ഉപകരണങ്ങൾ, വീട്, ഫ്ലാറ്റ്, സ്ഥലം, വാഹനം തുടങ്ങിയവ ഒരു നിശ്ചിത തുകയ്ക്ക് ഉപയോഗിക്കാൻ മറ്റൊരാൾക്ക് വിട്ടുകൊടുക്കുന്ന ഇടപാടിനെയാണ് വാടക ഇടപാട് എന്ന് പറയുന്നത്. ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശം മാറ്റാതെ അതിന്റെ ഉപയോഗാവകാശം നിശ്ചിത സമയത്തേക്ക് മറ്റൊരാൾക്ക് നൽകുന്നതാണ് ഇതിന്റെ അടിസ്ഥാനരൂപം. സാങ്കേതികമായി പറഞ്ഞാൽ, സ്വന്തം ഉടമസ്ഥതയിലുള്ള ഒരു വസ്തുവിന്റെ ഉപഭോഗാവകാശം നിശ്ചിത സമയത്തേക്കും നിശ്ചിത വാടകയ്ക്കുമായി മറ്റൊരാൾക്ക് നൽകുന്നതാണ് വാടക ഇടപാട്.
വാടക ഇടപാടിൻ്റെ ഘടകങ്ങൾ
വാടക ഇടപാടിന് ചില പ്രധാന ഘടകങ്ങളുണ്ട്. വാടകയ്ക്ക് നൽകുന്ന വ്യക്തിയും വാടകയ്ക്ക് എടുക്കുന്ന വ്യക്തിയും വ്യക്തമായിരിക്കണം. വാടകയ്ക്ക് എടുക്കുന്ന വസ്തുവിന്റെ ഉപയോഗം എന്താണ്, എത്രയാണ് വാടക, ഇടപാടിൻ്റെ വാചകം എന്നിവയും വ്യക്തമായി പറയണം.
വാടക ഇടപാടിൽ ഏർപ്പെടുന്ന ഇരുകക്ഷികളും പ്രായപൂർത്തിയായവരും ബുദ്ധിയുള്ളവരും സാമ്പത്തിക സ്വാതന്ത്ര്യമുള്ളവരുമായിരിക്കണം. വാടകയ്ക്ക് എടുക്കുന്ന വസ്തു (ഉദാഹരണത്തിന് വാഹനം അല്ലെങ്കിൽ തൊഴിൽ ഉപകരണം) നേരിട്ട് കാണുകയോ അതിന്റെ ഗുണഗണങ്ങൾ വ്യക്തമായി വിശദീകരിക്കുകയോ വേണം.
വാടകയ്ക്ക് എടുക്കുന്ന വസ്തു എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കുന്നത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, യാത്രയ്ക്കുള്ള ബസോ കാറോ സാധനങ്ങൾ കയറ്റുന്നതിനായി ഉപയോഗിക്കാനാണെങ്കിൽ, അതിന് ഉടമ സമ്മതിക്കണമെന്നില്ല. പറയാതെ അങ്ങനെ ഉപയോഗിച്ചാൽ അത് അതിക്രമമായി കണക്കാക്കപ്പെടും. അതിനാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉപയോഗലക്ഷ്യം മുൻകൂട്ടി വ്യക്തമാക്കണം.
വീടോ ഫ്ലാറ്റോ വാടകയ്ക്ക് എടുക്കുമ്പോൾ, സ്വന്തമായി താമസിക്കാനാണോ മറ്റുള്ളവരെ താമസിപ്പിക്കാനാണോ എന്നതും വ്യക്തമാക്കണം. മറ്റുള്ളവരെ താമസിപ്പിക്കാനാണെങ്കിൽ അവർ ആരൊക്കെയാണെന്നും എന്തുതരത്തിലുള്ള ജോലിയാണ് ചെയ്യുന്നതെന്നും ഉടമയെ അറിയിക്കേണ്ടതുണ്ട്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇരുമ്പുപണി, അലക്ക് തുടങ്ങിയ ജോലികൾ അവിടെ നടത്തണമെങ്കിൽ അത് മുൻകൂട്ടി ഉടമയുമായി ധാരണയിലെത്തണം.
ഭൂമി വാടകയ്ക്ക് എടുക്കുമ്പോൾ, അത് കൃഷിക്കാണോ, ഏത് തരത്തിലുള്ള കൃഷിയാണോ, താൽക്കാലിക കെട്ടിട നിർമാണത്തിനാണോ തുടങ്ങിയ കാര്യങ്ങളും വ്യക്തമാക്കണം. ഉടമയുമായി ധാരണയിലെത്തിയ ആവശ്യത്തിനായി മാത്രമേ വാടകവസ്തു ഉപയോഗിക്കാവൂ. മറ്റൊരു രീതിയിൽ ഉപയോഗിച്ചാൽ അത് അതിക്രമമായി കണക്കാക്കപ്പെടുകയും ഉടമയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാൻ അവകാശമുണ്ടാകുകയും ചെയ്യും.
ഫ്ലാറ്റ്, അപ്പാർട്ട്മെന്റ് തുടങ്ങിയവ വാടകയ്ക്ക് എടുക്കുമ്പോൾ സാധാരണയായി ടെനൻസി എഗ്രിമെന്റ് ഒപ്പിടാറുണ്ട്. അതിൽ താമസാവശ്യത്തിനാണോ, മാസവാടകയാണോ വാർഷികവാടകയാണോ എത്രയാണ് വാടക എന്നിവ വ്യക്തമാക്കിയിരിക്കും. പൊതുവേ ഒരു വർഷത്തേക്കാണ് ഇത്തരം കരാർ ഉണ്ടാക്കുന്നത്. കാലാവധി കഴിഞ്ഞാൽ, തുടരാൻ ആഗ്രഹിക്കുന്നവർ പുതിയ വാടകനിരക്കോടെ കരാർ പുതുക്കാറുണ്ട്.
വാഹനങ്ങൾ വാടകയ്ക്ക് നൽകുമ്പോൾ, എവിടെ നിന്ന് എവിടേക്കാണ് യാത്ര, പകൽ യാത്രയാണോ രാത്രിയാത്രയാണോ, യാത്രക്കാരുടെ സ്വഭാവം എന്താണ് തുടങ്ങിയ കാര്യങ്ങൾ സംസാരിച്ചു നിശ്ചയിച്ച ശേഷമാണ് കരാർ നടക്കുക. പകൽ യാത്രയ്ക്കായി കരാർ ചെയ്ത വാഹനം രാത്രി യാത്രയ്ക്കും ആവശ്യപ്പെട്ടാൽ അധിക വാടക ചോദിക്കാം.
രണ്ടു തരം വാടക
വാടക രണ്ട് തരത്തിലുണ്ട്. ഒന്നാമത്തേത്, ഒരു നിശ്ചിത വാഹനം, വീട്, മൃഗം തുടങ്ങിയവ നേരിട്ട് കണ്ടു വാടകയ്ക്ക് എടുക്കുക. രണ്ടാമത്തേത്, ഏത് വാഹനം അല്ലെങ്കിൽ ഫ്ലാറ്റ് എന്ന് നിശ്ചയിക്കാതെ, അതിന്റെ ഗുണഗണങ്ങൾ പറഞ്ഞ് അതിനനുസരിച്ചുള്ള വസ്തു ലഭിക്കുമെന്ന ധാരണയിൽ കരാറിലേർപ്പെടുക.
ഉദാഹരണത്തിന്, ഒരു ടൂറിസ്റ്റ് ബസ് നേരിട്ട് കണ്ടു അതുതന്നെ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചാൽ അത് ഒന്നാമത്തെ വിഭാഗത്തിൽപ്പെടും. എന്നാൽ ഇത്ര സീറ്റുള്ള, ഇത്ര സൗകര്യമുള്ള ബസ് വേണം എന്ന് ഓൺലൈനിലൂടെയോ ഫോണിലൂടെയോ പറഞ്ഞ് ബുക്ക് ചെയ്താൽ, അനുയോജ്യമായ വാഹനം അയക്കുമെന്ന ധാരണയിലാണ് കരാർ നടക്കുന്നത്.
ഇത്തരത്തിൽ ഗുണഗണങ്ങൾ മാത്രം പറഞ്ഞ് നടത്തുന്ന വാടകക്കരാറുകളിൽ, വാടക മുൻകൂറായി നൽകണമെന്നാണ് പ്രബലമായ ഇസ്ലാമിക വിധി. പിന്നീട് വാഹനം എത്തിയപ്പോൾ പറഞ്ഞ സൗകര്യങ്ങൾ ഇല്ലെന്നു കണ്ടാൽ ഇടപാട് റദ്ദാക്കാനോ നഷ്ടപരിഹാരം ആവശ്യപ്പെടാനോ കഴിയും. വിശ്വാസ്യതയിൽ സംശയമുണ്ടെങ്കിൽ, ഏത് വാഹനം അല്ലെങ്കിൽ വസ്തുവാണ് എന്ന് വ്യക്തമായി നിശ്ചയിച്ച് കരാറിലേർപ്പെടുന്നതാണ് ഉചിതം.
വാടക കെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവർ, ഉടമ ആവശ്യപ്പെട്ടിട്ടും ഒഴിയാതെ കോടതിയെ സമീപിക്കുന്ന സാഹചര്യം ഇന്ത്യയിൽ സാധാരണമാണ്. കേസുകൾ നീണ്ടുപോകുന്നതിലൂടെ കെട്ടിട ഉടമകൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇസ്ലാമിക കാഴ്ചപ്പാടിൽ, കരാറിൽ പറഞ്ഞ കാലാവധി കഴിഞ്ഞാലോ ഉടമയ്ക്ക് സ്വന്തം ആവശ്യത്തിനായി കെട്ടിടം വേണമെന്നാവശ്യപ്പെട്ടാലോ വാടകക്കാരൻ ഒഴിഞ്ഞുകൊടുക്കണം. ഒഴിയാതെ തുടരുന്നത് അതിക്രമമായി കണക്കാക്കപ്പെടും.
അതേസമയം, ഉപജീവനമാർഗമായ കട നടത്തുന്ന ആളെ പെട്ടെന്ന് ഒഴിയാൻ പറയുന്നത് അദ്ദേഹത്തെ പ്രയാസത്തിലാക്കാം. അതിനാൽ മറ്റൊരു സ്ഥലം കണ്ടെത്താൻ സമയം ലഭിക്കാനായി, ഒരു മാസമോ രണ്ടാഴ്ചയോ മുൻകൂട്ടി അറിയിക്കണമെന്ന വ്യവസ്ഥ വാടകകരാറിൽ ഉൾപ്പെടുത്തുന്നത് ഇസ്ലാമികമായും ന്യായീകരിക്കാവുന്നതാണ്.
ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ, വാടകയ്ക്ക് എടുത്ത കടമുറി പിന്നീട് മറ്റൊരാൾക്ക് കൂടുതൽ വാടകയ്ക്ക് നൽകുന്ന രീതിയും കാണാറുണ്ട്. എന്നാൽ ഉടമയുടെ സമ്മതമില്ലാതെ ഇങ്ങനെ മേൽവാടകയ്ക്ക് നൽകുന്നത് അനുവദനീയമല്ല, പ്രത്യേകിച്ച് അത് ഉടമയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കിൽ.
മേൽവാടകയും സകാത്തും
സകാത്തിന്റെ വിഷയത്തിൽ, സാധാരണ വാടക ബിസിനസിന് സ്വതന്ത്രമായി സകാത്ത് നിർബന്ധമാകില്ലെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നു. എന്നാൽ വാടകവരുമാനത്തിൽ നിന്ന് മിച്ചം വരുന്ന ലാഭം ഒരു വർഷം കൈവശം ശേഷിച്ചാൽ, അതിന് സകാത്ത് നിർബന്ധമാകും. പക്ഷേ, ഒരാൾ ലാഭം ലക്ഷ്യമിട്ട് വാടകയ്ക്ക് എടുത്ത കെട്ടിടമോ ഫ്ലാറ്റോ മറ്റൊരാൾക്ക് മേൽവാടകയ്ക്ക് നൽകുന്നുവെങ്കിൽ, അത് ഒരു വ്യാപാരപ്രവർത്തനമായി കണക്കാക്കപ്പെടും. അത്തരം ബിസിനസിന് സകാത്ത് നിർബന്ധമാണ്.
അറബ് രാജ്യങ്ങളിലും മറ്റു ചില വിദേശരാജ്യങ്ങളിലും, ഭൂമിയുടെയും കെട്ടിടങ്ങളുടെയും ഉടമസ്ഥാവകാശം ആ രാജ്യത്തെ പൗരന്മാർക്ക് മാത്രമായിരിക്കും. വിദേശികൾ സാധാരണയായി വാടകക്കാരായാണ് അവിടെ താമസിക്കുന്നത്. അത്തരത്തിൽ, ചില ഡെവലപ്പർമാർ കെട്ടിടങ്ങളും ഫ്ലാറ്റുകളും വലിയ തോതിൽ വാടകയ്ക്ക് എടുത്ത്, ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി മറ്റുള്ളവർക്ക് കൂടുതൽ വാടകയ്ക്ക് നൽകാറുണ്ട്. ഇത്തരത്തിലുള്ള മേൽവാടക ബിസിനസ് സകാത്ത് ബാധകമായ വ്യാപാരമായി കണക്കാക്കപ്പെടുന്നു. അതിനാൽ, ഒരു വർഷം ലഭിക്കുന്ന മൊത്തം മേൽവാടക വരുമാനത്തിന്റെ രണ്ടര ശതമാനം സകാത്ത് നൽകണം.
കോവിഡ് പോലുള്ള മഹാമാരികളോ ഭൂകമ്പം പോലുള്ള ദുരന്തങ്ങളോ കാരണം, വാടകയ്ക്ക് നൽകാൻ തയ്യാറാക്കി വെച്ച ഫ്ലാറ്റുകൾ ആ വർഷം ഒഴിവായി കിടന്നാലും, സാധാരണ മാർക്കറ്റ് നിരക്കിൽ അവ വാടകയ്ക്ക് പോയിരുന്നെങ്കിൽ ലഭിക്കുമായിരുന്ന വരുമാനം കണക്കാക്കി അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകണമെന്നാണ് പ്രബലമായ അഭിപ്രായം. പ്രമുഖ പണ്ഡിതനായ ഇബ്നു ഹജർ അൽ ഹൈതമി തുഹ്ഫതുൽ മുഹ്താജ് എന്ന ഗ്രന്ഥത്തിൽ ഈ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.











