സമ്പത്ത് ആവശ്യമുള്ളവർക്ക് കടം നൽകുന്നത് ഇസ്ലാമിൽ ഒരു പുണ്യകർമമാണ്. അറബിയിൽ ഇത് ഖറള്, സലഫ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത് വെറും സാമ്പത്തിക ഇടപാട് മാത്രമല്ല, മറിച്ച് ഒരു സാമൂഹിക ഉത്തരവാദിത്വവും മനുഷ്യസ്നേഹത്തിന്റെ പ്രകടനവുമാണ്.
നമ്മൾ ഒരാൾക്ക് കടം നൽകുമ്പോൾ, അവന്റെ അടിയന്തര ആവശ്യങ്ങളിൽ കൈത്താങ്ങാവുകയാണ്. അതിലൂടെ അവന്റെ ബുദ്ധിമുട്ട് കുറയുകയും, മറ്റൊരാളോട് സഹായം ചോദിക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്ന് അവന്റെ മാനവും അഭിമാനവും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
ഇത്തരം നന്മകൾക്ക് പ്രോത്സാഹനം നൽകുന്നതിൻ്റെ ഭാഗമായി, നന്മയ്ക്കായി ചെലവഴിക്കുന്നവരെക്കുറിച്ച് ഖുർആൻ പ്രതീകാത്മകമായി ‘അല്ലാഹുവിന് കടം കൊടുക്കുന്നവർ’ എന്ന് വിശേഷിപ്പിച്ചതായി കാണാം. അതായത്, മനുഷ്യരെ സഹായിക്കുന്ന ഈ പ്രവൃത്തി അല്ലാഹു വളരെ മഹത്തായതായി കാണുകയും അതിന് വലിയ പ്രതിഫലം നൽകുകയും ചെയ്യുമെന്ന സന്ദേശമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മലയാളത്തിൽ കടം എന്നും വായ്പ എന്നും സാധാരണയായി ഒരേ അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, കർമശാസ്ത്രപരമായ സാങ്കേതിക അർത്ഥത്തിൽ ഇവ രണ്ടും വ്യത്യസ്ത ഇടപാടുകളാണ്. വായ്പയിൽ വാങ്ങിയ വസ്തു ഉപയോഗം കഴിഞ്ഞാൽ അതുതന്നെ തിരിച്ചു നൽകണം എന്നതാണ് നിയമം. ഉദാഹരണത്തിന്, കല്യാണത്തിന് പോകാൻ സ്വർണം വായ്പ വാങ്ങുന്നത്, കൃഷിക്ക് ഉപകരണങ്ങൾ വായ്പ വാങ്ങുന്നത് എന്നിവ. ഇത്തരത്തിലുള്ള വസ്തുക്കൾ സൗജന്യമായി ഉപയോഗിക്കാൻ നൽകുകയും ഉപയോഗം കഴിഞ്ഞാൽ അതേ വസ്തു തന്നെ തിരിച്ചു നൽകുകയും വേണം.
എന്നാൽ കടമിടപാടിൽ പണമോ ഉപയോഗയോഗ്യമായ മറ്റു വസ്തുക്കളോ ആണ് നൽകുന്നത്. ഉപയോഗിച്ച് തീർന്നു പോകുന്നതുകൊണ്ട്, ഉപയോഗ ശേഷം അതേ വസ്തു തിരിച്ചു നൽകുന്നത് പ്രായോഗികമല്ല. അതിനാൽ കടമായി വാങ്ങിയ തുകയ്ക്കോ വസ്തുക്കൾക്കോ തുല്യമായ ബദൽ വസ്തുക്കളാണ് തിരിച്ചു നൽകേണ്ടത്.
ഒരാളുടെ കയ്യിൽ നിന്ന് 1000 രൂപ കടം വാങ്ങിയാൽ ആ തുക ആവശ്യങ്ങൾക്ക് ഉപയോഗിച്ചുതീരും. തുടർന്ന് തിരിച്ചു കൊടുക്കേണ്ടത് അതിന് തുല്യമായ മറ്റൊരു ആയിരം രൂപയാണ്. അതുപോലെ, ഭക്ഷണം പാചകം ചെയ്യാൻ ധാന്യം ഇല്ലാത്ത സാഹചര്യത്തിൽ, കടയിൽ പോകാൻ സമയമോ ആളോ ഇല്ലെങ്കിൽ അടുത്ത വീട്ടിൽ നിന്ന് ഒരു കിലോ അരി കടം വാങ്ങാം. ആ അരി ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്ത ശേഷം, പിന്നീട് ഒരു കിലോ അരി തിരിച്ചു നൽകണം.
ഇടപാട്
ഒരാൾ കടം തരാമെന്ന് വാഗ്ദാനം ചെയ്താൽ മാത്രം ഇടപാട് പൂർത്തിയായതായി കണക്കാക്കില്ല. ആ തുക ആവശ്യക്കാരൻ ഏറ്റുവാങ്ങുമ്പോഴാണ് കടം ഇടപാട് നിലവിൽ വരുന്നത്. അതുവരെ, ആവശ്യമില്ലെന്ന് പറഞ്ഞ് പിൻവാങ്ങാൻ കടം വാങ്ങാൻ ഉദ്ദേശിക്കുന്ന വ്യക്തിക്കും, ഇപ്പോൾ നൽകാൻ ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞ് ഒഴിവാകാൻ കടം കൊടുക്കാൻ തയ്യാറായ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. അതിനാൽ പിന്മാറാനുള്ള അവസരം ഇരുവർക്കുമുള്ള ഇടപാടാണ് കടം.
ഇടപാടുകാരുടെ നിബന്ധനകൾ
കടം കൊടുക്കുന്ന വ്യക്തി പ്രായപൂർത്തിയും ബുദ്ധിയും സാമ്പത്തിക സ്വാതന്ത്ര്യവും ഉള്ളവനായിരിക്കണം. അങ്ങനെയുള്ളവർക്കാണ് മറ്റൊരാൾക്ക് ദാനമായി നൽകാൻ അർഹതയുള്ളത്. അതുകൊണ്ട് തന്നെ അവർക്ക് മാത്രമേ കടമായി നൽകാനും അർഹതയുള്ളൂ.
കടം വാങ്ങുന്നവൻ ആവശ്യക്കാരനായിരിക്കണം. തുക സ്വീകരിക്കാൻ അയാൾക്ക് അർഹത ഉണ്ടായിരിക്കണം. സാമ്പത്തികമായി നിയമംമൂലം നിയന്ത്രിക്കപ്പെട്ടയാളോ മാനസികാരോഗ്യമില്ലാത്തയാളോ ആവരുത്. കൂടാതെ, വാങ്ങുന്ന തുകയോ വസ്തുക്കളോ തിരിച്ചു നൽകണമെന്ന ഉദ്ദേശത്തോടെയായിരിക്കണം കടം വാങ്ങുന്നത്. 'ഇപ്പോൾ കടം വാങ്ങാം, തിരിച്ചടവ് പിന്നീട് നോക്കാം' എന്ന അലസ മനോഭാവത്തോടെ കടം വാങ്ങുന്നത് അനുവദനീയമല്ല.
തിരിച്ചടവിലെ അധികസംഖ്യ
കടം നൽകുന്ന ഘട്ടത്തിൽ, തിരിച്ചടക്കുമ്പോൾ അധികമായി പലിശ നൽകണം എന്ന നിബന്ധന വെക്കുകയാണെങ്കിൽ അത് പലിശയായി കണക്കാക്കപ്പെടുകയും ഗുരുതരമായ പാപമായി മാറുകയും ചെയ്യും. എന്നാൽ അത്തരത്തിലുള്ള നിബന്ധനകളില്ലാതെ, കടം വാങ്ങിയ വ്യക്തി കടസംഖ്യ തിരിച്ചു കൊടുക്കുമ്പോൾ സ്വമേധയാ അല്പം അധികം നൽകുന്നത് പുണ്യകരമാണ്. 'നിങ്ങൾക്ക് ഒരാൾ നന്മ ചെയ്താൽ അതിന് പകരം നന്മ ചെയ്യുക' എന്ന നിർദേശമുള്ള പ്രവാചക വചനങ്ങളുടെ അടിസ്ഥാനത്തിലാണ് കർമശാസ്ത്ര പണ്ഡിതന്മാർ ഇങ്ങനെ അധികം നൽകുന്നത് സുന്നത്താണെന്ന്(പുണ്യകർമമാണെന്ന്)വ്യക്തമാക്കിയിരിക്കുന്നത്. പ്രവാചക ശിഷ്യൻ ജാബിർ ഇപ്രകാരം പറയുന്നതായി കാണാം: എനിക്ക് പ്രവാചകൻ കടം നൽകാനുണ്ടായിരുന്നു. തിരിച്ചു നൽകിയപ്പോൾ അദ്ദേഹം കടസംഖ്യയെക്കാൾ കൂടുതലായി തന്നു. (ബുഖാരി).
സമയം നീട്ടിനൽകൽ
കടം വാങ്ങുമ്പോൾ സമയം നിശ്ചയിച്ചാലും, ആ സമയത്ത് തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ കടം വാങ്ങിയ വ്യക്തിക്ക് കഴിവുണ്ടാകുന്നതുവരെ സമയം നീട്ടി നൽകുന്നത് കടം നൽകിയ വ്യക്തിയുടെ ബാധ്യതയാണ്.
കടമിടപാടിലെ ആത്മീയത
കടബാധ്യതയ്ക്ക് ഒരു ആത്മീയ വശവുമുണ്ട്. മനുഷ്യർ തമ്മിലുള്ള സാമ്പത്തികമോ അല്ലാത്തതോ ആയ ബാധ്യതകൾ തീർക്കുകയോ, അവകാശമുള്ളവരോട് പൊരുത്തം നേടുകയോ ചെയ്യാതെ ഒരാളുടെ ബാധ്യത അല്ലാഹു പൊറുക്കുകയില്ലെന്ന് തിരുനബി പഠിപ്പിച്ചിട്ടുണ്ട്.
കടം കൊണ്ടുള്ള ബുദ്ധിമുട്ടിൽ നിന്നും, കടാധിക്യം മൂലം സത്യനിഷേധത്തിലേക്ക് പോകുന്നതിൽ നിന്നും പ്രവാചകൻ കാവൽ തേടി പ്രാർത്ഥിച്ചതായി ചെയ്തതായി ചരിത്രത്തിൽ കാണാം.
ജനങ്ങൾക്ക് പാഠമാകുന്നതിനായി, അനുചരന്മാരിൽ ആരെങ്കിലും കടബാധ്യതയോടെ മരണപ്പെട്ടാൽ അവരുടെ മേൽ പ്രവാചകൻ മയ്യിത്ത് നിസ്കാരം നിർവഹിക്കാറില്ലായിരുന്നു. ഒരിക്കൽ ഒരു മയ്യിത്ത് കൊണ്ടുവന്നപ്പോൾ, ആ വ്യക്തിക്ക് രണ്ട് ദിനാർ കടമുണ്ടെന്ന് അറിഞ്ഞു. 'നിങ്ങളുടെ സ്നേഹിതന് നിങ്ങൾ തന്നെ നിസ്കരിക്കൂ' എന്നായിരുന്നു പ്രവാചകരുടെ പ്രതികരണം. ഇത് കടം കാരണമാണെന്ന് മനസ്സിലാക്കിയ ഒരു സഹചാരി മുന്നോട്ട് വന്ന് ആ കടം താൻ ഏറ്റെടുക്കാമെന്ന് അറിയിച്ചു. അതിനുശേഷമാണ് പ്രവാചകൻ നിസ്കരിക്കാൻ തയ്യാറായത്. പിൽക്കാലത്ത്, പൊതു ധനശേഖരം (ബൈത്തുൽമാൽ) ലഭ്യമായപ്പോൾ, കടക്കാരനായി മരണപ്പെട്ടവരുടെ കടം അതുപയോഗിച്ച് തീർക്കാമെന്ന് നബി അറിയിക്കുകയും ചെയ്തു.
അതോടൊപ്പം, സാമ്പത്തിക ശേഷിയുണ്ടായിട്ടും കടം തിരിച്ചടക്കാതെ കടം നൽകിയവനെ ബുദ്ധിമുട്ടിക്കുന്നത് ഇസ്ലാം അക്രമമായി കണക്കാക്കുന്നു. 'സാമ്പത്തിക ശേഷിയുണ്ടായിട്ടും കടം തിരിച്ചടക്കുന്നത് വൈകിപ്പിക്കുന്നത് അക്രമമാണ്' എന്ന് പ്രവാചക വചനം വ്യക്തമാക്കുന്നു (അബൂ ദാവൂദ്).











