയ്മെന്റ് നടത്തി, ആവശ്യമായ മരുന്ന് സ്വന്തമാക്കാൻ സാധിക്കുന്ന സംവിധാനം ഇന്നുണ്ട്. അതായത്, ബിസിനസിൽ നിന്ന് ഉപഭോക്താവിലേക്ക് നേരിട്ട് നടക്കുന്ന ഇടപാടുകളെയാണ് B2C എന്ന് പറയുന്നത്.
കസ്റ്റമർ ടു കസ്റ്റമർ (C2C)
മൂന്നാമത്തെ മോഡൽ കസ്റ്റമർ ടു കസ്റ്റമർ (C2C) എന്നാണ് അറിയപ്പെടുന്നത്. ഇവിടെ ഉപഭോക്താക്കൾ തന്നെ പരസ്പരം വസ്തുക്കൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു. ഇടനിലക്കാരെ ഒഴിവാക്കി, അവരുടെ സ്ഥാനം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഏറ്റെടുക്കുന്ന രീതിയാണ് ഇത്. ഉദാഹരണത്തിന്, ഉപയോഗിച്ച സാധനങ്ങൾ (Used goods), ചിത്രരചനകൾ, ഫാഷൻ വസ്തുക്കൾ, ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവ ഉപഭോക്താക്കൾ തമ്മിൽ നേരിട്ട് കൈമാറാൻ ഈ സംവിധാനം സഹായിക്കുന്നു. ഇതിലൂടെ വ്യക്തികൾക്ക് വരുമാനം നേടാനും സാധിക്കുന്നു. ഇന്ന് ഇ-കൊമേഴ്സിൽ അറിയപ്പെടുന്ന നിരവധി പ്രധാന പ്ലാറ്റ്ഫോമുകളും ആപ്പുകളും വെബ്സൈറ്റുകളും നിലവിലുണ്ട്. നമ്മുടെ നാട്ടിലെ ഗ്രാമപ്രദേശങ്ങളിൽ പോലും സുപരിചിതമായ പേരാണ് ആമസോൺ (Amazon). ഇതുപോലെ തന്നെ വലിയ തോതിൽ ബിസിനസ് നടത്തുന്ന മറ്റൊരു പ്രമുഖ പ്ലാറ്റ്ഫോമാണ് ഫ്ലിപ്പ്കാർട്ട്(Flipkart).
ഇ-കൊമേഴ്സിലൂടെ ഇടപാടുകൾ നടത്തുമ്പോൾ പണമടയ്ക്കൽ സംവിധാനവും ഇലക്ട്രോണിക് മാർഗങ്ങളിലൂടെയാണ് നടക്കുന്നത്. പ്രധാനമായും ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, ഇ-വാലറ്റുകൾ, ഫണ്ട് ട്രാൻസ്ഫർ, ബാങ്ക് ട്രാൻസ്ഫർ എന്നിവ ഉപയോഗിച്ച് പണം അടയ്ക്കാം. ഇതിന് അനുബന്ധമായി ലോജിസ്റ്റിക് സർവീസുകളും അത്യാവശ്യമാണ്. ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് സമയബന്ധിതമായി എത്തിക്കൽ, ചരക്കുകളുടെ സുരക്ഷിതമായ കൈമാറ്റം എന്നിവ ലോജിസ്റ്റിക് സംവിധാനത്തിന്റെ ഭാഗമാണ്.
ഇതോടൊപ്പം, ഇ-കൊമേഴ്സിൽ മാർക്കറ്റിംഗ് വലിയ തോതിൽ നടന്നു കൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയ മാർഗങ്ങളിലൂടെ വിൽപ്പന വർധിപ്പിക്കൽ, പ്രത്യേക ഓഫറുകൾ, സർപ്രൈസ് ഷോകൾ തുടങ്ങിയ വിപണന രീതികൾ വ്യാപകമായി ഉപയോഗിക്കുന്നു. ചുരുക്കത്തിൽ, ആധുനിക ലോകത്തിലെ വ്യാപാര രംഗത്ത് ഒഴിവാക്കാനാവാത്ത ഒരു മേഖലയായി ഇ-കൊമേഴ്സ് വളർന്നു കഴിഞ്ഞു. പരമ്പരാഗത വ്യാപാരരീതികളുടെ പ്രാധാന്യം കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ, ഇ-കൊമേഴ്സ് വഴി നടക്കുന്ന വ്യാപാരത്തിന്റെ സാധ്യത വർധിച്ചുവരുന്നു. കൂടുതൽ എളുപ്പവും സുതാര്യവും സൗകര്യപ്രദവുമായ രീതിയിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭിക്കാനും വിപണനം നടത്താനും ഇ-കൊമേഴ്സ് മികച്ച മാർഗമായി മാറിയിരിക്കുന്നു.
ചതിക്കുഴികളും ജാഗ്രതയും
എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും, മറ്റേതൊരു മേഖലയെപ്പോലെ ഇ-കൊമേഴ്സിലും തട്ടിപ്പുകളും ചീറ്റിംഗും നടക്കുന്നു. പ്രമുഖ സ്ഥാപനങ്ങളുടേതിന് സാദൃശ്യമുള്ള വെബ്സൈറ്റുകൾ രൂപകൽപ്പന ചെയ്ത് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുകയും പണം തട്ടുകയും ചെയ്യുന്ന ഡാർക്ക് വെബ് പ്രവർത്തനങ്ങൾ ഇ-കൊമേഴ്സ് രംഗത്തെ വലിയ വെല്ലുവിളിയാണ്. സേവനങ്ങൾ സ്വീകരിക്കുമ്പോഴും സാധനങ്ങൾ വാങ്ങുമ്പോഴും പണമടയ്ക്കുമ്പോഴും വഞ്ചനയിൽ അകപ്പെടാതിരിക്കാനായി സൈബർ സുരക്ഷാ മുൻകരുതലുകൾ നിർബന്ധമായും പാലിക്കണം, പരിചയമില്ലാത്തതും വിശ്വാസ്യതയില്ലാത്തതുമായ സൈറ്റുകളിൽ നിന്ന് സേവനങ്ങൾ സ്വീകരിക്കരുത്,
സൈറ്റിന്റെ വിശ്വാസ്യത ഉറപ്പാക്കിയതിന് ശേഷമേ പണം അടയ്ക്കുകയോ വ്യക്തിഗത ഡാറ്റ നൽകുകയോ ചെയ്യാവൂ, വഞ്ചന സംഭവിച്ചതായി സംശയമുണ്ടെങ്കിൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണം, മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ കാലത്ത് വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകളും നടക്കുന്നു. ഇ-കൊമേഴ്സ് ഇടപാടിൽ അനധികൃത വസ്തുക്കൾ ഉൾപ്പെട്ടതായി പറഞ്ഞ് ഭീഷണിപ്പെടുത്തുകയും വിശദാംശങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്ന രീതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ പരമാവധി ജാഗ്രതയും സൂക്ഷ്മതയും ആവശ്യമുണ്ട്.
ഇ-കൊമേഴ്സിന്റെ പ്രധാന പ്രത്യേകതകൾ
ഇ-കൊമേഴ്സിന്റെ ഏറ്റവും വലിയ പ്രത്യേകത 24 മണിക്കൂറും, എല്ലാ ദിവസവും സേവനവും വിനിമയവും സാധ്യമാണെന്നതാണ്. സമയപരിധിയില്ലാതെ ഏത് സമയത്തും ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനും പണമടയ്ക്കാനും കഴിയും. ജില്ലയുടേയോ സംസ്ഥാനത്തിന്റേയോ അതിരുകൾ പ്രശ്നമാകാതെ ആഗോള വിപണിയിൽ എത്താൻ കഴിയുന്നതും വലിയ നേട്ടമാണ്. ഉൽപ്പന്നങ്ങളുടെ ഗുണമേന്മയും (quality) അളവും (quantity) ഉറപ്പാക്കാനും വലിയൊരു ഉപഭോക്തൃവിഭാഗത്തിലേക്ക് എത്തിക്കാനും ഇത് സഹായിക്കുന്നു. സാമ്പ്രദായിക വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ, വമ്പിച്ച ഭൗതിക മാർക്കറ്റുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ട ചെലവ് കുറയ്ക്കാൻ കഴിയും. ഉൽപ്പന്നങ്ങളുടെ വിശദമായ വിവരണം, ചിത്രങ്ങൾ, മുൻ ഉപഭോക്താക്കളുടെ റിവ്യൂകൾ എന്നിവ ലഭിക്കുന്നതിനാൽ ഓരോ ഉപഭോക്താവിനും വ്യക്തിഗത അനുഭവത്തെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാനുള്ള എളുപ്പമാർഗം, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ, വാങ്ങൽ സ്വഭാവം, ഇഷ്ടങ്ങൾ തുടങ്ങിയ ഡാറ്റ ശേഖരണം, അതുവഴി ഉൽപ്പാദകരും വിപണന സ്ഥാപനങ്ങളും കൂടുതൽ കാര്യക്ഷമമായ മാർക്കറ്റിംഗ് സേവനങ്ങൾ നിലനിർത്തൽ, മുന്പ് ഒരു ജില്ലയിലോ ഗ്രാമത്തിലോ മാത്രം പ്രവർത്തിച്ചിരുന്ന പ്രാദേശിക ഉൽപ്പാദകർക്കും വ്യാപാരികൾക്കും ആഗോള വിപണിയിൽ മത്സരിക്കാനും സേവനങ്ങൾ എത്തിക്കാനും വിശാലമായ അവസരങ്ങൾ, ഉപഭോക്താക്കൾക്ക് ഒരേ ഉൽപ്പന്നം നിർമ്മിക്കുന്ന വിവിധ കമ്പനികളുടെ സേവനങ്ങൾ താരതമ്യം ചെയ്ത് ഗുണമേന്മയും വിലയും പരിശോധിച്ച് മികച്ച ഉൽപ്പന്നം തിരഞ്ഞെടുക്കാനുള്ള മാർഗം തുടങ്ങി നിരവധി സവിശേഷതകൾ ഇ കൊമേഴ്സിനുണ്ട്.
എന്നാൽ, ഇ-കൊമേഴ്സ് വഴി വാങ്ങിയ ഉൽപ്പന്നങ്ങളിൽ ന്യൂനതകൾ കണ്ടെത്തിയാൽ തിരികെ നൽകുന്നതിനും പണം തിരിച്ചു ലഭിക്കുന്നതിനുമുള്ള നടപടികൾ ചിലപ്പോൾ ബുദ്ധിമുട്ടാകാം. ഇത് ഉപഭോക്താക്കൾക്ക് ആശങ്ക സൃഷ്ടിക്കുന്ന ഘടകമാണ്. നമ്മുടെ രാജ്യങ്ങളിൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം ദിവസേന വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇന്നും ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ പൂർണമായി പരിചിതമല്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അതുകൊണ്ട്, ഇ-കൊമേഴ്സ് വലിയ അവസരങ്ങളും സൗകര്യങ്ങളും ഒരുക്കുന്ന മേഖലയായിരിക്കുമ്പോഴും, ജാഗ്രതയും ഉത്തരവാദിത്വവും അനിവാര്യമാണ്.
ഇ-കൊമേഴ്സ് വിനിമയങ്ങളുടെ ഇസ്ലാമിക മാനം
ഇസ്ലാമിക കർമ്മശാസ്ത്രത്തിൽ (ഫിഖ്ഹ്) വിൽപ്പനയും വാങ്ങലും സാധുവാകാൻ ആവശ്യമായ നിബന്ധനകൾ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ രീതിയിൽ, വിൽക്കുന്നയാളും വാങ്ങുന്നയാളും ഒരേ സ്ഥലത്ത് ഒരുമിച്ചുകൂടി, വിൽപ്പന വസ്തു പ്രദർശിപ്പിച്ച്, വാങ്ങുന്നയാൾ അതിൽ തൃപ്തിപ്പെട്ട് വില പറഞ്ഞ്, അതേ വേദിയിൽ വില കൈമാറി സാധനം കൈപ്പറ്റുന്നതാണ് അടിസ്ഥാന രൂപം. കക്ഷികൾ ഒരുമിച്ചു കൂടിയെങ്കിലും വിൽപ്പന വസ്തു മറ്റൊരു സ്ഥലത്താണെങ്കിൽ ആ കച്ചവടം സാധുവാകുമോ എന്ന ചർച്ച ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കാണാം. ഒരു നിർദ്ദിഷ്ട (നിശ്ചിത) വസ്തുവാണ് വിൽക്കുന്നത് എങ്കിൽ, വിൽപ്പനാ സമയത്തോ അതിന് മുമ്പോ വാങ്ങുന്നയാൾ അത് കണ്ടിരിക്കണം എന്ന നിബന്ധന ഉണ്ട്. അങ്ങനെ കണ്ടറിഞ്ഞ് സമ്മതിച്ച വിൽപ്പനയാണ് സാധുവാകുന്നത്.
എന്നാൽ, നിർദ്ദിഷ്ട വസ്തു അല്ലാതെ അതിന്റെ വിശേഷണങ്ങൾ (specifications) വിശദമായി പറഞ്ഞ് ഓർഡർ നൽകുന്നത് അനുവദനീയമാണ്. ഇതിൽ ഒരേ സ്പെസിഫിക്കേഷൻസും കോൺഫിഗറേഷനും ഉള്ള നിരവധി ഉൽപ്പന്നങ്ങൾ നിർമ്മാണ കമ്പനിക്ക് സ്റ്റോക്കായി ഉണ്ടായിരിക്കാം. അത്തരത്തിൽ, നിർദേശിച്ച വിശേഷണങ്ങൾക്ക് പൊരുത്തപ്പെടുന്ന ഉൽപ്പന്നം പിന്നീട് കൈമാറാൻ അനുമതിയുണ്ട്.
ഇ-കൊമേഴ്സിൽ ഈ രണ്ടു രീതികളും കാണാം. ഉപഭോക്താവ് ആവശ്യമായ പ്രോഡക്റ്റ് തിരഞ്ഞാൽ, പല കമ്പനികളും സമാന ഉൽപ്പന്നങ്ങൾ വിപണിയിൽ വെച്ചിരിക്കുന്നത് കാണാം. അതിന്റെ വിവരണങ്ങളും സവിശേഷതകളും ആവശ്യത്തിനൊപ്പം പൊരുത്തപ്പെടുന്നുവെങ്കിൽ ഓർഡർ ചെയ്യാം. പണമടച്ചാൽ (പ്രത്യേകിച്ച് മുൻകൂർ പെയ്മെന്റ് നടത്തിയാൽ), കുറച്ച് സമയത്തിനകം ഉൽപ്പന്നം ലഭ്യമാകും. കർമശാസ്ത്രത്തിൽ വിനിമയം അടിസ്ഥാനപരമായി രണ്ട് വ്യക്തികൾ തമ്മിലാണ്. എന്നാൽ ആധുനിക ഇ-കൊമേഴ്സിൽ ഓർഡർ സ്വീകരിക്കുകയും ഇൻവോയ്സ് നൽകുകയും ചെയ്യുന്നത് പലപ്പോഴും കമ്പ്യൂട്ടർ സംവിധാനങ്ങളോ ആപ്പുകളോ ചാറ്റ്ബോട്ടുകളോ ആണ്. ഈ മെഷീനുകൾ ഉൽപാദകന്റെ നിയമപരമായ വക്കീൽ (പ്രതിനിധി) സ്ഥാനത്ത് നിൽക്കുമോ എന്ന ചർച്ചയുണ്ട് .ഫിഖ്ഹിൻ്റെ അടിസ്ഥാനത്തിൽ, ഒരാൾക്ക് മറ്റൊരാളെ പ്രതിനിധിയാക്കാൻ (വക്കീൽ) അനുവാദമുണ്ട്. അതിനാൽ കമ്പനി നിയോഗിച്ച സാങ്കേതിക സംവിധാനം പ്രതിനിധിയുടെ നിലയിൽ പ്രവർത്തിക്കുന്നതായി കണക്കാക്കാനാവുമോ എന്നതാണ് ചർച്ചയുടെ പ്രസക്ത ഭാഗം.
വിലയും ഉൽപ്പന്നവും രണ്ടും കടമാകരുത്
ഇസ്ലാമിക നിയമത്തിൽ ഒരു പ്രധാന നിബന്ധനയുണ്ട്: വിനിമയത്തിൽ ഉൽപ്പന്നവും വിലയും രണ്ടും ഒരേസമയം കടമാകരുത്. ഇ-കൊമേഴ്സിൽ, നാം തിരഞ്ഞെടുക്കുന്ന ഉൽപ്പന്നം പലപ്പോഴും സ്പെസിഫിക്കേഷൻ അടിസ്ഥാനത്തിലാണ്. അതിനാൽ അത് നേരിട്ട് കൈവശമില്ലാത്തതിനാൽ ഒരു വിധത്തിൽ കടം പോലെ കണക്കാക്കാം.
അങ്ങനെ വന്നാൽ, വിലയും കടമായി (പിന്നീട് നൽകുന്ന വിധത്തിൽ) ആകരുത്. അതിനാൽ മുൻകൂർ പെയ്മെന്റ് നടത്തുന്നത് കൂടുതൽ സുരക്ഷിതവും ശുദ്ധവുമായ രീതിയെന്ന് പറയാം. അതായത്, ഞാൻ മുൻകൂറായി പണമടക്കുന്നു. നിങ്ങൾ നിർദേശിച്ച സ്പെസിഫിക്കേഷൻ ഉള്ള വസ്തു പിന്നീട് കൈമാറുന്നു. ഇത് ഫിഖ്ഹിൻ്റെ ദൃഷ്ടിയിൽ അംഗീകരിക്കാവുന്ന രീതിയിലായിരിക്കും. ഡെലിവറി സമയത്ത് പണമടയ്ക്കുന്ന രീതിയാണെങ്കിൽ, യഥാർത്ഥ വിൽപ്പനയും പണമടക്കലും ഡെലിവറി പോയിന്റിലാണ് പൂർത്തിയാകുന്നത്. അപ്പോൾ ഓൺലൈനിൽ നൽകിയ ഓർഡർ ഒരു പർച്ചേസ് ഓർഡറിന്റെ സ്ഥാനത്തായിരിക്കും. വസ്തു കൈവശം കിട്ടിയശേഷം വില നൽകുന്നതിലൂടെ വിൽപ്പന പൂര്ത്തിയാകും. ചുരുക്കത്തിൽ, ഇ-കൊമേഴ്സ് ഇസ്ലാമിക കർമ്മശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളുമായി പൊരുത്തപ്പെടുത്താവുന്നതാണ്. എന്നാൽ, ഉൽപ്പന്നത്തിന്റെ വ്യക്തത, വിലയുടെ വ്യക്തത, കടബാധ്യതയുടെ സ്വഭാവം, വഞ്ചന ഒഴിവാക്കൽ എന്നിവയിൽ ജാഗ്രത പാലിക്കണം. ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിക്കുന്ന രീതിയിൽ നടത്തുമ്പോൾ, ഇ-കൊമേഴ്സ് വിനിമയങ്ങൾ ശാസ്ത്രീയമായും ശരീഅത്ത് അനുസൃതമായും ക്രമീകരിക്കാനാവുന്നതാണ്.










