കാലുള്ളവന് ഓട്ടമത്സരത്തിൽ / ചാട്ടമത്സരത്തിൽ പങ്കെടുക്കാം, ഫസ്റ്റ് നേടാം. കൈയുള്ളവന് ഏറുമത്സരത്തിൽ / ഗുസ്തിമത്സരത്തിൽ പങ്കെടുക്കാം, വിജയിക്കാം. എന്നാൽ പിള്ളവാദം പിടിപെട്ട് സ്വാധീനം നഷ്ടപ്പെട്ടവൻ ഏത് മത്സരത്തിലാണ് പങ്കെടുക്കുക? അയാളും മനുഷ്യനല്ലേ? അതെ, അത്തരം കുട്ടികൾക്കുവേണ്ടി പ്രത്യേകമായ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി കൊബായാഷി മാഷ്. വായിച്ചു നോക്കിയിട്ടില്ലേ 'ടോട്ടോച്ചാൻ'? ഇല്ലെങ്കിൽ വായിച്ചു നോക്കൂ; വിശദമായി അറിയാം.
ആദ്യം ഒരു വരയങ്ങ് വരയ്ക്കുക. എന്നിട്ട് മുഖം നോക്കാതെ എല്ലാവരും ഈ വരയ്ക്ക് ഇപ്പുറത്തായിരിക്കണം എന്ന് പറയുക. അതിൽ പറ്റുന്നവർ ഉണ്ടോ, പറ്റാത്തവർ ഉണ്ടോ, വയ്യാത്തവർ ഉണ്ടോ, പാവപ്പെട്ടവർ ഉണ്ടോ എന്നൊന്നും നോക്കുകയോ പരിഗണിക്കുകയോ ചെയ്യാതിരിക്കുക - ഇതൊന്നും ഒരു മനുഷ്യപ്പറ്റിന്റെ അടയാളമല്ല. അല്ലല്ലോ? മനുഷ്യന്റെ ജീവിതസാഹചര്യങ്ങൾ വ്യത്യസ്തങ്ങളാണെന്നതുപോലെ പ്രവചനാതീതവുമാണ്. ഏതു സമയത്തും അപ്രതീക്ഷിതമായി അവന്റെ മേൽ ഏതാപത്തും ആപതിക്കാം. മനുഷ്യന് വിജയത്തിലേക്ക് കുതിക്കാൻ മാർഗവും ഊർജവും നൽകുന്ന ജീവിതവ്യവസ്ഥയാണ് ഇസ്ലാം. അതുകൊണ്ടുതന്നെ അതിന് മനുഷ്യന്റെ എല്ലാ ജീവിതാവസ്ഥകളോടും പൊരുത്തപ്പെടാൻ കഴിയേണ്ടതുണ്ട്. "ഒറ്റവെട്ട് രണ്ടു മുറി" എന്ന മുരടൻ നിലപാട് മനുഷ്യന്റെ കാര്യത്തിൽ പാടില്ല എന്നത് ഇസ്ലാം നല്ലവണ്ണം കരുതിയതായി കാണാൻ കഴിയും.
മനുഷ്യൻ വ്യക്തിപരമായും സാമൂഹ്യപരമായും ചെയ്തുതീർക്കേണ്ട അനവധി കാര്യങ്ങൾ മതം മുന്നോട്ടുവെക്കുന്നുണ്ട്. അവിടെയെല്ലാംതന്നെ എല്ലാവരും ഒരേ കാര്യം ഒരേപോലെ ചെയ്യുക എന്നതല്ല നിലപാട്. ഒരു വാഹനത്തിന് ഒരേ ഗിയറിൽ എപ്പോഴും പോകാൻ കഴിയാതെ വരുമ്പോൾ ഉടൻ തൊട്ടടുത്ത സെക്കൻഡ്, തേർഡ്, ഫോർത്ത്, ഫിഫ്ത് ഗിയറുകളിലേക്കും വേണ്ടിവരുമ്പോൾ റിവേഴ്സിലേക്കും ചേഞ്ച് ആവാനുള്ള മൾട്ടിപ്പിൾ ഓപ്ഷൻ ഉണ്ട്. എന്നാൽ കേൾക്കണോ കൗതുകം! ഇസ്ലാമിലുമുണ്ട് അതേപോലെയുള്ള ബഹുതല ഗിയർ ഓപ്ഷനുകൾ. രസകരമാണ് അത് കേട്ടുപഠിക്കാൻ.
ഇസ്ലാമിൽ ഓരോ വ്യക്തിയും ഓരോ സോഷ്യൽ ആക്ടിവിസ്റ്റാണ്. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളിലൊക്കെ ഇടപെടുകയും പങ്കെടുക്കുകയും ചെയ്യേണ്ട ബാധ്യത അവനുണ്ട്. "ഞാൻ ഈ നാട്ടുകാരനല്ലേ" എന്നമട്ടിൽ സ്വയം തീർത്ത തുരുത്തിൽ തളച്ചിടപ്പെട്ടവനല്ല അവൻ. നിങ്ങൾ ട്രെയിനിറങ്ങി ഇടവഴിയിലൂടെ നടന്നു വരുമ്പോൾ കാണുന്നത് ഒരു പയ്യൻ മറ്റൊരു തെരുവ് ബാലനെ മർദ്ദിക്കുന്നതാണ്. ഉടൻ നിങ്ങൾ ചിന്തിക്കേണ്ടത് നല്ല ഉഷ്ണവും ദാഹവും ഉണ്ടല്ലോ, മുന്തിയ ജ്യൂസ് ഇവിടെ എവിടെയാണ് കിട്ടുക എന്നല്ല. ഇപ്പോൾ മുമ്പിൽ കാണുന്ന ഈ ലൈവ് സംഭവത്തിൽ നിങ്ങൾ ഇടപെടണം. നിങ്ങൾ അത്യാവശ്യം തണ്ടും തടിയുമുള്ള ആളല്ലേ, അടികൂടുന്നത് പയ്യന്മാരല്ലേ; നിങ്ങൾ നിങ്ങളുടെ കൈകൊണ്ടുതന്നെ അവരെ പിടിച്ചുമാറ്റണം. ഹദീസിൽ (നബി വചനം) കാണാം: "നിങ്ങൾ ആരെങ്കിലും ഒരു അതിക്രമം കണ്ടാൽ കൈകൊണ്ട് തടയുക." അങ്ങനെ അടിപിടി ഭംഗിയിൽ നിർത്തിച്ച് നമ്പർ വൺ സാമൂഹ്യസേവനം നടത്തി നിങ്ങൾ ജ്യൂസ് കടയിൽ വന്നിരുന്നപ്പോൾ കാണുന്നു; കടക്കാരൻ ചീഞ്ഞതും കെട്ടതുമായ പഴങ്ങൾ ജോറായി അരിഞ്ഞിട്ട് ജ്യൂസ് അടിക്കുന്നു. "ഞാൻ പേരുകേട്ട സോഷ്യൽ ആക്ടിവിസ്റ്റ് അല്ലേ, പ്രതിരോധം കൈകൊണ്ടുതന്നെയാവട്ടെ" എന്നുകരുതി ജ്യൂസ് കടക്കാരന്റെ പെരടിക്ക് പൊട്ടിക്കണോ? അത്ര വേണ്ട! അത് ആള് കൂടാനും പ്രശ്നമാകാനുമാണ് ഇടവരുത്തുക. അവിടെയാണ് നിങ്ങൾ നിങ്ങളുടെ മധുരമനോഹരമായ നാവ് ഉപയോഗപ്പെടുത്തേണ്ടത്. അയാൾ ചെയ്തുകൊണ്ടിരിക്കുന്ന ദുഷ്പ്രവൃത്തിയുടെ കെടുതികൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക. ആ ഹദീസിന്റെ തുടർച്ചയിൽ കാണാം: "അവന് അതിന് കഴിയുന്നില്ലെങ്കിൽ അവന്റെ നാവുകൊണ്ട് പ്രതികരിക്കട്ടെ" എന്ന്.
അതും കഴിഞ്ഞ് ഒരു ഒഴിഞ്ഞ വളവിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ ഇതാ വഴിയോരത്ത് കുറേപ്പേർ ഇരുന്ന് മദ്യപിച്ച് കൂത്താടുന്നു. ഓടിച്ചെന്ന് അടിച്ചു ശരിയാക്കിയാലോ എല്ലാത്തിനെയും? വേണ്ട! "ആദരണീയരായ കള്ളുകുടിയന്മാരേ, വൃത്തികെട്ട വിശിഷ്ട വ്യക്തിത്വങ്ങളേ" എന്ന് തുടങ്ങുന്ന നല്ലൊരു പാൽപ്രഭാഷണം കാച്ചിയാലോ? ഒരു കാര്യവുമില്ല. കള്ളുകുടിയന്മാരോട് പ്രസംഗിക്കാൻ ചെന്നാൽ മര്യാദയ്ക്ക് വീട്ടിലെത്തൽ ഉണ്ടാവില്ല. പിന്നീട് വേണമെങ്കിൽ ഓരോ വ്യക്തികളെ സ്വകാര്യമായി കാണുകയും സംസാരിക്കുകയും ആവാം. നിങ്ങളുടെ കൈയും നാക്കും പ്രവർത്തിക്കാതെ വരുമ്പോൾ ഗിയർ മെല്ലെ മനസ്സിലേക്ക് മാറ്റുക. ആ കണ്ട കാഴ്ചയോട് നിങ്ങൾക്ക് കഠിനമായ വെറുപ്പ് ഉണ്ടായിരിക്കുക. "നോക്കിയാട്ടെ അവരുടെയൊക്കെ ഒരു ഭാഗ്യം! നന്നായി ജോളിയടിക്കാം, കുടിച്ചു കൂത്താടാം. നമ്മളൊക്കെ ഇങ്ങനെ ഇസ്തിരി വെച്ച് മസിൽ പിടിച്ച് നടക്കുകയല്ലേ" എന്ന് മുളകുലഡു പൊട്ടിച്ചു നടക്കാതിരിക്കുക. അതാണ് അപ്പോൾ വേണ്ടത്. മേൽ ഹദീസിന്റെ തുടർച്ച ഇങ്ങനെയാണ്: "അതിനും സാധിക്കുന്നില്ലെങ്കിൽ അവൻ മനസ്സുകൊണ്ട് വെറുക്കട്ടെ."
ഇവിടെ നിങ്ങൾക്ക് ഒരുപാട് ആലോചിക്കാനും നിലപാടുകൾ രൂപപ്പെടുത്താനുമുണ്ട്. ട്രെയിൻ ഇറങ്ങി വരുമ്പോൾ രണ്ട് പയ്യന്മാർ തല്ലുകൂടുന്നത് കണ്ടു എന്നല്ലേ പറഞ്ഞത്? നല്ല ഉശിരുള്ള രണ്ടു വാല്യക്കാരാണ് അടികൂടുന്നത് എങ്കിലോ? കൈകൊണ്ട് തടയാനാവുമോ ഇല്ലയോ - നിങ്ങളാണ് തീരുമാനിക്കേണ്ടത്. ഒരു അവധിദിവസം വിശദമായി ഒന്ന് നീന്തിക്കുളിച്ചു കളയാം എന്ന് കരുതി പുഴയോരത്തേക്ക് പോയതാണ്. പുഴയോട് അടുക്കുമ്പോൾ ദീനമായ വിലാപമാണ് കേൾക്കുന്നത്. ഒരു ചങ്ങാതി അതാ വെള്ളത്തിൽ മുങ്ങിത്താണ് പോകുന്നു. അവനെ രക്ഷപ്പെടുത്താൻ നിങ്ങൾ എടുത്തുചാടണമോ വേണ്ടയോ - നിങ്ങളാണ് തീരുമാനം പറയേണ്ടത്. നിങ്ങൾക്ക് നീന്തൽവിദ്യ നല്ല വശമുണ്ടെങ്കിലും എന്ത് ദുസ്സാഹചര്യം വന്നാലും അദ്ദേഹത്തെ രക്ഷിക്കാൻ കഴിയും എന്ന് മനക്കരുത്തുണ്ടെങ്കിലും നിങ്ങൾക്കത് ചെയ്യാം. അല്ലാതെ അയാളെ രക്ഷപ്പെടുത്തണമല്ലോ എന്ന കേവലം ദുർബല വൈകാരികത മാത്രമാണ് ഉള്ളതെങ്കിൽ, നിങ്ങൾക്ക് നീന്താൻ പോലും ശരിക്ക് അറിയില്ലെങ്കിൽ നിങ്ങളുടെ എടുത്തുചാട്ടം സാമൂഹ്യസേവനമല്ല; ആത്മഹത്യയാണ്. കൈകൾ കൊണ്ട് സ്വയം രക്ഷിക്കാൻ അറിയാത്തവനുള്ളതാണ് നാവ്. അവൻ ഉച്ചത്തിൽ വിളിച്ചുകൂവി ആളെ കൂട്ടട്ടെ. വരുന്നവരിൽ കരുത്തരായി ആരെങ്കിലും കാണും. ഒരു സംഘടനയിൽ / രാഷ്ട്രീയപ്പാർട്ടിയിൽ / മഹല്ല് കമ്മിറ്റിയിൽ / ചാരിറ്റബിൾ ട്രസ്റ്റിൽ / കല്യാണവീട്ടിൽ / സ്കൂളിൽ / മദ്റസയിൽ - ഇങ്ങനെ എന്തെല്ലാം കാര്യത്തിലാണ് കൈകൊണ്ട്, നാവുകൊണ്ട്, മനസ്സുകൊണ്ട് എന്നിങ്ങനെ അവരോഹണ ക്രമത്തിൽ പ്രതികരിക്കേണ്ടി വരിക എന്നതിനെക്കുറിച്ച് ഒരു അവലോകനക്കുറിപ്പ് തയ്യാറാക്കുക.
നിലപാടുകളിലെ മേൽ സൂചിപ്പിച്ച ഇലാസ്തികത ഇസ്ലാമിൽ എല്ലായിടത്തും കാണാൻ കഴിയും. വിശ്വാസിയായ മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ അവസാന നിമിഷം വരെ കൃത്യമായി മുറുകെ പിടിക്കേണ്ട ആരാധനാ കർമമാണ് നിസ്കാരം. അത് നിന്നുകൊണ്ടാണ് നിർവ്വഹിക്കേണ്ടത്, ഖിബ്ലയിലോട്ട് തിരിഞ്ഞു വേണം, അംഗശുദ്ധി ഉണ്ടായിരിക്കണം - ഇതൊക്കെയാണ് പ്രാഥമികമായ പാരാമീറ്റേഴ്സ്. പക്ഷേ തുടക്കത്തിൽ ശ്രദ്ധിച്ചില്ലേ? കാലുതളർന്ന കുട്ടി എങ്ങനെ ഓട്ടമത്സരത്തിൽ പങ്കെടുക്കും? നിൽക്കാൻ കഴിയാത്തവരോട് മതം പറയുന്നു: "നിങ്ങൾ ഇരുന്ന് നിസ്കരിച്ചാൽ മതി." അപ്പോൾ ഇരിക്കാൻ കഴിയാത്തവനോ? "കിടന്നു നിസ്കരിച്ചാൽ മതി." കിടന്നിട്ടും പറ്റാത്തവനോ? "ആംഗ്യപ്രകടനം കാണിച്ചാൽ മതി." അതിനും പറ്റാത്തവനോ? "കണ്ണുകൊണ്ട് കാണിച്ചാൽ മതി." അതിനും പറ്റാത്തവനോ? "മനസ്സുകൊണ്ട് നിർവ്വഹിച്ചാൽ മതി." കണ്ടില്ലേ മൾട്ടിപ്പിൾ ഗിയറുകൾ; മാറ്റി മാറ്റി പിടിക്കാൻ!
പുരുഷനെപ്പോലെയല്ലല്ലോ സ്ത്രീ. അവൾക്ക് പീരിയഡ്സും പ്രസവവുമൊക്കെയുണ്ടല്ലോ. അപ്പോഴോ? ആർത്തവകാലത്തൊന്നും അവൾ നിസ്കരിക്കേണ്ട. പ്രസവരക്തം വരുന്ന 60 ദിവസവും അവൾ നിസ്കരിക്കേണ്ട. ഈ അവസ്ഥ ഇല്ലാത്തവരെല്ലാം നിസ്കരിക്കണം. സമയത്തുതന്നെ നിർവ്വഹിക്കുകയും വേണം. ഇപ്പോൾ ഒരു വണ്ടി വരും, ദീർഘയാത്രയാണ്. നിസ്കരിക്കാൻ നിന്നാൽ വണ്ടി വിടും. അടുത്ത വണ്ടി വൈകിട്ടാണ്; അതിന് കാത്തുനിന്നാൽ കുടുങ്ങും. അപ്പോൾ വന്നു ഓപ്ഷൻ. ഈ നിസ്കാരത്തെ അടുത്തതിലേക്ക് പിന്തിക്കുക. വണ്ടി ഇറങ്ങി ചായ കുടിച്ച് ഫ്രഷ് ആയ ശേഷം ഒന്നിച്ചു നിസ്കരിക്കുക. തിരിച്ചുവരുമ്പോൾ തിരിച്ചാണ് കാര്യങ്ങൾ. അഥവാ വണ്ടി വരാൻ അരമണിക്കൂർ ബാക്കിയുണ്ട്; വണ്ടി കയറിയാൽ നിസ്കാരം മിസ്സാവുകയും ചെയ്യും. എന്നാൽ ഒരു കാര്യം ചെയ്യാം; അടുത്ത നിസ്കാരത്തെ ഇതിലേക്ക് മുൻകൂറായി കൂട്ടിച്ചേർത്ത് ഒന്നിച്ചു നിസ്കരിക്കാം. ആദ്യത്തേതിന് ജംഅ് തഅ്ഖീർ (Postpone) എന്നും രണ്ടാമത്തേതിന് ജംഅ് തഖ്ദീം (Prepone) എന്നും പറയുന്നു. ചിലപ്പോൾ യാത്രാമധ്യേ നാല് റക്അത്ത് നിസ്കാരങ്ങൾ ഒന്നിച്ചു നിസ്കരിക്കുവാൻ പ്രയാസം വന്നേക്കും. അപ്പോൾ വരുന്നു അടുത്ത ഓപ്ഷൻ - ഖസ്ർ. നാല് റക്അത്ത് നിസ്കാരം ചുരുക്കി ഈരണ്ടാക്കി നിർവ്വഹിക്കുക.
നിസ്കരിക്കണമെങ്കിൽ അംഗശുദ്ധി വേണം. അംഗശുദ്ധി ഉണ്ടാക്കാൻ വെള്ളം വേണം. ഒരുവേള ഒരാൾ ഒരിടത്ത് എത്തിപ്പെട്ടു; എങ്ങാനും വെള്ളമില്ല - ഒരു തുള്ളി പോലും! വന്നു ഇൻസ്റ്റന്റ് ഓപ്ഷൻ: തയമ്മും. വൃത്തിയുള്ള പൊടിമണ്ണിൽ കൈ പതിച്ച് കൈയും മുഖവും ജസ്റ്റ് തടവിയാൽ മതി. അതാണ് തയമ്മും. ഇനി ഒരാൾ ആകെ വെപ്രാളത്തിൽപ്പെട്ടിരിക്കുകയാണ്; വെള്ളമില്ല, ദിശ അറിയില്ല, സമയബോധമില്ല - ഏതാണ്, എങ്ങനെയാണ്, എന്നൊരു പിടുത്തവുമില്ല. അയാൾ കാര്യങ്ങൾ മനസ്സുകൊണ്ട് വിലയിരുത്തി സമയവും ദിശയും നിർണയിച്ച് തൽക്കാലം അങ്ങ് നിസ്കരിച്ചാൽ മതി. നോമ്പിലേക്ക് വരാം. രാവിലെ മുതൽ രാവാകുന്നതിന് മുമ്പുവരെ വിശപ്പും ദാഹവും ആസ്വദിച്ച് നോമ്പ് നോറ്റിരിക്കാൻ നല്ല രസമാണ്. പക്ഷേ ഗർഭിണിയെക്കുറിച്ച് ആലോചിച്ചു നോക്കൂ. മുല കൊടുത്തുകൊണ്ടിരിക്കുന്ന പെങ്ങളെക്കുറിച്ച് ആലോചിച്ചു നോക്കൂ. കഠിനമായ രോഗപീഡയാൽ നോമ്പ് അരുതെന്ന് ഡോക്ടർ നിർദ്ദേശിച്ച രോഗികളെപ്പറ്റി ആലോചിച്ചു നോക്കൂ. എല്ലാവരും കഠിനമായ നോമ്പ് നോറ്റോളണം എന്ന് ടോപ് ഗിയറിൽത്തന്നെ ചവിട്ടിപ്പിടിച്ചെങ്കിലോ? എന്തുമാത്രം ദുസ്സഹമായിരിക്കും അവരുടെ അവസ്ഥ! ഇവർക്കെല്ലാം ഇളവ് കൊടുത്തിരിക്കുന്നു. പറ്റുമ്പോൾ, പറ്റുന്ന കാലത്ത് എല്ലാം മുറപ്രകാരം വീട്ടിയാൽ മതി.
നോമ്പിന്റെ കാര്യം പറഞ്ഞപ്പോൾ പഠനാർഹവും രസകരവുമായ ഒരു കാര്യം ചേർത്തു പറയാനുണ്ട്. തിരുനബിയും സഹചരരും ഇങ്ങനെ ഇരിക്കുകയാണ്; അപ്പോൾ ഒരാൾ കയറി വരുന്നു. ദുഃഖഭാരത്താൽ മനസ്സ് ചതഞ്ഞ അയാൾ പറയുന്നത് "നബിയേ, ഞാനിതാ നശിച്ചുപോയിരിക്കുന്നു" എന്നാണ്. നബി കാര്യം എന്താണെന്ന് തിരക്കി. മറ്റൊന്നുമല്ല, ആൾ സ്ത്രീയുമായി വേഴ്ചയിൽ ഏർപ്പെട്ടു. മറ്റാരുമായിട്ടല്ല, സ്വന്തം ഭാര്യയുമായിട്ടുതന്നെയാണ്. പക്ഷേ നോമ്പുകാലമല്ലേ, പട്ടാപ്പകലല്ലേ, നോമ്പുകാരനല്ലേ. നോമ്പ് എന്നാൽ തീനും കുടിയും മാത്രം ഒഴിവാക്കിയുള്ള സൊള്ളലല്ലല്ലോ. ശാരീരികമായ തൃഷ്ണകളിൽ നിന്നെല്ലാം ത്യാഗപൂർവ്വം വിട്ടുനിൽക്കുന്ന ഒരു മഹാസാധനയല്ലേ. വായകൊണ്ടും വയറുകൊണ്ടും മാത്രമല്ലല്ലോ, കണ്ണുകൊണ്ട്, നാവുകൊണ്ട്, മുഖം കൊണ്ട്, കാലുകൊണ്ട്, മനസ്സുകൊണ്ടുമൊക്കെ നോമ്പ് വേണമല്ലോ. നോമ്പുകാരനായിരിക്കെ ഭാര്യയുമായി വേഴ്ചയിൽ ഏർപ്പെട്ടാൽ പ്രായശ്ചിത്തം ചെയ്യണമെന്നാണ് നിയമം.
"തനിക്കൊരു അടിമയെ മോചിപ്പിച്ചുകൂടേ?" നബി ചോദിച്ചു. അയാൾ പാവമായിരുന്നു; അയാൾക്ക് അതിനുള്ള കഴിവില്ലായിരുന്നു. "ആവില്ല നബിയേ" എന്ന് അയാൾ പറഞ്ഞു. "എന്നാൽ താൻ 60 ദിവസം തുടർച്ചയായി നോമ്പനുഷ്ഠിക്കണം." ഈ റമളാൻ നോമ്പ് കാലത്ത് പോലും പിടിച്ചുനിൽക്കാൻ പറ്റാത്ത അദ്ദേഹത്തിന് എങ്ങനെയാണ് 60 നാളുകൾ വ്രതനൈരന്തര്യം സാധ്യമാവുക? തുറന്നു പറഞ്ഞു: "ആവില്ല നബിയേ." "എന്നാൽ താൻ 60 ദരിദ്രർക്ക് ആഹാരം കൊടുക്കൂ." അയാൾ അതിദരിദ്രനായിരുന്നു, അതിന് സാധിക്കില്ലായിരുന്നു. വീണ്ടും തുറന്നു പറഞ്ഞു: "സാധിക്കില്ല ദൂതരേ!"
ഇനി എന്ത് ചെയ്യും? അല്പം കഴിഞ്ഞപ്പോൾ ഒരു കൊട്ട നിറയെ കാരക്കയുമായി നബി വന്നു. "എവിടെ ആ വന്ന ആൾ?" നബി അദ്ദേഹത്തെ അന്വേഷിച്ചു. "ഇതാ താങ്കൾ ഇത് കൊണ്ടുപോയി ദാനം ചെയ്യൂ!"
"ഞാൻ ആർക്ക് ദാനം ചെയ്യാൻ? എന്റെ നാട്ടിൽ എന്റെ കുടുംബത്തെക്കാൾ ദരിദ്രരായ ഒരു കുടുംബവുമില്ല!" ഇത് കേട്ടതും നബി പല്ലുകാണെ ചിരിച്ചുപോയി. "എങ്കിൽ നീ ഇത് കൊണ്ടുപോയി നിന്റെ കുടുംബത്തിന് തന്നെ കൊടുക്കൂ." ഇതിനപ്പുറമുള്ള ഒരു ജ്യൂറിസ്പ്രൂഡൻഷ്യൽ ഫ്ലെക്സിബിലിറ്റി / നിഷ്ഠാപരമായ ഇലാസ്തികത നമുക്ക് എവിടെ കാണാനാവും?
ഹജ്ജ് വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിർബന്ധ ബാധ്യതയാണ്. പക്ഷേ ഹജ്ജിന് പോകാൻ പണം വേണ്ടേ കൈയ്യിൽ? സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സാഹചര്യം വേണ്ടേ? അവിടെയാണ് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത്; എല്ലാവർക്കും നിർബന്ധമാക്കിയിട്ടില്ല. "സാധിക്കുന്നവർക്ക്" എന്ന് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ഈ 'സാധിക്കുന്നവർക്ക്' എന്ന വാക്ക് പ്രത്യേകമായി എടുത്തുപറഞ്ഞ മറ്റൊരു സന്ദർഭമാണ് വിവാഹകാര്യം. സാമ്പത്തികമായും ശാരീരികമായും സാധിക്കുന്നവരേ അതിന് നിൽക്കാവൂ.
ഒരാൾ കാണാൻ നല്ല തടിമാടനും മസിൽപവർ ഉള്ളവനും ഒക്കെയാണ്; പക്ഷേ ലൈംഗികപരമായി വാടിയവനാണ്. അവൻ പെണ്ണുകെട്ടിയാൽ ഒരു പാവത്തിയെ കണ്ണീര് കുടിപ്പിക്കുക എന്നതായിരിക്കും ഫലം. ആയതിനാൽ വേണ്ടാതീനത്തിന് അവൻ പോകരുത്. സാമ്പത്തികമായി ഒരു മണ്ണാങ്കട്ടയും കയ്യിലില്ലാത്തവൻ പെണ്ണുകെട്ടിയാലും പ്രശ്നംതന്നെയാണ്. തന്റെ ഭാര്യയുടെ ആഹാരം, വസ്ത്രം, പാർപ്പിടം തുടങ്ങി എല്ലാ ചെലവുകളും വഹിക്കേണ്ടത് ഭർത്താവാണ്. കുട്ടികൾ ഉണ്ടാകുമ്പോൾ അവർക്ക് വേണ്ട ചെലവുകളെല്ലാം വഹിക്കേണ്ടതും അയാൾതന്നെയാണ്. ഇതൊന്നും കൈവശമില്ലാത്തവൻ ഒരു കുടുംബത്തെ കുരുതികൊടുക്കാൻ നിൽക്കരുത്. ഒന്നുകിൽ അധ്വാനിച്ച് പണം കണ്ടെത്തി വിവാഹത്തിനിറങ്ങുക; അതിനു മനസ്സില്ലെങ്കിൽ വ്രതമെടുത്ത് മാറിയിരിക്കുക.
തൊട്ടുമുമ്പ് ഹജ്ജിന്റെ കാര്യം പറഞ്ഞപ്പോൾ പ്രത്യേകിച്ച് പരാമർശിക്കാൻ തോന്നുന്ന ഒരു കാര്യം ആദ്യകാലത്ത് ലഭിച്ച ഇളവുകളെപ്പറ്റിയാണ്. നബി അനുചരന്മാർക്ക് ഹജ്ജ് ചെയ്തു കാണിച്ചുകൊടുക്കുന്നു - ഹജ്ജത്തുൽ വദാഇൽ. അതിന്റെ കർമങ്ങൾക്ക് ഒരു മുൻഗണനാക്രമമുണ്ട്. പലരും എല്ലാം ചെയ്തിട്ടുണ്ട്. പക്ഷേ ക്രമങ്ങൾ മാറിപ്പോയിട്ടുണ്ട്. പഠിച്ചു വരുന്നല്ലേയുള്ളൂ. പലർക്കും പിടയുന്ന ആധി. നബിയോട് അവർ നൂറുകൂട്ടം ചോദ്യങ്ങൾ ചോദിച്ചു. "ഞാൻ ആദ്യം ഇത് ചെയ്തു", "ഞാൻ പിന്നീടാണ് അത് ചെയ്തുപോയത്" അങ്ങനെ അങ്ങനെ. എല്ലാത്തിനും കൊടുത്ത മറുപടി "കുഴപ്പമില്ല" എന്നായിരുന്നു. മൾട്ടിപ്പിൾ ഗിയറുകൾ വർക്ക് ചെയ്യുന്ന സുന്ദരമായ രൂപം.ഒരു രാഷ്ട്രവ്യവസ്ഥയിൽ പൗരന്മാർ പല റോളുകളും വഹിക്കേണ്ടി വരും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സൈനികസേവനം. നമ്മുടെ രാജ്യത്തെ മറ്റേതെങ്കിലും ശത്രുക്കൾ വന്ന് ആക്രമിക്കാൻ നിൽക്കുമ്പോൾ പൗരന്മാർ കൈയുംകെട്ടി നോക്കിനിൽക്കരുത്. സൈനികമേധാവിയുടെ നിർദ്ദേശപ്രകാരം ശക്തമായി പോരാടണം; രാജ്യത്തെയും ജനതയെയും രക്ഷിക്കണം. പക്ഷേ സമൂഹത്തിൽ പലതരക്കാർ ഉണ്ടാകും - കാലില്ലാത്തവനും കണ്ണില്ലാത്തവനും മുടന്തുള്ളവനുമൊക്കെ. ഖുർആനിലെ 'അന്നൂർ' എന്ന അധ്യായത്തിലെ വചനം 61 തുടങ്ങുന്നത് തന്നെ ഇത്തരക്കാർക്ക് ഇളവ് പ്രഖ്യാപിച്ചുകൊണ്ടാണ്. അന്ധന് കുഴപ്പമില്ല, മുടന്തന് കുഴപ്പമില്ല, രോഗിക്ക് കുഴപ്പമില്ല..... ഇങ്ങനെ കുഴപ്പമില്ലായ്മ തരുന്ന എളുപ്പങ്ങളുടെ മതമാണ് ഇസ്ലാം.


