വർഷങ്ങൾക്കു മുമ്പാണ്. ഒരു സുഹൃത്ത് വന്ന് കൗതുകപൂർവം പറയുകയാണ്: "ഒരു പുതിയ പീടിക വരുന്നുണ്ട്; എല്ലാ സാധനങ്ങളും കിട്ടും—സൂപ്പർമാർക്കറ്റ്!" കേട്ടിട്ട് വിശ്വസിക്കാൻ തോന്നിയില്ല. "അത് കിട്ടുമോ, ഇത് കിട്ടുമോ" എന്നിങ്ങനെ ഓരോന്ന് ചോദിച്ച് പിന്നാലെ ചൊറിഞ്ഞുകൂടി! മഹാഗണിത്തൈ കിട്ടുമോ എന്നതായിരുന്നു അതിലൊന്ന്. നായ്ക്കുരണപ്പരിപ്പ് കിട്ടുമോ എന്നത് വേറൊന്ന്. ഇപ്പോൾ അവനും അവന്റെ സൂപ്പർമാർക്കറ്റും എന്തായാവോ! ഏതായാലും അതിനുശേഷമാണ് ഹൈപ്പർ മാർക്കറ്റുകൾ വന്നത്. ഇപ്പോഴാണെങ്കിൽ ബഡാബഡാ മാളുകളും നാടുനീളെ വന്നു. എല്ലാം ഒരു കുടക്കീഴിൽ കിട്ടും എന്നാണ് പറയുന്നത്. അങ്ങനെ കിട്ടുമോ ശരിക്കും?
എല്ലാമുള്ളത് എന്നത് എല്ലാവരെയും ആകർഷിക്കുന്ന ഒരു ആശയമാണ്. 'സമഗ്രത' എന്ന് വേണമെങ്കിൽ പറയാം. നിത്യജീവിതത്തിനു വേണ്ട സകല സാമാനങ്ങളും കിട്ടുന്ന ഇടങ്ങളെയാണ് മാളുകൾ എന്ന് പറയുന്നതെങ്കിൽ, മനുഷ്യന് വിശ്വാസപരമായി, ആദർശപരമായി, ആശയപരമായി, നിഷ്ഠാപരമായി വേണ്ടുന്നതെല്ലാം വേണ്ടപ്പോഴെല്ലാം കിട്ടിക്കൊണ്ടിരിക്കുന്ന ഒരു കൺസെപ്റ്റിനെ കുറിച്ച് നമുക്ക് ആലോചിക്കാവുന്നതാണ്. അധികം ആലോചിക്കാനില്ല, അതാണ് ഇസ്ലാം. ഇനി വേണമെങ്കിൽ നിങ്ങൾക്ക് "അതുണ്ടോ, ഇതുണ്ടോ" എന്നിങ്ങനെ പത്തല്ല, ആയിരമല്ല, പന്ത്രണ്ടായിരത്തി മുന്നൂറ്റി നാല്പത്താറ് ചോദ്യങ്ങൾ ചോദിക്കാം. എല്ലാമുണ്ട്!
പലർക്കും മതം എന്ന് പറയുമ്പോൾ ജീവിതത്തിന്റെ പുറമ്പോക്കിലൂടെ വല്ലപ്പോഴും തൊട്ടുതഴുകി കടന്നുപോകുന്ന ചടങ്ങുപരമായ ചില ഉരുമ്മലുകൾ മാത്രമാണ്. അല്ലെങ്കിൽ മതത്തെ അങ്ങനെ അരികിൽ ഒഴിഞ്ഞിടാനാണ് പലർക്കും താൽപര്യം. മതത്തെ അങ്ങനെതന്നെ ഉൾക്കൊള്ളാനോ നമ്മളെ പൂർണ്ണമായും മതത്തിന് വിട്ടുകൊടുക്കാനോ തയ്യാറല്ലാത്ത ഒരു മാനസികാവസ്ഥ. അതിനുള്ള കാരണം മറ്റൊന്നുമല്ല, അറിവില്ലായ്മയാണ്.
ജനിച്ചത് മുതൽ മരിക്കുന്നത് വരെയും, പുലർന്നതു മുതൽ പുലരുവോളവുമുള്ള സകല കാര്യങ്ങളും വ്യക്തമായി വിവരിക്കുന്ന സമഗ്ര ജീവിതാവിഷ്കാരം തന്നെയാണ് മതം. മതം ശരിക്കു പറഞ്ഞാൽ മൾട്ടി ഡയമൻഷണൽ ആണ്. അതിൽ വ്യക്തി, വിശ്വാസം, ആദർശം, സമൂഹം, എത്തിക്സ്, ഇക്കണോമിക്സ് തുടങ്ങി എല്ലാം മനോഹരമായി ഇഴചേർന്ന് കിടക്കുന്നു. മതം എന്നാൽ കേവലം തടിയനക്കങ്ങളോ വെറും അംഗവിക്ഷേപങ്ങളോ മാത്രമല്ലെന്നും അതിന് ബഹുതലസ്പർശിയായ മാനങ്ങളുണ്ടെന്നും വൃത്തിയിൽ വരച്ചുകാട്ടുന്ന വിശദമായ ഒരു ഖുർആൻ വചനം നമ്മൾ ഗൗരവത്തോടെ വായിക്കേണ്ടതാണ്:
“നിങ്ങളുടെ മുഖങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. അതേസമയം അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്മാരിലും വിശ്വസിക്കുകയും, സമ്പത്തിനോട് കമ്പമുണ്ടായിരിക്കെ അത് ബന്ധുക്കൾക്കും, അനാഥകൾക്കും, അഗതികൾക്കും, വഴിയാത്രികനും, യാചകർക്കും, അടിമമോചനത്തിനും നൽകുകയും, നിസ്കാരം മുറപ്രകാരം നിർവഹിക്കുകയും, സകാത്ത് നൽകുകയും, കരാറിൽ ഏർപ്പെട്ടാൽ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാർ. അവരാകുന്നു സത്യം പാലിച്ചവർ. അവർ തന്നെയാകുന്നു സൂക്ഷ്മത പുലർത്തിയവർ.” (ഖുർആൻ: 2/177)
ഖുർആനിലെ ഒറ്റ സൂക്തമാണിത്. മേൽ വരികളിൽ ആദ്യം വരുന്നത് നിഷേധമാണ്. അതായത് നന്മയെ കുറിച്ച് നമ്മൾ കാത്തുസൂക്ഷിക്കുന്ന കാഴ്ചപ്പാടിനെ ഉടച്ചുപൊടിക്കുന്നു. ധർമ്മത്തെ കുറിച്ചുള്ള നമ്മുടെ ഉപരിപ്ലവമായ ധാരണകളെ വെളിയിലേക്ക് കോരിക്കളയുന്നു, ആദ്യം. ശേഷം ഒറ്റ ഡൈവിംഗാണ്, ആഴത്തിലേക്ക്. വിശ്വാസപരമായ വിശദാംശങ്ങളാണ് നിരത്തുന്നത്.
ആദ്യത്തെ രണ്ടെണ്ണം തന്നെ എടുക്കുക: അല്ലാഹുവിലും അന്ത്യദിനത്തിലും ഉള്ള വിശ്വാസം. അതോടെ വിശ്വാസത്തിന്റെ ആകാശവും ഭൂമിയുമായി, തലയും കാലുമായി. താൻ എവിടെ നിന്ന് വരുന്നു, എവിടേക്ക് പോകുന്നു എന്ന നിഗൂഢമായ ദാർശനിക സമസ്യകൾക്കുള്ള രണ്ട് ഉത്തരങ്ങളാണ് അവ. അന്ത്യദിനം എന്ന് പറയുമ്പോൾ ലോകമാകെ നശിക്കുന്ന ഒരു ദിനമുണ്ട്. അത് അവനെ ഉണർത്തുന്ന മറ്റൊരു കാര്യമുണ്ട്—തനിക്കും ഒരു അന്ത്യം ഉണ്ടല്ലോ എന്ന്. അത് അപ്രതീക്ഷിതമാണ് എന്നതിന് പുറമേ, വലിയ കാലവിളംബം വേണ്ടിവരാത്ത വിധം ശുഷ്കമാണെന്ന തിരിച്ചറിവും ചേരുമ്പോൾ വിശ്വാസത്തിന്റെ വേരുകൾ പടരുകയും ചില്ലകൾ വിടരുകയും ചെയ്യും. "നശിച്ചുപോകുന്ന ലോകത്തിനു വേണ്ടി ഞാൻ എന്തിനാണ് ഈ കണ്ട നായ്ക്കോലം കെട്ടുന്നത്" എന്ന ചിന്ത തൊട്ടടുത്ത വചനത്തിലേക്ക് വാതിൽ തുറക്കുന്നു.
തന്റെ ചുറ്റുപാടും കഷ്ടപ്പെട്ട് ജീവിക്കുന്ന നിരാലംബർക്കും നിസ്സഹായർക്കും വേണ്ടി കൈ അയച്ചു കൊടുക്കണമെന്നാണ് പറയുന്നത്. സമ്പത്തിനോട് തനിക്ക് ശക്തമായ ഇഷ്ടം ഉണ്ടായിരിക്കും എന്ന് ഇടയ്ക്ക് ട്രോളുന്നുണ്ട്. അങ്ങനെ വല്ലാതെ ഇഷ്ടപ്പെട്ട് മാറോട് ചേർത്ത് വെക്കേണ്ട സാധനമല്ലല്ലോ ഈ സമ്പത്ത് എന്ന പരിത്യാഗപരമായ ഉണർത്തൽ. ഒപ്പം താൻ ഒരു സ്വന്തം തുരുത്തിൽ ഏകാകിയായി കഴിയേണ്ടവനല്ലെന്നും തന്റെ ചുറ്റുപാടുകളിലേക്ക് കണ്ണും കാതും തുറക്കണമെന്നും നന്നായി ഇടപെടണമെന്നുമുള്ള സാമൂഹികപരമായ ബോധവൽക്കരണവും.
ജീവിതത്തിന്റെ ഏത് അവസ്ഥയിലാണ് നന്നായി ദാനം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നല്ല ഉൾക്കാഴ്ച ലഭിക്കുന്ന ഒരു ഹദീസുണ്ട്:
അബൂഹുറൈറയിൽ നിന്ന് നിവേദനം: ഒരാൾ അല്ലാഹുവിന്റെ പ്രവാചകന്റെ അടുത്തു വന്നു ചോദിച്ചു: "തിരുദൂതരേ, ദാനധർമ്മങ്ങളിൽ ഏറ്റവും പുണ്യമേറിയത് ഏതാണ്?" നബി പ്രത്യുത്തരം നൽകി: "നീ ആരോഗ്യവാനായിരിക്കെ, ധനം വിട്ടു കൊടുക്കാൻ നിനക്ക് മടിയുണ്ടായിരിക്കെ, ദാരിദ്ര്യത്തെക്കുറിച്ച് ഭയവും ധനത്തോട് നിനക്ക് ആഗ്രഹവും ഉണ്ടായിരിക്കെ നൽകുന്ന ദാനമാണ് ഏറ്റവും പുണ്യകരം. അന്നേരം നീ ദാനത്തെ പിന്നിലേക്ക് നീക്കി വെക്കരുത്. അങ്ങനെ ജീവിതം തൊണ്ടക്കുഴിയിൽ എത്തുന്ന നേരം നീ പറയും: 'ഇത്ര ഇന്നവന് കൊടുക്കണം, ഇത്ര ഇന്നവന് കൊടുക്കണം' എന്നെല്ലാം. യഥാർത്ഥത്തിലോ ആ ധനം അപ്പോഴേക്കും അവരുടേതൊക്കെയായി കഴിഞ്ഞിട്ടുണ്ടാവും." (ബുഖാരി: 1419)
തുടർന്ന് നമ്മൾ ജീവിതത്തിൽ പാലിക്കേണ്ട കർമ്മകാണ്ഡങ്ങളുടെ പേജുകൾ മറിക്കുകയാണ്. അതായത് മനുഷ്യന് രണ്ടുതരം വളർച്ചയുണ്ട്. ഒന്ന് തിരശ്ചീന വളർച്ചയാണ്. അതിൽ വ്യാപൃതരാവാനാണ് പൊതുവേ മനുഷ്യന് താൽപര്യം. അഥവാ വാങ്ങാനും പിരിക്കാനും കൊടുക്കാനും മറ്റുള്ളവർക്ക് വേണ്ടി ഓടാനും പായാനുമൊക്കെ. നല്ലതുതന്നെ. പക്ഷേ അതുമാത്രം പോരല്ലോ മനുഷ്യന്. അവന് ആത്മീയമായി ഒരുപാട് ഉയരാനുണ്ട്. അതായത് ലംബവളർച്ച.
മിഅ്റാജ് യാത്രയോടുകൂടി ( ഫലസ്തീനിലെ മസ്ജിദുൽ അഖ്സയിൽ നിന്ന് ഏഴ് ആകാശങ്ങളും കടന്നുള്ള പ്രവാചകൻ്റെ വാനലോകയാത്ര) ആ വളർച്ചയുടെ ഉത്തുംഗത പ്രാപിച്ച ആളാണ് മുഹമ്മദ് നബി. ആ നബിയുടെ അനുയായികൾക്കുള്ള ഉഡ്ഡയനാത്മകമായ ആകാശ യാത്രയാണ് നിസ്കാരം. ഭൗതികമായ ഔട്ട്പുട്ടുകളുടെ ബെഞ്ച്മാർക്കുകൾ വെച്ച് അരിച്ചു നോക്കിയാൽ ഒരുപക്ഷേ നിസ്കാരം കൊണ്ട് ഒന്നും കിട്ടുന്നതായി തോന്നുകയില്ല. പാവങ്ങളെ സഹായിക്കുക, വീട് വച്ചുകൊടുക്കുക, അനാഥകളെ സംരക്ഷിക്കുക, വിധവകൾക്ക് സാന്ത്വനം നൽകുക എന്നിങ്ങനെയുള്ള സാമൂഹികപ്രധാനമായ മെച്ചങ്ങൾ ഒന്നും നിസ്കാരം കൂട്ടിപ്പിടിച്ച് പിഴിഞ്ഞാൽ കിട്ടുകയില്ല. വലിയ പണം ചെലവഴിച്ച് നടത്തുന്ന ഹജ്ജും അങ്ങനെതന്നെ. നോമ്പിന്റെ കാര്യവും പറയാനില്ല. പക്ഷേ നിസ്കരിക്കണം, നോമ്പ് നോൽക്കണം, ഹജ്ജ് ചെയ്തിരിക്കണം. മതത്തിന്റെ സമഗ്രത എന്ന് പറയുന്നത് ഭൗതികമായ നേട്ടങ്ങൾക്ക് വേണ്ടിയുള്ള അലച്ചിലല്ല, മറിച്ച് അവന്റെ ആത്മീയമായ വളർച്ച കൂടി ഇൻഷുർ ചെയ്യുന്ന ജീവിതക്രമമാണ്.
നമുക്ക് ഉത്തരങ്ങൾ അറിയാത്ത ഗൈബുകളിൽ (അദൃശ്യങ്ങളിൽ) കൂടി വിശ്വസിക്കുമ്പോഴാണ് മതം സമഗ്രമാകുന്നത്. എല്ലാം നമുക്കറിയില്ലല്ലോ. നമുക്കറിയാത്ത കാര്യങ്ങൾ അറിയുന്നവനാണല്ലോ നമ്മുടെ അല്ലാഹു. ആ ന്യായം നിർത്തിക്കൊണ്ടുതന്നെയാണല്ലോ നമ്മളെ സൃഷ്ടിക്കേണ്ട എന്ന് വാദിച്ച മലക്കുകളെ അരുക്കാക്കി അല്ലാഹു നമ്മെ സൃഷ്ടിച്ചത്; നമുക്ക് വേണ്ട നിയമവ്യവസ്ഥ പകർന്നു തന്നത്.
കാര്യമായി എടുത്തു പറഞ്ഞ മറ്റൊരു കാര്യം കരാർ പാലനമാണ്. ബന്ധങ്ങളുടെയും ഇടപാടുകളുടെയും ബിസിനസ്സുകളുടെയും ഇടയിലേക്ക് ഇറങ്ങിച്ചെന്നാൽ അറിയാം ആ വാക്കിന് എല്ലാ കാലത്തും എന്ത് വിലയുണ്ട് എന്ന്. വിശ്വസിച്ച് പണം നിക്ഷേപിക്കുകയും പിന്നീട് കരാർ ലംഘിച്ച് ചതിക്കപ്പെടുകയും ചെയ്ത് മനസ്സുവെന്ത് കഴിയുന്ന എത്രയെല്ലാം വ്യക്തികളെ ഇന്ന് കണ്ടുമുട്ടാൻ കഴിയും. നയതന്ത്ര ബന്ധങ്ങളിൽ കുബുദ്ധി പ്രയോഗിക്കുകയും വിശ്വസിച്ച് ഒപ്പുചാർത്തിയ കരാറുകൾ പിന്നീട് ലംഘിക്കപ്പെടുകയും ചെയ്തതിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ എന്തെല്ലാം ദുരന്തങ്ങളാണ് നടക്കുന്നത്. എത്രയെങ്ങാനും മനുഷ്യരാണ് നരകിക്കുന്നത്.
കരാർ എന്ന് പറയുമ്പോൾ ഔദ്യോഗികമായതും അല്ലാത്തതും ഉണ്ടാവുമല്ലോ. മനുഷ്യബന്ധങ്ങൾക്കിടയിൽ മനോഹരമായ ചില കരാറുകൾ ഉണ്ടല്ലോ. "ഞാൻ ഉപ്പയാണ്, ഉമ്മയാണ്" എന്ന് പറയുമ്പോൾ "നിങ്ങളെ വേണ്ടവിധം ഞങ്ങൾ നോക്കിക്കൊള്ളും" എന്ന ഒരു കരാർ അവിടെയുണ്ട്. കാമുകിക്ക് വേണ്ടി/കാമുകന് വേണ്ടി മക്കളെ കൊല്ലുന്ന വാർത്തകൾ കേൾക്കുന്നില്ലേ നമ്മൾ? തിരിച്ചുമുണ്ടല്ലോ മൊഴിഞ്ഞു പറയപ്പെടാത്ത കരാറുകൾ. എത്ര കഷ്ടപ്പെട്ടിട്ടാണോ ഉപ്പയും ഉമ്മയും നമ്മളെ വളർത്തി വലുതാക്കിയത്. അവർക്ക് വയ്യാണ്ടായപ്പോൾ നമുക്ക് അവർ ഭാരമായി. നമ്മൾ അവരെ ഇങ്ങനെ ചെയ്യുന്നുവല്ലോ എന്നോർത്ത് അവരുടെ കരൾ പിടക്കുന്നു, കൺതടം നനയുന്നു.
ഭാര്യഭർത്താക്കന്മാർ തമ്മിലുമുണ്ടല്ലോ കരാർ. പേരിന് ഭാര്യഭർത്താക്കന്മാരായി അഭിനയിക്കുകയും ഉള്ളിൽ ചീഞ്ഞ വ്യവഹാരങ്ങൾ കൊണ്ടുനടക്കുകയും ചെയ്യുന്നവർ എത്ര വഞ്ചനാപരമായാണ് കരാറുകൾ കരിച്ചുകളയുന്നത്. എത്രയെങ്ങാനും ജീവിതങ്ങളാണ് അത്തരം കരാർ ലംഘനത്തിന്റെ പേരിൽ വീണുടഞ്ഞുപോയത്. എത്രയെല്ലാം ജീവിതങ്ങളാണ് വിണ്ടുകൊണ്ടിരിക്കുന്നത്, വീഴാൻ കാത്തുനിൽക്കുന്നത്. ജീവിതത്തിലെവിടെയും വീഴാതെ വിജയിച്ചു വാഴുന്നവരെ കുറിച്ച് പറയുന്നിടത്ത് ഖുർആൻ പ്രത്യേകം പരാമർശിക്കുന്നത് കാണാം:
“തങ്ങളുടെ അമാനത്തുകളും കരാറുകളും പാലിക്കുന്നവരുമത്രേ (വിജയികളായ ആ വിശ്വാസികൾ)” (ഖുർആൻ: 23/8)
ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാട് കൂടി കൂട്ടിച്ചേർക്കുമ്പോഴേ മതം സമഗ്രമാവുന്നുള്ളൂ. ഓർക്കേണ്ടത് നമ്മൾ ജീവിക്കുന്നത് സ്വർഗ്ഗത്തിലല്ല; അവിടെ സുഖങ്ങൾ മാത്രമേ ഉണ്ടാവൂ. നരകത്തിലുമല്ല; അവിടെ കഷ്ടപ്പാട് മാത്രമേ ഉണ്ടാവൂ. ഈ ലോകത്ത് സുഖദുഃഖങ്ങൾ സമ്മിശ്രമായി മാറിമറിഞ്ഞു വരാം. ചിലർ പ്രതിസന്ധി വരുമ്പോൾ തളർന്നുപോകും. ചിലർ പ്രയാസം വരുമ്പോൾ നിരാശപൂണ്ട് നിഷേധികളായി മാറും. ഒരു വിശ്വാസി നിരാശയുടെ പേരിൽ ഒരിക്കലും ആത്മഹത്യ ചെയ്യേണ്ടി വരില്ല. കാരണം അത് നിത്യജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണെന്ന യാഥാർത്ഥ്യബോധം മതം മനുഷ്യനിൽ വിരിച്ചുവക്കുന്നു.
ആശയങ്ങൾ എയറിൽ പറഞ്ഞു നിർത്താതെ, നിത്യജീവിതത്തിൽ ചെയ്തുകാണിച്ച് ഒരു രാഷ്ട്രവ്യവസ്ഥ നിർമ്മിച്ച് സമഗ്രതയുടെ പ്രായോഗികത തെളിയിച്ച മുഹമ്മദ് നബിയെ ഉദ്ധരിച്ചുകൊണ്ട് ഖുർആൻ ഇങ്ങനെ പറയുന്നു:
“ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തീകരിച്ചു തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളുടെ മേൽ ഞാൻ സമ്പൂർണ്ണമാക്കിയിരിക്കുന്നു. ഇസ്ലാമിനെ നിങ്ങൾക്ക് ഞാൻ മതമായി തൃപ്തിപ്പെട്ടിരിക്കുന്നു.” (സൂറ: മാഇദ: 3)
കൂടുതൽ പഠിക്കുന്തോറും ഇസ്ലാം മതം കൂടുതൽ നമ്മെ തൃപ്തിപ്പെടുത്തും. നമുക്ക് ഇസ്ലാമിനെയും തൃപ്തിയാകും. തുടരട്ടെ പഠനങ്ങൾ.


