വിൽപ്പന ഇടപാടിൽ വില നൽകാൻ അവധി ആവശ്യപ്പെടുകയോ പണമോ വാഹനമോ മറ്റു വസ്തുക്കളോ കടമായി സ്വീകരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ, ലഭിക്കാനുള്ള ധനത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നൽകപ്പെടുന്ന സെക്യൂരിറ്റിയാണ് പണയം. ബാധ്യതയുള്ള തുക തിരിച്ചു നൽകേണ്ട സമയത്ത് നൽകാത്ത പക്ഷം ആ ബാധ്യത ഈടാക്കാനുള്ള ഗ്യാരണ്ടിയായി പണയ വസ്തു നിലനിൽക്കും. ആവശ്യമായാൽ പണയ വസ്തു വിറ്റ് കടബാധ്യത ഈടാക്കാനും സാധിക്കും. ഇതിലൂടെ തുക ലഭിക്കാനുള്ളയാൾക്ക് സുരക്ഷ ഉറപ്പുവരുന്നു.
“വിശ്വാസികളേ, നിങ്ങൾ പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതി രേഖപ്പെടുത്തി വെക്കുക; സാക്ഷികളെയും നിർത്തുക. യാത്രയിലായിരിക്കുമ്പോൾ എഴുതി രേഖപ്പെടുത്താൻ ആളുകളെയോ സാക്ഷികളെയോ ലഭ്യമാകുന്നില്ലെങ്കിൽ പണയം കൈമാറി സുരക്ഷ ഉറപ്പുവരുത്തുക” എന്ന് വിശുദ്ധ ഖുർആൻ നിർദ്ദേശിക്കുന്നു (2:282–283). പ്രവാചകൻ തന്റെ കുടുംബത്തിന്റെ ആവശ്യത്തിന് മദീനയിലെ ഒരു ജൂതനിൽ നിന്ന് ഭക്ഷ്യധാന്യം കടം വാങ്ങുകയും അതിന് പണയമായി ഇരുമ്പ് പടയങ്കി നൽകുകയും ചെയ്തുവെന്ന് ഭാര്യയായ ആഇശയിൽ നിന്ന് ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.
പണയ ഇടപാടിന്റെ ഘടകങ്ങൾ
ഒന്ന്, ഇടപാടിന്റെ വാചകം
ഉദാഹരണത്തിന്, “ഞാൻ നിങ്ങൾക്ക് തരാനുള്ള കടബാധ്യതയ്ക്ക് പണയമായി ഈ വീട്/വാഹനം നൽകുന്നു” എന്ന് പണയം നൽകുന്നയാളും “ഞാൻ അത് സ്വീകരിച്ചു” എന്ന് പണയം സ്വീകരിക്കുന്നയാളും പറയണം. സാക്ഷികളുണ്ടാകുന്നതാണ് അഭികാമ്യം.
ഈ ഇടപാടിനെ തുടർന്ന് പണയവസ്തു പണയം സ്വീകരിക്കുന്നയാൾ കൈവശപ്പെടുത്തുന്നതോടെയാണ് പണയ ഇടപാട് നിലവിൽ വരുന്നത്. സ്ഥലം, വീട് പോലുള്ള സ്ഥാവരവസ്തുക്കളാണെങ്കിൽ പണയം വെക്കുന്നയാൾ തന്റെ നിയന്ത്രണം ഒഴിവാക്കി പണയം സ്വീകരിക്കുന്ന കക്ഷിക്ക് കൈമാറണം. വാടക കെട്ടിടമോ കടയോ ആണെങ്കിൽ അതിന്മേലുള്ള ഉടമാവകാശം പണയകാലത്തേക്ക് പണയം സ്വീകരിക്കുന്നയാൾക്ക് കൈമാറിയതായി നിയമസാധുതയുള്ള രേഖ നൽകണം. പിന്നീട് തർക്കമുണ്ടായാൽ, കടം ലഭിക്കേണ്ടയാൾക്ക് അധികൃതരുടെ പിന്തുണയോടെ ലഭിക്കാനുള്ള സംഖ്യ ഈടാക്കാൻ സൗകര്യം ലഭിക്കാൻ വേണ്ടിയാണിത്.
രണ്ട്, പണയം വെക്കുന്നയാളും പണയം സ്വീകരിക്കുന്നയാളും.
പണയം വെക്കുന്നയാളും പണയം സ്വീകരിക്കുന്നയാളും പ്രായപൂർത്തിയുള്ളവരും ബുദ്ധിയുള്ളവരും സാമ്പത്തിക ഇടപാടിന് സ്വാതന്ത്ര്യമുള്ളവരുമായിരിക്കണം.രണ്ടുപേരും ഒരേ വ്യക്തിയായിരിക്കരുത്.
പണയം വെക്കുന്നതോ സ്വീകരിക്കുന്നതോ കമ്പനിയോ സ്ഥാപനമോ രാഷ്ട്രമോ ആണെങ്കിൽ അതിനെ നിയമപരമായി പ്രതിനിധീകരിക്കുന്ന വ്യക്തികളുണ്ടാവണം. ആധുനിക കാലത്ത് പണയ ഇടപാടുകൾ രജിസ്ട്രേഷനിലൂടെയോ പബ്ലിക് നോട്ടറി അറ്റസ്റ്റേഷനിലൂടെയോ നിയമസാധുതയുണ്ടാവണമെന്ന് നിബന്ധനയുണ്ട്.
ആധുനിക സാമ്പത്തിക ലോകത്ത് സാധാരണയായി നടക്കുന്ന രീതിയാണ് ബാങ്കുകളിൽ നിന്ന് കടം വാങ്ങി വീടോ സ്ഥലമോ പണയമായി നൽകി പണയാധാരം രജിസ്റ്റർ ചെയ്യുന്നത്. പിന്നീട് പണയം വെച്ച വീട്ടുടമ മരണപ്പെട്ടാൽ പണയം തിരിച്ചടയ്ക്കാനുള്ള ബാധ്യത അദ്ദേഹത്തിന്റെ നിയമപരമായ അവകാശികളിലേക്ക് മാറും.
അവകാശികൾ ബാങ്കിനോടുള്ള ബാധ്യത അടച്ച് പണയ ഇടപാട് റദ്ദാക്കി പണയ വസ്തു തിരികെ സ്വന്തമാക്കാം. അല്ലെങ്കിൽ പണയാധാരത്തിൽ പറഞ്ഞ കാലാവധി പൂർത്തിയാകുമ്പോൾ ബാധ്യത അടച്ച് പണയ വസ്തു തിരിച്ചു വാങ്ങാനും കഴിയും.
മൂന്ന്, പണയ വസ്തു.
പണയ വസ്തു മൂല്യമുള്ളതും കൈമാറാവുന്നതും പെട്ടെന്ന് നശിക്കാത്തതുമായ നിശ്ചിത വസ്തുവായിരിക്കണം. സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലം, വീട്, കെട്ടിടം, വാഹനം, മൃഗം, മരം എന്നിവ പണയ വസ്തുവായി നൽകാം. പണയം സ്വീകരിക്കുന്നയാൾ പണയ വസ്തു കൈപ്പറ്റുകയും സ്വീകരിക്കുകയും ചെയ്താലേ ഇടപാട് സാധുവാകൂ. പണയ വസ്തു ഇടപാട് നടക്കുന്ന സ്ഥലത്തു നിന്ന് വിദൂരത്താണെങ്കിൽ, പണയപ്പെടുത്തിയ രേഖ കൈമാറുകയും പണയം സ്വീകരിക്കുന്നയാളോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ആ സ്ഥലത്ത് എത്താനുള്ള സമയം കഴിയുകയും ചെയ്താൽ മാത്രമാണ് പണയരേഖ പൂർണ്ണമായി സാധുവാകുന്നത്.
പണയ വസ്തുവിനെ സംബന്ധിച്ച് മൂന്ന് പ്രധാന ചർച്ചകളുണ്ട്. അവ പരിശോധിക്കാം.
ഒന്ന്, വാഹനമാണ് പണയപ്പെടുത്തുന്നതെങ്കിൽ മൈന്റനൻസ്, മൃഗമാണെങ്കിൽ ഭക്ഷണം, കൃഷിഭൂമിയാണെങ്കിൽ അതിൻ്റെ ചെലവ് തുടങ്ങിയ പരിപാലന ചെലവെല്ലാം പണയം വെച്ചയാളുടെ ബാധ്യതയായിരിക്കും. ആഭരണങ്ങളാണെങ്കിൽ അത് ലോക്കറിൽ സൂക്ഷിക്കാനുള്ള ചെലവും ഉടമ തന്നെ വഹിക്കണം.
രണ്ട്, പണയം വെക്കപ്പെട്ട കാർഷിക ഭൂമിയിൽ നിന്ന് ലഭിക്കുന്ന കൃഷി വിഭവങ്ങളും, വൃക്ഷങ്ങളിൽ നിന്ന് ലഭിക്കുന്ന പഴങ്ങളും, മൃഗങ്ങൾ പ്രസവിക്കുന്ന കുഞ്ഞുങ്ങളും പണയ വസ്തുവിൽ ഉൾപ്പെടില്ല എന്നതാണ് പ്രബലമായ വിധി.
മൂന്ന്, പണയ കാലത്ത് പണയ വസ്തു ഉപയോഗിക്കാനുള്ള അവകാശം.
പണയത്തിന് ആധാരമായ ബാധ്യത പണമായി നൽകിയ കടമാണെങ്കിൽ, പണയ വസ്തുവായ വാഹനം യാത്രയ്ക്കോ വീട് താമസത്തിനോ പണയം സ്വീകരിച്ച വ്യക്തിക്ക് പണയകാലത്ത് ഉപയോഗിക്കാൻ പാടില്ല.
കാരണം, അത് കടം നൽകിയത് കൊണ്ട് ലഭിക്കുന്ന ആനുകൂല്യമായി മാറുകയും പലിശയായി കണക്കാക്കപ്പെടുകയും ചെയ്യും. പണയവസ്തുവിന്മേൽ പണയം സ്വീകരിച്ച വ്യക്തിക്ക് ലഭിക്കാനുള്ള തുകയുടെ അവകാശത്തിന് കേടുപാടുണ്ടാകാത്ത വിധത്തിൽ പണയം വെച്ച വ്യക്തിക്ക് അത് ഉപയോഗിക്കാം. എന്നാൽ ഉടമയുടെ സമ്മതത്തോടെ പണയം സ്വീകരിച്ച വ്യക്തിക്ക് ഉപയോഗിക്കാമോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഉപയോഗിക്കരുത് എന്നതാണ് പ്രബലമായ അഭിപ്രായം.
പണയവസ്തു പണയം സ്വീകരിക്കുന്നയാൾ കൈപ്പറ്റുന്നതിന് മുമ്പ് ഉടമ അത് വിൽക്കുകയോ ദാനം ചെയ്യുകയോ മറ്റൊരാൾക്ക് നൽകുകയോ ചെയ്താൽ, പണയത്തിൽ നിന്ന് അയാൾ പിന്മാറിയതായി കണക്കാക്കപ്പെടും. പണയവസ്തുവിന്റെ മൂല്യമനുസരിച്ച് പണയം സ്വീകരിച്ചയാൾ അത് അനുയോജ്യമായ സ്ഥലത്ത് സുരക്ഷിതമായി സൂക്ഷിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ നഷ്ടപരിഹാരം നൽകേണ്ടിവരും. എന്നാൽ തന്റെ ഭാഗത്ത് വീഴ്ചയൊന്നുമില്ലാതെ പണയവസ്തു സ്വയം നശിച്ചാൽ പണയം സ്വീകരിച്ചയാൾ ഉത്തരവാദിയല്ല. പണയവസ്തുവിന്മേൽ അയാൾക്കുള്ള മേൽനോട്ടവും കൈവശബന്ധവും വിശ്വസ്തതയുടേതാണ്; ഉത്തരവാദിത്വത്തിന്റെതല്ല.











