ഖലീഫ സുലൈമാൻ ബിൻ അബ്ദുൽ മലിക്, മക്കൾക്കും പരിവാരങ്ങൾക്കുമൊപ്പം മക്കയിലെ കഅ്ബ ത്വവാഫ് (പ്രദക്ഷിണം) ചെയ്യുകയാണ്. പെട്ടെന്ന് അദ്ദേഹത്തിന് തന്റെ കർമത്തിൽ ഒരു സംശയം ഉടലെടുത്തു. ഉടനെ അദ്ദേഹം അടുത്തുകണ്ട ആളോട് ചോദിച്ചു: "ആ മഹാൻ എവിടെ?"
അയാൾ മസ്ജിദുൽ ഹറമിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് വിരൽചൂണ്ടി. ഖലീഫ ഉടനെ വളരെ വിനയത്തോടെ അങ്ങോട്ട് നടന്നു. അതുകണ്ട് പരിവാരങ്ങൾ അദ്ദേഹത്തിന്റെ മുമ്പിൽ വഴി സുരക്ഷിതമാക്കാനായി പോകാനൊരുങ്ങി. പക്ഷേ, ഖലീഫ അവരെ തടഞ്ഞു. എന്നിട്ട് പറഞ്ഞു: "ഇതൊരു ദൈവിക സ്ഥാനമാണ്. ഇവിടെ രാജാവും സാധാരണക്കാരനും സമമാണ്. ദൈവബോധം കൊണ്ടല്ലാതെ ആർക്കും മറ്റൊരാളെക്കാൾ മഹത്വമില്ല"
ആ പള്ളിമുറ്റത്ത്, ജനങ്ങൾക്കിടയിൽ, കറുകറുത്ത്, പരന്ന മൂക്കുള്ള, ഒരുകൈ തളർന്ന്, മുടന്തനായ, ഒരു നീഗ്രോ വർഗക്കാരൻ നിസ്കരിക്കുന്നുണ്ടായിരുന്നു. ഖലീഫ സുലൈമാനും മക്കളും അയാളുടെ പിന്നിൽ ക്ഷമയോടെ കാത്തിരുന്നു. നിസ്കാരം കഴിഞ്ഞ ഉടനെ, ഖലീഫ തന്റെ സംശയങ്ങൾ ചോദിച്ചു. അറിവിന്റെ ആഴവും പൂർണതയും കൊണ്ട് ആ 'അടിമ' ചോദ്യങ്ങൾക്കെല്ലാം വ്യക്തവും തൃപ്തികരവുമായ മറുപടി നൽകി. അതുകണ്ട് അത്ഭുതം കൂറിയ മകനോട് ഖലീഫ പറഞ്ഞു: "മകനേ, നീ കണ്ട ഈ മനുഷ്യൻ, അബ്ദുല്ലാഹ് ഇബ്നു അബ്ബാസിന്റെ പിൻഗാമിയും മക്കയുടെ മുഫ്തിയുമായ അത്വാഉബ്നു അബീറബാഹ് ആണ്. അടിമകൾ രാജാക്കന്മാരാകുന്നത് വിജ്ഞാനം കൊണ്ടാണ്"
എ.ഡി 647-ൽ യമനിലെ ജുന്ദ് പട്ടണത്തിൽ ഒരു നൂബിയൻ അടിമയായാണ് (വടക്കുകിഴക്കൻ ആഫ്രിക്കയിലെ, പ്രത്യേകിച്ചും ഇന്നത്തെ തെക്കൻ ഈജിപ്തിനും വടക്കൻ സുഡാനും ഇടയിലുള്ള നൈൽ നദീതട പ്രദേശത്ത് ജീവിച്ചിരുന്നവരും ജീവിക്കുന്നവരുമായ ഒരു പുരാതന ജനവിഭാഗമാണ് നൂബിയൻ ജനത) അത്വാഇന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് കൊട്ടകൾ നെയ്ത് ഉപജീവനം നടത്തി. കായികമായ പരിമിതികൾക്ക് പുറമെ, ഒരു കണ്ണ് നഷ്ടപ്പെടുകയും ഒരു കൈ തളരുകയും ചെയ്തിട്ടും വിജ്ഞാനം തേടാനുള്ള മനസ്സ് അത്വാഇന് നഷ്ടപ്പെട്ടില്ല.
അടിമത്തത്തിന്റെ തിരക്കിനിടയിലും വിജ്ഞാനം നേടാനുള്ള അടങ്ങാത്ത ആഗ്രഹം കാരണം അദ്ദേഹം തന്റെ സമയത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചു: ഒരു ഭാഗം യജമാനത്തിയുടെ ശുശ്രൂഷയ്ക്ക്; രണ്ടാമത്തെത് ആരാധനയ്ക്ക്; മൂന്നാമത്തെത് വിജ്ഞാന സമ്പാദനത്തിന്. തന്റെ അടിമയുടെ ദൈവഭക്തിയും വിജ്ഞാനത്തോടുള്ള സമർപ്പണവും കണ്ട യജമാനത്തി, അല്ലാഹുവിന്റെ പ്രീതിക്കായി അദ്ദേഹത്തെ മോചിപ്പിച്ചു. അന്നുമുതൽ മസ്ജിദുൽ ഹറം അദ്ദേഹത്തിന്റെ വീടായി. "ഇരുപത് വർഷത്തോളം മസ്ജിദുൽ ഹറം തന്നെയായിരുന്നു അത്വാഇന്റെ വിരിപ്പെന്ന് ചരിത്രപണ്ഡിതർ രേഖപ്പെടുത്തുന്നുണ്ട്"
അത്വാഅ് വിജ്ഞാനത്തിൽ ഉന്നത സ്ഥാനത്തെത്തിയത് രണ്ട് സവിശേഷ ഗുണങ്ങൾ കൊണ്ടാണ്: മനസ്സിന്റെ മേലുള്ള നിയന്ത്രണവും സമയത്തിന്റെ മേലുള്ള നിയന്ത്രണവും. അഞ്ച് ദിർഹമിൽ കൂടുതൽ വിലയുള്ള വസ്ത്രം അദ്ദേഹം ജീവിതത്തിൽ ധരിച്ചില്ല എന്ന് മനസ്സിലാക്കുമ്പോഴാണ് ഭൗതികതയെ അദ്ദേഹം എത്രമാത്രം അവഗണിച്ചു എന്ന് ബോധ്യപ്പെടുന്നത്.
അദ്ദേഹം തന്റെ ശിഷ്യരോട് പറഞ്ഞു: "നമുക്ക് മുമ്പുള്ളവർ അനാവശ്യ സംസാരങ്ങളെ വെറുത്തിരുന്നു. അല്ലാഹുവിന്റെ ഗ്രന്ഥം, പ്രവാചകവചനം, നന്മ കൽപന, തിന്മ വിരോധം, അത്യാവശ്യമായ ലൗകിക സംസാരം എന്നിവയല്ലാത്തതെല്ലാം അവർക്ക് അനാവശ്യമായിരുന്നു". തുടർന്ന് അദ്ദേഹം ചോദിച്ചു: "പരലോകത്ത് ഒരാൾ തന്റെ കർമരേഖകൾ തുറന്നു നോക്കുമ്പോൾ, അതിൽ ഭൂരിഭാഗവും പരലോകവുമായി ബന്ധമില്ലാത്തതാണെങ്കിൽ, എത്രമാത്രം ലജ്ജിക്കേണ്ടി വരും?" ഈ സൂക്ഷ്മത കാരണം, ലോകത്തെ ഏറ്റവും വലിയ കർമശാസ്ത്ര പണ്ഡിതരിൽ ഒരാളായ ഇമാം അബൂഹനീഫ പോലും ഹജ്ജിലെ അഞ്ച് മര്യാദകൾ പഠിച്ചത്, അത്വാഇന്റെ ശിഷ്യനായ ഒരു സാധാരണ കൊമ്പ് വെപ്പുകാരനിൽ നിന്നായിരുന്നു.
അറിവുകൊണ്ട് മക്കയിലെ പണ്ഡിതന്മാരുടെ നേതാവായി മാറിയ അത്വാഅ്, ഭൗതിക അധികാരത്തെ പൂർണമായും അകറ്റിനിർത്തി. "എന്റെ ആത്മീയ ജ്ഞാനം അവരുടെ ഭൗതികതയുമായി കലരും" എന്ന ഭയത്താൽ അദ്ദേഹം ഖലീഫമാരുടെ കൊട്ടാരങ്ങളിലേക്കുള്ള ക്ഷണങ്ങൾ നിരസിച്ചു. എങ്കിലും, സമുദായത്തിന് പ്രയോജനം ചെയ്യുമെന്ന് കണ്ടാൽ അദ്ദേഹം ഭരണാധികാരികളെ സന്ദർശിക്കുമായിരുന്നു.
ഒരിക്കൽ ഖലീഫ ഹിശാം ബിൻ അബ്ദിൽ മലിക് അദ്ദേഹത്തെ ക്ഷണിച്ചു. പഴകിയ ജുബ്ബയും തുകൽ തൊപ്പിയും ധരിച്ച്, കഴുതപ്പുറത്ത് അദ്ദേഹം കൊട്ടാരത്തിലെത്തി. ഖലീഫ ഹിശാം ഉടനെ അദ്ദേഹത്തെ അകത്തേക്ക് വിളിപ്പിക്കുകയും, സിംഹാസനത്തിൽ തന്റെ അടുത്ത് ഇരുത്തുകയും ചെയ്തു. സദസ്സിലുണ്ടായിരുന്ന പ്രമാണിമാർ നിശ്ശബ്ദരായി.
രാജാവിന്റെ തൊട്ടുമുന്നിലെത്തിയിട്ട് തനിക്കുവേണ്ടി ഒന്നും ചോദിക്കാതെ, അത്വാഅ് ഖലീഫയോട് ആവശ്യപ്പെട്ടത് ഇപ്രകാരമായിരുന്നു:
- ഹറം നിവാസികൾക്ക് ധനസഹായം ഉറപ്പാക്കുക.
- അതിർത്തി കാക്കുന്ന സൈനികർക്ക് വേണ്ടത്ര സഹായം നൽകുക.
- കരാർ നൽകിയിട്ടുള്ള അമുസ്ലിം പൗരന്മാർക്ക് താങ്ങാൻ കഴിയാത്ത ഭാരം ഏൽപിക്കാതിരിക്കുക.
ഇവയെല്ലാം അംഗീകരിച്ച ശേഷം, അത്വാഅ് ഖലീഫയ്ക്ക് കടുപ്പമേറിയ ചില ഉപദേശങ്ങൾ നൽകി: "താങ്കൾ അല്ലാഹുവിനെ സൂക്ഷിക്കുക! താങ്കൾ ഏകനായാണ് സൃഷ്ടിക്കപ്പെട്ടത്. മരിക്കുന്നതും പുനർജീവിപ്പിക്കപ്പെടുന്നതും വിചാരണ ചെയ്യപ്പെടുന്നതും അപ്രകാരം തന്നെയായിരിക്കും. ഈയിരിക്കുന്ന ആരും അവിടെ താങ്കളുടെ കൂടെ ഉണ്ടായിരിക്കില്ല". ഇതുകേട്ട് ഖലീഫ മുട്ടുകുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു. സമ്മാനമായി നൽകിയ പണക്കിഴി അത്വാഅ്, "എന്റെ പ്രതിഫലം ലോകരക്ഷിതാവിന്റെ പക്കലാണ്" എന്ന ഖുർആൻ വാക്യം ഉദ്ധരിച്ച് നിരസിച്ചു. കൊട്ടാരത്തിൽ നിന്ന് പുറത്തുവരുന്നത് വരെ അദ്ദേഹം ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ തയ്യാറായില്ല.
വിജ്ഞാനവും ഭക്തിയും കൈമുതലാക്കി ഏകദേശം നൂറ് വയസ്സ് വരെ ജീവിക്കുകയും എഴുപതിലധികം ഹജ്ജ് കർമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത അത്വാഅ് ബിൻ അബീറബാഹ്, ഭൗതിക സുഖസൗകര്യങ്ങളെ അവഗണിച്ചാണ് ജീവിതകാലമത്രയും തുടർന്നുപോന്നത്. എ.ഡി 747-ൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.




