ഉപകരണം, ആഭരണം, വസ്ത്രം തുടങ്ങിയ വസ്തുക്കൾ താൽക്കാലികമായി ഉപയോഗിക്കാനായി വാങ്ങി, ഉപയോഗം കഴിഞ്ഞ ശേഷം അതേ വസ്തു തന്നെ തിരികെ നൽകുന്ന ഇടപാടിനെയാണ് വായ്പ എന്ന് പറയുന്നത്. ഇവിടെ വസ്തുവിന്റെ ഉടമസ്ഥത കൈമാറുന്നില്ല. ഉപയോഗാവകാശം മാത്രമാണ് താൽക്കാലികമായി നൽകുന്നത്. ഉപയോഗത്തിന് പ്രതിഫലമായി കൂലി ഈടാക്കുന്നുണ്ടെങ്കിൽ, അത് വായ്പയല്ല. വാടക ഇടപാടായി മാറും. എന്നാൽ കൂലി ഒന്നും വാങ്ങാതെ ഒരു നിശ്ചിത കാലത്തേക്ക് ഉപയോഗിക്കാൻ നൽകുകയും പിന്നീട് അതേ വസ്തു തിരികെ വാങ്ങുകയും ചെയ്യുന്നതാണ് വായ്പയുടെ സ്വഭാവം. അതുകൊണ്ടുതന്നെ, വായ്പ വാങ്ങിയ വ്യക്തിക്ക് ഉപയോഗം കഴിഞ്ഞാൽ ആ വസ്തു കേടുപാടുകൾ ഇല്ലാതെ തിരികെ നൽകേണ്ട ഉത്തരവാദിത്തമുണ്ട്. വാടകയെക്കുറിച്ച് വായ്പ എന്ന് മലയാളത്തിൽ പ്രയോഗമുണ്ടെങ്കിലും ഇസ്ലാമിക കർമശാസ്ത്രമനുസരിച്ച് രണ്ടും മേൽ പറഞ്ഞ വ്യത്യാസമുണ്ട്.
ഈ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, ഉപയോഗംകൊണ്ട് നശിച്ചുപോകുന്ന വസ്തുക്കൾ വായ്പയായി നൽകാൻ സാധിക്കില്ല. അവ കടമായിട്ടാണ് നൽകേണ്ടത്. ഉദാഹരണത്തിന്, മെഴുകുതിരി ഉപയോഗിക്കുമ്പോൾ തന്നെ തീർന്നുപോകുന്നു. അതിനാൽ അത് വായ്പയായി വാങ്ങാൻ കഴിയില്ല. കാരണം പിന്നീട് തിരികെ നൽകുന്നത് അതേ വസ്തു ആയിരിക്കില്ല. പകരം അതിന് തുല്യമായ മറ്റൊരു വസ്തു മാത്രമേ നൽകാൻ കഴിയൂ.
വായ്പയിലെ ആരാധന
മറ്റുള്ളവർക്ക് സഹായമായി വസ്തുക്കൾ വായ്പ നൽകുന്നത് ഇസ്ലാമിൽ പുണ്യകരമായ ഒരു ആരാധനയായാണ് കണക്കാക്കപ്പെടുന്നത്. സാമൂഹിക സഹകരണത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മനോഹരമായ ഉദാഹരണം കൂടിയാണിത്. കറവയുള്ള ഒട്ടകത്തെയോ പശുവിനെയോ മറ്റൊരാൾക്ക് സൗജന്യമായി ഉപയോഗിക്കാൻ നൽകുകയും, അതിന്റെ പാൽ ഉപയോഗിച്ച ശേഷം മൃഗത്തെ തിരികെ നൽകുകയും ചെയ്യുന്നത് വായ്പ ഇടപാടുകളിൽ ഏറ്റവും പുണ്യമേറിയ പ്രവർത്തികളിലൊന്നായി കണക്കാക്കപ്പെടുന്നു. അതുപോലെ, കൃഷിക്കാവശ്യമായ കാർഷിക ഉപകരണങ്ങൾ വായ്പ നൽകുക, യാത്രയ്ക്ക് വാഹനം നൽകുക, അടിയന്തര സാഹചര്യങ്ങളിൽ താമസിക്കാൻ വീട് വിട്ടുകൊടുക്കുക തുടങ്ങിയവയും വലിയ സൽപ്രവർത്തികളാണ്.
സുരക്ഷാ ചുമതല
വായ്പയായി വാങ്ങിയ വസ്തുവിന്റെ സംരക്ഷണവും പരിപാലനവും വായ്പ വാങ്ങിയ വ്യക്തിയുടെ ഉത്തരവാദിത്തമാണ്. ഉപയോഗത്തിനിടയിൽ ആ വസ്തുവിന് കേടുപാടുകളോ നഷ്ടങ്ങളോ സംഭവിച്ചാൽ, അത് തിരികെ നൽകുമ്പോൾ ആവശ്യമായ നഷ്ടപരിഹാരം നൽകേണ്ടതുണ്ട്.
തിരുനബിയുടെ ഭാര്യമാരിൽ ഒരാൾ മറ്റൊരു മഹതിയുടെ പക്കൽ നിന്ന് ഒരു പാത്രം വായ്പയായി വാങ്ങിയപ്പോൾ അത് അബദ്ധത്തിൽ പൊട്ടിപ്പോയി. അപ്പോൾ, പകരം പാത്രം നൽകണം എന്ന് തിരുനബി ﷺ നിർദേശിച്ചതായി ഹദീസിൽ കാണാം (ബുഖാരി). വായ്പയായി വാങ്ങിയ വസ്തുക്കളുടെ സുരക്ഷയും സംരക്ഷണവും എത്ര പ്രധാനമാണെന്നും, കേടുപാടുകൾ സംഭവിച്ചാൽ അതിന് യുക്തമായ പകരം നൽകേണ്ട ഉത്തരവാദിത്തം വായ്പ വാങ്ങിയ വ്യക്തിക്കുണ്ടെന്നുമാണ് ഈ പ്രവാചക വചനം വ്യക്തമാക്കുന്നത്.
സ്വന്തം ഉപയോഗത്തിനായി വായ്പയായി വാങ്ങിയ വസ്തു, അതിന്റെ ഉടമയുടെ അനുമതിയില്ലാതെ മറ്റൊരാൾക്ക് വീണ്ടും വായ്പയായോ വാടകയ്ക്കോ നൽകാൻ പാടില്ല. കാരണം, ആ വസ്തു ഒരു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് കൈമാറിയിരിക്കുന്നത്. 'നിങ്ങളെ വിശ്വസിച്ച് ഏൽപ്പിക്കപ്പെട്ടത് അതേ വിശ്വാസത്തോടെ തിരിച്ചേൽപ്പിക്കണം' എന്ന ആശയം വിശുദ്ധ ഖുർആനിലും (2:283), പ്രവാചക വചനങ്ങളിലും (തുർമുദി) ഊന്നിപ്പറയപ്പെടുന്നുണ്ട്. അതുകൊണ്ട്, വായ്പയായി ലഭിച്ച വസ്തു ഉത്തരവാദിത്തത്തോടെയും വിശ്വാസ്യതയോടെയും സംരക്ഷിച്ച്, ഉടമയ്ക്ക് യഥാസമയം തിരികെ നൽകേണ്ടത് ഇസ്ലാമിക ധാർമികതയുടെ ഭാഗമാണ്.
അയൽക്കാരന് തന്റെ ഭൂമിയിലൂടെ ഗതാഗത സൗകര്യം അനുവദിച്ചുകൊടുക്കുന്നത്, കൂലി വാങ്ങാതെയാണെങ്കിൽ വായ്പയുടെ സ്വഭാവത്തിലുള്ള സഹായമായാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ ഭൂമിയുടെ ഉപയോഗാവകാശം താൽക്കാലികമായി അനുവദിക്കപ്പെടുന്നതാണ്.
എന്നാൽ, ഈ ഉപയോഗം കാരണം ഭൂമിക്ക് കേടുപാടുകളോ മൂല്യക്കുറവോ സംഭവിക്കരുത്. അത്തരത്തിൽ എന്തെങ്കിലും ന്യൂനത സംഭവിച്ചാൽ അതിന് ആവശ്യമായ നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്തം ഉപയോഗിച്ച വ്യക്തിക്കുണ്ടാകും. അതേസമയം, ഭൂമിയുടെ ഉപയാഗത്തിന് കൂലി വാങ്ങുന്നുണ്ടെങ്കിൽ, അത് വായ്പയല്ല, വാടക കരാറിന്റെ പരിധിയിലേക്കാണ് മാറുന്നത്. അപ്പോൾ അതിന് വാടക ഇടപാടുകളുടെ നിയമങ്ങളായിരിക്കും ബാധകമാകുക.
വായ്പ ഇടപാടിന്റെ ഘടകങ്ങൾ
വായ്പ ഇടപാടിൽ പ്രധാനമായും നാല് ഘടകങ്ങൾ ഉണ്ടായിരിക്കും:
1. വായ്പ കൊടുക്കുന്ന ആൾ
2. വായ്പ സ്വീകരിക്കുന്ന ആൾ
3. വായ്പയായി നൽകുന്ന വസ്തു
4. ഇടപാട് വ്യക്തമാക്കുന്ന വാചകം /കരാർ
വായ്പ കൊടുക്കുന്ന വ്യക്തി പ്രായപൂർത്തിയും ബുദ്ധിശക്തിയും ഉള്ളവനായിരിക്കണം. കൂടാതെ, വസ്തുക്കളുടെ ക്രയവിക്രയത്തിൽ നിയമപരമായ അധികാരവും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം. സാമ്പത്തിക നിയന്ത്രണത്തിന് വിധേയനായ ഒരാൾക്ക് സാധുവായ വായ്പ ഇടപാട് നടത്താൻ സാധിക്കില്ല. അതുപോലെ, വായ്പ സ്വീകരിക്കുന്ന വ്യക്തിക്കും പ്രായപൂർത്തിയും ബുദ്ധിയും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം.
വായ്പ കൊടുക്കാനുള്ള അധികാരം
വായ്പയായി നൽകുന്ന വസ്തുവിന്റെ ഉപകാരമെടുക്കാനുള്ള അവകാശം വായ്പ കൊടുക്കുന്ന വ്യക്തിക്കുണ്ടായിരിക്കണം. ആ വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ അദ്ദേഹം തന്നെയായിരിക്കണമെന്നില്ല. ഉദാഹരണത്തിന്, രണ്ടു ദിവസത്തേക്ക് ഒരാൾ വാടകയ്ക്ക് എടുത്ത ഒരു വാഹനം, സുഹൃത്തിന് അടിയന്തരമായി ആവശ്യം വന്നപ്പോൾ വായ്പയായി ഉപയോഗിക്കാൻ കൊടുക്കുന്നു. ഇവിടെ വാഹനത്തിന്റെ യഥാർത്ഥ ഉടമ വായ്പ കൊടുക്കുന്നയാളല്ല. എന്നാൽ, അതുപയോഗിക്കാനുള്ള അവകാശം രണ്ടുദിവസത്തേക്ക് കൂലി നൽകി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ആ അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തിന് സൗജന്യമായി ഉപയോഗിക്കാൻ അനുവദിക്കുന്നത്. ഇതിൽ നിന്ന് ഒരു പ്രധാന നിയമം മനസ്സിലാക്കാം: വാടകയ്ക്ക് എടുത്ത വസ്തു വായ്പയായി നൽകാം. എന്നാൽ, വായ്പയായി വാങ്ങിയ വസ്തു ഉടമയുടെ പ്രത്യേക അനുമതിയില്ലാതെ വാടകയ്ക്ക് നൽകാൻ പാടില്ല.
വസ്തുവിൻ്റെ സ്വത്വം നിലനിൽക്കണം
വായ്പയായി നൽകുന്ന വസ്തുവിന്റെ പ്രധാന നിബന്ധന, അതിന്റെ സ്വത്വം നിലനിൽക്കുമ്പോൾ തന്നെ അതിൽ നിന്ന് ഉപകാരം ലഭിക്കാനാകണം എന്നതാണ്. അഥവാ, ഉപയോഗിച്ചാലും വസ്തു മുഴുവനായി നശിച്ചുപോകാതെ ശേഷിക്കണം. അതുകൊണ്ട്, ഉപയോഗിച്ചാൽ തീർന്നുപോകുന്ന ഉപഭോക്തൃ വസ്തുക്കൾ (consumer products) വായ്പയായി നൽകാൻ സാധിക്കില്ല. അവ കടമായിട്ടാണ് നൽകപ്പെടുക.
തൊഴിൽ സേവനങ്ങൾ
ചില സാഹചര്യങ്ങളിൽ തൊഴിൽ സേവനവും വായ്പ ഇടപാടിന്റെ പരിധിയിൽ വരാം. ഉദാഹരണത്തിന്, ഒരാൾ തൻ്റെ ആശുപത്രിയിലെ ആവശ്യങ്ങൾക്ക് പ്രതിമാസ ശമ്പളത്തിൽ നിയമിച്ച ഒരു നഴ്സിനെ, സുഹൃത്തിന്റെ ഭാര്യ രോഗാവസ്ഥയിലായപ്പോൾ, കൂലി വാങ്ങാതെ കുറച്ചുകാലത്തേക്ക് പരിചരണത്തിനായി വിട്ടുകൊടുക്കുന്നു. ഇവിടെ വായ്പയായി നൽകിയത് നഴ്സിന്റെ സേവനമാണ്. അതായത്, തനിക്ക് ഉപയോഗിക്കാൻ അവകാശമുള്ള ഒരു സേവനം, സുഹൃത്തിന്റെ കുടുംബത്തിന് സൗജന്യമായി ഉപയോഗിക്കാൻ അനുവദിക്കുകയാണ് ചെയ്തത്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ, നിശ്ചയിച്ച കാലാവധി കഴിഞ്ഞാൽ ആ സേവനം സുരക്ഷിതമായി തിരികെ ലഭ്യമാക്കേണ്ട ഉത്തരവാദിത്തം ഉണ്ടാകും.
വായ്പ വസ്തുവിലെ സ്വാഭാവിക മാറ്റങ്ങൾ
വായ്പയായി വാങ്ങിയ വസ്തു സാധാരണ രീതിയിൽ ഉപയോഗിക്കുന്നതിനിടെ ഉണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങൾക്ക് വായ്പ വാങ്ങിയ വ്യക്തി ഉത്തരവാദിയാകില്ല. ഉദാഹരണത്തിന്, ഉപയോഗം മൂലം വസ്ത്രത്തിന് ചുളിവ് വരിക, വാഹനത്തിന് സാധാരണ തേയ്മാനം ഉണ്ടാകുക തുടങ്ങിയവ സ്വാഭാവിക ഉപയോഗത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.
എന്നാൽ, വായ്പ വാങ്ങിയ വ്യക്തിയുടെ അശ്രദ്ധ മൂലം വസ്തുവിന് കേടുപാടുകൾ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരിക്കും. ഉദാഹരണത്തിന്, അശ്രദ്ധ കാരണം വാഹനം ഇടിക്കുകയോ, വസ്ത്രം ഇസ്തിരി ചെയ്യുന്നതിനിടെ കത്തുകയോ കേടാകുകയോ ചെയ്താൽ, അത് പരിഹരിച്ച് നൽകുകയോ ആവശ്യമായ നഷ്ടപരിഹാരം നൽകുകയോ വേണം.
വായ്പഗ്രന്ഥങ്ങളിലെ തെറ്റുതിരുത്തൽ
വായ്പയായി വാങ്ങിയ ഗ്രന്ഥവുമായി ബന്ധപ്പെട്ട് കർമശാസ്ത്ര പണ്ഡിതന്മാർ ഒരു ചർച്ച അവതരിപ്പിക്കുന്നുണ്ട്. ഒരാൾ വായ്പയായി വാങ്ങിയ പുസ്തകത്തിലോ മുസ്ഹഫിലോ(ഖുർആനിൻ്റെ കോപ്പി) ഒരു തെറ്റ് കണ്ടാൽ, ഉടമയുടെ അനുമതിയില്ലാതെ അത് തിരുത്താൻ പാടുണ്ടോ എന്നതാണ് ചർച്ച.
ഈ വിഷയത്തിൽ പ്രബലമായ അഭിപ്രായം, വിശുദ്ധ ഖുർആനിലുള്ള തെറ്റാണെങ്കിൽ അത് ഉടൻ തിരുത്തുകയും പിന്നീട് ഉടമയെ വിവരം അറിയിക്കുകയും വേണമെന്നാണ്. കാരണം, ഖുർആന്റെ സംരക്ഷണം പ്രത്യേക പ്രാധാന്യമുള്ള കാര്യമാണ്.
എന്നാൽ, മറ്റു സാധാരണ പുസ്തകങ്ങളിലാണെങ്കിൽ, ഉടമയുടെ സമ്മതമില്ലാതെ തിരുത്തുന്നതിനെക്കാൾ, തെറ്റുള്ള കാര്യം ഉടമയെ അറിയിക്കുകയാണ് വേണ്ടത്. പിന്നീട് അദ്ദേഹം തന്നെ ആവശ്യമായ തിരുത്തൽ നടത്തുന്നതായിരിക്കും ശരിയായ രീതി.
ആവശ്യം വ്യക്തമാക്കണം
വിളവ് ഇറക്കുന്നതിനായി ഭൂമി വായ്പയായി വാങ്ങുമ്പോൾ, ഭൂമിയുടെ ഉടമ ഏത് തരത്തിലുള്ള കൃഷിക്കാണ് സമ്മതം നൽകിയിട്ടുള്ളത് എന്നത് മാനിക്കപ്പെടണം. അഥവാ, ഒരു പ്രത്യേക വിള കൃഷി ചെയ്യാനാണ് അനുമതി നൽകിയിട്ടുള്ളതെങ്കിൽ അതുതന്നെ അതിൽ കൃഷി ചെയ്യേണ്ടതാണ്.
ഭൂമി വായ്പയായി സ്വീകരിക്കുമ്പോൾ അത് എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് വ്യക്തമായി അറിയിക്കണമെന്നും കർമശാസ്ത്രം നിർദ്ദേശിക്കുന്നു. കാരണം, ഉപയോഗത്തിന്റെ സ്വഭാവം അനുസരിച്ചാണ് അനുമതിയും ബാധ്യതകളും നിശ്ചയിക്കപ്പെടുന്നത്.
ഉദാഹരണത്തിന്, ഒരു സ്പോർട്സ് മാച്ച് നടത്തുന്നതിനായി കുറച്ചുദിവസത്തേക്ക് കൃത്രിമ ടർഫ് കോർട്ട് നിർമ്മിക്കാൻ ഭൂമി വായ്പയായി വാങ്ങിയാൽ, ആ ഭൂമി അതേ ആവശ്യത്തിനായി മാത്രം ഉപയോഗിക്കണം. അനുവദിച്ച ഉപയോഗപരിധി ലംഘിച്ച് മറ്റേതെങ്കിലും പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് ശരിയായ രീതിയല്ല.
അതേസമയം, ഇസ്ലാമിക ദൃഷ്ട്യാ കുറ്റകരമോ നിരോധിതമോ ആയ പ്രവർത്തനങ്ങൾക്ക് ഭൂമി വായ്പയായി നൽകുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല. കാരണം, പാപകരമായ കാര്യങ്ങൾക്ക് സഹായം ചെയ്യുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല.
വായ്പ ഭൂമിയിലെ ഫലവൃക്ഷങ്ങൾ
വായ്പയായി വാങ്ങിയ ഭൂമിയിൽ മരങ്ങളോ ഫലവൃക്ഷങ്ങളോ നട്ടുപിടിപ്പിക്കാമോ എന്ന വിഷയവും കർമശാസ്ത്ര പണ്ഡിതന്മാർ ചർച്ച ചെയ്തിട്ടുണ്ട്. ഭൂമിയുടെ ഉടമയുടെ സമ്മതത്തോടെയായിരിക്കണം ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടത്. കൂടാതെ, ഇത്ര ദിവസത്തേക്ക് എന്ന് കൃത്യമായി കാലാവധി നിശ്ചയിക്കാത്ത വായ്പയാണെങ്കിൽ, ആ ഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതും കൃഷി ചെയ്യുന്നതും അനുവദനീയമാണ്. എന്നാൽ, പിന്നീട് ഭൂമിയുടെ ഉടമ അത് തിരികെ ആവശ്യപ്പെട്ടാൽ, വായ്പ വാങ്ങിയ വ്യക്തി മരങ്ങളും കൃഷികളും മാറ്റി ഭൂമി തിരികെ നൽകേണ്ട ബാധ്യതയുണ്ട്.
അതേസമയം, നട്ടുവളർത്തിയ ഫലവൃക്ഷങ്ങൾ പൂത്തോ ഫലം കായ്ക്കാനൊരുങ്ങിയോ നിൽക്കുന്ന സമയത്താണ് ഉടമ ഭൂമി തിരികെ ആവശ്യപ്പെടുന്നതെങ്കിൽ, ഫലങ്ങൾ പാകമാകുന്നതുവരെ അവ അവിടെ തുടരാൻ അനുവദിക്കാവുന്നതാണ്. അത്തരം സാഹചര്യങ്ങളിൽ, ഭൂമിയുടെ ഉടമ ആവശ്യപ്പെടുകയാണെങ്കിൽ, അതിനുള്ള വാടക നൽകിയും ഫലവൃക്ഷങ്ങൾ കുറച്ചുകാലം കൂടി അവിടെ നിലനിർത്താം.
വായ്പയാണോ വാടകയാണോ എന്ന തർക്കം
വായ്പയായി നൽകിയ വസ്തു തിരികെ നൽകുന്ന സമയത്ത്, ഞാൻ ഇത് വായ്പയായി തന്നതല്ല, വാടകയ്ക്ക് തന്നതാണ് എന്ന് ഉടമയും, അല്ല, നിങ്ങൾ വായ്പയായിട്ടാണ് തന്നത് എന്ന് ഉപയോഗിച്ച വ്യക്തിയും വാദിച്ചാൽ, ഉടമയുടെ വാക്കിനാണ് മുൻഗണന നൽകപ്പെടുന്നത്. കാരണം, വസ്തുവിന്റെ അടിസ്ഥാന ഉടമസ്ഥാവകാശം അദ്ദേഹത്തിനാണ്.
അതുപോലെ, വായ്പയായി വാങ്ങിയ വസ്തു പൂർണമായും നശിച്ചുപോയാൽ, അതിന് തുല്യമായ മറ്റൊരു വസ്തു വിപണിയിൽ ലഭ്യമാണെങ്കിൽ അതുപോലെയുള്ളത് വാങ്ങി നൽകണം. അത്തരമൊരു വസ്തു ലഭ്യമല്ലെങ്കിൽ, അത് നശിച്ച ദിവസത്തെ വിപണി വില നഷ്ടപരിഹാരമായി നൽകേണ്ടതാണ്.











