നിങ്ങളുടെ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയെ നിങ്ങളുടെ നാടിന്റെ പേര് ചേർത്ത് വിളിക്കുന്നുണ്ടാവാം. നിങ്ങളുടെ നാട് തുടങ്ങുന്നതും ഒടുങ്ങുന്നതും നിങ്ങളുടെ നാട്ടിൽത്തന്നെയാവാം. പക്ഷേ, ആ പുഴ ഒഴുകിവരുന്നത് കണ്ണെത്താദൂരത്തു കിടക്കുന്ന ഏതോ താഴ്വാരത്തു നിന്നാണ്. അത് ഇനിയും കാണാമറയത്തുകൂടെ ഒഴുകി കരകാണാക്കടലിലേക്ക് ലയിക്കും. അത് ഓർമ്മയുണ്ടല്ലോ. മതി, ആ ഓർമ്മയുണ്ടായാൽ മതി.
കാലപ്രവാഹത്തിലൂടെ ഒഴുകിയെത്തിയ ഒരു പുഴയുണ്ട്; ഇസ്ലാം. ചിലരെങ്കിലും വിചാരിക്കുന്നത് അത് ആറാം നൂറ്റാണ്ടിൽ ആവിർഭവിച്ചതാണെന്നാണ്. എന്നല്ല, ചിലരെങ്കിലും കടന്നു വിചാരിക്കുന്നത് / കടത്തി വിചാരിപ്പിക്കുന്നത് അത് മുഹമ്മദ് നബി ഉണ്ടാക്കിയ ഒരു 'ഇസം' (Ism) ആണെന്നാണ്. എന്നാൽ എന്താകുന്നു വാസ്തവം?
ഏതൊരു കമ്പനിയും അവരുടെ ഉൽപ്പന്നം പുറത്തിറക്കുമ്പോൾ അതിന്റെ വർക്കിംഗ് മാനുവൽ (Working Manual) പുറത്തിറക്കുക പതിവാണ്. ഭൂമിയിൽ അല്ലാഹുവിന് സൃഷ്ടിജാലങ്ങൾ എമ്പാടുമുണ്ട്. പക്ഷേ മനുഷ്യൻ എന്ന ഒരു പ്രത്യേക വിഭാഗത്തെ സൃഷ്ടിക്കാൻ പോകുന്നതേയുള്ളൂ. അവൻ എന്തായിരിക്കും, എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ട്. എങ്കിലും മാലാഖമാരോട് ഒരു കൂടിക്കാഴ്ച നടത്തി. ഫീഡ്ബാക്ക് നെഗറ്റീവ് ആയിരുന്നു. മെഷീനുകൾക്കെല്ലാം ഒരു ഡിഫോൾട്ട് സിസ്റ്റം (Default System) ഉണ്ടാകും. മനുഷ്യന്റെ ഡിഫോൾട്ട് അവസ്ഥതന്നെ അടിയും പിടിയും കൊലയും ചോരയുമൊക്കെയാണ്. "എന്തിനാണ് ആ പണ്ടാറങ്ങളെ പടച്ചുണ്ടാക്കുന്നത്?" എന്ന നിലയ്ക്കായിരുന്നു മാലാഖമാരുടെ പ്രതികരണം. "ശരി, നിങ്ങൾക്കറിയാത്ത പലതും എനിക്കറിയാം" എന്ന രൂപത്തിൽ ആ പ്രതികരണങ്ങളെ അല്ലാഹു പരിഗണിച്ചു.
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു; ആദിമ മനുഷ്യൻ ആദമിനെ. കൈ, കാല്, കണ്ണ്, മൂക്ക്, നാക്ക്, ചെവി, യൂസ്റ്റേക്കിയൻ നാളി, പ്ലീഹ, സ്നായു, ഹൈപ്പോതലാമസ്, മെഡുല ഒബ്ലോംഗേറ്റ തുടങ്ങി എല്ലാംതന്നെ ഓരോന്നിനും കൃത്യമായ ഫങ്ഷൻ (Function) നിർണ്ണയിച്ചുകൊണ്ടുതന്നെ നേരത്തെ പ്ലാൻ ചെയ്തുണ്ടാക്കി പൂർണ്ണതയിൽ പടച്ചു. അല്ലാതെ ആദ്യം ഉണ്ടായിരുന്ന പുകപോലെയുള്ള ഒരു പാറക്കല്ല് തട്ടിമുട്ടി, മുട്ടിത്തട്ടി, അങ്ങനെ ജലമുണ്ടായി, ജലജീവികളുണ്ടായി, നീന്തിക്കയറി ഉരഗങ്ങളായി, അവ കുരങ്ങുകളായി, എന്നിട്ട് കുരങ്ങ് മാറിമറിഞ്ഞ് നാടകം കളിച്ചതൊന്നുമല്ല; ഒരു പുകയോ പുകമറയോ ഇല്ലാതെ കൃത്യമായി ഡിസൈൻ ഉണ്ടാക്കി അങ്ങ് സൃഷ്ടിച്ചു. സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ ഫുൾ ഓപ്ഷനിൽ അങ്ങ് സൃഷ്ടിച്ചു എന്നുതന്നെ! അതിൽ പിന്നെ മറ്റു വർത്തമാനങ്ങൾ ഒന്നുമില്ല!!
പിന്നെ അറിവിലേക്ക് അകക്കണ്ണ് തുറന്നുകൊടുത്തു. ചരാചരങ്ങളും അണ്ഡകടാഹങ്ങൾ അഖിലവും കാണിച്ചുകൊടുത്തു. എല്ലാ സയൻസുകളും പഠിപ്പിച്ചുകൊടുത്തു. ഹവ്വാ ബീവിയെ സൃഷ്ടിച്ചു പത്നിയാക്കിക്കൊടുത്തു. അവർക്ക് മക്കളുണ്ടായി, പേരമക്കളുണ്ടായി, ഒരു സമൂഹമുണ്ടായി. ഒരു വ്യക്തി ജീവിക്കും പോലെയല്ല ഒരു സമൂഹം ജീവിക്കേണ്ടത്. വ്യക്തികൾ പലതരക്കാരായിരിക്കും; പല സ്വഭാവക്കാരും പല ചിന്തക്കാരും പല താല്പര്യക്കാരും ഒക്കെ. ഓരോരുത്തരും തോന്നിയതുപോലെ ജീവിച്ചാൽ സമൂഹം തകരും. അപ്പോൾ ജീവിതത്തിന് കൃത്യമായ ഒരു 'കോമൺ കോഡ്' (Common Code) വേണം. മനുഷ്യനെ ഉണ്ടാക്കിയ അല്ലാഹുതന്നെ ആ കോഡും അവർക്ക് നൽകി, അതാണ് ഇസ്ലാം.
അത് ആദിമ മനുഷ്യനായ ആദം നബിയുടെ കാലത്തേ ഉള്ളതാണ്. പക്ഷേ അതിന് ആദമിസം എന്ന പേരില്ല; മുഹമ്മദിസം എന്ന പേരില്ലാത്തതുപോലെ. അവർക്കിടയിൽ വന്ന പ്രമുഖരായ പ്രവാചകന്മാരുടെ പേര് ചേർത്തും അത് പറയപ്പെടില്ല. നൂഹിസം, ഇബ്രാഹിമിസം, ദാവൂദിസം, സുലൈമാനിസം, മൂസായിസം, ഈസായിസം എന്നിങ്ങനെയുള്ള യാതൊരു പേര് ചാർത്തലുകളും ഇസ്ലാമിലില്ല.
ഇസ്ലാം ഇസ്ലാമാണ്. അത് ഒരു വ്യക്തിയുമായോ ഒരു പ്രദേശവുമായോ ഒരു കാലഘട്ടവുമായോ ഒരു പ്രത്യേക സംഭവവുമായോ ബന്ധപ്പെട്ടതേയല്ല. അതിൽ നിന്ന് നിങ്ങൾക്ക് ഒരു ആൾദൈവത്തെയോ ഒരു വിശുദ്ധ ദേശത്തെയോ ഒരു ചരിത്ര സംഭവത്തെയോ ഖനനം ചെയ്തെടുക്കാൻ കഴിയുകയേയില്ല. ആ പദം പറക്കുന്ന പറവയെപ്പോലെ സ്വതന്ത്രമാണ്; സർവ്വകാലികമാണ്, സാർവ്വദേശീയമാണ്.
'സ്-ല്‍-മ്' (S-L-M) എന്ന ധാതുവിൽ നിന്നാണ് ഇസ്ലാം വരുന്നത്. ഖുർആനിൽ 140 ഇടങ്ങളിലായി അതിന്റെ വ്യത്യസ്ത വകഭേദങ്ങൾ പ്രയോഗിക്കപ്പെട്ടിരിക്കുന്നു. സലാം എന്നാൽ രക്ഷ, സമാധാനം എന്നൊക്കെയാണല്ലോ. പരസ്പരം കണ്ടുമുട്ടുമ്പോൾ 'അസ്സലാമു അലൈക്കും' എന്നല്ലേ പറയാറ്; "താങ്കളുടെ മേൽ പടച്ചവന്റെ സമാധാനവും രക്ഷയും ഉണ്ടാവട്ടെ" എന്ന പ്രാർത്ഥനാപരമായ അഭിവാദ്യമാണല്ലോ അത്.
'അസ്സലാം' എന്നത് അല്ലാഹുവിന്റെ പേര് കൂടിയാണ്. സുകൃതം ചെയ്ത് ജീവിച്ചവർ നാളെ പോകേണ്ട സ്വർഗ്ഗത്തിന്റെ പേര് 'ദാറുസ്സലാം' എന്നാണ്. ഏഴ് വ്യത്യസ്ത അർത്ഥങ്ങളിൽ അസ്സലാം എന്ന പദം ഖുർആൻ പ്രയോഗിച്ചിരിക്കുന്നു. ഇസ്ലാമിന് പകരമായിത്തന്നെ അസ്സലാം എന്ന് ഉപയോഗിച്ചിട്ടുണ്ട്; 'സുബുലുസ്സലാം' എന്ന്. ഇസ്ലാമിന് 'അസ്സിൽമ്' എന്ന പ്രയോഗവും വന്നിട്ടുണ്ട്. സിൽമും സലാമും അസ്സലാമും ഇസ്ലാമും എല്ലാം ശാന്തി, സമാധാനം, നന്മ, രക്ഷ, മോക്ഷം എന്നിവയുമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്നതാണ്.
ഇടങ്ങേറുപിടിച്ച ഇടത്തുനിന്ന് വിടുതൽ ചോദിക്കാൻ നാം ഉപയോഗിക്കുന്നത് സലാം എന്നാണ്. "ഇതാ നമ്മളിങ്ങു പോയി; സലാമുണ്ടേ!" എന്ന് പറയാറുള്ളത് ഓർത്തു നോക്കൂ. വിഡ്ഢികൾ അവരോട് സംവദിക്കാൻ വന്നാൽ അവർ പറയും 'സലാം' എന്ന് അൽഫുർഖാൻ 63-ൽ ഉണ്ട്. ലാൽ സലാമിലുമുണ്ട് സലാം, ഹി!
'അസ്ലമ' എന്ന അറബി പദത്തിന്റെ അർത്ഥം വിധേയനായി, കീഴ്പ്പെട്ടു, സമർപ്പിച്ചു എന്നൊക്കെയാണ്. ആർക്കാണ് വിധേയനായത്? ഓർത്തുനോക്കൂ, ആർക്കായിരിക്കും സമർപ്പിക്കുക? "വേണ്ട കേട്ടോ, ആ ചങ്ങാതിമാരെ ഉണ്ടാക്കേണ്ട" എന്ന് മലക്കുകൾ ഒന്നടങ്കം പ്രതികരിച്ചപ്പോൾ, അത് കേൾക്കാതെ "എനിക്ക് നിങ്ങൾക്കറിയാത്തത് പലതും അറിയാം" എന്ന് പ്രതിരോധിച്ച് കാരുണ്യത്തോടെ മനുഷ്യനെ ഉണ്ടാക്കിയത് ആരോ, അയാൾക്കുതന്നെയായിരിക്കണമല്ലോ ആ സമർപ്പണം. അതാണ് പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു.
എന്താണ് സമർപ്പിക്കേണ്ടത്? "എന്നെ സൃഷ്ടിച്ചവനല്ലേ, ജീവിച്ചു പൊയ്ക്കോട്ടെ, പാവമല്ലേ" എന്ന് കരുതി എപ്പോഴെങ്കിലുമുള്ള ആചാരമായ ഒരു തലകുനിക്കലോ കുനിഞ്ഞുനിവരലോ സല്യൂട്ടോ കൈ പൊക്കലോ ഒന്നുമല്ല. മറിച്ച് എല്ലാമാണ്. സർവ്വവും സർവ്വനേരത്തും അവനായി സമർപ്പിക്കുക. അങ്ങനെ പിടിച്ചുവെക്കലും കരുതിവെപ്പുമില്ലാതെ സകലം സ്രഷ്ടാവായ അല്ലാഹുവിന് സമർപ്പിക്കുന്നതിനെയാണ് ഇസ്ലാം എന്ന് പറയുന്നത്. അങ്ങനെ സമർപ്പിച്ചവരെല്ലാം മുസ്ലിമുമാണ്. അങ്ങനെ വരുമ്പോൾ മുസ്ലിം എന്ന പദം മുഹമ്മദ് നബിയുടെ ഉമ്മത്തുമായി മാത്രം ബന്ധപ്പെട്ടതല്ലെന്ന് മനസ്സിലാവും. മുൻകാല പ്രവാചകന്മാരെ പരാമർശിക്കുന്ന പലയിടത്തും ആ പദം ഉപയോഗിച്ചത് കാണാം.
നൂഹ് നബിയെ പരാമർശിക്കുന്നിടത്ത് സൂറത്ത് യൂനുസിൽ ഇങ്ങനെ പറയുന്നു:
"ഇനി നിങ്ങള്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിച്ചിട്ടില്ല. എനിക്ക് പ്രതിഫലം തരേണ്ടത് അല്ലാഹു മാത്രമാകുന്നു. (അല്ലാഹുവിന്) കീഴ്പെടുന്നവരുടെ (മുസ്ലിംകളുടെ) കൂട്ടത്തില്‍ ആയിരിക്കാനാണ് എന്നോട് കല്പിക്കപ്പെട്ടിട്ടുള്ളത്." - (സൂറത്ത് യൂനുസ്: 72)
സൂറത്ത് യൂനുസിൽത്തന്നെ മൂസാ നബിയെ പറയുന്നിടം ഇങ്ങനെയാണ് കാണുക:
"മൂസാ പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവന്റെ മേല്‍ നിങ്ങള്‍ ഭരമേല്പിക്കുക - നിങ്ങള്‍ അവന് കീഴ്പെട്ടവരാണെങ്കില്‍ (മുസ്ലിമീങ്ങൾ ആണെങ്കിൽ)."
ഇബ്രാഹിം നബിയെപ്പറ്റി പറയവേ സൂറത്തുൽ ബഖറയിൽ ഖുർആൻ പ്രയോഗിക്കുന്നത് ഇങ്ങനെയാണ്:
"സ്വന്തം ആത്മാവിനെ വിഡ്ഢിയാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിൻ്റെ മാര്‍ഗ്ഗത്തോട് പുറം തിരിഞ്ഞു നിൽക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി ത തിരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും. നീ സമർപ്പിക്കുക (മുസ്ലിമാകുക) എന്ന് അദ്ദേഹത്തിൻ്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ 'സര്‍വ്വലോകരക്ഷിതാവിന്ന് ഞാനിതാ കീഴ്പെട്ടിരിക്കുന്നു (മുസ്ലിം ആയിരിക്കുന്നു)' എന്ന് അദ്ദേഹം പറഞ്ഞു." (2: 130, 131)
ഈസാ നബിയുടെ സഖാക്കളെ പറ്റിയുള്ള പരാമർശത്തിൽ ഖുർആൻ പറയുന്നത് കാണുക:
"നിങ്ങള്‍ എന്നിലും എന്റെ ദൂതനിലും വിശ്വസിക്കൂ എന്ന് ഞാന്‍ ഹവാരിയ്യുകള്‍ക്ക് ബോധനം നല്കിയ വേള. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകളാണെന്നതിന് നീ സാക്ഷ്യം വഹിച്ചുകൊള്ളുക." (അൽ മാഇദ: 111)
'അന്നംല്' (ഉറുമ്പ്) എന്ന അധ്യായത്തിൽ സുലൈമാൻ നബിയോട് സബഇലെ രാജ്ഞി പറയുന്നതായി കാണാം:
"അങ്ങനെ അവള് വന്നപ്പോള്‍ ചോദിക്കപ്പെട്ടു: താങ്കളുടെ സിംഹാസനം ഇതുപോലെയാണോ? അവള് പറഞ്ഞു: ഇത് അതുതന്നെയാണെന്ന് തോന്നുന്നു. ഇതിനു മുമ്പ് തന്നെ ഞങ്ങള്‍ക്ക് വിവരം കിട്ടിയിരുന്നു. ഞങ്ങള്‍ മുസ്ലിംകളാകുകയും ചെയ്തിരുന്നു. കൊട്ടാരത്തില്‍ പ്രവേശിച്ചുകൊള്ളുക എന്ന് അവളോട് ഉരയപ്പെട്ടു. എന്നാല്‍ അവളതു കണ്ടപ്പോള്‍ അതൊരു തടാകമാണെന്ന് വിചാരിച്ചു, തന്റെ കണങ്കാലുകളില്‍ നിന്ന് വസ്ത്രം മേലോട്ട് നീക്കി. സുലൈമാന്‍ പറഞ്ഞു: ഇത് സ്ഫടികപാളികൾ പാകിമിനുക്കിയ ഒരു ഹർമ്യമാകുന്നു. അവള് പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് മുസ്ലിമായിരിക്കുന്നു." (അന്നംല്: 42, 44)
ഇതുകൂടാതെ മുൻകാല പ്രവാചകന്മാരെ ഒന്നിച്ച് പരാമർശിക്കുന്നിടത്തും മുസ്ലിം പ്രയോഗം വ്യക്തമായി കാണാം:
"പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും, ഇബ്രാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍ എന്നിവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും, മൂസായ്ക്കും ഈസായ്ക്കും മറ്റു പ്രവാചകന്മാര്ക്കും തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് കീഴ്പെട്ടവരാകുന്നു (മുസ്ലിമീങ്ങൾ)." (3: 84)
അപ്പോൾ മുഹമ്മദ് നബിക്ക് മുമ്പുള്ള മുൻകാല പ്രവാചകന്മാരും അവരുടെ സമൂഹങ്ങളും ഇസ്ലാമായിരുന്നു എന്ന് മനസ്സിലാവുന്നു. എന്നാൽ ഓരോന്നും വേറെ വേറെ ഇസ്ലാമായിരുന്നോ? ഖുർആൻ പറയുന്നു:
"നൂഹിനോട് കല്പിച്ചതും നിനക്ക് നാം ബോധനം നല്കിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്പിച്ചതുമായ കാര്യം - നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക എന്നകാര്യം - അവന് നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ ഏതൊരു കാര്യത്തിലേക്ക് ക്ഷണിക്കുന്നുവോ അത് അവര്‍ക്ക് വലിയ ഭാരമായി തോന്നിയിരിക്കുന്നു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു തന്റെ അടുക്കലേക്ക് തിരഞ്ഞെടുക്കുന്നു. താഴ്മയോടെ മടങ്ങുന്നവരെ അവങ്കലേക്കുള്ള മാര്‍ഗ്ഗത്തില്‍ നയിക്കുകയും ചെയ്യുന്നു." (42: 13)
"അല്ലാഹുവിന് പുറമെ ഈ ഖുര്‍ആന്‍ കൽപിച്ച് ഉണ്ടാക്കാവതല്ല. പ്രത്യുത അതിന്റെ മുമ്പുള്ള ദിവ്യസന്ദേശത്തെ സത്യപ്പെടുത്തുന്നതും, ദൈവികപ്രമാണത്തിന്റെ വിശദീകരണവുമത്രെ അത്. അതില്‍ യാതൊരു സംശയവുമില്ല. ലോകരക്ഷിതാവിങ്കല്‍ നിന്നുള്ളതാണത്." (10: 37)
അപ്പോൾ അടിസ്ഥാനപരമായ ഒരു ആശയധാരയുടെ തുടർച്ചയാണെന്ന് വ്യക്തം. ഇസ്ലാം മുഹമ്മദ് നബി കെട്ടിപ്പടച്ചുണ്ടാക്കിയതാണെന്ന ധാരണയിൽ കാര്യമില്ല. പറയാൻ ഏറ്റവും നല്ലത് ഇസ്ലാം തുടങ്ങിയത് മുഹമ്മദ് നബിയിൽ നിന്ന് എന്നല്ല, ഇസ്ലാം പരിപൂർണ്ണമാകുന്നത് നബിയോട് കൂടെയാണ് എന്നാണ്. പ്രവാചക പരമ്പരയുടെ സമാപ്തിമുദ്ര മുഹമ്മദ് നബിയിൽ പതിയുന്നു.
"മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില് ഒരാളുടെയും പിതാവല്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില് അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു." (33: 40)


