മനുഷ്യനു വേണ്ടിയുള്ള കർമരേഖയാണല്ലോ മതം. അപ്പോൾ മതം ഒരു കഥയാവരുത്; കേട്ടുകേൾവി ആവരുത്. ഐതിഹ്യമോ പുരാണമോ ആവരുത്. ചട്ടങ്ങളും ആചാരങ്ങളും മാത്രമാവരുത്. പുലർന്നതു മുതൽ പുലരുവോളമുള്ള സകല സംഗതികളിലും, ജനിച്ചതു മുതൽ മരിച്ചുകഴിഞ്ഞ ശേഷമുള്ള കാര്യങ്ങൾ വരെയും വിശദമായി വിവരിക്കുമ്പോഴല്ലേ മതം അർത്ഥവത്താകുന്നത്?
പുതിയൊരു ഉപകരണം പരിചയപ്പെടുത്താൻ അതിന്റെ മാന്വലുമായി വന്ന വിദഗ്ധനോട് ആളുകൾ ഓരോരോ ചോദ്യം ചോദിക്കുന്നു: അതെന്തിനാ? ഇതെന്തിനാ? അതെങ്ങനെ ചെയ്യും? ഇതെങ്ങനെ പ്രവർത്തിപ്പിക്കും? ഈ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ കഴിയാത്ത ആൾ അല്ലെങ്കിൽ ആ മാന്വൽ അപൂർണമല്ലേ?
ഇവിടെ നമ്മൾ നിഷ്പക്ഷബുദ്ധ്യാ പഠിച്ചു നോക്കുക. മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹികവും വൈവാഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും സാംസ്കാരികവും രാഷ്ട്രീയവും ആത്മീയപരവും മറ്റുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന മാർഗരേഖയുള്ള മതം ഏതാണ്?
നാട്ടിൽ നടമാടുന്ന മദ്യപാനം, ലഹരിഭോഗം, പലിശ, വ്യഭിചാരം, തട്ടിപ്പ്, അക്രമം, ക്രൂരത, കളവ്, കള്ളം, കൊള്ള, കൊല, ചതി, വഞ്ചന, പരിഹാസം, ഏഷണി, ദൂഷണം, ഭീഷണി തുടങ്ങിയ സാമൂഹിക തിന്മകൾ ഓരോന്നും മുന്നിലെടുത്ത് അവ ഓരോന്നിനെപ്പറ്റിയും നിലവിലെ മതങ്ങൾ ആധികാരികമായി എന്തു പറയുന്നു എന്ന് ഓപ്പണായി പഠിച്ചു നോക്ക്! അതേപോലെ സമൂഹത്തിൽ വിളഞ്ഞുനിൽക്കുന്ന സത്യസന്ധത, അനുകമ്പ, സഹാനുഭൂതി, ഉദാരത, ദയ, ബഹുമാനം, കർത്തവ്യബോധം, ക്ഷമ, കൃതജ്ഞത, വിനയം, അച്ചടക്കം, കഠിനാധ്വാനം, ശുഭാപ്തിവിശ്വാസം, ലാളിത്യം, വിശ്വാസ്യത, സഹകരണം, സ്നേഹം, വാത്സല്യം തുടങ്ങിയ ഗുണപരമായ കാര്യങ്ങൾ ഓരോന്നിനെക്കുറിച്ചും മതങ്ങൾ എങ്ങനെ, എന്തു പറയുന്നു എന്ന് സൂക്ഷ്മമായി പഠിക്കാൻ ശ്രമിച്ചുനോക്കൂ.
മതമെന്നു പറയുമ്പോൾ എവിടെയും തട്ടാത്ത, എയറിൽ കിടക്കുന്ന ചില കട്ടി ഉപദേശങ്ങളുടെ സമാഹാരം മാത്രമാകരുത്. അത് ചില ചൊല്ലലുകളുടെയും പാടലുകളുടെയും കോറസ് ആവരുത്. അതിന് മനുഷ്യന്റെ മണം വേണം. ജനതയുടെ മിടിപ്പ് വേണം. മണ്ണിന്റെ പശിമയും ജലത്തിന്റെ ആർദ്രതയും വേണം. അത് നിത്യജീവിതത്തിന്റെ ഓരോ രോമകൂപത്തെയും സ്പർശിക്കണം. മതം എപ്പോഴും വഴികാട്ടിയാവണം, പരിഹാരമാകണം, അന്തിമമായ ഉത്തരമാകണം. ആ അർത്ഥത്തിൽ ഇസ്ലാമിനെയും ഇതര മതങ്ങളെയും മുൻവിധിയില്ലാതെ പഠിച്ചു നോക്കൂ, നിങ്ങളതിശയിക്കും; തീർച്ച!


