പുഴ കീഴ്പ്പോട്ടാണ് എപ്പോഴും ഒഴുകുക. "ഒഴുകടീ മുകളിലോട്ട്" എന്ന് പറഞ്ഞ് പുഴയെ നമുക്ക് പേടിപ്പിക്കാം. എത്ര ഭീഷണിപ്പെടുത്തിയാലും പുഴ മുകളിലോട്ട് ഒഴുകുകയേയില്ല. വേണമെങ്കിൽ നമുക്ക് "നീ അങ്ങനെ ഒഴുകി ഞെളിയേണ്ട" എന്ന് പറഞ്ഞ് അണകെട്ടി നിർത്താം. എന്നാൽ ചില വമ്പൻ ഉദ്യാനങ്ങളിൽ വെള്ളം മുകളിലേക്ക് ചുറ്റിച്ചുഴഞ്ഞ് കയറുന്നത് കാണാറുണ്ടല്ലോ? അത് ഒഴുകുന്നതല്ല; അടിച്ചു കയറ്റുന്നതാണ്. കൂറ്റൻ യന്ത്രത്തിന്റെ സമ്മർദ്ദത്തിൽ തള്ളിക്കയറ്റുന്നത്.
മനുഷ്യരുടെ മനസ്സ് പുഴവെള്ളം പോലെയാണ്. അതിന് ഒരു ഒഴുക്കുണ്ട്. പുഴയുടെ ഒഴുക്ക് എപ്പോഴും താഴോട്ടാണെങ്കിൽ മനുഷ്യമനസ്സിന്റെ ഒഴുക്ക് പലതലങ്ങളിലേക്കായിരിക്കും. മനസ്സ് പുഴപോലെയാണെന്ന് പറയുമ്പോൾ ശരീരം അങ്ങനെയല്ല എന്നൊരർത്ഥം നമ്മൾ അതിൽനിന്ന് പിടിച്ചെടുക്കേണ്ടതുണ്ട്. നമ്മുടെ കൈകാലുകൾ വേറൊരാൾക്ക് തിരിക്കുകയും മറിക്കുകയും വലിക്കുകയും പൊട്ടിക്കുകയും ഒക്കെ ചെയ്യാം - വേണമെങ്കിൽ. പക്ഷേ മനസ്സിനെ തൊടാൻ കിട്ടില്ല. അത് ഉള്ളിന്റെയുള്ളിൽ വളരെ സുരക്ഷിതമാണ്. അത് അതിനിഷ്ടമുള്ളിടത്തേക്ക് മാത്രമേ ഒഴുകൂ.
വിശ്വാസം എന്ന് പറയുന്നത് മനസ്സുമായി ബന്ധപ്പെട്ടതാണ്. ഇസ്ലാമിക വിശ്വാസകാണ്ഡപ്രകാരം ഒരാൾ ഇസ്ലാമിൽ പ്രവേശിക്കണമെങ്കിൽ അയാൾ ഒരു കാര്യം മനസ്സുകൊണ്ട് ദൃഢമായി വിശ്വസിക്കണം. ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റൊന്നുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ തിരുദൂതനാണെന്നതുമാണ് ആ കാര്യം. തന്റെ ബോധ്യപ്പുറത്ത് ഹൃദയം കൊണ്ട് ഉറച്ചുതന്നെ വേണം വിശ്വസിക്കാൻ.
കുടുങ്ങി! മേൽ പ്രസ്താവന വായകൊണ്ട് പറയണം എന്നല്ല. അങ്ങനെ ആയിരുന്നെങ്കിൽ ഒരാൾക്ക് വേണമെങ്കിൽ മറ്റൊരാളെ ഇരുട്ടടി അടിച്ച് ബലാൽക്കാരമായി പറയിപ്പിക്കാമായിരുന്നു. യന്ത്രസമ്മർദ്ദം കൊണ്ട് വെള്ളത്തെ മുകളിലോട്ട് തള്ളിക്കയറ്റിയത് പോലെ ബാഹ്യസമ്മർദ്ദം ഉപയോഗിച്ച് വിശ്വാസത്തെ ഉള്ളിലേക്ക് ഇടിച്ചു കയറ്റാമായിരുന്നു. ഇതിനതു പറ്റില്ല. മനസ്സിലില്ലാതെ വായകൊണ്ടു പറഞ്ഞതുകൊണ്ട് കാര്യമില്ല.
പ്രത്യേകം ഓർക്കേണ്ടത്, അതിപ്രധാനമായ ഈയൊരു സ്റ്റാറ്റ്യൂട്ട് രാജ്യത്തെ ഭരണകൂടമോ പോപ്പുലേഷൻ അതോറിറ്റിയോ കാനേഷുമാരി ഡിപ്പാർട്ട്മെന്റോ ഒന്നും വെച്ചതല്ല. ഏതു മതത്തിലേക്കാണോ വരേണ്ടത്, ആ മതത്തിന്റെ തന്നെ ഫണ്ടമെന്റൽ പ്രിൻസിപ്പിൾ (Fundamental Principle) ആണത്. അപ്പറഞ്ഞതിനെക്കുറിച്ച് നിങ്ങൾ ആഴത്തിൽ ആലോചിച്ചുവോ? തിരഞ്ഞെടുപ്പ് സമയത്ത് ഒരു രാഷ്ട്രീയ പാർട്ടി പറയുകയാണ്: "നിങ്ങൾ വിരൽകൊണ്ട് കുത്തി വോട്ട് ചെയ്താലൊന്നും പോരാ, ഞങ്ങളുടെ പാർട്ടിയെ മനസ്സുകൊണ്ട് വിശ്വസിച്ച് ഉൾക്കൊണ്ടതിന് ശേഷം മാത്രം വോട്ട് ചെയ്താൽ മതി, അല്ലാത്തവ വോട്ടായി പരിഗണിക്കുകയില്ല; അങ്ങനെയുള്ള വോട്ടൊട്ട് ഞങ്ങൾക്ക് വേണ്ടതാനും." എന്തു സംഭവിക്കും?
ഇസ്ലാം അല്ലാഹുവിന്റെ മതമാണ്. അല്ലാഹുവിന് അവന്റേതായ നടപ്പുരീതികളും നിലപാടുകളുമുണ്ട്. അവൻ കാരണങ്ങളിലൂടെ കാര്യങ്ങൾ നിർവഹിക്കുന്നവനാണ് - മുസബ്ബിബുൽ അസ്ബാബ്! ഒന്നിലും നേരിട്ട് കയറി ഇടപെട്ട് ചെയ്യുന്നവനോ ചെയ്യിക്കുന്നവനോ അല്ല. ഓരോന്നിനും അതിന്റേതായ ഓരോ വ്യവസ്ഥകളും സംവിധാനങ്ങളും ഉണ്ടാക്കി വെച്ചിട്ടുണ്ട്. ആ മുറക്ക് കാര്യങ്ങൾ നടക്കും. അതിന്റെ ഗുണവും ദോഷവും ബന്ധപ്പെട്ടവർ അഭിമുഖീകരിക്കേണ്ടി വരും.
ഒരാൾ കള്ളുകുടിക്കുമ്പോൾ "കള്ളുകുടിച്ചാൽ നീ നരകത്തിൽ പോകില്ലേ" എന്ന് പറഞ്ഞുകൊണ്ട് അല്ലാഹു അവന്റെ കയ്യിൽ നിന്നും ചഷകം തട്ടിപ്പറിച്ച് ദൂരെ എറിയില്ല. പള്ളിയിലേക്ക് ഒരു ചാവേർ കടന്നുവന്ന് പൊട്ടിത്തെറിച്ച് നൂറുകണക്കിന് ആളുകൾ മരിക്കുമ്പോൾ "അയ്യോ എന്നോട് പ്രാർത്ഥിക്കാൻ വന്നവരല്ലേ മരിക്കാൻ പോകുന്നത്, ഇതെന്താ കഥ" എന്നും പറഞ്ഞ് ആ ചാവേറിനെ പിടിച്ച് നിർവീര്യമാക്കി തലക്കടിച്ചു കൊല്ലില്ല. യുദ്ധം നടക്കാനിരിക്കുമ്പോൾ എത്രയെങ്ങാനും കുട്ടികളും സ്ത്രീകളും നിരപരാധികളുമാണ് മരിക്കുക എന്ന് കരുതി ശത്രുവിന്റെ കയ്യിൽ നിന്ന് ആയുധം വാങ്ങി വലിച്ചെറിയില്ല, ബോംബർ വിമാനങ്ങളെ ചുട്ടുപൊട്ടിക്കില്ല, ഉറങ്ങുന്നവനെ തട്ടിവിളിച്ച് "നിസ്കാരം ഇപ്പോൾ മിസ്സാവും വേഗം നിസ്കരിച്ചാട്ടെ" എന്ന് പറയില്ല.
അല്ലാഹു അവനെ ആരാധിക്കുവാൻ ഒരു വിശ്വാസപ്രമാണം ജനങ്ങൾക്ക് കൊടുത്തതിൽ പിന്നെ അവരെല്ലാവരും അത് വഹിപ്പാനും വിശ്വസിപ്പാനും ആയിട്ട് സകലരേയും അതിലേക്ക് നിർബന്ധിച്ചു വഴി ചേർക്കുകയില്ല. ചില എക്സെപ്ഷനുകൾ പറയാനുണ്ട്. എക്സെപ്ഷനുകൾ പിന്നെ എക്സെപ്ഷനുകൾ തന്നെയല്ലേ. അതുണ്ടോ ആരെങ്കിലും പൊതു ചർച്ചയിലേക്ക് വലിച്ചിടുന്നു? കാര്യങ്ങളെല്ലാം എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിൽ പറയുകയും വിശദീകരിക്കുകയും ചെയ്യും. ഇഷ്ടമുള്ളവർ ഉൾക്കൊള്ളുക, ഇഷ്ടമില്ലാത്തവർ തള്ളിക്കളയുക.
മനുഷ്യന്റെ വിശ്വാസവുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ വളരെ കൃത്യമായ ഈ നിലപാട് പലപ്പോഴായി പല പ്രസ്താവനകളിലൂടെ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അശേഷം മുൻവിധിയില്ലാതെ ആ വരികളിലൂടെ നമ്മൾ കടന്നുപോകേണ്ടതുണ്ട്.
"പറയുക: സത്യം നിങ്ങളുടെ പടച്ചവനിൽ നിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ." (18:29)
“എന്നാൽ ദൈവദൂതന്മാരുടെ മേൽ സുതാര്യമായ ആശയദാനമല്ലാതെ വല്ല ഉത്തരവാദിത്വവുമുണ്ടോ?” (16:36)
“ഇനി അവർ തിരിഞ്ഞുകളയുകയാണെങ്കിൽ അങ്ങയെ നാം അവരുടെ മേൽ കസ്റ്റോഡിയനായി അയച്ചിട്ടില്ല. പറഞ്ഞു കൊടുക്കേണ്ട ബാധ്യത മാത്രമേ അങ്ങേയ്ക്കുള്ളൂ.” (വി.ഖു 42:48)
എന്നുവെച്ചാൽ, ജനങ്ങൾ ഓരോരുത്തരും അവരവരുടെ ചൂഴ്ന്ന ബുദ്ധികൊണ്ട് എല്ലാം കണ്ടെത്തിക്കൊള്ളണം എന്ന നിരുപാധിക വാശിയല്ല അല്ലാഹുവിനുള്ളതെന്ന് വ്യക്തം. മറിച്ച് ജനങ്ങളിലേക്ക് അവരുടെ ഭാഷയിൽ ആശയവിനിമയം നടത്തുന്ന പരിശുദ്ധ പ്രവാചകൻമാരെ നിയോഗിച്ചിട്ടുണ്ട്. അവർ ജനതയ്ക്ക് കാര്യങ്ങൾ പച്ചവെള്ളം പോലെ പറഞ്ഞുകൊടുക്കും. മാതൃകാപരമായി ജീവിച്ചു കാണിച്ചുകൊടുക്കുകയും ചെയ്യും.
കേട്ടിട്ടും കണ്ടിട്ടും അറിഞ്ഞിട്ടും മനസ്സിലാക്കിയിട്ടും വിശ്വസിക്കാത്ത കൂട്ടരെ കുനിച്ചുനിർത്തി മതത്തിലേക്ക് തല അടിച്ചു തറപ്പിക്കുന്ന രീതി അല്ലാഹുവിനില്ല എന്നുള്ളതുപോലെ അവൻ നിയോഗിച്ച പ്രവാചകൻമാർക്കുമില്ല. തന്റെ ക്ലാസിലെ എല്ലാ കുട്ടികളും നല്ല മികവോടെ പാസാവണം എന്ന് കരുതുന്ന അധ്യാപകർ പരമാവധി അവരിൽ അഭിപ്രേരണയും പഠനസമ്മർദ്ദവും സന്നിവേശിപ്പിക്കും പോലെ, പ്രവാചകന്മാരും തങ്ങളുടെ ദൗത്യനിർവഹണത്തിൽ എക്സലൻസ് തെളിയിക്കാൻ ശ്രമിക്കുക സ്വാഭാവികം. എന്നാൽ അല്ലാഹു അവിടെ ഒരു അതിർവരമ്പ് കൃത്യമായി വരച്ചു വെച്ചിരിക്കുന്നു. വിവരങ്ങൾ വൃത്തിയിൽ വിനിമയം ചെയ്യുക എന്നതിനപ്പുറത്തേക്ക് ഒരു സമ്മർദ്ദത്തിന്റെയോ അധികാരപ്രയോഗത്തിന്റെയോ തലത്തിലേക്ക് ഒരു കുറിപോലും കടന്നുപോകരുത് എന്ന് അല്ലാഹു പലപ്പോഴായി ഉണർത്തുന്നുണ്ട്. നിങ്ങൾ വായിക്കേണ്ടത് തന്നെയാണ് ആ പ്രസ്താവനകൾ:
“അതിനാൽ താങ്കൾ ഉൽബോധിപ്പിക്കുക. അങ്ങ് ഒരു ഉൽബോധകൻ മാത്രമാകുന്നു. താങ്കൾ അവരുടെ മേൽ അധികാരം ചെലുത്തേണ്ടവനല്ല.” (88:21,22)
"അല്ലാഹു വിചാരിച്ചിരുന്നെങ്കിൽ ഭൂമിയിലെ മുഴുവനാളുകളും ഒന്നൊഴിയാതെ വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങൾ സത്യവിശ്വാസികളാകുവാൻ അങ്ങ് അവരെ നിർബന്ധിക്കുകയോ?" (യൂനുസ്: 99)
കാര്യങ്ങൾ പറഞ്ഞുകൊടുത്താൽ മതി, അമിതമായിട്ടൊന്നും ചെയ്യേണ്ട എന്ന് ധ്വനി. ചിലപ്പോൾ പ്രബോധിത സമൂഹത്തിന്റെ വരട്ടുകളി കാണുമ്പോൾ പ്രവാചകന്മാർക്ക് വേദനയുണ്ടാവും. അപ്പോൾ ആശ്വാസവചനമായി ഖുർആൻ വാക്യങ്ങൾ അവതരിക്കും:
“അതിനാൽ ഈ സന്ദേശത്തിൽ അവർ വിശ്വസിച്ചില്ലെങ്കിൽ അവർ പിന്തിരിഞ്ഞു പോയതിനെത്തുടർന്ന് ദുഃഖത്താൽ അങ്ങ് സ്വയം ഇല്ലാണ്ടായി പോയേക്കാം.” (അൽ കഹ്ഫ്)
ഇതൊന്നും ഒരു പുതിയ സംഭവമല്ലെന്നും മുൻകാല പ്രവാചകൻമാർക്കും ഇതൊക്കെ സംഭവിച്ചിട്ടുണ്ടെന്നും ഖുർആൻ സൂചിപ്പിക്കുന്നു. പ്രവാചകന് ആശ്വാസമായി നൂഹ് നബിയുടെ കഥ പറയുന്നുണ്ട്. 950 വർഷക്കാലം രാപ്പകൽ ജനങ്ങളെ സത്യപാതയിലേക്ക് വിളിച്ചിട്ടും വളരെ കുറച്ചു പേർ മാത്രമേ വന്നുള്ളൂ. ഇങ്ങോട്ട് വിളിക്കുംതോറും അങ്ങോട്ട് നടക്കുന്ന സ്വഭാവമായിരുന്നു അവരുടേത്. ആ ജനതയെ പടച്ച, അവർക്ക് വേണ്ട മനസ്സും മസ്തിഷ്കവും തീറ്റയും കുടിയും വായുവും വസ്ത്രവും എല്ലാം പടച്ച അല്ലാഹുവിന് ഈ സന്ദേശം സ്വീകരിക്കാൻ പാകത്തിലുള്ള ഒരു മാനസികാവസ്ഥ കൂടി സെറ്റ് ചെയ്തു കൂടായിരുന്നില്ലേ? എന്നിട്ട് ലോകരെയാകെ വിശ്വാസികൾ ആക്കിക്കൂടായിരുന്നോ?
അപ്പോൾ കാര്യങ്ങൾ കിടക്കുന്നത് അവിടെയൊന്നുമല്ല. നമ്മൾ ചിന്തിക്കുന്നതിന്റെ അപ്പുറത്തേക്ക് പലതും പടർന്നു കിടക്കുന്നുണ്ട്. ഫറോവയെ പടച്ചതും അല്ലാഹുവാണ്. അയാളുടെ മനസ്സും ചിന്തയും കാഴ്ചപ്പാടും എല്ലാം സെറ്റ് ചെയ്തതും അല്ലാഹുവാണ്. അവന് രാജധാനിയും കോട്ടയും കൊട്ടാരവും പട്ടാളവും എല്ലാം നൽകിയത് അവൻ തന്നെ. അവന്റെ മനസ്സിലേക്ക് ഒരിക്കലും നേർപ്പാതയുടെ പൊൻവെളിച്ചം കടക്കുകയില്ലെന്ന് അല്ലാഹുവിന് അറിയാം. എന്നിട്ടും ആ ചക്രവർത്തിയുടെ സന്നിധിയിലേക്ക് ഹസ്രത്ത് മൂസാ നബിയെയും ഹസ്രത്ത് ഹാറൂൻ നബിയെയും അല്ലാഹു അയക്കുന്നുണ്ട് - വാക്ക് കേൾക്കുമോ മനസ്സിന് മാറ്റം വരുമോ എന്നറിയാമല്ലോ എന്ന് പറഞ്ഞുകൊണ്ട് തന്നെ.
ചില ആളുകൾക്ക് തെളിവ് കിട്ടാഞ്ഞിട്ടൊന്നുമല്ല, ബോധ്യമാവാഞ്ഞിട്ടുമല്ല; മറ്റു ചില തടസ്സങ്ങളാണ്. സിഗരറ്റ് വലിച്ചാൽ കരൾ തകരും എന്ന് അത് വലിച്ചൂതുന്ന ആർക്കാണ് അറിയാത്തത്? മറ്റു ചിലർക്ക് ഉള്ളിൽ ഹുങ്കാണ്. നബിയോട് അല്ലാഹു പറയുന്നുണ്ട് അവർക്ക് എന്തുതന്നെ പ്രമാണം കൊടുത്താലും അവർ വരില്ലെന്ന്:
“അവർ പിന്തിരിഞ്ഞു കളയുന്നത് അങ്ങയ്ക്ക് ദുസ്സഹമായി തോന്നുന്നെങ്കിൽ ഭൂമിയിൽ ഒരു തുരങ്കമോ, ആകാശത്ത് ഒരു കോണിയോ തേടിപ്പിടിച്ചിട്ട് അവർക്കൊരു ദൃഷ്ടാന്തം കൊണ്ടുവന്നു കൊടുക്കാൻ അങ്ങയ്ക്ക് കഴിയുന്ന പക്ഷം (അതങ്ങ് ചെയ്തേക്കുക). അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവരെയൊക്കെ അവൻ സന്മാർഗത്തിൽ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യുമായിരുന്നു.” (അൻആം: 35)
ചുരുക്കത്തിൽ, ആരൊക്കെയോ അറിവില്ലാതെ ചിന്തിച്ചത് പോലെ ഇത് കണ്ടമാനം ആളുകളെ എങ്ങനെയെങ്കിലും വലിച്ചു കയറ്റുന്ന, അങ്ങനെ ജനബാഹുല്യത്തിൽ ദുരഭിമാനം കണ്ടെത്തുന്ന ഒരു കാനേഷുമാരി മനുഷ്യശാലയല്ല. വിശ്വസിക്കൽ എന്ന് പറയുന്നത് മനസ്സിന്റെ പ്രകൃതിപരമായ മൗലികതയോട് ചേർന്നുനിൽക്കുന്നതാണ്. പുഴയുടെ കീഴ്പ്പോട്ടുള്ള ഒഴുക്ക് പോലെ. ആകയാൽ ഖുർആനിൽ നിന്ന് നമുക്കിങ്ങനെ ചുരുക്കി വായിക്കാം:
“ആകയാൽ നേരെ നിലകൊള്ളുന്നവനായിട്ട് അങ്ങ് അങ്ങയെ മതത്തിലേക്ക് അഭിമുഖീകരിച്ചു നിർത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ അചഞ്ചലമായ മതം. പക്ഷെ മനുഷ്യരിൽ അധിക പേരും മനസ്സിലാക്കുന്നില്ല.”
അവസാനമായി നമുക്കാ പരസ്യപ്രസ്താവന അങ്ങ് നടത്തിക്കളയാം: “ഈ മതത്തിൽ ബലപ്രയോഗമില്ല. സന്മാർഗം ദുർമാർഗത്തിൽ നിന്ന് വ്യക്തമായി വേർതിരിഞ്ഞു കഴിഞ്ഞിരിക്കുന്നു.”


