ഇസ്ലാമിലെ സാമ്പത്തിക കാഴ്ചപ്പാട് ധാർമികതയിലും നീതിയിലും മനുഷ്യസ്നേഹത്തിലും അധിഷ്ഠിതമായതും അതേസമയം, വികസനോന്മുഖവുമായതുമാണ്. വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളിൽ നിന്ന് തുടങ്ങി കുടുംബബന്ധങ്ങൾ, സാമൂഹിക ഉത്തരവാദിത്വങ്ങൾ, തൊഴിലാളി-മുതലാളി ബന്ധങ്ങൾ, കൂട്ടുസംരംഭങ്ങൾ, ദാനധർമ്മങ്ങൾ തുടങ്ങി ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന സമഗ്രമായ സമീപനമാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്.
ഒരു വ്യക്തിയുടെ സ്വകാര്യ സാമ്പത്തിക ഇടപാടുകൾ മുതൽ വ്യക്തിയും കുടുംബവും തമ്മിലുള്ള ബാധ്യതകൾ, വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധങ്ങൾ, തൊഴിലാളിയും മുതലാളിയും തമ്മിലുള്ള ഇടപാടുകൾ, ഒരു കമ്പനിയിലെ പങ്കാളികൾ തമ്മിലുള്ള വിശ്വാസ്യത, കൂട്ടുസംരംഭങ്ങളിലെ മൂലധന നിക്ഷേപകരും തൊഴിലാളികളും തമ്മിലുള്ള അവകാശങ്ങൾ, ഐച്ഛിക ദാനങ്ങൾ നൽകുന്നവരും സ്വീകരിക്കുന്നവരും തമ്മിലുള്ള ധാർമിക ബന്ധങ്ങൾ ഇങ്ങനെ എല്ലാ മേഖലകളിലും മനുഷ്യസൗഹൃദപരവും വികസനത്തെ ലക്ഷ്യമിടുന്നതുമായ വീക്ഷണമാണ് ഇസ്ലാം സ്വീകരിക്കുന്നത്.
ദാരിദ്ര്യത്തിന്റെ കഠിനാവസ്ഥയിൽ കഴിയുന്ന ഒരാൾക്ക്, അവന്റെ അവസ്ഥ മാറ്റാനുള്ള സഹായം ലഭിക്കാനുള്ള വഴികൾ ഇസ്ലാം തുറന്നുവെക്കുന്നു. നിർബന്ധ സകാത്ത് സംവിധാനവും സമ്പന്നരുടെ ഐച്ഛിക ദാനധർമ്മങ്ങളും അതിനുള്ള പ്രധാന മാർഗങ്ങളാണ്. പ്രകൃതിദുരന്തങ്ങൾ, മാരകരോഗങ്ങൾ, ചികിത്സാചെലവുകൾ, ജീവിത പ്രതിസന്ധികൾ എന്നിവ മൂലം ബുദ്ധിമുട്ടുന്നവരെ സഹായിക്കുക സമൂഹത്തിലെ സാമ്പത്തികമായി ശേഷിയുള്ളവരുടെ ബാധ്യതയാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
അതുകൊണ്ടുതന്നെ, സമൂഹത്തിൽ ആരും ശ്രദ്ധിക്കാതെ ഒരു ദരിദ്രൻ ഒറ്റപ്പെട്ടു പോകുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. സ്വന്തം നാട്ടിൽ സമ്പന്നനായ ഒരാൾ പോലും യാത്രയിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുകയാണെങ്കിൽ, നിർബന്ധ സകാത്തിൽ നിന്ന് സഹായം ലഭിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്ന് ഇസ്ലാമിക കർമശാസ്ത്രം വ്യക്തമാക്കുന്നു.
തൊഴിലാളികളോടുള്ള സമീപനത്തിലും ഇസ്ലാം വളരെ ഉയർന്ന മാനവികത പുലർത്തുന്നു. സമ്പന്നനായ തൊഴിൽദാതാവിന്റെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളിയോട് ക്ഷേമപരമായ രീതിയിൽ പെരുമാറണമെന്നും, അവന്റെ കൂലി വൈകിപ്പിക്കരുതെന്നും, അതിഭാരമുള്ള ജോലികളിൽ അവനെ സഹായിക്കണമെന്നും, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അവനെ അവഹേളിക്കരുതെന്നും ഇസ്ലാം നിർദ്ദേശിക്കുന്നു.
പങ്കാളിത്ത ബിസിനസുകളിൽ ഏർപ്പെടുന്നവർ പരസ്പരം വിശ്വാസ്യതയും ആത്മാർത്ഥതയും പുലർത്തണം. പങ്കാളിയുടെ അഭാവത്തിൽ അവനെ വഞ്ചിക്കരുത്. സംയുക്ത സംരംഭങ്ങളിൽ മൂലധനം നിക്ഷേപിക്കുന്നവരും അതിൽ തൊഴിൽ ചെയ്യുന്നവരും പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണം. ആത്മാർത്ഥമായി പ്രവർത്തിക്കുന്ന തൊഴിലാളിക്ക് ലാഭത്തിന്റെ നിശ്ചിത ശതമാനം ലഭിക്കുമ്പോൾ, നഷ്ടം സംഭവിച്ചാൽ സാമ്പത്തിക നഷ്ടം പ്രധാനമായും മൂലധനം നിക്ഷേപിച്ച വ്യക്തിക്കായിരിക്കും. അതുകൊണ്ടുതന്നെ, വിശ്വാസ്യതയും ധാർമികതയും ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന മേഖലയാണ് ഇത്തരം കൂട്ടുസംരംഭങ്ങൾ.
ഇസ്ലാമിന്റെ വികസനോന്മുഖമായ സാമ്പത്തിക നിർദ്ദേശങ്ങൾ സാമ്പത്തിക മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. മനുഷ്യരുടെ സാമൂഹികവും മാനസികവുമായ ക്ഷേമം വർദ്ധിപ്പിക്കുന്ന ധാരാളം നിർദ്ദേശങ്ങളും ഇസ്ലാം മുന്നോട്ടുവെക്കുന്നു. നിന്റെ സഹോദരനെ കാണുമ്പോൾ പുഞ്ചിരിക്കുക, നല്ല വാക്കുകളിലൂടെ സംസാരിക്കുക, സഹായം ആവശ്യപ്പെട്ടാൽ സഹായിക്കുക, കുടുംബബന്ധങ്ങൾ നിലനിർത്തുക, വഴിയിലുള്ള അപകടകാരികളായ വസ്തുക്കൾ നീക്കം ചെയ്യുക, പൊതുജനങ്ങൾ വിശ്രമിക്കുന്ന പാർക്കുകളിലും ഗ്രൗണ്ടുകളിലും മാലിന്യം നിക്ഷേപിക്കാതിരിക്കുക, ഫലവൃക്ഷങ്ങൾ നശിപ്പിക്കാതിരിക്കുക ഇങ്ങനെ ആരോഗ്യകരവും സാമൂഹിക ക്ഷേമം ഉറപ്പാക്കുന്നതുമായ അനേകം നിർദ്ദേശങ്ങൾ ഇസ്ലാം നൽകുന്നുണ്ട്.
ചുരുക്കത്തിൽ, ഏതു കാലഘട്ടത്തിലും ഏതു സാഹചര്യങ്ങളിലും മനുഷ്യരുടെ അതിജീവനത്തിനും സാമൂഹിക പുരോഗതിക്കും സാമ്പത്തിക നീതിക്കും ഉപകരിക്കുന്ന വികസനോന്മുഖമായ മാർഗനിർദ്ദേശങ്ങളാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്.











