നിങ്ങൾ ആരെങ്കിലും മുമ്പ് കേട്ടിട്ടുണ്ടോ ഫുനാകോഷി ഗിഷിൻ (Funakoshi Gichin) എന്നയാളെ? അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ ഒരു അടവുണ്ട്; 'ഇക്കൻ ഹിസ്സസ്സു' (Ikken Hissatsu). ഒറ്റയടിക്ക് ശത്രുവിനെ കാച്ചിക്കളയുന്ന കരാട്ടെ തന്ത്രമാണത്. ശത്രുവിനെ ഏതെല്ലാം നിലയ്ക്ക് സമർത്ഥമായി നിലംപരിശാക്കാം എന്നതിനെക്കുറിച്ചുള്ള വ്യത്യസ്തങ്ങളായ രീതികളും അടവുകളും പറയുന്ന അദ്ദേഹത്തിന്റെ പ്രശസ്ത പുസ്തകമാണ് 'Karate-Do: My Way of Life'.
ഇനി പറയുന്നത് മഹാരസകരമായ ഒരു സംഗതിയാണ്. ഒരാൾ ചുംബനത്തിന്റെ രസശാസ്ത്രം പഠിക്കാൻ വേണ്ടി ഒരുമ്പെട്ടിറങ്ങിയതായിരുന്നു. അങ്ങനെയിരിക്കവെയാണ് മേൽപറഞ്ഞ പുസ്തകത്തിൽ നിന്നുള്ള ഏതാനും എക്സ്ട്രാക്റ്റുകൾ (Extracts) അദ്ദേഹത്തിന്റെ കൈയ്യിൽ കിട്ടുന്നത്. ഇന്ന് പുതിയ സാങ്കേതികവിദ്യ പ്രകാരമുള്ള ഒരു ചുംബനം പാസാക്കണം എന്ന ആശയോടെ വായിച്ചു നോക്കിയതും അയാൾക്ക് ചൂടു കയറി. ഇതെന്താ കഥ? ആളെ കൊല്ലാൻ നടക്കുകയോ? അതിനായി ബുക്ക് എഴുതുകയോ? ടിയാൻ ഫുനാകോഷിക്കെതിരെയും അയാളുടെ പുസ്തകത്തിനെതിരെയും കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നു. അദ്ദേഹം കൊലയാളിയാണെന്നും പുസ്തകം വെറുപ്പിനെയും വർഗീയതയെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്നതാണെന്നും രാജ്യം അദ്ദേഹത്തെ ജയിലിൽ അടയ്ക്കണമെന്നും ആശാൻ ഫേസ്ബുക്കിലൂടെ (Facebook) കുറിച്ചു. ഇതിൽ ആദ്യത്തെ പാരഗ്രാഫ് ശരിക്കുള്ളതും രണ്ടാമത്തെ പാരഗ്രാഫ് കഥാപരമായി ഉള്ളതുമാണ്. ഇത്രയേ ഇപ്പോൾ പറയുന്നുള്ളൂ; ബാക്കി വഴിയേ.
ഇനി ഗ്രാമവാസികളുടെ കഥ പറയാം. ആഴ്ചകളായി അവർക്ക് ഉറക്കമില്ല. മോഷണവും വസ്തുക്കൾ നശിപ്പിക്കലുമാണ് അവരുടെ പ്രശ്നം. രാത്രി നേരങ്ങളിലാണ് കള്ളന്മാർ സമർത്ഥമായി വീടുകളിലേക്ക് വലിഞ്ഞുകയറുന്നത്. പൊന്നും പണവും മോഷ്ടിക്കുന്നതിന് പുറമേ വിലപിടിപ്പുള്ള സാധനങ്ങൾ വലിച്ചിട്ടും നിലത്തിട്ട് ഉടച്ചും നശിപ്പിക്കുന്നു. ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ കഴുത്തിൽ നിന്നും ചെവിയിൽ നിന്നും ആഭരണങ്ങൾ വലിച്ചൂരി കൊണ്ടുപോകുന്നു. പ്രതികരിക്കാൻ നിന്നതിന്റെ പേരിൽ ഒത്തിരി പേർക്ക് വയറ്റത്തും നെഞ്ചത്തും കുത്തേറ്റിട്ടുമുണ്ട്.
പാവങ്ങളുടെ വീട്ടിൽ നിന്ന് അവരുടെ ഏക വരുമാനമായ പശുക്കളെയും ആടുകളെയും അഴിച്ചുകൊണ്ടുപോകുന്നു. കോഴികളെയും താറാവുകളെയും കട്ടുകൊണ്ടുപോകുന്നതിനു പുറമേ ആവശ്യമില്ലാതെ ചങ്കുകടിച്ച് കൊന്നിടുന്നു. എന്നാൽ ഈ അടുത്തായി ഗ്രാമവാസികളെ അത്യധികം ഭീതിപ്പെടുത്തുന്ന കാര്യം അവൻ സ്ത്രീകളെയും കുട്ടികളെയും കണ്ണുവെച്ചിരിക്കുന്നു എന്നുള്ളതാണ്. ജോലി കഴിഞ്ഞ് ഓഫീസിൽ നിന്ന് സന്ധ്യാസമയത്ത് മടങ്ങി വരികയായിരുന്ന ഒരു ഉദ്യോഗസ്ഥയെ കഴിഞ്ഞ ആഴ്ച കാണാതായി. സ്കൂളിലേക്ക് പുറപ്പെട്ട പ്രദേശത്തെ മൂന്നു കുട്ടികളെ ഇതിനകം തട്ടിക്കൊണ്ടുപോയി. സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിൽ ഒളിഞ്ഞു കയറി പറയാൻ പറ്റാത്ത പല അതിക്രമങ്ങളും നടന്നുകഴിഞ്ഞു.
നിൽക്കക്കള്ളിയില്ലാതെ ഒടുവിൽ ഗ്രാമസഭ കൂടി. എല്ലാ പഴുതുകളും അടച്ചു. കല്ല്, കത്തി, കമ്പിപ്പാര, വടി, സൈക്കിൾ ചെയിൻ തുടങ്ങി കിട്ടാവുന്ന സകല ആയുധങ്ങളുമായി അവരെല്ലാവരും കാത്തുനിന്നു. "ഇന്ന് രാത്രി അവനെ ഒന്ന് കൈയ്യിൽ കിട്ടണേ" എന്ന് മനസ്സാ തേങ്ങി. അവിടെയുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും വയസ്സന്മാരും കണ്ണിൽ കാന്താരി അരച്ച് കാത്തിരുന്നു. പുലരുവോളം ഉണർന്നിരുന്നിട്ടും കള്ളൻ വന്നില്ല!
പിറ്റേദിവസം അവരിൽ പലരും ഉറങ്ങിപ്പോയി. അന്നവൻ വന്നു! അടുത്തയാഴ്ച കല്യാണം നടക്കേണ്ട വീട്ടിൽ പാത്തുകയറി. ആഭരണങ്ങൾ അത്രയും മോഷ്ടിച്ചു. യുവതിയെ ബലാത്സംഗം ചെയ്തു. അവൾ അവന്റെ കൈക്ക് അമർത്തിക്കടിച്ചു. കിട്ടിയതെല്ലാം എടുത്ത് അവളെ അവൻ തച്ചുചതച്ചു. മതിവരാഞ്ഞ് ചിരവയെടുത്ത് അവളുടെ ഗുഹ്യഭാഗത്ത് കുത്തിക്കയറ്റി കൊന്നുകളഞ്ഞു! തടയാൻ വന്ന അവളുടെ അമ്മയെയും തലയ്ക്കടിച്ചു കൊല്ലാക്കൊല ചെയ്തു.
അടുത്ത ദിവസം ഗ്രാമീണവാസികൾ ഒന്നുകൂടി സജീവമായി. കൃത്യം ഒന്നരയ്ക്ക് അവൻ രംഗപ്രവേശം ചെയ്തു. അടിവസ്ത്രം മാത്രം ഉടുത്തിരിക്കുന്നു. മുഖമാകെ കരിമഷി പുരട്ടിയിരിക്കുന്നു. മേനിയാസകലം വഴുപ്പെണ്ണ തേച്ച് ഒളിപ്പിച്ചിരിക്കുന്നു. ആളുകൾ കൂട്ടത്തോടെ ബഹളം വെക്കാൻ തുടങ്ങി! നോക്കുമ്പോൾ ആൾ ആ നാട്ടുകാരൻ തന്നെ. അവൻ ജീവൻ കാക്കാൻ വേണ്ടി തലങ്ങും വിലങ്ങും കുതറി ഓടുന്നു. കൂടിനിന്നവരെല്ലാം ആർത്തു കൂവുന്നു: "പിടി അവനെ… അടി അവനെ.... എറി അവനെ.... കൊല്ലവനെ....!" പക്ഷേ എനിക്ക് കേൾക്കേണ്ടത് അതൊന്നുമല്ല! ആ വാക്കുകൾ ഒന്നും എനിക്ക് അശേഷം ഇഷ്ടപ്പെട്ടുമില്ല. ആ ആൾക്കൂട്ടത്തിൽ നിന്ന് ആരെങ്കിലും "ചുംബിക്കവനെ!!" എന്ന് പറഞ്ഞോ? - അതായിരുന്നു ഞാൻ കാതുവിടർത്തി കാത്തിരുന്നത്. മനസ്സിലായില്ല? മനസ്സിലാകും; ആയിട്ടില്ല!! ഇനി ദയവുചെയ്ത് ക്ഷമയോടെ താഴെ കൊടുത്ത റിപ്പോർട്ടുകൾ ഒന്ന് കണ്ണോടിക്കുക.
അവർ തങ്ങളുടെ നിലയും വിലയും ഇടിയുമോ എന്ന് ഭയന്നു. അവരിൽ ഹുങ്കിന്റെ ഫണമുയർന്നു. എന്തുവില കൊടുത്തും ഈ സംഘത്തിന്റെ വളർച്ച തടയുമെന്ന് ശപഥം ചെയ്തു. ആദ്യമാദ്യം പരിഹാസവും കുത്തുവാക്കും; പിന്നെ അത് ഭീഷണിയിലേക്ക് മാറി. ആളുകൾക്കിടയിൽ നാണംകെടുത്തുമെന്നും കച്ചവടം നഷ്ടത്തിലാക്കുമെന്നും സമ്പത്ത് നശിപ്പിക്കുമെന്നും പറഞ്ഞു പേടിപ്പിച്ചു.
വഴിയിൽ മുള്ളുകൾ വിതറാൻ തുടങ്ങി. ചീത്തവിളിക്കാനും മുഖത്ത് തുപ്പാനും മടിയില്ലാതെ വന്നു. ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽമാല തലയിൽ കൊണ്ട് ചാർത്തി. വൈകാതെ ശാരീരിക പീഡനങ്ങൾ വിപുലപ്പെടുത്തി. ആഫ്രിക്കൻ അടിമയായ ബിലാൽ ഇബ്നു റബാഹിനെ യജമാനനായ ഉമയ്യ ഇബ്നു ഖലഫ് അതിക്രൂരമായി പീഡിപ്പിച്ചു. തെരുവുകളിലൂടെ നട്ടുച്ചവെയിലത്ത് വലിച്ചിഴച്ചു; നെഞ്ചിൽ കനത്ത പാറകൾ കയറ്റിവെച്ച് കത്തുന്ന മണലിൽ മലർത്തിക്കിടത്തി മർദ്ദിച്ചു. മനസ്സിൽ വിശ്വാസത്തിന്റെ വജ്രദൃഢത ഉറച്ച ബിലാൽ "അഹദ്, അഹദ്" എന്ന വചനങ്ങൾ ഒരു മുദ്രാവാക്യം കണക്കെ ആർത്തുവിളിച്ചു.
തിരുനബിയുടെ പ്രിയ കൂട്ടുകാരൻ അബൂബക്കറിനെ അവർ അടിച്ചു വീഴ്ത്തി. ഉസ്മാനുബ്നു അഫ്ഫാൻ എന്ന സ്നേഹിതനെ അദ്ദേഹത്തിന്റെ പിതാമഹൻ ഹകമിബ്നു അബിൽ ആസ് കെട്ടിയിട്ടു. "വിശ്വാസത്തിൽ നിന്ന് പിന്തിരിയാത്ത കാലത്തോളം അഴിച്ചുവിടില്ല" എന്ന് ഭീഷണിപ്പെടുത്തി. ഉത്ബത്തിബ്നു റബീഅ തന്റെ ചെരിപ്പൂരി അബൂബക്കറിന്റെ മുഖത്തടിച്ചു. അദ്ദേഹത്തിന്റെ മുഖവും മൂക്കും തിരിച്ചറിയാൻ കഴിയാത്ത വിധം രക്തത്തിൽ കുളിച്ചു. ബനൂതൈമുകാർ തൽക്ഷണം ഡിപ്ലോമാറ്റിക്കായി ഇടപെട്ടതുകൊണ്ട് മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്.
ഉസ്മാനുബ്നു മള്ഊനിന്റെ ഒരു കണ്ണ് അന്നാട്ടുകാർ കുത്തിപ്പൊട്ടിച്ചു. അബൂദർറുൽ ഗിഫാരിയെ അവർ ആവർത്തിച്ചു തല്ലി; അദ്ദേഹം ബോധരഹിതനായി മറിഞ്ഞുവീണു. യാസിറിനെ കെട്ടിയിട്ട് അടിച്ചു. അമ്മാറിനെ കണക്കറ്റ് മർദ്ദിച്ചു. തലയിൽ പഴുപ്പിച്ച ലോഹം വെച്ചു. സുമയ്യ ബീവിയെ കെട്ടിയിട്ടു തല്ലിച്ചതച്ചു. അരിശം തീരാഞ്ഞ് ഗുഹ്യാവയവത്തിൽ കുന്തം കയറ്റി കൊന്നുകളഞ്ഞു.
വല്ല രക്ഷയും കിട്ടുമോ എന്ന് കരുതി മക്കയുടെ തെക്കുകിഴക്കുള്ള പട്ടണമായ ത്വാഇഫിലേക്ക് പോയി. സ്വീകരണത്തിനു പകരം ആട്ടും പരിഹാസവുമായിരുന്നു അവിടെ. ത്വാഇഫുകാർ പ്രവാചകനെയും കൂട്ടുകാരൻ സൈദ് ഇബ്നു ഹാരിസയെയും രക്തം വരുന്നതുവരെ കല്ലെറിഞ്ഞു. രക്ഷയില്ലെന്ന് കണ്ട് അവർ ശിഅബു അബീത്വാലിബിലേക്ക് മാറി. മൂന്നുവർഷക്കാലം ഉപരോധിതരായി പൊതുജന സമ്പർക്കത്തിൽ നിന്ന് അറുത്തുമാറ്റപ്പെട്ടവരായി നിലകൊണ്ടു. ആരെങ്കിലും ആഹാരമോ മറ്റു സഹായമോ ചെയ്യുന്നുണ്ടോ എന്നറിയാൻ ശത്രുക്കൾ താഴ് വാരത്ത് കണ്ണും നട്ടിരുന്നു. ആടുമാടുകളെപ്പോലെ ചപ്പും പുല്ലും തിന്നു ജീവിച്ചു. പിന്നീട് അവർ എത്യോപ്യയിലേക്ക് തൽക്കാലം നാടുമാറിപ്പോയി.
ഓർമവേണം, അഞ്ചോ പത്തോ ദിവസത്തെ സംഭവമല്ല ഇത്. മുപ്പത്തഞ്ചോ നാല്പത്തഞ്ചോ മാസത്തെ കാര്യവുമല്ല. പത്തു വർഷമാണ് ഈ പീഡനപർവ്വം നിരന്തരമായി തുടർന്നത്. ഒടുവിൽ ജനിച്ച നാട്ടിൽ നിൽക്കക്കള്ളിയില്ലെന്ന് ഏകദേശം ബോധ്യമായി. തങ്ങളെ രാജാക്കളായി സ്വീകരിക്കുന്ന യസ് രിബിലേക്ക് മാറിത്താമസിക്കാൻ തീരുമാനമായി. അതിലും അവർ അള്ളുവെച്ചു. ആയുധങ്ങളുമായി വീട് വളഞ്ഞു. എപ്പോഴാണ് പുറത്ത് കടക്കുന്നത്, അന്നേരം വെട്ടിക്കൊല്ലാൻ ഉറച്ചു. പല മോഹന വാഗ്ദാനങ്ങളും നൽകി വേട്ടക്കാരെ പിന്നാലെ വിട്ടയച്ചു. പക്ഷേ അവർ കുന്നും കാടും മലയും താണ്ടി യസ് രിബിൽ എത്തി. എന്നിട്ടും വിടുന്ന ലക്ഷണമില്ല. "നിങ്ങൾ അവിടെ അങ്ങനെ സുഖിക്കേണ്ട" എന്ന് വെപ്പ്. വെറുതെ വിടില്ല എന്ന വാശി.
ഓർമവേണം, ഇതിനുമുമ്പ് എവിടെയും തിരിച്ചടിക്കുക, പ്രതിരോധിക്കുക, ശത്രുവിനെ നിഗ്രഹിക്കുക എന്നിങ്ങനെയുള്ള ഒരു ചിന്തപോലും വിശ്വാസി സംഘത്തിൻ്റെ ഭാഗത്തു നിന്നുണ്ടായില്ല. എത്രത്തോളമെന്നാൽ ഒരു എതിർ പ്രാർത്ഥന പോലും നടത്തിയില്ല. അങ്ങനെ ഒരു ഘട്ടവും ഉണ്ടായിരുന്നു; പീഡനം എല്ലാ പരിധിയും വിട്ടപ്പോൾ സഖാക്കൾ ചെന്ന് പറഞ്ഞു: "ഒന്ന് പ്രാർത്ഥിച്ചുകൂടേ!" ഇല്ല, പ്രാർത്ഥിച്ചില്ല! എല്ലാം സഹിക്കാൻ പറഞ്ഞു. സത്യം പറയുന്നവർക്ക് പീഡനം പുത്തരിയല്ലെന്നും മുൻകാലത്തെല്ലാം അത് അനുഭവമാണെന്നും കൂട്ടിച്ചേർത്തു.
"നിങ്ങൾക്ക് മുമ്പുള്ള സമുദായത്തിലെ ഒരു വിശ്വാസിയുടെ തലയിൽ ഈർച്ചവാൾ വെച്ച് തല മുതൽ കാല് വരെ പിളർത്തി അറുക്കപ്പെട്ടിരുന്നു. അതൊന്നും മതത്തിൽ നിന്ന് അവരെ പിന്തിരിപ്പിച്ചില്ല. ഇരുമ്പിന്റെ ചീർപ്പ് കൊണ്ട് മാംസത്തോടെയും അസ്ഥിയോടു കൂടെയും ചീകപ്പെട്ടിരുന്നു. അതൊന്നും മതത്തിൽ നിന്ന് അവരെ പിന്തിരിപ്പിച്ചില്ല. അല്ലാഹുവാണേ സത്യം, അവൻ ഈ മതത്തെ പൂർത്തീകരിക്കുകതന്നെ ചെയ്യും; ഒരു യാത്രക്കാരൻ അല്ലാഹുവെ അല്ലാതെ മറ്റാരെയും ഭയപ്പെടാതെ, തന്റെ ആടുകളുടെ കാര്യത്തിൽ ചെന്നായയെ മാത്രം പേടിക്കുന്ന അവസ്ഥയിൽ സ്വൻആ മുതൽ ഹദ്റമൗത്ത് വരെ സഞ്ചരിക്കുന്ന കാലം വരും" - സംഗതി ഉറച്ച നിലപാടായിരുന്നു. എന്നല്ല, ശത്രുസംഹാരത്തെ പ്രതി അടിയന്തര സന്ദേശം ഇങ്ങോട്ട് വന്നിരുന്നു. ആശയോടെ ചെന്നപ്പോൾ വേദനിപ്പിച്ചു തിരിച്ചയച്ച സമൂഹത്തെ രണ്ടു പർവ്വതങ്ങൾക്കിടയിൽ ഇട്ടു നിരത്തി നശിപ്പിക്കട്ടെ എന്ന് ഉപരിഭാഗത്തുനിന്ന് ചോദ്യം വന്നപ്പോൾ "വേണ്ട വേണ്ട, അവരിൽ നിന്ന് നല്ലവർ ജനിച്ചു വരും" എന്നായിരുന്നു മറുപടി.
പണ്ടത്തെ അപേക്ഷിച്ച് സംഘബലം ഒട്ടു കൂടിയിട്ടുണ്ട്. വേണമെങ്കിൽ പോരാടുകയൊക്കെ ചെയ്യാം. പക്ഷേ അനുമതിയില്ല. അന്നത്തെ നിലപാട് താഴെ:
"(യുദ്ധത്തിലേക്ക് തിരിയാതെ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും, പ്രാര്‍ത്ഥന മുറപോലെ നിര്‍വ്വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുവിന്‍ എന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന ഒരു വിഭാഗത്തെ താങ്കൾ കണ്ടില്ലേ?" (4:77)
"വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമയിലൂടെയും നിസ്കാരത്തിലൂടെയും സഹായം തേടുക. തീര്‍ച്ചയായും അല്ലാഹു ക്ഷമ പാലിക്കുന്നവരോടൊപ്പമാണ്. ദൈവികമാര്‍ഗത്തില്‍ വധിക്കപ്പെടുന്നവര്‍ 'മരിച്ചവരാ'ണെന്ന് നിങ്ങള്‍ പറയരുത്. അല്ല; അവര്‍ ജീവിച്ചിരിക്കുന്നവര്‍ തന്നെയാണ്. പക്ഷേ, അവരുടെ ജീവിതം നിങ്ങള്ക്കനുഭവപ്പെടുന്നില്ലെന്നു മാത്രം" (2:153,154).
പല സന്നിഗ്ധ ഘട്ടത്തിലും ധീരരായ പല സഖാക്കളും ആയുധമെടുക്കാൻ അനുമതി ചോദിച്ചപ്പോഴൊക്കെ അവിടുന്ന് തടഞ്ഞുനിർത്തുകയായിരുന്നു. ഇടക്കൊരു കാര്യം മറന്നുപോകരുത്; എല്ലാം ഇട്ടേച്ചുകൊണ്ടാണ് സ്വന്തം നാടും വീടും വിട്ട് ഇവിടെ വന്നിരിക്കുന്നത്. അവിടെ കണ്ടമാനം സമ്പത്തുകളുണ്ട്; എല്ലാം സത്യമാർഗത്തിൽ വിട്ടേച്ചുപോയതാണ്. അതുവെച്ച് അവർ കച്ചവടം നടത്തി തടിച്ചു കൊഴുക്കുകയാണ്. യാത്ര ഈ വഴിക്കാണ്; ഒന്ന് ഞെട്ടിച്ചില്ലെങ്കിൽ അവർ ഇനിയും തലയിൽ കയറും. ആ നീക്കം മറുഭാഗം അറിഞ്ഞതും അവരിൽ അഹങ്കാരം നുരകുത്തി. അവരിൽനിന്നുതന്നെ ചിലർ പറഞ്ഞുനോക്കി: "വേണ്ട, ഇപ്പോൾ ഒരു യുദ്ധം വേണ്ട!" പക്ഷേ ഔദ്ധത്യത്തിന്റെ നുരകുത്തലിൽ അവർ ഉന്മത്തരായി.
ആയിരക്കണക്കിന് പടയാളികളുമായി അവർ വകവരുത്താനെത്തി. ഇതോടെ വിശ്വാസികളെ പൊടിപോലും ബാക്കിവെക്കാതെ നാമാവശേഷമാക്കി കളയണം എന്ന ദൃഢനിശ്ചയത്തോടെ അവർ ആർത്തുവന്നു. സഹനത്തിന്റെയും അടങ്ങിനിൽക്കലിന്റെയും അടക്കിനിർത്തലിന്റെയും എല്ലാ സീമകളും അത് ലംഘിച്ചിരിക്കുന്നു. ഇനി നോക്കിനിന്നാൽ സത്യം അശേഷം അവശേഷിക്കില്ല. അപ്പോൾ വന്നു അനുമതി. അതും ഒരു പാസീവ് വോയിസ് (Passive voice). "അങ്ങ് വെട്ടി ശരിയാക്കെടാ!!" എന്ന ദുരമൂത്ത ആക്രോശമൊന്നുമല്ല. "ഉദിന" - അനുമതി നൽകപ്പെട്ടിരിക്കുന്നു എന്ന്! അതായത് ഒരു അരസമ്മതം പോലെ. അതും ആർക്ക്? തുടർന്ന് തറപ്പിച്ചു പറയുന്നു: "(ഇങ്ങോട്ട് വന്ന്) യുദ്ധം ചെയ്യപ്പെട്ടവർക്ക്." പോരാഞ്ഞിട്ട് അതിനൊരു കാരണവും: "അവർ മർദ്ദിക്കപ്പെട്ടവരാണ്" എന്ന കാരണത്താൽ.
പൂർണ്ണമായി ഇങ്ങനെ വായിക്കാം:
"(ഇങ്ങോട്ട്) യുദ്ധം ചെയ്യപ്പെട്ടവര്‍ക്ക് (അങ്ങോട്ട്) യുദ്ധം ചെയ്യുവാന്‍ അനുമതി നല്കപ്പെട്ടിരിക്കുന്നു. കാരണം, അവര്‍ മര്ദ്ദിതരാണെന്നതുതന്നെ. അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുറ്റവനാണ്; തീര്‍ച്ച. സ്വന്തം വീടുകളില്‍ നിന്ന് അന്യായമായി കുടിയിറക്കപ്പെട്ടവരാണവര്. 'ഞങ്ങളുടെ നാഥന് അല്ലാഹുവാണ്' എന്നു പ്രഖ്യാപിച്ചതു മാത്രമാണ് അവരുടെ കുറ്റം. അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് പ്രതിരോധിച്ചുകൊണ്ടിരുന്നില്ലെങ്കില് മഠങ്ങളും ചര്‍ച്ചുകളും പ്രാര്‍ത്ഥനാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്ന പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. അല്ലാഹുവിനെ സഹായിക്കുന്നവരെ അവന് തുണയ്ക്കുകതന്നെ ചെയ്യും. അല്ലാഹു സര്‍വ്വശക്തനും അജയ്യനുമാണ്" (22: 39, 40).
തുടർന്നുവരുന്നു നിർദ്ദേശങ്ങൾ. യുദ്ധമാണെന്ന് കരുതി കണ്ണും കൈയ്യുമില്ലാതെ എന്തെങ്കിലും ചെയ്തേക്കരുത് കേട്ടോ. അതേസമയം യുദ്ധമാണെന്ന ഓർമയും വേണം കേട്ടോ. സമചിത്തതയുടെ, യാഥാർത്ഥ്യബോധത്തിന്റെ കൃത്യമായ നിലപാട്.
"നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. പക്ഷേ അതിക്രമം അരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച. നിങ്ങള്‍ അവരുമായി ഏറ്റുമുട്ടുന്നത് എവിടെവെച്ചായാലും അവരുമായി യുദ്ധം ചെയ്യുക. അവര്‍ നിങ്ങളെ പുറന്തള്ളിയത് എവിടെനിന്നാണോ അവിടെനിന്ന് നിങ്ങളവരെയും പുറന്തള്ളുക. ഫിത്ന (വിശ്വാസിയെ ബലാൽക്കാരമായി അവിശ്വാസിയാക്കി തീർക്കൽ) കൊലയേക്കാള്‍ ക്രൂരമത്രെ. അവര്‍ നിങ്ങളോട് പോരാടാത്തിടത്തോളം മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങള്‍ അവരോടും പോരാടരുത്. എന്നാല്‍ അവിടെവെച്ചും അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുകയാണെങ്കില്‍ നിങ്ങളും അവരോട് പോരാടുക. അതുതന്നെയാണ് അത്തരം സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം" (2: 190,191)
ഇതാ യുദ്ധം തുടങ്ങി കേട്ടോ! ഇനി കുഞ്ഞിക്കളി കളിക്കരുത്. ആകാവുന്നതിന്റെ അവസാന അറ്റം വരെ ക്ഷമിച്ചതിനു ശേഷം സാഹചര്യത്തിന്റെ സമ്മർദ്ദഫലമായി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലായില്ലേ. കുന്തവും വാളുമെടുത്ത് അങ്ങോട്ട് ചെന്നതല്ല; നാട്ടിൽ നിൽക്കക്കള്ളിയില്ലാതെ മറ്റൊരു നാട്ടിലേക്ക് പോയപ്പോൾ അവിടേക്കും ആയുധങ്ങളുമായി ഇരച്ചുവന്നതാണ്. ശരിക്കുപറഞ്ഞാൽ യുദ്ധമല്ല, പ്രതിരോധമാണ്.
നേരത്തെ ഗ്രാമീണരെ മൊത്തം കട്ടും മുടിച്ചും കൊന്നും വേദനിപ്പിച്ച രാകള്ളനെ നമ്മൾ പിടികൂടിയല്ലോ. അപ്പോൾ ഗ്രാമീണർ ഒന്നടങ്കം ആർത്തുവിളിച്ചത് "അടിക്കൂ... ഇടിക്കൂ... അവനെ കൊല്ലൂ..." എന്നല്ലേ? അവനെ കെട്ടിപ്പിടിക്കൂ.... പാല് കൊടുക്കൂ.... ചുംബിക്കൂ... എന്ന് ആരെങ്കിലും പറഞ്ഞോ? പറയുമോ? പറയാമോ? യുദ്ധം യുദ്ധമാണ്! അത് മാഞ്ഞാളമല്ല. യുദ്ധം തുടങ്ങിയാൽ ശത്രുവിന്റെ മുമ്പിൽ വിധേയനായി കിടന്നുകൊടുക്കൂ; അവൻ അവന്റെ പ്രതികാരം വീട്ടി സംതൃപ്തനാവട്ടെ; അവൻ ആവോളം നിന്നെ മർദ്ദിച്ചു കഴിഞ്ഞാൽ നീ എഴുന്നേറ്റ് അവന്റെ കാലുകൾ ഉഴിഞ്ഞുകൊടുക്കൂ - ഇങ്ങനെയാണോ യുദ്ധനിർദ്ദേശങ്ങൾ കൊടുക്കുക?
കേട്ടോ അടുത്തത്:
"നിങ്ങള്‍ യുദ്ധത്തിന് ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. അതു നിങ്ങള്‍ക്ക് അനിഷ്ടകരംതന്നെ. എന്നാല്‍ ഗുണകരമായ ഒരു കാര്യം നിങ്ങള്‍ക്ക് അരോചകമായി തോന്നിയേക്കാം. ദ്രോഹകരമായ കാര്യം ഇഷ്ടകരമായും തോന്നിയേക്കാം. അല്ലാഹു അറിയുന്നു; നിങ്ങളോ അറിയുന്നുമില്ല" (2: 216).
ഇത് യുദ്ധമുഖത്തെ വർത്തമാനമാണ്. ഖുർആനിൽ പല വിഷയങ്ങളും ചർച്ചചെയ്യുന്നുണ്ട്. ഏകദൈവവാദം, പ്രവാചകത്വം, ദിവ്യബോധനം, നിസ്കാരം, ദാനം, നോമ്പ്, ഹജ്ജ്, നീതി, വിവാഹം, വിവാഹമോചനം, പങ്കാളിത്തം, വ്യാപാരനയങ്ങൾ, യുദ്ധം, സമാധാനം, തേനീച്ച, ക്ഷമ, സഹനം, പശു, നന്ദി, മരണാനന്തരജീവിതം, സ്വർഗവും നരകവും, സൃഷ്ടി, ചിലന്തി, മാനവമഹത്വം, ഫറോവ, മാതാപിതാക്കളുടെ അവകാശങ്ങൾ, ഖാറൂൻ, ഭാര്യഭർതൃ ബന്ധം, കുട്ടികളുടെ അവകാശങ്ങൾ, മൃഗങ്ങളുടെ അവകാശങ്ങൾ, പരിസ്ഥിതി പരിപാലനം, സത്യസന്ധത, വിനയം, അറിവ്..... അങ്ങനെ അങ്ങനെ നൂറുകൂട്ടം വിവിധ വിഷയങ്ങൾ.
നമ്മൾ ഒരു പാരഗ്രാഫ് വായിക്കുമ്പോൾ അത് ഏത് അധ്യായത്തിന്റെ ഭാഗമാണെന്നും ആ അധ്യായം ഏത് പുസ്തകത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയുക എന്നുള്ളത് മിനിമം മര്യാദയിൽ പെട്ടതാണ്. കരാട്ടെയെപ്പറ്റിയോ കളരിയെപ്പറ്റിയോ എഴുതിയ ഒരു പുസ്തകത്തിലെ ഏതോ ഒരു അധ്യായത്തിലെ ഏതാനും വരികൾ എടുത്തിട്ട് പശ്ചാത്തല വിവരങ്ങൾ ഒന്നുമില്ലാതെ "ഈ ഗ്രന്ഥകാരൻ അടിയെയും ഇടിയെയും പ്രോത്സാഹിപ്പിക്കുന്നു, വെറുപ്പ് വളർത്തുന്നു, യുദ്ധത്തെയും തീവ്രവാദത്തെയും ഉദ്ദീപിപ്പിക്കുന്നു" എന്നെല്ലാം പറയുന്നത് എന്തുമാത്രം മണ്ടത്തരമാണ്!
ഒരാൾക്ക് ചുംബനത്തെപ്പറ്റി സമഗ്രമായി പഠിക്കണമെന്നുണ്ടെങ്കിൽ ചുംബനോളജിയെപ്പറ്റി വിശദമായി എഴുതിയ പുസ്തകംതന്നെ തേടിപ്പിടിക്കണം. കുങ്ഫു ജേർണലിൽ ചുംബന വിശകലനം കണ്ടെത്തുക എന്ന് പറഞ്ഞാൽ അയാൾക്ക് കുങ്ഫു പ്രകാരമുള്ള നാല് വീക്ക് കിട്ടാത്തതിന്റെ കുറവുണ്ട് എന്നാണ് അർത്ഥം. എന്നപോലെ പരിശുദ്ധ ഖുർആനിലെ വിഷയവൈവിധ്യങ്ങളെക്കുറിച്ചോ ഓരോ സൂക്തങ്ങൾക്കും പിന്നിലെ അവതരണ പശ്ചാത്തലങ്ങളെക്കുറിച്ചോ ഒന്നുമറിയാതെ / അറിയാൻ ശ്രമിക്കാതെ അനവസരങ്ങളിൽ നിന്ന് അടർത്തിയെടുത്ത് ഇസ്ലാം അശാന്തമാണെന്ന് വരുത്തുന്നത് ചിലർക്ക് എന്തുകൊണ്ടെന്നറിയില്ല; വല്ലാത്ത ഹരമാണ്.
ഒരു കാര്യം കൂടി പറഞ്ഞ് നിർത്താം. ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. രണ്ടു മതക്കാർ തമ്മിൽ എതിരാകുന്നു; അതായത് ഒരു മതത്തിലെ വിശ്വാസികളെ മറ്റേ മതവിശ്വാസി പിടിച്ചുവെക്കുന്നു, വിട്ടുകൊടുക്കുന്നില്ല. അപ്പോൾ ആ മതത്തിലെ ചില ആളുകൾ മറ്റേ മതത്തിലെ നേതാവിനെ പോയിക്കണ്ട് ആവലാതി പറയുന്നു. സ്വാഭാവികമായും തങ്ങളുടെ മതത്തിൽ ചേരാത്ത ആളുകളെ വിട്ടുകൊടുക്കാതെ പരമാവധി ഉള്ളിൽതന്നെ പിടിച്ചുവെക്കാനല്ലേ പൊതുവെ ശ്രമിക്കുക? പക്ഷേ അന്നേരം സംഭവിച്ചത് എന്താണെന്നറിയാമോ?
പ്രസ്തുത സാഹചര്യത്തെ സംബന്ധിച്ച് പുതിയൊരു സൂക്തം അവതരിക്കുന്നു. അത് പ്രത്യക്ഷത്തിൽ പറഞ്ഞാൽ അവർക്കെതിരും അവരുടെ എതിരാളികൾക്ക് അനുകൂലവുമായി മാറുന്നു. മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മിലാണീ സംഭവം ഉണ്ടായത്. മുസ്ലിമായ ഒരു വ്യക്തിയുടെ രണ്ടു മക്കൾ ക്രിസ്തുമതാനുയായികളാണ്. ഇസ്ലാം മത വിശ്വാസിയായ പിതാവിന് തന്റെ മക്കൾ രണ്ടും തന്റെ വിശ്വാസപാതയിൽ വരണമെന്ന് വല്ലാത്ത ആഗ്രഹം. പക്ഷേ മക്കൾ വഴങ്ങുന്നില്ല. പിതാവ് മക്കളെ ബന്ദിയാക്കി. "വിശ്വസിക്കാത്തയിടത്തോളം വിട്ടുതരില്ല" എന്നായി. അപ്പോഴാണ് ക്രിസ്ത്യൻ സഹോദരങ്ങൾ മുഹമ്മദ് നബിയുടെ അടുത്ത് വന്ന് ആവലാതി പറയുന്നത്. അപ്പോഴാണ് ഖുർആൻ സൂക്തം ഇറങ്ങുന്നത്: "ഈ മതത്തിൽ നിർബന്ധിക്കലില്ല. വഴിയും വഴികേടും വ്യക്തമായിരിക്കുന്നു."
അതെ, അപ്പറഞ്ഞതാണ് ശരി. ശരിയും ശരികേടും എല്ലാവർക്കും അറിയാം. പകലും രാത്രിയും എന്നപോലെ. ഇപ്പോൾ നട്ടപ്പാതിരയാണ്, കൂരാകൂരിരുട്ടാണ്; കാരണം അതാ തലയ്ക്കു മീതെ സൂര്യനുദിച്ചു നിൽക്കുന്നത് കാണുന്നില്ലേ എന്ന് ആളുകൾ പറയാൻ തുടങ്ങിയാൽ എന്ത് ചെയ്യാനാണ്...


