കച്ചവട ഇടപാട് നടത്തുന്ന രണ്ട് കക്ഷികൾ ഒരു ഡീൽ ഉറപ്പിച്ച ശേഷവും, ചില സാഹചര്യങ്ങളിൽ ആ ഇടപാട് വേണ്ടെന്ന് വെക്കാൻ ഇസ്ലാം അവകാശം നൽകുന്നുണ്ട്. ഉപഭോക്താവിനും വിൽപ്പനക്കാരനും ഒരുപോലെ നീതി ഉറപ്പാക്കുന്ന രീതിയിലാണ് ഈ നിയമങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമായും മൂന്ന് തരത്തിലുള്ള ക്യാൻസലേഷൻ അവകാശങ്ങളാണ് ഇസ്ലാമിക കച്ചവടനിയമത്തിൽ പറയുന്നത്.
1. സദസ്സ് പിരിയുന്നതിന് മുമ്പുള്ള ക്യാൻസലേഷൻ
വിൽപ്പന നടന്നുകൊണ്ടിരിക്കുന്ന സദസ്സ് പിരിയുന്നതിന് മുമ്പ്, ഇടപാടിൽ പങ്കെടുത്ത രണ്ട് കക്ഷികളിൽ ആരെങ്കിലും ആ വിൽപ്പന ക്യാൻസൽ ചെയ്യുകയാണെങ്കിൽ, ആ ഇടപാട് അസാധുവാകും. അതായത്, ഇരുവരും ഇടപാട് സ്ഥലത്തുള്ള സമയത്ത് തീരുമാനം മാറ്റാൻ അവകാശമുണ്ട്.
2. മൂന്ന് ദിവസത്തെ വിവേചനാവകാശം
വിൽപ്പന സദസ്സിൽ വെച്ച് ഇരുവരും ഇടപാട് ക്യാൻസൽ ചെയ്യാതെ പിരിഞ്ഞുപോയാൽ, വിൽപ്പന സാധുവായി നടക്കും. എന്നാൽ അതിന് ശേഷവും, ആ ഇടപാട് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മൂന്ന് ദിവസത്തെ സാവകാശം ലഭിക്കും. ഈ മൂന്ന് ദിവസത്തിനുള്ളിൽ പ്രത്യേക കാരണം പറയേണ്ടതില്ല. ഈ കച്ചവടവുമായി മുന്നോട്ട് പോകാൻ താൽപര്യമില്ല എന്ന് അറിയിച്ചാൽ മതി. ഇടപാട് അതോടെ അവസാനിക്കും.
എന്നാൽ, ഇടപാട് ചെയ്യുന്ന കക്ഷികളിൽ ഒരാളോ രണ്ടുപേരോ ഈ വിവേചനാവകാശം വേണ്ടെന്ന് വെച്ചാൽ, അവർക്കത് പിന്നീട് ഉപയോഗിക്കാനാവില്ല. എന്നാൽ മറുകക്ഷിക്ക് തന്റെ അവകാശം നിലനിൽക്കുകയും ചെയ്യും.
3. വസ്തുവിലെ ന്യൂനത കണ്ടെത്തിയാൽ
ഇടപാട് സമയത്ത് വസ്തുവിൽ ഉണ്ടായിരുന്ന ഒരു ന്യൂനത പിന്നീട് കണ്ടെത്തുകയാണെങ്കിൽ, ഉപഭോക്താവിന് ആ വസ്തു തിരികെ നൽകാനും നൽകിയ വില തിരികെ വാങ്ങാനും അവകാശമുണ്ട്. പക്ഷേ, ആ ന്യൂനത ഉപഭോക്താവിന്റെ അശ്രദ്ധമായ ഉപയോഗം കൊണ്ടാണ് ഉണ്ടായതെങ്കിൽ, ആ വസ്തു തിരികെ നൽകാൻ അവകാശമുണ്ടാകില്ല. അതായത്, വസ്തുവിന്റെ കേടുപാട് ഇടപാടിന് മുമ്പേ ഉണ്ടായിരിക്കുകയും അത് മറച്ചുവെക്കപ്പെട്ടതുമായിരിക്കണം.
പ്രവാചക ശിഷ്യനായ അബ്ദുല്ലാഹിബ്നു ഉമർ റിപ്പോർട്ട് ചെയ്ത ഒരു പ്രവചക വചനമിങ്ങനെയാണ്: പ്രവാചകർ പറഞ്ഞു:
“ഇടപാട് നടത്തുന്ന രണ്ടുപേരും വേർപിരിയാത്തിടത്തോളം കാലം ആ ഇടപാട് ക്യാൻസൽ ചെയ്യാനുള്ള അവകാശം അവർക്കുണ്ട്. അല്ലെങ്കിൽ അവരിൽ ഒരാൾ തന്റെ അവകാശം വേണ്ടെന്ന് വെക്കണം.” (ബുഖാരി, മുസ്ലിം)
അബ്ദുല്ലാഹിബിബ്നു ഉമർ ആരോടെങ്കിലും ഇടപാട് നടത്തുകയും, മറുകക്ഷി പിന്നീട് അതിൽ നിന്ന് പിന്തിരിയുന്നത് ഇഷ്ടപ്പെടാതിരിക്കുകയും ചെയ്താൽ, അദ്ദേഹം ഇടപാട് നടന്ന സ്ഥലത്ത് നിന്ന് വേഗത്തിൽ നടന്നു മാറിപ്പോകുമായിരുന്നു. ഇതും പ്രമുഖ പ്രവാചക വചനങ്ങളുടെ ക്രോഡീകരണ ഗ്രന്ഥങ്ങളായ സ്വഹീഹ് ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇങ്ങനെ, കച്ചവടത്തിൽ പങ്കെടുക്കുന്ന രണ്ട് കക്ഷികളുടെയും അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്ന രീതിയിലാണ് ഇസ്ലാമിക നിയമങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താവിനും വിൽപ്പനക്കാരനും ഒരുപോലെ സുരക്ഷയും നീതിയും ഉറപ്പാക്കുന്ന സുതാര്യമായ സംവിധാനമാണ് ഇത്.











