ഒന്നിലധികം പേർ ചേർന്ന് നടത്തുന്ന പങ്കാളിത്ത ബിസിനസാണ് കമ്പനി. ആധുനിക സാമ്പത്തിക വ്യവസ്ഥിതിയിൽ പല വിധത്തിലുള്ള കമ്പനികളും പാർട്ണർഷിപ്പുകളും ഷെയറുകളും നടക്കുന്നുണ്ട്. ഇസ്ലാമിക വീക്ഷണത്തിൽ , കമ്പനി പാർട്ണർഷിപ്പുകളിൽ അനുവദനീയമായ രൂപങ്ങൾ എന്താണെന്ന് പരിശോധിക്കാം.
കോമൺ ക്യാപ്പിറ്റൽ പാർട്ണർഷിപ്പ് (Common Capital Partnership)
കോമൺ ക്യാപ്പിറ്റൽ പാർട്ണർഷിപ്പ് ഒരു ഉദാഹരണത്തിലൂടെ മനസിലാക്കാം. മൂന്ന് പേർ ചേർന്ന് ഒരു കമ്പനി ആരംഭിക്കുന്നു. അവരുടെ ഷെയറുകൾ 50%, 30%, 20% എന്നിങ്ങനെയാണ്. കമ്പനിയുടെ ആകെ മൂലധനം 10 ലക്ഷം രൂപയാണ്. അതനുസരിച്ച് അവരുടെ മൂലധന നിക്ഷേപം യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപയായിരിക്കും. അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വ്യാപാരമാണ് കമ്പനിയുടെ പ്രധാന പ്രവർത്തനം.
മൂന്നു പേരും നിക്ഷേപിച്ച മൂലധനത്തിന് വാങ്ങിയ വസ്തുക്കൾ പരസ്പരം കലർന്ന് കിടക്കുന്നതിനാൽ, ഏത് വസ്തു ആരുടെ മൂലധനത്തിന് വാങ്ങിയതാണെന്ന് വേർതിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണ്. അതോടൊപ്പം, ഓരോ പാർട്ണറും തങ്ങളുടെ ഉടമസ്ഥതയിലുള്ള വിഹിതത്തിൽ വ്യാപാരം നടത്തുന്നതിനായി മറ്റു പാർട്ണർമാർക്ക് പരസ്പര സമ്മതത്തോടെ അധികാരവും നൽകുന്നു. ഈ സാഹചര്യത്തിൽ കമ്പനിയുടെ ഇടപാടുകളിൽ നിന്നുണ്ടാകുന്ന ലാഭവും നഷ്ടവും ഓരോരുത്തരുടെയും മൂലധന വിഹിതത്തിന്റെ അനുപാതത്തിൽ പാർട്ണർമാർക്കിടയിൽ വിഭജിക്കപ്പെടുന്നതാണ്.
കമ്പനിയിൽ പാർട്ണർമാർ മാനേജിംഗ് പാർട്ണർ, സൈലൻ്റ് പാർട്ണർ എന്നിങ്ങനെ രണ്ടു വിധമുണ്ട്. മാനേജിംഗ് പാർട്ണർ എന്നത് ദിവസേന ബിസിനസിൻ്റെ പ്രവർത്തനങ്ങളും ഇടപാടുകളും നേരിട്ട് നിയന്ത്രിക്കുകയും നടത്തുകയും ചെയ്യുന്ന പങ്കാളിയെയാണ് സൂചിപ്പിക്കുന്നത്. വാങ്ങൽ, വിൽപ്പന, തീരുമാനങ്ങൾ എന്നിവയിൽ അദ്ദേഹം സജീവമായി പ്രവർത്തിക്കും. സൈലന്റ് പാർട്ണർ എന്നത് കമ്പനിയിൽ മൂലധനം നിക്ഷേപിച്ചിട്ടുണ്ടെങ്കിലും ബിസിനസിന്റെ നടത്തിപ്പിലും തീരുമാനങ്ങളിലുമൊന്നും നേരിട്ട് പങ്കാളിയാകാത്ത പങ്കാളിയാണ്.
ഒന്നോ രണ്ടോ പേര് സൈലന്റ് പാർട്ണർമാരാണെങ്കിൽ പോലും മൂലധനത്തിന്റെ തോതനുസരിച്ചാണ് ലാഭവും നഷ്ടവും വീതിക്കേണ്ടത്. ചിലരുടെ അധ്വാനം മറ്റു ചിലരെക്കാൾ കൂടുതലായിരുന്നുവെന്ന കാരണം കൊണ്ട് അവർക്ക് കൂടുതൽ ലാഭം കൊടുക്കാൻ പറ്റില്ല. എന്നാൽ സൈലന്റ് പാർട്ണർമാർ അവർക്ക് അവകാശപ്പെട്ട ലാഭത്തിന്റെ ഓഹരിയിൽ നിന്ന് മാനേജിംഗ് പാർട്ണർക് സ്വമനസ്സാലെ ദാനമായി കൊടുക്കുന്നതിൽ തെറ്റില്ല.
പാർട്ണർമാർക്കിടയിൽ മൂലധനത്തിന്റെ അനുപാതത്തിൽ ലാഭവും നഷ്ടവും വിഭജിക്കുന്ന ഈ രീതിയിലുള്ള കമ്പനി സംവിധാനത്തെ കോമൺ ക്യാപ്പിറ്റൽ പാർട്ണർഷിപ്പ് (Common Capital Partnership) എന്നു വിളിക്കുന്നു. ഈ രീതിയിൽ പങ്കാളികളാകുന്ന എല്ലാവരും സാമ്പത്തിക സ്വാതന്ത്ര്യമുള്ളവരായിരിക്കണം. കൂടാതെ, സ്വന്തം കാര്യങ്ങൾ മറ്റൊരാളെ ഏൽപ്പിക്കാൻ അർഹതയുള്ളവരുമായിരിക്കണം. കമ്പനിയുടെ മൂലധനമോ, അതുപയോഗിച്ച് വാങ്ങിയ വസ്തുക്കളോ ഓരോ പാർട്ണറുടെതുമായി പ്രത്യേകം വേർതിരിച്ച നിലയിൽ നിലനിൽക്കരുത്. എല്ലാം സംയുക്തമായ മൂലധനമായി കണക്കാക്കപ്പെടുകയും അതിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരവും ലാഭ-നഷ്ട വിഭജനവും നടക്കുകയും ചെയ്യുന്നത്.
കോമൺ ക്യാപിറ്റൽ പാർട്ണർഷിപ്പ് രണ്ടുവിധത്തിലുണ്ടാകാം. പാർട്ണർമാർ ഒരുമിച്ച് ചേർന്ന് ബിസിനസ് ചെയ്യുന്നുവെന്ന് ഒരു കോൺട്രാക്ടിലൂടെ ഉറപ്പിക്കുന്ന കോൺട്രാക്ച്വൽ പാർട്ണർഷിപ്പാണ് ഒന്ന്. ഇതാണ് പ്രായോഗികമായി കൂടുതലായും കാണപ്പെടുന്നത്.
ഹോൾഡിംഗ് പാർട്ണർഷിപ്പ് (holding partnership) ആണ് രണ്ടാമത്തേത്. ഒരാളുടെ മരണാനന്തരം അനന്തരാവകാശമായി അദ്ദേഹത്തിൻ്റെ രണ്ട് ആൺകുട്ടികൾക്ക് ലഭിച്ച സ്വത്ത് ഉദാഹരണമായെടുക്കാം. രണ്ടുപേർക്കും അതിൽ തുല്യ പങ്കാളിത്തമാണ്. അത് മൂലധനമാക്കി അവർ കമ്പനി തുടങ്ങാൻ ഉദ്ദേശിച്ചാൽ അതിനെക്കുറിച്ച് ഹോൾഡിങ് പാർട്ണർഷിപ്പ് കമ്പനി എന്നു പറയാം. ഇവിടെ മിക്കവാറും പാർട്ണർമാരുടെ അവകാശം തുല്യമായിരിക്കും.
പാർട്ണർമാർക്ക് എപ്പോൾ വേണമെങ്കിലും അതുവരെയുള്ള ലാഭനഷ്ടങ്ങൾ കണക്കാക്കി ബിസിനസ്സിൽ നിന്ന് പിന്തിരിയാൻ സാധിക്കണം. ക്യാപിറ്റൽ പാർട്ണർഷിപ്പ് സംവിധാനം അനുവദനീയമാണെന്ന് എല്ലാ വിഭാഗം പണ്ഡിതന്മാരും സമ്മതിച്ചതാണ്.
അബ്ദുല്ലാഹിബ്നു ഹിശാം എന്ന ശിഷ്യൻ്റെ അഭിവൃദ്ധിക്കുവേണ്ടി തിരുനബി പ്രാർത്ഥിച്ചത് ചരിത്രത്തിൽ കാണാം. പിന്നീട് അദ്ദേഹം വിപണിയിൽ വന്ന് വ്യാപാരത്തിനായി ചരക്ക് വാങ്ങുന്നത് കണ്ടാൽ പ്രവാചക ശിഷ്യരായ അബ്ദുല്ലാഹി ബിൻ ഉമർ, അബ്ദുല്ലാഹി ബിൻ സുബൈർ എന്നിവർ അദ്ദേഹത്തെ സമീപിച്ച് ഇപ്രകാരം അഭ്യർത്ഥിക്കുമായിരുന്നു: “പ്രവാചകൻ താങ്കൾക്ക് അഭിവൃദ്ധിക്കായി പ്രാർഥന നടത്തിയിട്ടുള്ളതിനാൽ ഞങ്ങളെയും താങ്കളുടെ വ്യാപാരത്തിൽ പങ്കാളികളാക്കൂ” അപ്പോൾ അദ്ദേഹം അവരെയും തന്റെ വ്യാപാരത്തിൽ പങ്കാളികളാക്കുമായിരുന്നു. ഈ സംഭവം ഇമാം ബുഖാരി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മറ്റു ചില കമ്പനി സംവിധാനങ്ങൾ പരിചയപ്പെടാം.
ശിർകതുൽ അബ്ദാൻ
ഒന്നിലധികം പേർ ചേർന്ന് അവരെടുക്കുന്ന തൊഴിലിന്റെ അടിസ്ഥാനത്തിൽ ഒരു കമ്പനിയായി പ്രവർത്തിക്കുന്ന രീതിയാണിത്. ലാഭനഷ്ടങ്ങൾ തുല്യമായി പങ്കിടാമെന്ന ധാരണയോടെയാണ് ഇത്തരം കൂട്ടായ്മകൾ രൂപപ്പെടുന്നത്. ലോഡിംഗ് അൺലോഡിംഗ് ജോലി ചെയ്യുന്ന മൂന്നുപേരെ ഉദാഹരണമായെടുക്കാം. ഒരാൾക്ക് കൂടുതൽ ജോലിയും അതുവഴി കൂടുതൽ വരുമാനവും ലഭിക്കാം, മറ്റൊരാൾക്ക് കുറവുമായിരിക്കാം. എന്നാലും, നേരത്തെയുള്ള ധാരണപ്രകാരം ലാഭം ഭാഗിച്ചെടുക്കാനുള്ള തീരുമാനമാണ് നടപ്പാക്കുക. ഇത് നീതിയല്ലെന്ന് പെട്ടെന്ന് മനസ്സിലാകും. പരസ്പരം കമ്പനിയാക്കാനാവുന്ന ഒരു പൊതുമൂലധനമോ പൊതുസമ്പത്തോ ഇവിടെയില്ല. ഓരോരുത്തരുടെയും അധ്വാനം അവരുടെത് മാത്രമായതിനാൽ അതിൽ നിന്ന് ലഭിക്കുന്ന വരുമാനവും അവർക്കു മാത്രം അവകാശപ്പെട്ടതാണ്. അതുകൊണ്ട് മറ്റൊരാളുടെ അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ പങ്കിടുന്നത് അനുവദനീയമായ പങ്കാളിത്തമായി കണക്കാക്കാനാവില്ല.
ഇൻഫ്ലുവൻസേഴ്സ് ഷെയർ (Influencers shares)
സമൂഹത്തിൽ സ്വാധീനമുള്ള ഒരാൾ മറ്റുള്ളവരുമായി ചേർന്ന് കമ്പനി രൂപീകരിക്കുന്ന രീതിയാണിത്. അദ്ദേഹം സാമ്പത്തിക മൂലധനം നിക്ഷേപിക്കുന്നില്ല. പകരം തന്റെ സാമൂഹിക സ്വാധീനം ഉപയോഗിച്ച് കൂടുതൽ നിക്ഷേപകരെ കമ്പനിയിൽ ചേർക്കുന്നു. ഇത്തരത്തിൽ ആളുകളെ ഉൾപ്പെടുത്തുന്നതിലൂടെ കമ്പനിയുടെ വളർച്ചക്ക് സഹായം ചെയ്യുന്ന അദ്ദേഹത്തിന് നിശ്ചിത ശതമാനം ഷെയർ നൽകുകയും അതനുസരിച്ച് ലാഭവിഹിതം അവകാശപ്പെടുകയും ചെയ്യുന്നതാണ് ഈ രീതിയുടെ പ്രത്യേകത.
ശിർകതുൽ മുഫാവള
രണ്ടോ അധികമോ ആളുകൾ കൂടിച്ചേർന്നു അവരുടെ മൂലധനം പരസ്പരം കലർത്താതെ വേർതിരിച്ചു വെച്ചുകൊണ്ട് ബിസിനസ് ചെയ്യുകയും ഒരു കമ്പനിയായി പേരിട്ടു ലാഭം പരസ്പരം വീതിച്ചെടുക്കുകയും ചെയ്യുന്നു. മൂലധനം പരസ്പരം കലർത്താത്തതിനാൽ യഥാർത്ഥത്തിൽ കമ്പനിയെന്ന ആശയം ഇവിടെ സംഭവിക്കുന്നില്ല.
അവസാനം പരാമർശിച്ച മൂന്ന് രീതികളും ഇസ്ലാമിക കർമശാസ്ത്രത്തിലെ ശാഫിഇ മദ്ഹബ്(Shafiee School of Islamic Jurisprudence) അനുസരിച്ച് അസാധുവാണ്. എന്നാൽ ഇവ സാധുവാണെന്നും ആ രീതിയിൽ കമ്പനി പ്രവർത്തിക്കാവുന്നതാണെന്നും ഇമാം അബൂഹനീഫ അഭിപ്രായപ്പെടുന്നുണ്ട്. സങ്കീർണമായ ആധുനിക സാമ്പത്തിക സംവിധാനത്തിനു കീഴിൽ ധാർമിക മൂല്യങ്ങൾ ഉൾക്കൊണ്ട് കമ്പനി നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് അബൂഹനീഫ ഇമാമിന്റെ അഭിപ്രായം സഹായകമായേക്കാം.
കമ്പനിയുടെ സുഗമമായ നടത്തിപ്പിന് വിരുദ്ധമായ നിബന്ധനകൾ ഏർപ്പെടുത്തിയാൽ അത് അസാധുവാകുകയും തദടിസ്ഥാനത്തിൽ കമ്പനി പിരിയുകയും ചെയ്യാം. കമ്പനി പിരിയുന്ന സാഹചര്യത്തിൽ അന്നത്തെ സാമ്പത്തിക നില പരിഗണിച്ച് ഓരോരുത്തരുടെയും ഷെയർ വിഹിതം കണക്കാക്കി ലാഭം വിതരണം ചെയ്യണം. നഷ്ടമാണെങ്കിൽ അത് കുറച്ച ശേഷം ശേഷിക്കുന്ന തുക അവരവരുടെ വിഹിതാനുപാതത്തിൻ വിതരണം ചെയ്യേണ്ടതുമാണ്.
ഷെയർ മാർക്കറ്റും ഷെയറുകളുടെ വിൽപ്പനയും
ആധുനിക സാമ്പത്തിക വ്യവസ്ഥിതിയിൽ ഷെയർ മാർക്കറ്റും സ്റ്റോക്ക് എക്സ്ചേഞ്ചും ഒഴിച്ചുകൂടാനാവാത്ത ഒരു സാമ്പത്തിക കേന്ദ്രമായി മാറിയിട്ടുണ്ട്. രാജ്യത്ത് പ്രവർത്തിക്കുന്ന വിവിധ കമ്പനികളുടെ ഓഹരികൾ, നിക്ഷേപകർക്ക് വാങ്ങാനും വിൽക്കാനും കഴിയുന്ന വിപണിയാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ.
പുതിയതായി ഇഷ്യൂ ചെയ്യുന്ന കമ്പനികളുടെ ഓഹരികൾ നേരിട്ട് കമ്പനികളിൽ നിന്ന് തന്നെ വാങ്ങാമെങ്കിലും പിന്നീട് ആ ഓഹരികൾ വിൽക്കാൻ ആഗ്രഹിക്കുന്നവർ സാധാരണയായി ആശ്രയിക്കുന്നത് സ്റ്റോക്ക് എക്സ്ചേഞ്ചുകളെയാണ്.
സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ സ്റ്റോക്കുകളുടെ വിനിമയം നടത്തുന്നത് സ്റ്റോക്ക് ബ്രോക്കർമാർ മുഖേനയാണ്. ലിക്വിഡിറ്റി ആവശ്യമായ സ്റ്റോക്കുകൾ അവയുടെ പ്രമാണങ്ങളോടുകൂടി സ്റ്റോക്ക് മാർക്കറ്റിലൂടെ വിപണനം ചെയ്യാൻ സാധിക്കും. ഇസ്ലാമിക ദൃഷ്ടിയിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്ന് ഓഹരികൾ വാങ്ങുമ്പോൾ കമ്പനിയുടെ പ്രവർത്തന മേഖല എന്താണെന്നും ഇസ്ലാമികമായി അനുവദനീയമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. പ്രവർത്തന മേഖല അനുവദനീയമാണെങ്കിലും കമ്പനിയുടെ പ്രവർത്തന രീതി ഇസ്ലാമിക നിബന്ധനകൾക്ക് വിരുദ്ധമാണെങ്കിൽ ഓഹരികൾ വാങ്ങുന്നത് ശരിയല്ല. പലിശ അടിസ്ഥാനമാക്കി സാമ്പത്തിക ഇടപാട് നടത്തുന്ന കമ്പനികൾ, ഊഹക്കച്ചവടം, ചൂതാട്ടം, ലഹരി വ്യവസായം, മയക്കുമരുന്ന് വ്യാപാരം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ, അറുക്കപ്പെടാത്തതോ ഇസ്ലാം ഭക്ഷിക്കാൻ അനുമതിനൽകാത്തതോ ആയ മാംസം വിൽക്കുന്ന കമ്പനികൾ തുടങ്ങിയവയുടെ ഓഹരികൾ അനുവദനീയമല്ല.
വ്യാവസായികമായി ഉൽപാദനം നിർവഹിച്ച് വിൽപ്പന നടത്തുന്ന കമ്പനികളുടെ ഓഹരികളിൽ ബാങ്ക് നിക്ഷേപത്തിന്റെയും ലോണിന്റെയും പലിശ വരുമാനം കൂടുതലാണെങ്കിൽ സ്ക്രീനിങ്ങിന് വിധേയമാക്കണം. വളരെ ചെറിയ ശതമാനമാണെങ്കിലും അനിസ്ലാമിക ഇടപാട് നടത്തുന്ന കമ്പനിയാണെങ്കിൽ അവയുടെ ഓഹരി ഉപേക്ഷിക്കുന്നതാണ് ഉത്തമം.
അനുവദനീയമായത് കൂടുതലും നിഷിദ്ധമായത് കുറവുമായ കമ്പനികളുടെ ഓഹരികളുമായി ഇടപെടുന്നത് സംശയാസ്പദമാണെന്നും (ശുബ്ഹത്) അഭിലഷണീയമായതാണെന്നും(കറാഹത്) പണ്ഡിതന്മാർ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയത് കാണാം. പ്രോത്സാഹിപ്പിക്കപ്പെടുന്നില്ലെന്ന് സാരം. ശരീഅ കോപ്ലെയിൻസ് ഷെയറുകൾ (Sharia compliance shares) എന്ന പേരിൽ പരസ്യം ചെയ്തു കൊണ്ട് നിരവധി കമ്പനികൾ ഇപ്പോൾ മുന്നോട്ടു വരുന്നുണ്ട്. പണ്ഡിതന്മാരുടെ മോണിറ്ററിങ്ങിനു വിധേയമായി മാത്രമേ ഇത്തരം കമ്പനികളുമായി ബന്ധപ്പെടാനാവൂ.










