സ്പെക്യുലേറ്റീവ് ട്രേഡിംഗ് അഥവാ ഊഹക്കച്ചവടം എന്നത് ആധുനിക സാമ്പത്തിക രംഗത്ത്, പെട്ടെന്ന് കൂടുതൽ സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്ന ഒരു മേഖലയാണ്. ഭാവിയിൽ സംഭവിക്കാവുന്ന വിലക്കയറ്റമോ വിലയിടിവോ സംബന്ധിച്ച പ്രതീക്ഷാപരമായ ഊഹത്തെ അടിസ്ഥാനമാക്കി മൂലധനം നിക്ഷേപിച്ച് നടത്തുന്ന ഇടപാടുകളെയാണ് പൊതുവെ സ്പെക്യുലേറ്റീവ് ട്രേഡിംഗ് എന്നു വിളിക്കുന്നത്.
കമ്പനികളുടെ സ്റ്റോക്കുകളുമായി ബന്ധപ്പെട്ട ഒപ്ഷൻസ്, ഫ്യൂച്ചേഴ്സ് വരുന്ന ഇൻട്രാ ഡേ ഇടപാടുകൾ, സ്വിംഗ് ട്രേഡിംഗ്, കറൻസികളിൽ നടക്കുന്ന ഫോറക്സ് ട്രേഡിംഗ്, ബിറ്റ്കോയിൻ, എഥിരിയം പോലുള്ള ക്രിപ്റ്റോകറൻസികളിലെ വ്യാപാരം, സ്വർണ്ണം, എണ്ണ, ലോഹങ്ങൾ പോലുള്ള കമ്മോഡിറ്റികളിലെ ഇടപാടുകൾ എന്നിവയെല്ലാം ഈ വിഭാഗത്തിൽപ്പെടുന്നു. ഇത്തരത്തിലുള്ള ഇടപാടുകളിൽ വ്യാപാര സൂചികയിൽ കാണിക്കുന്ന ചെറിയ വ്യത്യാസങ്ങൾ അടിസ്ഥാനമാക്കി മുൻകൂർ ഓപ്ഷൻസ് കച്ചവടം ചെയ്യുകയും വില വ്യത്യാസങ്ങളിൽ നിന്ന് ലാഭമുണ്ടാക്കുകയുമാണ് ചെയ്യുന്നത്.
ഫോറെക്സ് ട്രേഡിംഗിൽ നാണയങ്ങളുടെ വില വ്യത്യാസം അടിസ്ഥാനമാക്കി കറൻസികൾ തമ്മിലാണ് കച്ചവടം നടക്കുന്നത്. ഇതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ദോഷവശം, പ്രതീക്ഷക്ക് വിരുദ്ധമായി വലിയ നഷ്ടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ്. ഓഹരി വിപണിയിൽ തകർച്ച സംഭവിക്കുന്ന ഓരോഘട്ടത്തിലും സ്പെക്യുലേഷൻ ഇടപാട് നടത്തുന്ന നിരവധി പേരാണ് കൂപ്പുകുത്തി കടത്തിൽ മുങ്ങുന്നത്. അമിതമായ നഷ്ട സാധ്യത, ചൂതുകളി, വാതുവെപ്പ് അനിയന്ത്രിതമായ ഭാഗ്യപരീക്ഷണം തുടങ്ങിയവയുള്ള ഇടപാടുകളെ ഇസ്ലാം അനുവദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല.
ഊഹക്കച്ചവടം ഭാവിയിലെ വില വ്യതിയാനങ്ങൾ പ്രവചിച്ചുകൊണ്ട് ലാഭം നേടാനുദ്ദേശിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകളായത് കൊണ്ട്, സാധാരണ നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഉയർന്ന അപകടസാധ്യതയും ഉയർന്ന വരുമാന സാധ്യതയുമുണ്ട്. ഊഹക്കച്ചവടത്തിൽ ഉൾപ്പെടുന്ന ചില ഇടപാടുകൾ കാണാം:
ഓഹരി വിപണിയിലെ ഊഹക്കച്ചവടം (Stock Market Speculation):
ഓഹരി വിപണിയിലെ ഊഹക്കച്ചവടം ഭാവിയിൽ ഉണ്ടാകാനിടയുള്ള വിലമാറ്റങ്ങളെക്കുറിച്ചുള്ള പ്രതീക്ഷാപരമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന വ്യാപാരരീതികളെയാണ് സൂചിപ്പിക്കുന്നത്. ഇതിൽ പ്രധാനമായും ഡേ ട്രേഡിംഗ്, സ്വിംഗ് ട്രേഡിംഗ്, പെന്നി സ്റ്റോക്കുകളിലെ നിക്ഷേപം, ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് ഇടപാടുകൾ തുടങ്ങിയ രീതികൾ ഉൾപ്പെടുന്നു.
ഡേ ട്രേഡിംഗിൽ ഒരേ ദിവസത്തിനുള്ളിൽ തന്നെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. വിപണിയിലെ ചെറിയ വിലമാറ്റങ്ങൾ പോലും ലാഭമായി മാറ്റാനുള്ള ശ്രമമാണ് ഇതിന്റെ ലക്ഷ്യം. സ്വിംഗ് ട്രേഡിംഗിൽ ഓഹരികൾ ചില ദിവസങ്ങളോ ചിലപ്പോൾ ആഴ്ചകളോ കൈവശം വെച്ച ശേഷം വില ഉയരുകയോ താഴുകയോ ചെയ്യുന്ന ഘട്ടങ്ങളിൽ വിൽക്കുന്നതിലൂടെ ലാഭം നേടാൻ ശ്രമിക്കുന്നു. പെന്നി സ്റ്റോക്കുകൾ വളരെ കുറഞ്ഞ വിലയുള്ള ഓഹരികളിൽ നിക്ഷേപിക്കുന്ന രീതിയാണ്. ഇത്തരം ഓഹരികളുടെ വില പെട്ടെന്ന് ഉയരാനും അതേ വേഗത്തിൽ താഴാനും സാധ്യത കൂടുതലുള്ളതിനാൽ അപകടസാധ്യതയും കൂടുതലാണ്. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് എന്ന രീതിയിൽ ഭാവിയിൽ ഒരു നിശ്ചിത സമയത്ത് ഒരു നിശ്ചിത വിലയ്ക്ക് ഓഹരി വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതിന് മുൻകൂർ കരാറുകളിൽ ഏർപ്പെടുന്നതാണ് പതിവ്. ഇതെല്ലാം വിപണിയിലെ വിലമാറ്റങ്ങളെ അടിസ്ഥാനമാക്കി ലാഭം നേടാൻ ലക്ഷ്യമിടുന്ന ഊഹക്കച്ചവട രീതികളാണ്.
കറൻസി വിപണിയിലെ ഊഹക്കച്ചവടം (Currency Market Speculation):
കറൻസി വിപണിയിലും ഊഹക്കച്ചവടത്തിന്റെ വിവിധ രൂപങ്ങളുണ്ട്. പ്രധാനമായും ഫോറെക്സ് ട്രേഡിംഗ് എന്ന രീതിയിലാണ് ഇത് നടക്കുന്നത്. ഇവിടെ വിവിധ രാജ്യങ്ങളുടെ കറൻസികൾ തമ്മിലുള്ള വിനിമയ നിരക്കിൽ വരുന്ന ചെറിയ മാറ്റങ്ങൾ ശ്രദ്ധിച്ച് വാങ്ങലും വിൽപ്പനയും നടത്തി ലാഭം നേടാൻ ശ്രമിക്കുന്നു. ഉദാഹരണത്തിന്, ഒരു കറൻസിയുടെ വില ഉയരും എന്ന പ്രതീക്ഷയിൽ അത് വാങ്ങുകയും വില ഉയർന്നാൽ പിന്നീട് വിൽക്കുകയും ചെയ്യുന്നു.
ഇതിനോടൊപ്പം, ക്രിപ്റ്റോകറൻസി ട്രേഡിംഗും ഇന്ന് വ്യാപകമായിട്ടുണ്ട്. ബിറ്റ്കോയിൻ, എഥീറിയം പോലുള്ള ഡിജിറ്റൽ കറൻസികളുടെ വിലയിൽ ഉണ്ടാകുന്ന വേഗത്തിലുള്ള ഉയർച്ചയും ഇടിവും അടിസ്ഥാനമാക്കി വാങ്ങലും വിൽപ്പനയും നടത്തിയാണ് ലാഭം കണ്ടെത്താൻ ശ്രമിക്കുന്നത്.
കൂടാതെ ചില ഇടപാടുകളിൽ ഫ്ലിപ്പിംഗ് (Flipping) എന്ന രീതിയുമുണ്ട്. ഇതിൽ കുറഞ്ഞ വിലയ്ക്ക് വസ്തുക്കൾ വാങ്ങി അവ പുതുക്കുകയോ ചെറിയ മാറ്റങ്ങൾ വരുത്തുകയോ ചെയ്ത ശേഷം കൂടുതൽ വിലയ്ക്ക് വിൽക്കുകയാണ് ലക്ഷ്യം. ഇങ്ങനെ വിവിധ രീതികളിൽ കറൻസി വിപണിയിലും ബന്ധപ്പെട്ട മേഖലകളിലും ഊഹത്തെ അടിസ്ഥാനമാക്കിയുള്ള കച്ചവടങ്ങൾ നടക്കുന്നു.
റിയൽ എസ്റ്റേറ്റ് ഊഹക്കച്ചവടം (Real Estate Speculation)
ഭാവിയിൽ വില ഉയരുമെന്ന പ്രതീക്ഷയിൽ ചിലർ ഭൂമി വാങ്ങി സൂക്ഷിക്കുന്ന രീതിയെ ഭൂമി ഊഹക്കച്ചവടം (Land Speculation) എന്നു വിളിക്കുന്നു. ഭാവിയിൽ ആ പ്രദേശത്തിന്റെ വികസനം വർധിക്കുമെന്നോ ആവശ്യകത കൂടുമെന്നോ കരുതി കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി പിന്നീട് വില ഉയരുമ്പോൾ വിൽക്കുകയാണ് ഇതിന്റെ സ്വഭാവം.
ചരക്ക് വിപണിയിലെ ഊഹക്കച്ചവടവും(Commodity Market Speculation) വ്യാപകമാണ്. സ്വർണം, എണ്ണ, ധാന്യങ്ങൾ പോലുള്ള ചരക്കുകളുടെ വിലയിൽ വരുന്ന ഉയർച്ചയും ഇടിവും കണക്കാക്കി വാങ്ങലും വിൽപ്പനയും നടത്തി ലാഭം നേടാൻ ശ്രമിക്കുന്ന ഇടപാടുകളാണ് ഇതിൽ ഉൾപ്പെടുന്നത്.
ഊഹക്കച്ചവടത്തിന്റെ അപകടസാധ്യതകൾ
ഇത്തരത്തിലുള്ള ഊഹക്കച്ചവടങ്ങൾക്ക് നിരവധി അപകടസാധ്യതകളുമുണ്ട്. പ്രധാനമായും തെറ്റായ പ്രവചനങ്ങൾ കാരണം വലിയ നഷ്ടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. വിപണിയിലെ പെട്ടെന്നുള്ള ചാഞ്ചാട്ടങ്ങൾ മുൻകൂട്ടി കൃത്യമായി പ്രവചിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ നിക്ഷേപം അപകടത്തിലാകാം.
നിരന്തരം വിലമാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതും അനിശ്ചിതത്വം കൂടുതലുള്ളതുമായതിനാൽ ഇത് മാനസിക സമ്മർദ്ദത്തിനും കാരണമാകുന്നു. അതുകൊണ്ട് ഇത്തരം ഇടപാടുകളിൽ ഏർപ്പെടുന്നതിന് മുൻപ് വിപണിയുടെ സ്വഭാവവും അപകടസാധ്യതകളും സംബന്ധിച്ച് വ്യക്തമായ പഠനവും ബോധ്യവും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.
ഇസ്ലാമിൻ്റെ വീക്ഷണം
പരസ്പര വിശ്വാസവും സുതാര്യതയും അടിസ്ഥാനമാക്കി, യഥാർത്ഥ ആസ്തികളെ ആധാരമാക്കി നടക്കുന്നതാണ് ഇസ്ലാമിക ദൃഷ്ട്യാ അനുവദനീയമായ സാമ്പത്തിക വ്യവഹാരങ്ങൾ. ഊഹം മാത്രം അടിസ്ഥാനമാക്കിയോ ചൂഷണ രീതിയിലോ നടക്കുന്ന ഇടപാടുകളും അതിലൂടെ ലഭിക്കുന്ന ലാഭവും ഇസ്ലാമിക ദൃഷ്ട്യാ അനുവദനീയമല്ല. ഈ നിലയിൽ പരിശോധിക്കുമ്പോൾ ഊഹക്കച്ചവടങ്ങളുടെ പല മേഖലകളും ഇസ്ലാമിൽ സ്വീകാര്യമല്ല. ഇവ അല്പം വിശദമായി പരിശോധിക്കാം.
പലിശ, ചൂതാട്ടം
പലിശാധിഷ്ഠിതമായുള്ള ഇടപാടുകൾ ഇസ്ലാം നിഷിദ്ധമാക്കിയിട്ടുണ്ട്. വലിയ നഷ്ടസാധ്യതകളുള്ള ഇടപാടുകളും ഇസ്ലാമിക നിയമ പ്രകാരം വിലക്കപ്പെട്ടതാണ്. ചൂതാട്ടത്തിൻ്റെ ഇനങ്ങളിൽ പെടുന്ന ഇടപാടുകളും സ്വീകാര്യമല്ല. അതോടൊപ്പം, ഇടപാടുകൾ നടക്കുന്നതിലൂടെ ആസ്തിയുടെ യഥാർത്ഥ ഉടമാവകാശം കൈമാറ്റം ചെയ്യപ്പെടണം.
ഇടപാടുകളിലെ സുതാര്യത
ഇടപാടുകൾ സുതാര്യവും സത്യസന്ധവുമായിരിക്കണം. അമിതമായ അപകടസാധ്യതയും വലിയ നഷ്ട സാധ്യതയുമുള്ള രീതികൾ ഒഴിവാക്കേണ്ടതുമാണ്. ഇൻഡ്രാ ഡേ പോലുള്ള വെറും മാർക്കറ്റ് സൂചനകളുടെയും ചെറിയ വിലമാറ്റങ്ങളുടെയും അടിസ്ഥാനത്തിൽ ലാഭം നേടാൻ ശ്രമിക്കുന്ന ഇടപാടുകൾ യഥാർത്ഥ വസ്തു വിനിമയമായി ഇസ്ലാമിക നിയമപ്രകാരം പരിഗണിക്കാൻ ബുദ്ധിമുട്ടാണ്.
ഇടപാടിന്റെ ധാർമിക സ്വഭാവം പരിഗണിക്കാതെ എങ്ങനെയെങ്കിലും ലാഭം നേടുക എന്ന സമീപനവും ഇസ്ലാമിൽ അംഗീകരിക്കപ്പെടുന്നില്ല. ഇൻഡ്രാ ഡേ ട്രേഡ്, ഫ്യൂച്ചേർസ്, ഒപ്ഷൻസ് തുടങ്ങിയവ പ്രധാനമായും ഊഹവും വേഗത്തിലുള്ള ലാഭ പ്രതീക്ഷയും അടിസ്ഥാനമാക്കിയുള്ള ഇടപാടുകളാണ്. ഇവയിൽ ലാഭമാണെങ്കിൽ വലിയ വലിയ ലാഭം ലഭിക്കുമെങ്കിലും നഷ്ടമാണെങ്കിൽ വലിയ സാമ്പത്തിക നഷ്ടവുമാണുണ്ടാവുക.
ചുരുക്കത്തിൽ, ഊഹ കച്ചവടം മുൻകരുതലുകൾ കുറഞ്ഞതും അപകട സാധ്യത കൂടിയതുമാണ്. ഉത്തരവാദിത്വമുള്ള നിക്ഷേപങ്ങളെയും യഥാർത്ഥ സാമ്പത്തിക പ്രവർത്തനങ്ങൾ വഴി ലാഭം നൽകുന്ന രീതികളെയുമാണ് ഇസ്ലാമിക് ഫിനാൻസ് പ്രോത്സാഹിപ്പിക്കുന്നത്. ഇങ്ങനെ വരുമ്പോൾ ഊഹക്കച്ചവടവുമായി പലകാര്യങ്ങളിലും ഇസ്ലാമിന് വിയോജിക്കേണ്ടിവരുന്നു.










