സമയം പാതിരാ പിന്നിട്ടിരുന്നു. അടുത്ത ആഴ്ചയാണ് ഫൈനൽ പരീക്ഷ. മിടുക്കനായ മകൻ മെനക്കെട്ടു പഠിക്കുന്നത് ആശയോടെ മറഞ്ഞുനോക്കുകയാണ് പിതാവ്. പഠിച്ചു പഠിച്ച് അവൻ ഉറക്കം തൂങ്ങിത്തുടങ്ങിയിരിക്കുന്നു. "ഇനി മതി മോനെ, പോയി നല്ലോണം കിടന്നുറങ്ങ്. രാവിലെ പഠിക്കാം" - വാത്സല്യം കൊണ്ട് മനസ്സ് നനഞ്ഞ പിതാവ് വിളിച്ചുപറഞ്ഞു. മകൻ എഴുന്നേറ്റുപോയി. അയാൾക്ക് സമാധാനമായി. അദ്ദേഹം ഉറങ്ങാൻ പോയി. അല്പനേരം കഴിഞ്ഞ് ശബ്ദം കേട്ട് തിരിച്ചുവന്നു നോക്കുമ്പോൾ മകൻ ഉറങ്ങാൻ പോയതല്ല; അവൻ ബാത്ത്റൂമിൽ നിന്ന് മുഖം കഴുകി ബക്കറ്റിൽ കാൽഭാഗം വെള്ളവുമായി വന്നിരിക്കുന്നു. അതിൽ കാലിട്ടിളക്കി അവൻ വീണ്ടും പഠിക്കാനിരിക്കുന്നു. ചോദിക്കട്ടെ, പഠനം ലളിതമാണോ? ഒരു കാര്യം ലളിതമാകുന്നതും ക്ലിഷ്ടമാകുന്നതും ഒരു പരിധിവരെ ആപേക്ഷികമാണെന്ന് പറയാം. ചെയ്യുന്ന ആളിന്റെ കാഴ്ചപ്പാട്, ഇച്ഛാശക്തി, അധ്വാനവാഞ്ഛ എന്നിവയ്ക്കനുസരിച്ചായിരിക്കും ചെയ്യുന്ന പ്രവൃത്തിയുടെ ലളിതകാഠിന്യങ്ങൾ ഗണിക്കപ്പെടുക.
ഇത്രയും പറഞ്ഞുറപ്പിച്ച ശേഷം നമുക്ക് ഇസ്ലാമിലേക്ക് വരാം. ഇസ്ലാമിക നിയമപാലനത്തെക്കുറിച്ച് വ്യത്യസ്ത ധാരണകളുണ്ട്. അതിൽ പ്രബലമായ ഒന്ന്, തിരക്കുപിടിച്ച ആധുനിക ജീവിതത്തിന്റെ കൂടെ കൊണ്ടുനടക്കാൻ പറ്റിയ അനുഷ്ഠാന കർമങ്ങളല്ല ഇതെന്നും നമ്മളെപ്പോലുള്ള ഹെക്റ്റിക് ബിസി സെലിബ്രിറ്റികളെക്കൊണ്ട് ഇത് താങ്ങില്ല എന്നതുമാണ്. വേറെ ചിലർ, ഇസ്ലാമിക നിയമങ്ങൾ പാലിച്ചു ജീവിക്കാനൊക്കെ കഴിയും, പക്ഷേ അത് വളരെ വളരെ ശ്രമകരമാണ് എന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ ഇതൊന്നുമല്ലാതെ ഇസ്ലാമെന്നാൽ അതീവ ലളിതമാണ്, തോന്നിയതുപോലെ എപ്പോഴും എങ്ങനെയും എന്തും ആവാം എന്ന് കരുതുന്ന ചിലരുമുണ്ട്. വാസ്തവം എന്താണ്? ജീവിതത്തിന്റെ സകലമാന വശങ്ങളിലും ഇടപെടുന്ന ജീവിതകലയാണ് ഇസ്ലാം എന്ന് അറിയാമല്ലോ. ആയതിനാൽ തന്റെ ജീവിതത്തിൽ എത്രയധികം ഇസ്ലാം നിറഞ്ഞുനിൽക്കണമെന്ന് ഓരോ വ്യക്തിയുടെയും തീരുമാനപ്രകാരമായിരിക്കും ആ ഇസ്ലാംപാലനത്തോടുള്ള ഒരാളുടെ സമീപനം.
ഒരുപാട് ആളുകൾ അതിവേഗം തലങ്ങും വിലങ്ങും വാഹനമോടിച്ചു പോകുന്ന ഒരു ഗതാഗത സംവിധാനത്തിൽ കർക്കശമായ ട്രാഫിക് നിയമങ്ങളുണ്ടാകും. ആ നിയമങ്ങൾ വാസ്തവത്തിൽ യാത്രക്കാരെ പ്രയാസപ്പെടുത്താനുള്ളതല്ല; മറിച്ച് ആ യാത്രാസംവിധാനത്തെ പരമാവധി കുറ്റമറ്റതാക്കാൻ വേണ്ടിയാണ്. ഈയൊരു തത്വം ശരിക്ക് മനസ്സിലാക്കിയ ഒരാൾക്ക് സീറ്റ്ബെൽറ്റ് ധരിക്കുന്നതും സിഗ്നലിൽ വെയിറ്റ് ചെയ്യുന്നതും നിർദ്ദേശങ്ങൾക്കനുസരിച്ച് വേഗത കുറയ്ക്കുന്നതും വേഗതയ്ക്കനുസരിച്ച് ട്രാക്ക് മാറ്റിപ്പിടിക്കുന്നതും അനധികൃത സ്ഥലങ്ങളിൽ പാർക്ക് ചെയ്യാതിരിക്കുന്നതുമെല്ലാം ആസ്വദിച്ച് പാലിക്കാനാവും; ലളിതമായിത്തോന്നും. അല്ലാത്തൊരാൾക്ക് ആ നിയമങ്ങൾ വലിയ ഭാരമായി മാറുകയും കിട്ടുമ്പോഴെല്ലാം അവ ലംഘിക്കാൻ വെമ്പുകയും തൽഫലമായി അടിക്കടി ഫൈനുകൾ വന്നുചേരുകയും ചെയ്യും. മൊത്തത്തിൽ അയാളെ സംബന്ധിച്ചിടത്തോളം ഈ ട്രാഫിക് സിസ്റ്റം എന്നത് തന്നെ വളരെ വൃത്തികെട്ട ഒരേർപ്പാടായി അനുഭവപ്പെടുകയും അയാൾ അതിനെ ആത്മാർത്ഥമായി വെറുക്കുകയും ചെയ്യും. "ഈ ട്രാഫിക് നിയമമൊക്കെ കണ്ടുപിടിച്ചവന്റെ തലയിൽ ഇടിത്തീ വീഴണമേ" എന്ന് പ്രാകി പ്രാർത്ഥിക്കും.
ആദ്യം പറഞ്ഞ ഉദാഹരണത്തിൽ, നന്നായി പഠിക്കണം, നല്ല നിലയ്ക്ക് പരീക്ഷ എഴുതണം, ഉന്നതവിജയം കരഗതമാക്കണം എന്നത് കുട്ടിയുടെ ഇൻട്രിൻസിക് മോട്ടിവേഷന്റെ ഭാഗമായി വന്നതാണ്. അത് പുറത്തുനിന്ന് ആരും അടിച്ചേൽപ്പിച്ചതല്ല. എന്നല്ല, അതിരുവിട്ടു പഠിക്കുമ്പോൾ "മതി മോനെ, അല്പം ചെന്ന് കിടക്ക്" എന്നാണ് ഉപ്പ പറയുന്നത്. അപ്പോൾ കുട്ടിക്ക് പഠനം ആസ്വാദ്യകരവും അതീവ ലളിതവുമായിത്തീരുന്നു. എന്നാൽ പഠിക്കാൻ ഇഷ്ടമില്ലാത്ത ഒരു മൂഢമകനെ അതിനെക്കാൾ മൂഢനായ ഉപ്പ നട്ടപ്പാതിരായ്ക്ക് മേനിയിൽ വെള്ളം തെളിച്ച് "അയലത്തെ വീട്ടിലെ കുട്ടി പഠിക്കുന്നത് കാണുന്നില്ലേ, നിനക്കെന്താ ഉറക്കമൊഴിച്ച് പഠിച്ചാൽ" എന്നലറി അടിച്ചു പഠിപ്പിക്കുമ്പോൾ പഠനം പ്രയാസകരവും വെറുക്കപ്പെട്ടതുമായിത്തീരുന്നു. ഈ പഠിപ്പ് എന്ന പരിപാടി കണ്ടുപിടിച്ചവനെ പാമ്പുകടിക്കേണമേ എന്ന് ആ കുട്ടി പ്രാർത്ഥിക്കും.
ഒരു കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾ ആ കോഴ്സിനോട് കാണിക്കുന്ന ആഭിമുഖ്യം പല നിലയ്ക്കായിരിക്കും. ചിലർക്ക് തട്ടിമുട്ടി ജസ്റ്റ് പാസ്സായാൽ മതി. മറ്റു ചിലർക്ക് ഒരിടത്തരം റിസൾട്ട് കിട്ടണമെന്നാണുള്ളത്. വേറെ ചിലർക്ക് ഹയർ സ്റ്റഡീസിന് പ്രാപ്തമാകുംവിധം മുന്തിയ നേട്ടംതന്നെ വേണം. എന്നാൽ അപൂർവ്വം ചിലർക്ക് കിട്ടാവുന്നതിന്റെ അങ്ങേയറ്റം അഥവാ റാങ്ക് തന്നെ കിട്ടണം. ഇവർക്കെല്ലാം പറ്റുന്ന പാകത്തിലാണ് കോഴ്സിന്റെ ഘടന.
ഇതുപോലെതന്നെയാണ് ഇസ്ലാമിന്റെ രീതിയും. ഇസ്ലാമിക നിഷ്ഠാരീതികളുടെ ഏറ്റവും നോമിനലായ ഭാഗം മാത്രം എടുത്ത് ഒരാൾക്ക് ജീവിക്കാം. വേറൊരാൾക്ക് മധ്യനിലപാടിലൂടെ പോകാം. ഇനിയുമൊരാൾക്ക് എക്സൽ ചെയ്യാൻ വേണ്ടി കഠിനാധ്വാനം ചെയ്യാം. ഓരോന്നും അവരവരുടെ കാഴ്ചപ്പാടിൽ ആസ്വാദ്യകരവും ലളിതവുമായിരിക്കും. അല്ലാതെ ഇസ്ലാം ഒരു ഡ്രൈവിംഗ് ടെസ്റ്റ് പാസാകും പോലെയല്ല. അതിൽ ജസ്റ്റ് പാസ്, ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്, ഡിസ്റ്റിങ്ഷൻ, റാങ്ക് എന്നിങ്ങനെയുള്ള ഗ്രേഡുകളൊന്നുമില്ലല്ലോ. എല്ലാവരും ഒരേ നിലവാരത്തിലൂടെ കടന്നുപോയിരിക്കണം, ഒരേ കടമ്പ കടക്കണം എന്ന നിഷ്ഠാശാഠ്യം ഇസ്ലാമിലില്ല. എന്നല്ല, ഒരാളെക്കൊണ്ടും ആവാത്തത് വഹിപ്പിക്കുന്നില്ലെന്ന് ഖുർആൻ തീർത്തു പറയുന്നതുമാണ്.
തിരുനബിയുടെ സമീപത്തേക്ക് ഒരു ഗ്രാമീണവാസി കടന്നുവന്ന് വളരെ ഡിപ്ലോമാറ്റിക്കായി ഒരു കാര്യം ആവശ്യപ്പെടുകയാണ്. അയാൾ ഇസ്ലാമിനെക്കുറിച്ച് കേട്ടിരിക്കും, ഇസ്ലാമികമായി ജീവിച്ചാൽ സ്വർഗം ലഭിക്കുമെന്നും. എന്നാലോ അയാൾക്ക് ആരാധനയിൽ മുങ്ങിക്കുളിച്ച് ആകെ ഒരു സംഭവമാകാനൊന്നും ഭാവമില്ലതാനും. ചോദ്യം കേട്ടാൽ അത് മനസ്സിലാകും. ചോദ്യം ഇതാണ്: "എനിക്കൊരു ടാസ്ക് പറഞ്ഞു തരണം. അത് ചെയ്താൽ ഞാൻ സ്വർഗത്തിൽ പോകണം."
നബി (സ) മറുപടി പറഞ്ഞത്: "അല്ലാഹുവിനെ ആരാധിക്കുക; അതിൽ ഒന്നിനെയും പങ്കുചേർക്കരുത്. നിർബന്ധ നിസ്കാരങ്ങൾ നിലനിർത്തുക, സകാത്ത് കൊടുക്കുക, റമളാനിൽ നോമ്പനുഷ്ഠിക്കുക."
ഇത് കേൾക്കേണ്ടതും അയാൾ ആവേശിതനായി പറഞ്ഞു: "ഇത് ഞാൻ ചെയ്യാം. ഇതിലപ്പുറം ഒന്നും ഏറ്റിചെയ്യുകയില്ല."
ആള് പരിമിതവാദിയാണ്, പരമാവധിവാദിയല്ല എന്ന് മറുപടിയിൽ നിന്നുതന്നെ പിടിച്ചെടുക്കാം. ഇങ്ങനെയൊരാൾ അവിടം പിരിഞ്ഞുപോയാൽ എന്തായിരിക്കും അവിടെ നടക്കാനിടയുള്ള ആൾക്കാരുടെ കമന്റ് എന്നൊന്നോർത്തു നോക്കിയേ! "ഹോ! ഒരുത്തൻ വന്നിരിക്കുന്നു. ആളിന് സ്വർഗത്തിൽ പോകണമത്രേ! മിനിമത്തിനപ്പുറം ഒന്നും ചെയ്യാൻ അയാൾക്ക് പറ്റത്തുമില്ല; സ്വർഗത്തിൽ പോയതുതന്നെ - നമുക്ക് കാണാം." ഇങ്ങനെയാണോ? അല്ല. അദ്ദേഹം തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഒരു വിളംബരമെന്നോണം തിരുനബി പറഞ്ഞു: "ആർക്കെങ്കിലും സ്വർഗത്തിൽ പോകുന്ന ഒരാളെക്കണ്ട് ആഹ്ലാദിക്കണമെന്നുണ്ടെങ്കിൽ അതാ അയാളെ നോക്കിക്കോ."
ഇനി ഇതിന്റെ നേർ എതിർപക്ഷത്ത് വെക്കാവുന്ന മറ്റൊരു സംഭവം പറയാം. പ്രമുഖരായ മൂന്ന് സ്വഹാബികൾ ചേർന്ന ഒരു സംഘം നബിയുടെ പത്നിമാരുടെ സവിധത്തിൽ എത്തുകയാണ് - നബിയുടെ ആരാധനാ രീതികളുടെ വിശദാംശങ്ങൾ അറിയാനായി. പത്നിമാർ അത് വിശദീകരിച്ചു കൊടുത്തു. അപ്പോൾ അവരുടെ മനസ്സിൽ 'ഹോ! ഇത് ഇത്രയല്ലേ ഉള്ളൂ' എന്ന് തോന്നിപ്പോയി. ഉടൻ അവരുടെ മനസ്സിൽ അതിനുള്ള പ്രതിചിന്തയും വന്നു. ജീവിതത്തിൽ ഒരു തെറ്റുമില്ലാത്തവരാണല്ലോ നബി. ആ നബിയിലേക്ക് നോക്കുമ്പോൾ നമ്മളൊക്കെ എവിടെ കിടക്കുന്നു? "നല്ല തുളഞ്ഞ ബുദ്ധിയുള്ള, എല്ലാ പരീക്ഷകളിലും ഹൈമാർക്ക് വാങ്ങുന്ന അവരൊക്കെ അത്രയൊക്കെ പഠിച്ചാൽ മതി; പക്ഷേ ബാക്ക് ബെഞ്ച് ശിരോമണികളായ നമ്മൾ അത്രയൊന്നും ആയാൽ പോരല്ലോ" എന്നൊക്കെ പറയും പോലെയുള്ള ഒരു സ്വയം വിശകലനം.
അവർ മൂന്നുപേരും കഠോര തീരുമാനങ്ങളിലേക്ക് നീങ്ങി. ഒരാൾ പറഞ്ഞു: "ഇനി എനിക്ക് ഉറക്കില്ല. പുലരുവോളം രാപ്രാർത്ഥന തന്നെ." അടുത്തയാൾ പറഞ്ഞു: "ഇനി പകലിൽ അന്നം തൊടുന്ന പ്രശ്നമേ ഇല്ല. എന്നും എനിക്ക് നോമ്പായിരിക്കും." മൂന്നാമൻ പറഞ്ഞു: "സ്ത്രീസ്പർശം എന്റെ പദ്ധതിയിലേ ഇല്ല; ഞാൻ വിവാഹമേ ചെയ്യുന്നില്ല."
വിവരം നബി അറിഞ്ഞു. ഉടൻ അവരെ വിളിപ്പിച്ചു. "നിങ്ങളെപ്പറ്റി ഇങ്ങനെയെല്ലാം പറയുന്നത് കേട്ടല്ലോ, ശരിയാണോ?" "അതെ." "എന്നാൽ നിങ്ങൾക്കൊരു കാര്യം കേൾക്കണോ. നിങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിനോട് ഏറ്റവും അധികം ഭയഭക്തി കാണിക്കുന്നവൻ ഞാനാണ്. ഞാൻ നോമ്പനുഷ്ഠിക്കുന്നു, നോമ്പുതുറക്കുന്നു. ഞാൻ നിസ്കരിക്കുന്നു, ഞാൻ ഉറങ്ങുന്നു. ഞാൻ വിവാഹം കഴിക്കുന്നു, ഭാര്യമാരോടൊത്ത് കഴിയുന്നു. നിങ്ങളിൽ നിന്ന് ആരെങ്കിലും എന്റെ പാതയിൽ നിന്ന് വഴിതെറ്റിയാൽ അയാൾ എന്നിൽ പെട്ടവനല്ല!"
അസമയത്തും ഉറക്കമൊഴിച്ച് പഠിക്കുന്ന മകനോടുള്ള വാത്സല്യത്തോടെ സംസാരിക്കുന്ന പിതാവിന്റെ അതേ ആർദ്രഭാഷയിലാണ് തിരുനബി തന്റെ സഖാക്കൾക്ക് സദുപദേശം നൽകുന്നത്. സ്വഹാബികൾ ആണെങ്കിലോ ബാഹ്യസമ്മർദ്ദങ്ങളൊന്നുമില്ലാതെ താന്താങ്ങളുടെ താല്പര്യപ്രകാരമാണ് ആരാധനാ ജീവിതം വികസിപ്പിക്കാൻ ആലോചിക്കുന്നത്. സാദാ ജീവിതത്തിന്റെ അച്ചുതണ്ട് തകരുംവിധം / പൊതുജീവിതത്തിന് താങ്ങാനാവാത്ത വിധം / ഇതൊന്നും കാണാനും കേൾക്കാനും വയ്യേ എന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുംവിധം നമ്മുടെ ആരാധനാജീവിതത്തെ ഒരു ഭാരമാക്കി മാറ്റാൻ പാടില്ല എന്നാണ് ഇതിലെ ഒരു പാഠം.
നിർത്തുന്നതിനു മുന്നേ ഒരു സംഭവം കൂടി പറയാം. ഈ രണ്ടു സംഭവങ്ങളെയും അത് ബാലൻസ് ചെയ്യും. ചില വേളകളിൽ അസാധാരണമാംവിധം ആരാധനാകർമങ്ങളിൽ നബി ഏർപ്പെട്ടിരുന്നു. രാത്രി വളരെ വൈകി നിസ്കരിക്കുന്നത് കണ്ട സൈനബ ബീവിയും നബിയോടൊപ്പം നിസ്കരിക്കാൻ കൂടി. നബി തങ്ങൾ ദീർഘദീർഘമായി നിന്ന് നിസ്കരിച്ചു. പക്ഷേ ഒരു ഘട്ടം എത്തിയപ്പോൾ സൈനബ ബീവിക്ക് അപ്രകാരം ചെയ്യാൻ കഴിയാതെ വന്നു. കുഴഞ്ഞുവീഴുമെന്ന് തോന്നിയപ്പോൾ ഒരു കയർ കൊണ്ട് രണ്ട് തൂണുകളെ ബന്ധിച്ച് അതിൽ ചാരിനിന്ന് നിസ്കരിക്കാൻ തുടങ്ങി. ഇതുകണ്ട് നബി ചോദിച്ചു: "എന്താണിത്?" "അതെനിക്ക് തളർച്ച വരുമ്പോൾ ചാരി നിസ്കരിക്കാനുള്ളതാണ്." അത് അഴിച്ചുമാറ്റാൻ നബി പറഞ്ഞു. ആവുംപോലെ നിസ്കരിച്ചാൽ മതി എന്ന് ഉപദേശിച്ചു. 'വയബിലിറ്റി' ആണ് ഈ മതത്തിന്റെ വിലാസം.
ഖുർആനിലുണ്ട്: "അല്ലാഹു നിങ്ങൾക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്. അവൻ നിങ്ങളെ പ്രയാസപ്പെടുത്താൻ കരുതുന്നേയില്ല." ഹദീസിൽ (നബി വചനം) ഇങ്ങനെ തന്നെയുണ്ട്: "ഈ മതം എളുപ്പമാണ്." ആരെങ്കിലും അതിനെ കാഠിന്യമുള്ളതാക്കിത്തീർത്താൽ അത് അയാളെ അട്ടിമറിച്ചുകളയും. ഇതെല്ലാം കൂടി വിശദമായി വായിക്കുമ്പോൾ പാലിൽ നിന്ന് വെണ്ണപോലെ നാം ആദ്യം ചോദിച്ച ചോദ്യത്തിന് ഉത്തരം തെളിഞ്ഞുവരുന്നു. ഇസ്ലാം ലളിതമാണോ? ഉത്തരം: ഇസ്ലാം ലളിതമാണെന്നത് ഇത്ര ലളിതമാണോ?


