വിരുന്ന് കഴിഞ്ഞ് പുറത്തിറങ്ങിയതും അവർ പരസ്പരം സംസാരിക്കാൻ തുടങ്ങി. "അല്ലെങ്കിലും അതിഥിസൽക്കാരത്തിൽ ഇവർ നമ്പർ വണ്ണാണ്. എന്തൊരു രുചികരമായ ഭക്ഷണം, അല്ലേ? പക്ഷേ, അതിനെക്കാൾ എന്നെ ആകർഷിച്ചത് അവരുടെ ആതിഥ്യരീതികളാണ്. എത്ര ഹൃദ്യമായാണ് അവർ ഓരോരുത്തരെയും വരവേൽക്കുന്നത്. കൈകൊടുക്കുന്നു, ആലിംഗനം ചെയ്യുന്നു, ഇരിപ്പിടങ്ങളിൽ പിടിച്ചിരുത്തുന്നു. അതിലവർ മത-ജാതി-ദേശ-ഭാഷാ വ്യത്യാസങ്ങളൊന്നും നോക്കുന്നേയില്ല. വീട്ടിലെ വിരുന്നുകളിൽ മാത്രമല്ല, അവരുടെ പൊതുസഭകളിലും ആതിഥ്യമര്യാദകൾ അതിശയകരമാണ്. ഗൾഫ് രാജ്യങ്ങളിൽ വ്രതകാലമായാൽ ഞങ്ങൾ രാത്രി ആഹാരം പാചകം ചെയ്യാറേ ഇല്ല. നോമ്പുതുറ നേരത്ത് ഏതെങ്കിലും പള്ളിയിൽ കയറിച്ചെന്നാൽ മതി; അത്യധികം ആരോഗ്യദായകമായ, ഹൈജീനിക്കായി കുക്ക് ചെയ്ത ഫുഡും ഒപ്പം പഴങ്ങളും തൈരും വെള്ളവും എല്ലാം ഇരുകൈ നിറയെ കിട്ടും. അവ കൊടുക്കുന്ന സമയത്ത് നിങ്ങൾ നോമ്പനുഷ്ഠിച്ചവരാണോ, മുസ്ലിം ആണോ എന്നുപോലും ആരായുകയേ ഇല്ല."
"അതെ, അതെനിക്കുമറിയാം. കാലങ്ങളായി എന്റെയും എത്രയോ സ്നേഹിതന്മാർ നോമ്പുകാലത്ത് അവരുടെ ആഹാരം കൊണ്ട് മാത്രമാണ് നാൾ പുലർത്താറ്. ഇത്രയും വാരിക്കോരിക്കൊടുക്കുന്നതിൽ ഒരു മടിയുമില്ലാത്തവരാണ് ഈ മുസ്ലിംകൾ."
"ഇവന്മാർ ഈ ആതിഥ്യമര്യാദയുടെ കാര്യത്തിൽ മാത്രമല്ല കേട്ടോ, പരസ്പര സഹായത്തിലും മുന്നിലാണ്. അത് ഗൾഫിൽ മാത്രമല്ല, നാട്ടിലും അങ്ങനെയാണ്. അവരുടെ മസ്ജിദുകളും മഹല്ലുകളും കേന്ദ്രീകരിച്ച് പാവപ്പെട്ടവരെ നന്നായി സഹായിക്കും. വീടില്ലാത്തവർക്ക് വീട് വെച്ചുകൊടുക്കും, വിധവകളെ സംരക്ഷിക്കും, പെൺകുട്ടികളെ കെട്ടിച്ചുകൊടുക്കും, അനാഥ മക്കളെ ഏറ്റെടുക്കും, പാവപ്പെട്ടവരെ ചേർത്തുപിടിക്കും, രോഗികളെ സഹായിക്കും."
"നീ അനാഥ മക്കളുടെ കാര്യം പറഞ്ഞപ്പോഴാണ് എനിക്ക് പ്രശസ്ത മലയാള സാഹിത്യകാരന്റെ പ്രസംഗം ഓർമ വന്നത്. കൊച്ചുനാളിൽ അദ്ദേഹം അടുത്ത മുസ്ലിം വീട്ടിലെ കുട്ടികളോടൊത്ത് ചെസ്സ് കളിക്കുമായിരുന്നു. അവരുടെ ഉപ്പ സാത്വികനായ ഒരു ഹാജിയാർ ആയിരുന്നു. കളി തോൽക്കുമെന്ന് തോന്നുമ്പോഴേക്ക് അദ്ദേഹം ഇടപെട്ട് സ്വന്തം മക്കളെ തോൽപ്പിച്ചിട്ടാണെങ്കിലും അന്യമതസ്ഥനായ ആ കൊച്ചിനെ വിജയിപ്പിക്കുമായിരുന്നു." മലയാളത്തിന്റെ മക്ക എന്നറിയപ്പെടുന്ന പൊന്നാനി ഭാഗത്താണ് ഈ സംഭവം. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ കെ.പി. രാമനുണ്ണിയുടേതാണീ പ്രസംഗം. സംഭവമതല്ല, അതിനദ്ദേഹം നൽകുന്ന വിശദീകരണം പിന്നീട് അദ്ദേഹം വലുതായി വായന തുടങ്ങിയപ്പോൾ നബിവചനത്തിൽ കണ്ടു: "യതീമായ (അനാഥനായ) കുട്ടികളുടെ മുന്നിൽ വെച്ച് ഒരാൾ തന്റെ മക്കളെ ലാളിക്കരുത്" എന്ന്. പ്രസ്തുത ഹദീസിന് ജീവൻ നൽകുകയായിരുന്നു സുഹൃത്ത് ഖയ്യൂമിന്റെ ഉപ്പയായ ഹാജിയാർ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അച്ഛൻ നേരത്തെ മരിച്ചുപോയിരുന്നല്ലോ; യതീമായിരുന്നല്ലോ രാമനുണ്ണി. അയൽക്കാരന്റേതാണെങ്കിലും അന്യമതസ്ഥന്റേതാണെങ്കിലും യതീം യതീം തന്നെയാണല്ലോ.
ഇനി നമ്മൾ ചെയ്യുന്ന എന്തെങ്കിലും ഭവന നിർമാണം, വിവാഹസഹായം, കുടിവെള്ള പദ്ധതി പോലുള്ള ജനക്ഷേമ / ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് സംഭാവന ചോദിച്ചാലും കൈയ്യയച്ച് കൊടുത്തു ശീലമുള്ളവരാണ് അവർ. കൂട്ടത്തിൽ ഒരു കാര്യം കൂടിയുണ്ട്. സാമ്പത്തിക ഇടപാടുകളിൽ ഇവർ പുലർത്തുന്ന കൃത്യത അത്ഭുതാവഹമാണ്. എന്റെ സുഹൃത്തിനുണ്ടായ അനുഭവം പറയാം; ആശാരിയാണയാൾ. മറ്റേയാൾ ഭക്തനായ ഒരു ഡോക്ടറാണ്. അദ്ദേഹം അടുത്ത ദിവസം ഹജ്ജിന് പോവുകയാണ്. അപ്പോൾ പഴയ കണക്ക് പുസ്തകങ്ങൾ വായിച്ചുനോക്കിയപ്പോൾ തന്റെ ഓഫീസിൽ ബുക്ക് ഷെൽഫ് നിർമിച്ചതുമായി ബന്ധപ്പെട്ട് ഒരു 1300 രൂപ കൊടുക്കാനുണ്ട്. അഞ്ചെട്ട് വർഷം മുമ്പാണ്. അന്ന് രാത്രിയിൽ ഇതാ ഡോക്ടർ ഇവന്റെ വീട്ടിലെത്തുന്നു. സംഗതി അയാൾക്കത് ഓർമപോലും ഉണ്ടായിരുന്നില്ല. കണക്കൊന്നും നോക്കാതെ 3000 രൂപ കയ്യിൽ പിടിപ്പിച്ചാണ് തിരിച്ചുപോയത്. "കടബാധ്യത വീട്ടാതെ എന്ത് ഹജ്ജ്" എന്നും ചോദിച്ചുകൊണ്ട്.
പ്രിയ സുഹൃത്തേ, രണ്ടുപേർ തമ്മിലുള്ള സംഭാഷണമാണ് നമ്മൾ കേട്ടത്. മുസ്ലിം സമുദായത്തെക്കുറിച്ച് അവരവരുടെ വേറിട്ടുള്ള അനുഭവത്തിന്റെ പശ്ചാത്തലത്തിലുള്ള നിരീക്ഷണങ്ങളാണിവ. മുസ്ലിം സമുദായം മതിലിനപ്പുറം കെട്ടിപ്പൂട്ടിക്കിടക്കുന്ന ഒരു ജനവിഭാഗമല്ല. എത്രയോ കാലങ്ങളായി അവർ അന്യമത സമുദായങ്ങളോടൊപ്പം പൊതുജീവിതത്തിൽ ലൈവായി (Live) അവരുടെ ജീവിതം പങ്കിട്ടുകൊണ്ടിരിക്കുന്നു.
താങ്കൾക്കും താങ്കളുടേതായ അനുഭവങ്ങൾ ഉണ്ടാകാം. ദുർമ്മാർഗ്ഗിയായ ഒരമ്മയെ സദാചാര ബോധമുള്ള മകൾ മനസ്സറിഞ്ഞ് വെറുക്കുന്നുണ്ടാവാം. അതിനർത്ഥം എല്ലാ അമ്മമാരും വെറുക്കപ്പെടേണ്ട വൃത്തികെട്ടവരാണെന്നാണോ? നല്ല ഡോക്ടർമാരും ചീത്ത ഡോക്ടർമാരുമുണ്ട്; നല്ല അധ്യാപകരും ചീത്ത അധ്യാപകരുമുണ്ട്. നല്ല ഭരണകർത്താക്കളും ചീത്ത ഭരണകർത്താക്കളുമുണ്ട്. നല്ല അച്ഛനമ്മമാരും ചീത്ത അച്ഛനമ്മമാരുമുണ്ട്. നല്ല മതവിശ്വാസികളും ചീത്ത മതവിശ്വാസികളുമുണ്ട്. അത് ലോകത്തിന്റെ ഒരു പൊതുസ്വഭാവമാണ്. ഒരു ജനവിഭാഗത്തെ നമ്മൾ വിലയിരുത്തുന്നത് ഒറ്റപ്പെട്ടതോ ആർക്കോ എവിടെയോ എപ്പോഴോ ഉണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കാമോ?
നമ്മൾ സ്വതന്ത്രരാണ്, യുക്തിയുള്ളവരും. കാര്യങ്ങളെ നേർക്കുനേർ കാണാനും നമ്മുടേതായ വീക്ഷണകോണിലൂടെ വിലയിരുത്താനും നമുക്കാകും, ആകണം. ലോകത്ത് വ്യത്യസ്ത രാഷ്ട്രങ്ങളിലായി ജീവിക്കുന്ന മുസ്ലിം സമുദായത്തിന്റെ പൊതുവായ സവിശേഷതകളെപ്പറ്റിയുള്ള മേൽ നിരീക്ഷണങ്ങൾ എത്രമേൽ ശരിയാണ് / ശരിയല്ല എന്ന് നമുക്കോരോരുത്തർക്കും നേരിട്ട് വെരിഫൈ (Verify) ചെയ്തു നോക്കാവുന്നതാണ്.
ചരിത്രത്തിലങ്ങോളമിങ്ങോളം നായാടപ്പെട്ടവരാണ് മുസ്ലിംകൾ. അതിക്രമങ്ങളും പീഡനങ്ങളും അവർക്കൊരു പുതിയ സംഗതിയല്ല. ഒരുപക്ഷേ മറ്റേതു മതവിഭാഗങ്ങളേക്കാളും ചരിത്രത്തിലുടനീളം പലനിലയ്ക്ക് വേട്ടയാടപ്പെട്ടവർ മുസ്ലിംകളായിരിക്കും. ഒരു ദിവസത്തെ പത്രം എടുത്തു നോക്കിയാൽത്തന്നെ ലോകത്തിന്റെ പലഭാഗത്ത് പലനിലയ്ക്ക് മർദ്ദിക്കപ്പെടുന്ന മുസ്ലിംകളുടെ വാർത്തകളും ചിത്രങ്ങളും കാണാം. പക്ഷേ, ഈ പീഡനപർവ്വങ്ങളെല്ലാം ഉണ്ടായിട്ടും അടിപതറാതെ, വിശ്വാസത്തിൽ വെള്ളം ചേർക്കാതെ കാലങ്ങളായി അവർക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നതും കൗതുകത്തോടെ കാണേണ്ടതാണ്. കഠിനമായ പ്രതിസന്ധികൾക്കും തേനൊലിക്കുന്ന പ്രലോഭനങ്ങൾക്കും മുന്നിലാണ് മനുഷ്യൻ പതറിപ്പോവുക. പക്ഷേ, ഇവ രണ്ടും മുസ്ലിം സമുദായത്തെ കാലങ്ങളായി പിന്തുടർന്നിട്ടും വിശ്വാസപരമായ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നില്ല എന്നത് ആ ആദർശമീമാംസയുടെ ദാർഢ്യവും ഗരിമയുമല്ലേ വിളിച്ചോതുന്നത്?
രണ്ടുതരം മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമുക്ക് കണ്ടെത്താൻ കഴിയും. വിശ്വാസവും വയ്യാവേലിയുമൊക്കെ അതിന്റെ വഴിക്ക് പോകട്ടെ, നമുക്ക് നന്നായി സുഖിച്ചു ജീവിക്കാം; അതിനുവേണ്ടി എന്തും വിശ്വസിക്കാം, ഏത് വിശ്വാസവും വേണ്ടെന്നുവെക്കാം, ഏതു വേഷവും കെട്ടാം, ആരുമായും സന്ധിയാവാം എന്നതാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ മറ്റൊരു വിഭാഗം ആളുകളുണ്ട്. മറ്റെന്തൊക്കെ നഷ്ടങ്ങൾ വന്നാലും ശരി, ജീവൻ തന്നെ അപായപ്പെട്ടാലും ശരി, വിശ്വാസം വെച്ചുമാറുന്ന ഒരു സന്ദർഭത്തോടും രാജിയാവില്ല. നിഷ്പക്ഷമായും നിരൂപണബുദ്ധിയോടുകൂടെയും സമകാലിക സംഭവങ്ങളും ചരിത്രത്തിന്റെ ചുരുളുകളും നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാവും; എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും വിശ്വാസത്തെ നെഞ്ചോട് ചേർത്തുപിടിച്ചവരായിരുന്നു മുസ്ലിംകൾ. ചരിത്രത്തിൽ എന്നും അവർ വേട്ടയാടപ്പെട്ടിട്ടുണ്ട്. വിശ്വാസം അവർക്കൊരു മിഠായിപ്പൊതിയല്ല; ജീവനെക്കാൾ ജീവനാണ്. അതിന്റെ പിന്നിൽ ഒരുപാട് അന്വേഷിക്കാനും പഠിച്ചു ചെല്ലാനും ഇല്ലേ?


