ലോകത്ത് സമ്പത്ത് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് ഒരേ അളവിലല്ല. സമ്പന്നതയുടെ മടിത്തട്ടിൽ ജനിച്ചുവീണവരെയും, വളരെ താഴേക്കിടയിൽ നിന്ന് അധ്വാനത്തിലൂടെ ഉയർന്നുവന്ന് സമ്പന്നരായവരെയും നമുക്ക് കാണാൻ കഴിയും. അതേസമയം, ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ തന്നെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ധാരാളം ആളുകളും ലോകത്തുണ്ട്.
വിതരണത്തിലെ ഈ അസമത്വത്തെ ഇസ്ലാമിക കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ, മനുഷ്യരുടെ ഉപജീവനവും സമ്പത്തും അല്ലാഹുവിന്റെ തീരുമാനത്തിന്റെയും പരീക്ഷണത്തിന്റെയും ഭാഗമാണെന്ന് ഖുർആനും ഹദീസുകളും വ്യക്തമാക്കുന്നു. ചിലരെ ചിലരെക്കാൾ അല്ലാഹു ശ്രേഷ്ഠമാക്കി. ചിലർക്കു സമ്പത്തിന്റെ വിശാലത തുറന്നുകൊടുക്കുകയും, മറ്റു ചിലർക്ക് ദാരിദ്ര്യത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ട സാഹചര്യം ഒരുക്കുകയും ചെയ്തു എന്ന ആശയം വിശുദ്ധ ഖുർആനിലും ഹദീസുകളിലും വിശദീകരിച്ചിട്ടുണ്ട്.
ഇസ്ലാമിന്റെ വീക്ഷണത്തിൽ സമ്പത്തും ദാരിദ്ര്യവും രണ്ടും പരീക്ഷണങ്ങളാണ്. സമ്പന്നൻ തന്റെ സമ്പത്ത് എങ്ങനെ ഉപയോഗിക്കുന്നു എന്നതും, ദരിദ്രൻ തന്റെ അവസ്ഥയിൽ എങ്ങനെ ക്ഷമയും ധാർമികതയും പാലിക്കുന്നു എന്നതുമാണ് നിർണായകം. സമ്പത്ത് ലഭിച്ചതുകൊണ്ട് ഒരാൾ അല്ലാഹുവിന് പ്രിയപ്പെട്ടവനായി മാറുന്നില്ല; അതുപോലെ ദാരിദ്ര്യം ഒരാളെ സ്വാഭാവികമായി ശ്രേഷ്ഠനാക്കുകയും ചെയ്യുന്നില്ല. മറിച്ച്, ലഭിച്ച സാഹചര്യത്തിൽ ഒരാൾ എങ്ങനെ ജീവിക്കുന്നു എന്നതാണ് ഇസ്ലാം പരിഗണിക്കുന്നത്.
ഇസ്ലാമിക കാഴ്ചപ്പാടിൽ സമ്പന്നരുടെ പ്രധാനപ്പെട്ട കടമകളിലൊന്ന്, അവരുടെ സമ്പത്തിൽ അല്ലാഹു നിർബന്ധമാക്കിയ സകാത്ത് നൽകുകയും, അതിനുപുറമേ ഐച്ഛിക ദാനധർമ്മങ്ങളിലൂടെ പാവപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും കൂടെ നിൽക്കുകയും ചെയ്യുക എന്നതാണ്.
സമ്പത്ത് ഒരാളുടെ സ്വകാര്യ അവകാശം മാത്രമല്ല; സമൂഹത്തിലെ അർഹരായ ആളുകൾക്കും അതിൽ അവകാശമുണ്ടെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, ദരിദ്രരുടെ ആവശ്യങ്ങൾ പരിഗണിക്കാതെ സമ്പത്ത് കുന്നുകൂട്ടുന്നത് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച്, സകാത്ത്, സഹായധനം, ദുരന്തസഹായം തുടങ്ങിയ വഴികളിലൂടെ സമൂഹത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സമ്പന്നർ മുന്നോട്ടുവരണം എന്നാണ് ഇസ്ലാമിന്റെ നിർദ്ദേശം.
'പാവപ്പെട്ടവർ ധനികരെക്കാൾ അഞ്ഞൂറ് വർഷം മുമ്പ് സ്വർഗത്തിൽ പ്രവേശിക്കും' (തുർമുദി), 'അല്ലാഹു തന്റെ അടിമകൾക്ക് വിശാലമായ ഉപജീവനം നൽകിയാൽ അവർ ഭൂമിയിൽ അതിക്രമം കാണിക്കും; എന്നാൽ അവൻ തന്റെ ഇഷ്ടപ്രകാരം നിശ്ചിത അളവിൽ നൽകുന്നു' (ഖുർആൻ 42:27) തുടങ്ങിയ പ്രമാണങ്ങൾ, ഇസ്ലാമിക ദൃഷ്ടിയിൽ ധനികരെ മോശമായി കാണുന്നുവെന്നും ദാരിദ്ര്യമാണ് കൂടുതൽ ഇഷ്ടപ്പെട്ട അവസ്ഥയെന്നും ചിലപ്പോൾ തോന്നിപ്പിക്കാം.
എന്നാൽ, ഇസ്ലാമിന്റെ സമഗ്രമായ പഠനം അത്തരമൊരു ഏകപക്ഷീയമായ നിഗമനത്തിലേക്ക് നയിക്കുന്നില്ല. കാരണം, വിശുദ്ധ ഖുർആൻ തന്നെ രാവും പകലും രഹസ്യമായും പരസ്യമായും അല്ലാഹു നൽകിയ സമ്പത്തിൽ നിന്ന് ചെലവഴിക്കുന്നവർക്ക് വലിയ പ്രതിഫലമുണ്ടെന്നും, അവർക്ക് ഭയമോ ദുഃഖമോ ഉണ്ടാകില്ലെന്നും വ്യക്തമാക്കുന്നു.
അതുപോലെ, ലോകത്ത് ലഭിക്കാവുന്ന അനുഗ്രഹങ്ങളിൽ ഏറ്റവും അസൂയാവഹമായി കണക്കാക്കാവുന്ന രണ്ടെണ്ണത്തെക്കുറിച്ച് പ്രവാചകൻ പരാമർശിക്കുമ്പോൾ, അതിലൊന്നായി 'അല്ലാഹു ഒരാൾക്ക് ധാരാളം സമ്പത്ത് നൽകുകയും, അയാൾ അത് നന്മയുടെ വഴികളിൽ ചെലവഴിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു' എന്ന അവസ്ഥയെ എടുത്തുപറയുന്നു. അത്തരം ഒരാളെ കണ്ടു, 'അദ്ദേഹത്തെപ്പോലെ എനിക്കും സമ്പത്ത് ലഭിച്ചിരുന്നെങ്കിൽ ഞാൻ കൂടി അത് നന്മയുടെ വഴിയിൽ ചെലവഴിക്കുമായിരുന്നു' എന്ന് ആഗ്രഹിക്കാവുന്ന അനുഗ്രഹമാണത് എന്ന് പ്രാവാചക വചനം വ്യക്തമാക്കുന്നു.
ഇതിലൂടെ, സമ്പത്ത് സ്വയം അപലപനീയമല്ലെന്നും, അത് എങ്ങനെ സമ്പാദിക്കുന്നു, എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് ഇസ്ലാം വിലയിരുത്തുന്നതെന്നും മനസ്സിലാക്കാം.
അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് ഭൗതിക വിഭവങ്ങളിൽ വിശാലത നൽകുകയും, മറ്റുചിലർക്ക് നിയന്ത്രണം നൽകുകയും ചെയ്യുന്നു എന്ന് വ്യക്തമാക്കുന്ന നിരവധി സൂക്തങ്ങൾ വിശുദ്ധ ഖുർആനിലുണ്ട് (ഉദാ: 13:26, 42:27 തുടങ്ങിയവ). ഇതിലൂടെ, സമ്പത്തിന്റെ വിതരണം മനുഷ്യരുടെ മാത്രം നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും, അല്ലാഹുവിന്റെ അറിവും തീരുമാനവും അതിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഖുർആൻ പഠിപ്പിക്കുന്നു.
വിശുദ്ധ ഖുർആൻ വിവരിക്കുന്ന ഏറ്റവും വലിയ ധനികന്റെ ഉദാഹരണം മൂസാ പ്രവാചകൻ്റെ ജനതയിൽപ്പെട്ട ഖാറൂനാണ്. അവന് അതിവിപുലമായ സമ്പത്ത് ലഭിച്ചിരുന്നു. ഖുർആൻ വിവരിക്കുന്നത്, അവന്റെ ധനസംഭരണികളുടെ താക്കോലുകൾ പോലും ശക്തരായ ആളുകൾക്ക് ചുമക്കാൻ പ്രയാസമായിരുന്നു എന്നതാണ്. എന്നാൽ സമ്പത്ത് വർദ്ധിച്ചതോടെ അവൻ അഹങ്കാരിയും അതിക്രമിയും സത്യനിഷേധിയുമായി മാറി. സമ്പത്തിന്റെ മദത്തിൽ സത്യം നിരസിക്കുകയും ജനങ്ങളോട് അക്രമം കാണിക്കുകയും ചെയ്തപ്പോൾ അല്ലാഹു അവനെ നശിപ്പിച്ചു എന്നും ഖുർആൻ പറയുന്നു.
ഇതിലൂടെ മനസ്സിലാകുന്നത്, സമ്പത്ത് സ്വയം മോശമായതല്ല എന്നതാണ്. മറിച്ച്, സമ്പത്തിനെ മനുഷ്യൻ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് നിർണായകം. സമ്പത്ത് ലഭിച്ച ഒരാൾ അതിന്റെ നിർബന്ധ ബാധ്യതയായ സകാത്തും, മറ്റു പ്രതിഫലാർഹമായ ദാനധർമ്മങ്ങളും നിർവഹിക്കുകയും ദുരന്തങ്ങൾ കൊണ്ടോ അത്യാവശ്യ സാഹചര്യങ്ങൾ കൊണ്ടോ ബുദ്ധിമുട്ടുന്നവർക്കുള്ള സഹായങ്ങൾ ചെയ്യുകയും, സത്യസന്ധമായി കച്ചവടം നടത്തി സമ്പത്ത് വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ അത്തരം ആളുകളെ അല്ലാഹു ഇഷ്ടപ്പെടും.
ദരിദ്രർക്കു സമ്പത്ത് കുറവായതിനാൽ, സമ്പത്തിന്റെ പേരിൽ ഉണ്ടാകുന്ന പല അക്രമങ്ങളും അതിക്രമങ്ങളും സ്വാഭാവികമായി അവരിൽ നിന്ന് ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കും. എന്നാൽ, അതുകൊണ്ട് സമ്പന്നരോട് അസൂയ കാണിക്കുകയോ അവരെ കുറ്റപ്പെടുത്തുകയോ ചെയ്യാൻ അവർക്കു അനുവാദമില്ല.
ഇസ്ലാം പഠിപ്പിക്കുന്നത്, ഒരാൾക്ക് ലഭിച്ച സമ്പത്തിൽ അല്ലാഹുവിന്റെ തീരുമാനം തൃപ്തിപ്പെടുകയും, ജീവിതാവശ്യങ്ങൾ നിറവേറ്റാൻ അനുവദനീയമായ തൊഴിലുകളും ഉപജീവന മാർഗങ്ങളും തേടുകയും ചെയ്യണം എന്നതാണ്. അതുപോലെ, സമ്പന്നരുടെ ധനം അന്യായമായി തട്ടിയെടുക്കാനോ, തെറ്റായ മാർഗങ്ങളിലൂടെ സ്വന്തമാക്കാനോ ശ്രമിക്കരുത് എന്നും ഇസ്ലാം ശക്തമായി നിർദ്ദേശിക്കുന്നു.
ഇങ്ങനെ ക്ഷമയും സംതൃപ്തിയും ധാർമികതയും പാലിച്ചുകൊണ്ട് ജീവിക്കുന്ന ദരിദ്രർക്ക്, ചിലപ്പോൾ സമ്പന്നരേക്കാൾ വലിയ പ്രതിഫലം അല്ലാഹുവിന്റെ അടുക്കൽ ലഭിച്ചേക്കാം. കാരണം, പരലോകത്ത് സമ്പന്നർ അവരുടെ സമ്പത്ത് എങ്ങനെ സമ്പാദിച്ചു, എവിടെ ചെലവഴിച്ചു എന്നതിനെക്കുറിച്ചുള്ള വിചാരണക്ക് വിധേയരാകേണ്ടിവരും. എന്നാൽ, അത്തരം സമ്പത്തിന്റെ ബാധ്യതകളിൽ നിന്ന് ദരിദ്രർ ഒഴിവാകാനുമിടയുണ്ട്.
അതേസമയം, ദാരിദ്ര്യം മനുഷ്യനെ നിരവധി സാമൂഹികവും ധാർമികവുമായ പ്രതിസന്ധികളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ചിലപ്പോൾ മനുഷ്യന്റെ മനസ്സിനെയും വിശ്വാസത്തെയും സ്വഭാവത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. 'ദാരിദ്ര്യം സത്യനിഷേധത്തിലേക്കുപോലും നയിക്കാം' എന്ന ആശയം പ്രതിഫലിപ്പിക്കുന്ന വചനങ്ങൾ ഈ യാഥാർഥ്യത്തെ സൂചിപ്പിക്കുന്നു.
ജീവിതത്തിലെ കഠിനമായ സാമ്പത്തിക അവസ്ഥകൾ ചിലരെ തെറ്റായ വഴികളിലേക്ക് തള്ളിവിടാം. സമ്പന്നരുടെ ധനം അന്യായമായി സ്വന്തമാക്കാൻ വേണ്ടി അവരെ അമിതമായി സ്തുതിക്കുകയും മുഖസ്തുതി പാടുകയും ചെയ്യുക, അവരുടെ അനീതികൾക്കും അക്രമങ്ങൾക്കും കൂട്ടുനിൽക്കുക, അവരുടെ “കൊട്ടേഷൻ ടീമായി” പ്രവർത്തിക്കുക തുടങ്ങിയ പ്രവണതകൾ ദാരിദ്ര്യത്തിന്റെ സമ്മർദ്ദത്തിൽ ചിലർ സ്വീകരിക്കാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ, ഇത്തരത്തിലുള്ള ധാർമിക വീഴ്ചകളിൽ നിന്ന് പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് ഇസ്ലാം നിർദ്ദേശിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായാലും സത്യസന്ധതയും മാന്യതയും വിട്ടുകൊടുക്കാതെ, അനുവദനീയമായ മാർഗങ്ങളിലൂടെ ഉപജീവനം കണ്ടെത്തുകയും അനീതികൾക്ക് കൂട്ടുനിൽക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാമിന്റെ നിർദേശം.
ഒരുഭാഗത്ത് സമ്പന്നരും മറുഭാഗത്ത് ദരിദ്രരുമുള്ളപ്പോഴാണ് ലോകത്തിന്റെ സാമ്പത്തിക ആധാനപ്രദാനങ്ങൾ ശക്തമായി നടക്കുന്നത്. കൃഷി, കച്ചവടം, വ്യവസായം, കെട്ടിടനിർമാണം തുടങ്ങിയ എല്ലാ മേഖലകളിലും തൊഴിലാളികളുടെ സേവനം അനിവാര്യമാണ്. സമ്പന്നർ ഈ മേഖലകളിൽ നിക്ഷേപിക്കുകയും തൊഴിലാളികളെ നിയമിക്കുകയും ചെയ്യുമ്പോൾ, രണ്ടു വിഭാഗത്തിന്റെയും പരസ്പര സഹകരണത്തിലൂടെ സമൂഹത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വഴിയൊരുങ്ങുന്നു.
ഇസ്ലാം നിർദ്ദേശിക്കുന്ന കൂട്ടുസംരംഭങ്ങൾ സമ്പന്നരെയും തൊഴിലാളികളെയും ഒരുമിച്ച് ബന്ധിപ്പിക്കുന്ന സാമ്പത്തിക സംവിധാനങ്ങളാണ്. ഒരുവിഭാഗം മൂലധനം നൽകുകയും മറ്റൊരുവിഭാഗം അധ്വാനവും കഴിവും വിനിയോഗിക്കുകയും ചെയ്യുമ്പോൾ, അതിന്റെ ലാഭനഷ്ടങ്ങൾ നീതിപൂർവ്വം പങ്കിടപ്പെടുന്നു. ഇതിലൂടെ സമ്പത്ത് സമൂഹത്തിൽ സഞ്ചരിക്കുകയും കൂടുതൽ ആളുകൾക്ക് തൊഴിലും വരുമാനവും ലഭിക്കുകയും ചെയ്യുന്നു.
ഒരു കൂട്ടരെ ധനികരും മറ്റൊരുകൂട്ടരെ ദരിദ്രരുമാക്കി മാറ്റിയത് അല്ലാഹുവിന്റെ തീരുമാനത്തിന്റെ ഭാഗമാണെന്ന് ഖുർആൻ പഠിപ്പിക്കുന്നു. അതിനാൽ, ഓരോ വിഭാഗവും തങ്ങൾക്ക് മേൽ ബാധ്യതയായ കർമ്മങ്ങൾ നിർവഹിച്ചുകൊണ്ട് വിജയം നേടാൻ ശ്രമിക്കണം എന്നതാണ് ഇസ്ലാമിന്റെ വീക്ഷണം. സമ്പന്നർ അവരുടെ സമ്പത്ത് നന്മയുടെ വഴിയിൽ വിനിയോഗിക്കുകയും ദരിദ്രരെ സഹായിക്കുകയും ചെയ്യണം. ദരിദ്രർ അനുവദനീയമായ മാർഗങ്ങളിലൂടെ ഉപജീവനം കണ്ടെത്തുകയും സത്യസന്ധതയും ക്ഷമയും പാലിക്കുകയും വേണം. ഇത്തരത്തിലുള്ള പരസ്പരപൂരകമായ സഹകരണത്തിലൂടെയാണ് ആരോഗ്യകരമായ ഒരു സമൂഹവും സമതുലിതമായ സാമ്പത്തിക വ്യവസ്ഥയും രൂപപ്പെടുന്നത്.
നമ്മുടെ ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ദാരിദ്ര്യരേഖയ്ക്ക് താഴെ മാത്രം വരുമാനമുള്ള ധാരാളം ജനങ്ങൾ ജീവിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ തന്നെ ദാരിദ്ര്യം വിളിച്ചോതുന്ന ചേരികളിൽ (slum) താമസിക്കുന്ന ജനങ്ങളെ ഇന്ത്യയിലും ചില ഏഷ്യൻ രാജ്യങ്ങളിലുമായി വ്യാപകമായി കാണാം. അടിസ്ഥാന ജീവിതസൗകര്യങ്ങൾ പോലും ലഭിക്കാതെ മനുഷ്യർ കഴിയുന്ന ഈ അവസ്ഥ, സാമ്പത്തിക അസമത്വത്തിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളിലൊന്നാണ്.
സമ്പത്തിനെയും ദാരിദ്ര്യത്തെയും ചർച്ച ചെയ്യുന്ന പ്രധാന സാമ്പത്തിക സിദ്ധാന്തങ്ങളിൽ മുതലാളിത്തവും (Capitalism) സോഷ്യലിസവും (Socialism) പ്രധാനപ്പെട്ടവയാണ്. രാഷ്ട്രത്തിന്റെ മുഴുവൻ വിഭവങ്ങളും പൊതുസ്വത്താക്കി നിലനിർത്തണമെന്നും വ്യക്തികേന്ദ്രീകൃത മുതലാളിത്തം അനുവദിക്കരുതെന്നുമാണ് സോഷ്യലിസത്തിന്റെ അടിസ്ഥാന നിലപാട്. എല്ലാവരെയും ഒരേ നിലയിൽ സാമ്പത്തികമായി ഉയർത്തിക്കൊണ്ടുവരിക എന്ന ആശയമാണ് സോഷ്യലിസം മുന്നോട്ടുവെക്കുന്നത്.
എന്നാൽ, ഈ ആശയം വലിയ തോതിൽ സിദ്ധാന്തതലത്തിൽ മാത്രമാണ് നിലനിന്നത്. 1920 മുതൽ സോവിയറ്റ് റഷ്യയിൽ സ്വകാര്യ മുതലാളിത്തം ഇല്ലാതാക്കി സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും, പിന്നീട് വിശാലമായ റഷ്യയുടെ വിഭജനത്തിലും രാഷ്ട്രീയ-സാമ്പത്തിക തകർച്ചയിലുമാണ് അത് അവസാനിച്ചത്.
മറുവശത്ത്, അമേരിക്കയും യൂറോപ്പും പിന്തുടരുന്ന മുതലാളിത്ത വ്യവസ്ഥ സ്വകാര്യ സ്വത്തവകാശത്തെയും വ്യക്തിഗത സമ്പാദനത്തെയും ശക്തമായി പ്രോത്സാഹിപ്പിക്കുന്നു. ഏതു മാർഗം ഉപയോഗിച്ചും കൂടുതൽ ധനം സമ്പാദിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന സ്വഭാവമാണ് അതിനുള്ളത്. രാഷ്ട്രത്തിന്റെ പ്രധാന ഉത്തരവാദിത്വം ജനങ്ങൾക്ക് സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുക മാത്രമാണെന്നും, സാമ്പത്തിക അസമത്വങ്ങളെ അത്ര പരിഗണിക്കേണ്ടതില്ലെന്നും ക്യാപിറ്റലിസം പൊതുവെ കരുതുന്നു. അതിന്റെ ഫലമായി കൂടുതൽ കൂടുതൽ മുതലാളിമാർ ഉയർന്നുവരുകയും, മറുവശത്ത് ദരിദ്രരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന അവസ്ഥ രൂപപ്പെടുന്നു.
ഇസ്ലാം ഈ രണ്ടു സിദ്ധാന്തങ്ങളെയും പൂർണമായി അംഗീകരിക്കുന്നില്ല. സ്വകാര്യ സ്വത്ത് സമ്പാദിക്കാനും അത് നിലനിർത്താനുമുള്ള വ്യക്തമായ അവകാശം ഇസ്ലാം നൽകുന്നുണ്ട്. എന്നാൽ, മറ്റുള്ളവരുടെ ക്ഷേമത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണമില്ലാത്ത മുതലാളിത്തത്തെയും സമ്പത്തിന്റെ അമിത കേന്ദ്രീകരണത്തെയും ഇസ്ലാം അംഗീകരിക്കുന്നുമില്ല.
അതുപോലെ, സമൂഹത്തിന്റെ പൊതുനന്മയ്ക്കായി നിലനിൽക്കുന്ന സാമ്പത്തിക അവകാശങ്ങളെയും ഇസ്ലാം പ്രാധാന്യത്തോടെ കാണുന്നു. സമൂഹത്തിന്റെ പൊതുഉടമസ്ഥതയിലും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുമുള്ള ചില വിഭവങ്ങൾ, വ്യക്തിഗത സ്വത്തവകാശത്തേക്കാൾ ഉയർന്ന പ്രാധാന്യമുള്ളവയാകാമെന്ന് ഇസ്ലാമിക സാമ്പത്തിക കാഴ്ചപ്പാട് വ്യക്തമാക്കുന്നുണ്ട്.
സാമ്പത്തിക സിദ്ധാന്തങ്ങളും സാമ്പത്തിക അസമത്വവും
ലോകത്ത് ഏറെ സ്വാധീനം ചെലുത്തിയ സാമ്പത്തിക സിദ്ധാന്തങ്ങളിൽ സോഷ്യലിസം, ക്യാപിറ്റലിസം, മിക്സഡ് എക്കണോമി എന്നിവ പ്രധാനപ്പെട്ടവയാണ്. സമ്പത്തിന്റെ വിതരണം, സ്വകാര്യ സ്വത്തവകാശം, രാഷ്ട്രത്തിന്റെ പങ്ക്, സാമ്പത്തിക അസമത്വം എന്നിവയെ ഓരോ സിദ്ധാന്തവും വ്യത്യസ്ത രീതിയിലാണ് സമീപിക്കുന്നത്.
സോഷ്യലിസം
സോഷ്യലിസം സ്വകാര്യസമ്പത്തിന്റെ പ്രാധാന്യം കുറച്ച്, എല്ലാ വിഭവങ്ങളും സ്റ്റേറ്റിന്റെ ഉടമസ്ഥതയിൽ ആക്കണമെന്ന് വാദിക്കുന്നു. മനുഷ്യർ അധ്വാനിച്ച് സമ്പാദിക്കുന്നതെല്ലാം സ്റ്റേറ്റിന് കീഴിൽ വരികയും, തുടർന്ന് ഓരോരുത്തർക്കും ആവശ്യാനുസരണം സ്റ്റേറ്റ് വിഭവങ്ങൾ വിതരണം ചെയ്യുകയും ചെയ്യണം എന്ന പൊതുസ്വത്തവകാശ ആശയമാണ് സോഷ്യലിസത്തിന്റെ അടിസ്ഥാനം.
സിദ്ധാന്തതലത്തിൽ നോക്കുമ്പോൾ എല്ലാവരെയും സാമ്പത്തികമായി ഒരേ നിലയിൽ എത്തിക്കാനുള്ള ഒരു ശ്രമമായി ഇതിനെ കാണാം. എന്നാൽ പ്രായോഗിക തലത്തിൽ ഈ ആശയം നിരവധി വെല്ലുവിളികൾ നേരിട്ടു. റഷ്യ, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ സോഷ്യലിസ്റ്റ് സംവിധാനങ്ങൾ ശക്തമായി നടപ്പാക്കിയിരുന്നെങ്കിലും, പിന്നീട് അവിടങ്ങളിൽ പോലും പൊതുസ്വത്തവകാശത്തിന്റെ പ്രസക്തി കുറഞ്ഞുവരികയും, മത്സരാധിഷ്ഠിത വിപണികളും മുതലാളിത്ത ആശയങ്ങളും കൂടുതൽ പ്രാധാന്യം നേടുകയും ചെയ്തു.
സ്വകാര്യ സ്വത്തവകാശം ഇല്ലാതാക്കി എല്ലാം സ്റ്റേറ്റിന്റെ നിയന്ത്രണത്തിലാക്കുമ്പോൾ, വ്യക്തികൾക്ക് സ്വന്തം താൽപര്യത്തോടെയും ഉത്സാഹത്തോടെയും കൃഷി, നിർമാണം, കച്ചവടം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാനുള്ള ആവേശം കുറയുന്നു. “ഞാൻ എത്ര സമ്പാദിച്ചാലും അതെല്ലാം സ്റ്റേറ്റിന് നൽകേണ്ടതാണ്; പിന്നെയും സ്റ്റേറ്റ് എനിക്ക് ആവശ്യമായത് തരുന്നുണ്ടല്ലോ” എന്ന മനോഭാവം സമൂഹത്തിൽ രൂപപ്പെടാനും സാധ്യതയുണ്ട്.
റഷ്യയിൽ ഏറെ പ്രസിദ്ധമായിരുന്ന കൂട്ടുകൃഷി സമ്പ്രദായങ്ങൾ പിന്നീട് തകരുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തതും ചരിത്രത്തിൽ കാണാം. ഒരുകാലത്ത് സോഷ്യലിസത്തിന്റെ ശക്തികേന്ദ്രമായിരുന്ന വിശാലമായ സോവിയറ്റ് റഷ്യ പിന്നീട് നിരവധി രാഷ്ട്രങ്ങളായി ചിന്നഭിന്നമാകുകയും, അവയിൽ പല രാജ്യങ്ങളും സോഷ്യലിസ്റ്റ് സമീപനങ്ങളിൽ നിന്ന് പിന്മാറുകയും ചെയ്തു.
ക്യാപിറ്റലിസം/ മുതലാളിത്തം
മുതലാളിത്തം സ്വകാര്യ സ്വത്തവകാശത്തെയും വ്യക്തിഗത സമ്പാദനത്തെയും ശക്തമായി പ്രോത്സാഹിപ്പിക്കുന്നു. സ്വകാര്യ നിക്ഷേപത്തിനും ബിസിനസ്സിനും അനുകൂലമായ നിയമങ്ങളും സുരക്ഷയും ഒരുക്കുക എന്നതാണ് സ്റ്റേറ്റിന്റെ പ്രധാന ഉത്തരവാദിത്വമെന്ന് ഈ സിദ്ധാന്തം കരുതുന്നു. പൗരാണിക പേർഷ്യയും റോമും മുതൽ ഇന്നത്തെ അമേരിക്കയും യൂറോപ്പും വരെ നിരവധി രാഷ്ട്രങ്ങൾ ക്യാപിറ്റലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയെ പിന്തുടരുന്നവരാണ്.
മുതലാളിത്ത വ്യവസ്ഥയിൽ ധനികനും ദരിദ്രനും തമ്മിലുള്ള അന്തരം ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കും എന്ന് പൊതുവെ പറയാം. ചില തൊഴിലാളികളും ദരിദ്രരും അധ്വാനത്തിലൂടെയും ബിസിനസിലൂടെയും പുതിയ ധനികരായി ഉയരുന്നു. അതേസമയം, ചില ധനികർ സാമ്പത്തിക പ്രതിസന്ധികളിലൂടെയും കടബാധ്യതകളിലൂടെയും വീണ്ടും താഴേക്കിറങ്ങുകയും ചെയ്യുന്നു.
മുതലാളിത്ത രാഷ്ട്രങ്ങളിൽ സ്ഥിരമായി ഒരു വലിയ തൊഴിലാളി വിഭാഗം അഥവാ തൊഴിൽസേന ഉണ്ടാകാറുണ്ട്. ഇവരെ കൂടുതൽ പണിയെടുപ്പിക്കുകയും പരസ്പരം മത്സരിപ്പിക്കുകയും ചെയ്ത് ഉൽപാദനം വർദ്ധിപ്പിക്കുകയും അതിലൂടെ മുതലാളിമാർ കൂടുതൽ ലാഭം സമ്പാദിക്കുകയും ചെയ്യുന്നു.
സാമ്പത്തിക അസമത്വത്തിന്റെ യാഥാർഥ്യം
സോഷ്യലിസ്റ്റ് വ്യവസ്ഥിതി സിദ്ധാന്തത്തിൽ സാമ്പത്തിക അസമത്വം ഇല്ലാതാക്കാമെന്ന് പറയുന്നുണ്ടെങ്കിലും, കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളുടെ ചരിത്രം കാണിക്കുന്നത് അത് പ്രായോഗികമായി പൂർണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ്. മറുവശത്ത്, ക്യാപിറ്റലിസം സാമ്പത്തിക വളർച്ചക്കും ഉൽപാദന വർദ്ധനവിനും വഴിയൊരുക്കുമ്പോഴും സമ്പത്തിന്റെ അസമമായ വിതരണം കൂടുതൽ ശക്തമാക്കുന്ന പ്രവണതയും കാണിക്കുന്നു.
ഇതുകൊണ്ടുതന്നെ, ലോകത്തിലെ പല രാഷ്ട്രങ്ങളും പിന്നീട് ഈ രണ്ടു സമീപനങ്ങളിൽ നിന്നുള്ള ചില ഘടകങ്ങൾ സംയോജിപ്പിച്ച 'മിക്സഡ് എക്കണോമി' എന്ന മധ്യപാത സ്വീകരിക്കുകയായിരുന്നു.
വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നതുപോലെ, അല്ലാഹു ചിലർക്ക് സാമ്പത്തിക സ്വാധീനവും വിഭവങ്ങളും നൽകുകയും മറ്റുചിലരെ പരിമിതമായ സാഹചര്യങ്ങളിൽ നിലനിർത്തുകയും ചെയ്യുന്നു. മനുഷ്യർ പരസ്പരപൂരകമായി പ്രവർത്തിക്കുമ്പോഴാണ് സമൂഹത്തിന്റെ സാമ്പത്തിക ഘടന ശക്തമാകുന്നത്. കൃഷി, തൊഴിൽ, വ്യവസായം, വ്യാപാരം തുടങ്ങിയ മേഖലകളുടെ വളർച്ചയ്ക്ക് സമ്പന്നരും തൊഴിലാളികളും ഒരുപോലെ ആവശ്യമാണ്.
ഇസ്ലാം തൊഴിലാളികളോട് മാന്യമായി പെരുമാറാനും, അവരുടെ അധ്വാനത്തിനനുസരിച്ചുള്ള കൂലി നൽകാനും നിർദ്ദേശിക്കുന്നു. സ്വന്തമായി ചെയ്യാൻ കഴിയാത്ത ഭാരമേറിയ ജോലികളാണെങ്കിൽ, തൊഴിലാളിയെ സഹായിക്കുകയോ അവന് കൂടുതൽ സഹായികളെ ഏർപ്പെടുത്തിക്കൊടുക്കുകയോ ചെയ്യണമെന്നും ഇസ്ലാമിക നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. തൊഴിലാളിയുടെ ജോലി അവസാനിച്ചാൽ, അവന്റെ കൂലി വൈകിക്കാതെ നൽകണമെന്നും ഹദീസുകളിൽ ശക്തമായി ഉപദേശമുണ്ട്. ആധുനിക തൊഴിൽമേഖലയിൽ ഉയരുന്ന സങ്കീർണ്ണമായ തൊഴിലാളി-മുതലാളി പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമായ ധാർമിക നിർദ്ദേശങ്ങളാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്.
മുതലാളിത്ത രാഷ്ട്രങ്ങളുടെയും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെയും ആശയങ്ങളിൽ പൂർണമായി ചേർന്നുനിൽക്കാതെ, രണ്ടിൽ നിന്നുമുള്ള ഗുണകരമായ ഘടകങ്ങൾ സംയോജിപ്പിച്ച 'മിക്സഡ് ഇക്കോണമി' സംവിധാനമാണ് സ്വതന്ത്ര ഇന്ത്യ സ്വീകരിച്ചത്. സ്വകാര്യ സ്വത്തവകാശവും സ്വകാര്യ മുതൽമുടക്കും അംഗീകരിച്ചുകൊണ്ടുതന്നെ, രാഷ്ട്രത്തിനും വലിയൊരു സാമ്പത്തിക ഉത്തരവാദിത്വമുണ്ടെന്ന സമീപനമാണ് ഇന്ത്യ കൈക്കൊണ്ടത്.
ക്രമസമാധാന പാലനവും സുരക്ഷയും മാത്രമല്ല, പൊതുസമൂഹത്തിന്റെ വികസനവും സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന നിലപാടിന്റെ ഭാഗമായി, സർക്കാർ ഉടമസ്ഥതയിൽ നിരവധി വ്യവസായങ്ങളും സംരംഭങ്ങളും ആരംഭിക്കപ്പെട്ടു. ട്രയിൻ, ബസ് ഗതാഗതം, രാസനിർമാണ ഫാക്ടറികൾ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ പഞ്ചവത്സര പദ്ധതികളിലൂടെ ഇന്ത്യയിൽ രൂപീകരിക്കപ്പെട്ടു. എന്നാൽ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിൽ രാജ്യം സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്ന് ക്രമേണ പിൻവാങ്ങി കൂടുതൽ മുതലാളിത്ത സമീപനങ്ങളിലേക്ക് നീങ്ങുന്നതും കാണാം.
ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ സാമ്പത്തിക അസമത്വം പൂർണമായി ഇല്ലാതാക്കുക എന്നത് പ്രായോഗികമല്ല. എന്നാൽ, സമ്പന്നരും ദരിദ്രരും പരസ്പരപൂരകമായി സഹകരിച്ച് പ്രവർത്തിക്കണം. സമ്പന്നർ അവരുടെ സമ്പത്തിന്റെ നിർബന്ധവും ഐച്ഛികവുമായ ബാധ്യതകൾ നിറവേറ്റുകയും പൊതുസമൂഹത്തിന് സഹായകരമായി നിലകൊള്ളുകയും വേണം. തൊഴിലാളികൾ അവരുടെ ഉത്തരവാദിത്വം നിർവഹിക്കുകയും, തൊഴിൽദാതാക്കളെ ശത്രുക്കളായി കാണാതെ സഹകരണ മനോഭാവത്തോടെ സമീപിക്കുകയും ചെയ്യണം. തൊഴിൽസ്ഥാപനങ്ങൾ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സമീപനങ്ങളെ ഇസ്ലാം അംഗീകരിക്കുന്നില്ല. ഇത്തരത്തിലുള്ള ആരോഗ്യകരമായ സഹകരണത്തിലൂടെയാണ് സമ്പന്നർക്കും ദരിദ്രർക്കും ഒരുപോലെ പ്രശ്നങ്ങളെ അതിജീവിച്ച് മുന്നേറാൻ കഴിയുക എന്നാണ് ഇസ്ലാമിന്റെ നിരീക്ഷണം.
ഇസ്ലാമിക കാഴ്ചപ്പാടിൽ, ഒരു വർഷത്തേക്ക് തനിക്കും കുടുംബത്തിനും കഴിയാനുള്ള വരുമാനം ഒരാളുടെ കൈവശമുണ്ടെങ്കിൽ, അയാൾ ധനികനായി കണക്കാക്കപ്പെടുന്നു. കൈയിൽ ധനം ഇല്ലെങ്കിലും, ഒരു വർഷത്തെ കുടുംബച്ചെലവിന് മതിയാകുന്ന വരുമാനം ലഭ്യമാക്കാൻ കഴിയുന്ന സ്ഥിരമായ തൊഴിൽ അദ്ദേഹത്തിനുണ്ടെങ്കിൽ, അയാളും ധനികരുടെ വിഭാഗത്തിൽപ്പെടും. ജോലി ചെയ്യാൻ കഴിയാത്ത ഒരാൾക്ക് ജീവിതകാലത്തേക്കാവശ്യമായ ചെലവിനൊത്ത വരുമാനം ഒറ്റത്തുകയായോ സ്ഥിരമായ വരുമാനമായോ ലഭ്യമാണെങ്കിലും, അയാളെയും ധനികനായി കണക്കാക്കും.
ഇതിലൊന്നും ഉൾപ്പെടാതെ ദാരിദ്ര്യത്തിൽ കഴിയുന്ന അതിദരിദ്രർ, സാധാരണ ദരിദ്രർ, കടബാധ്യതയിൽ വിഷമിക്കുന്നവർ, സ്വന്തം നാട്ടിൽ സമ്പത്തുണ്ടെങ്കിലും യാത്രയിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർ തുടങ്ങിയവരെയാണ് ഇസ്ലാം സാമ്പത്തികമായി താഴേക്കിടയിൽ നിൽക്കുന്ന വിഭാഗമായി പരിഗണിക്കുന്നത്. ഇത്തരക്കാർക്കാണ് നിർബന്ധ സകാത്ത് സ്വീകരിക്കാനുള്ള അർഹത നൽകപ്പെട്ടിരിക്കുന്നത്.











