ഹിജ്റ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച പ്രമുഖ നബിവചനശാസ്ത്ര പണ്ഡിതനും കര്മശാസ്ത്രകാരനുമാണ് അബ്ദുറഹ്മാന് അല്‍ ഔസാഈ. അബൂഅംറ് അബ്ദുറഹ്മാന് ബ്നു അംറു ബ്നു യഹ്മദുല് ഔസാഈ എന്നാണ് പൂര്‍ണനാമം.
ഹിജ്റ 88ല്‍ ലബനാനിലെ ബഅ്ലബകില്‍ ഹിംയര്‍ ഗോത്രത്തിലെ ഔസാഅ് വംശത്തിലാണ് ജനനം. അനാഥനായിരുന്ന ഔസാഈ ബിഖാഇലാണ് വളര്‍ന്നത്. സാമൂഹികവും സാംസ്കാരികവുമായ സാഹചര്യങ്ങൾ പഠിപ്പിക്കാന്‍ വേണ്ടി മാതാവ് അദ്ദേഹത്തെയും കൊണ്ട് നാടു ചുറ്റി. കൗമാരത്തിലെത്തുമ്പോഴാണ് അഞ്ചാം ഖലീഫ ഉമറു ബ്നു അബ്ദുല്‍ അസീസ് ഭരണം ഏറ്റെടുക്കുന്നത്. ഔസാഈ എന്ന പേര് ഡമസ്കസിലെ ബാബുല്‍ ഫിറാസിനടുത്തുള്ള ഔസാദ് ഗ്രാമത്തില്‍ വസിച്ചത് കൊണ്ടാണെന്നും അതല്ല, ഗോത്രപ്പേരില് നിന്നാണെന്നും അഭിപ്രായമുണ്ട്.
വലിയ ജ്ഞാനിയും സ്വതന്ത്ര മുജ്തഹിദുമായിരുന്നു (സ്വതന്ത്രമായി കർമശാസ്ത്ര വിധി കണ്ടെത്തുന്ന വ്യക്തി) ഔസാഈ. ശാം, അന്തലുസ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം ‘ഔസാഈ മദ്ഹബ്’ എന്ന പേരില്‍ ഒരു മദ്ഹബ് നിലനിന്നിരുന്നു. ഗുരുനാഥനായ യഹ്യബ്നു കസീറിന്റെ നിര്‍ദ്ദേശപ്രകാരം ഹസന്, ഇബ്നു സീരീന് എന്നിവരെ കാണാനും വിദ്യ അഭ്യസിക്കാനും വേണ്ടി ബസ്വറയില്‍ പോയി. പക്ഷേ, അപ്പോഴേക്കും ഹസന് മരണപ്പെടുകയും ഇബ്നു സീരീന് ശയ്യാവംബിയാവുകയും ചെയ്തു. ഇബ്നു സീരീന് മരിക്കും വരെ അദ്ദേഹത്തെ സേവിച്ചു. ശേഷം പ്രശസ്ത പണ്ഡിതന്മാരായ അത്വാഉ അബീ റബാഹ്, ഖതാദഃ, നാഫിഅ് മൗല ഉമര്‍, മുഹമ്മദ് ബ്നുല്‍ മുന്ദകിര്, ഇമാം സുഹ്രീ എന്നിവരില്‍ നിന്ന് ഹദീസ് പഠിച്ചു. പിന്നീട് ഡമസ്കസിലേക്ക് തിരിച്ചു. ഔസാഇല് താമസമാക്കി. താബിഉത്താബിഉകളില് (നബിയനുചരുടെ രണ്ടാം തലമുറ പണ്ഡിതന്മാർ) പെട്ട സുഫ്യാനുസ്സൗരി, മാലിക് ബ്ന് അനസ് എന്നിവര്‍ പ്രധാന ശിഷ്യരാണ്.
ഇമാം ഔസാഈ ആധികാരികനും വിശ്വസ്തനുമാണെന്നതില് പണ്ഡിതന്മാര്ക്കിടയില് തര്‍ക്കമില്ല. ഒരിക്കല്‍ ഹജ്ജിനായി മക്കയിലെത്തിയ ഇമാം ഔസാഈയെ സുഫ് യാനുസ്സൗരി, മാലിക് ബ്നു അനസ് എന്നിവര്‍ സേവകരായി അനുഗമിച്ചു.
ഇമാം ഔസാഈയോടുള്ള സുദീര്‍ഘമായ സംഭാഷണങ്ങളിലൂടെ രണ്ടുപേരും ധാരാളം വിജ്ഞാനം ആര്‍ജിച്ചെടുത്തു. പല കര്‍മശാസ്ത്ര പ്രശ്നങ്ങളിലും സ്വന്തമായ വീക്ഷണങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്. ശിഷ്യനായ സുഫ് യാനുസ്സൗരിയുമായി മിനയില്‍ വെച്ച് സംവാദം വരെ ഉണ്ടായിട്ടുണ്ട്. ആ കാലഘട്ടത്തില്‍ ഔസാഈയുടെ വീക്ഷണങ്ങള്‍ ‘ഔസാഈ മദ്ഹ്ബ്’ എന്ന് തന്നെ അറിയപ്പെട്ടിരുന്നു. എന്നാല്‍ പില്ക്കാലത്ത് സ്വന്തമായി നിലനില്ക്കാന് അവയ്ക്ക് കരുത്തുണ്ടായില്ല. പകരം ഇതര മദ്ഹബുകളുടെ (കർമശാസ്ത്ര സരണി) ഭാഗമായി മാറുകയാണുണ്ടായത്. അതീവ ബുദ്ധിശാലിയും വിജ്ഞാന ദാഹിയുമായിരുന്ന ഇമാം ഔസാഈ, 25-ാം വയസ്സില്‍ തന്നെ ഫത്വകള് നല്കാന് പ്രാപ്തി നേടി. എഴുപതിനായിരത്തോളം പ്രശ്നങ്ങള്‍ക്ക് മഹാന് പരിഹാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അറബി ഭാഷയില്‍ അഗാധജ്ഞാനമുണ്ടായിരുന്ന ഇമാം ഔസാഇക്ക് സംസാരത്തില്‍ നിസാരമായ തെറ്റുകള്‍ പോലും വരാറില്ലായിരുന്നു. പ്രൗഢവും സുന്ദരവുമായ ശൈലിയില്‍ അദ്ദേഹമെഴുതിയ കത്തുകള്‍ ഖലീഫ മന്‍സൂറിനെ ഹഠാദാകര്‍ഷിച്ചതായി ചരിത്രത്തിലുണ്ട്. തന്റെ സദസ്സില്‍ വന്നിരിക്കുന്നവര്ക്കെല്ലാം ഭക്തിപൂര്‍ണമായ ഉപദേശങ്ങള്‍ നല്‍കും. ആ ഉപദേശങ്ങള്‍ കേട്ട് പലരും കരയും. അദ്ദേഹത്തിന്റെ ജീവിതത്തിലെ സൂക്ഷ്മതയെക്കുറിച്ച് ഒരു സംഭവമുണ്ട്: ഒരു പ്രഭാതത്തില്‍ നിസ്കാരപ്പായ നനഞ്ഞുകണ്ട അയല്‍വാസിയായ സ്ത്രീ ഇമാമിന്റെ ഭാര്യയോട് 'കുട്ടി ഉറക്കത്തില്‍ മൂത്രമൊഴിച്ചിരുന്നോ' എന്നു ചോദിച്ചു. അത്, ഭര്‍ത്താവ് നിസ്കാരവേളയില്‍ കണ്ണീര് പൊഴിച്ചതാണ് എന്നായിരുന്നു ഭാര്യയുടെ മറുപടി.
ഇമാം ഔസാഈ ഭരണാധികാരികളെ ഭയപ്പെട്ടിരുന്നില്ല. ശാമില്‍ നിന്ന് ഉമവികളെ ആട്ടിയോടിച്ച കാരണത്താല്‍, തന്നെ കാണാന്‍ വന്ന ഗവര്‍ണര്‍ അബ്ദുല്ലാഹിബ്നു അലിയുടെ സലാം പോലും മടക്കാന്‍ മഹാന് തയാറായില്ല. ഈ പെരുമാറ്റത്തില്‍ ദേഷ്യം തോന്നിയ അബ്ദുല്ലാഹിബ്നു അലി ഇമാം ഔസാഈയോട് ചോദിച്ചു:
'അക്രമികളായ ഉമവികളെ നാട് കടത്തിയതിനെക്കുറിച്ച് എന്ത് പറയുന്നു?'
ഇമാം ഔസാഈയുടെ മറുപടി ഇപ്രകാരമായിരുന്നു: തിരുനബി പറഞ്ഞിട്ടുണ്ട്: 'പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത് മനസിലെ വിചാരമനുസരിച്ചാണ്.'
അബ്ദുല്ലാഹ് ചൂരല്‍വീശി ചാടി എഴുന്നേറ്റു. ഭടന്മാര് വാളുകള്‍ ശരിപ്പെടുത്തി. അബ്ദുല്ലാഹ് വീണ്ടും ചോദിച്ചു: 'ബനൂ ഉമയ്യക്കാരുടെ രക്തം ചിന്തുന്നതിനെ പറ്റി എന്താണ് അഭിപ്രായം?'
ഇമാം ഔസാഈ: മൂന്ന് കാര്യങ്ങള്‍ക്കെല്ലാതെ രക്തം ചിന്തുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. കൊലക്കുറ്റം, വിവാഹിതന്റെ വ്യഭിചാരം, രാജ്യദ്രോഹം എന്നിവയാണത്’.
മഹാനവര്‍കളുടെ നിഷ്കളങ്കതയും നിര്‍ഭയത്വവും അബ്ദുല്ലയെ വല്ലാതെ സ്വാധീനിച്ചു. സൗമ്യമായി അബ്ദുല്ലാഹ് ചോദിച്ചു: 'അവരുടെ സ്വത്ത് പിടിച്ചെടുക്കുന്നതിനെ പറ്റി എന്തുപറയുന്നു’
ഇമാം ഔസാഈ: 'അവരുടെത് നിഷിദ്ധമായ സമ്പാദ്യമാണെങ്കില്‍ നിങ്ങള്‍ക്കും നിഷിദ്ധം. അവര്‍ സമ്പാദിച്ചത് അനുവദനീയ മാര്‍ഗത്തിലാണെങ്കില്‍ അതേ മാര്‍ഗത്തിലല്ലാതെ നിങ്ങള്‍ കൈവശപ്പെടുത്തുന്നത് ശരിയല്ല.’
വളരെ വിനയത്തോടെ അബ്ദുല്ലാഹ് വീണ്ടും ചോദിച്ചു: 'നിങ്ങളെ ഇവിടത്തെ ഖാളിയായി നിയമിക്കട്ടെ?'
ഇമാം ഔസാഈ: 'നിങ്ങളുടെ മുന്‍ഗാമികള്‍ എന്നെ പ്രയാസപ്പെടുത്തിയിട്ടില്ല. ഉത്തരവാദിത്വം ഇല്ലാതിരിക്കുന്നതാണ് എനിക്കിഷ്ടം.’
തിരിച്ചുപോകാന്‍ നേരം ഇമാമിന് ഇരുനൂറ് ദീനാര്‍ സ്വര്‍ണനാണയം സമ്മാനിച്ചു. അത് അവിടെ തന്നെ അദ്ദേഹം ദാനം ചെയ്തു.
സത്യം തുറന്നുപറയുന്നതില്‍ ഇമാം ഔസാഈ ആരെയും ഭയപ്പെട്ടില്ല. സ്ഥാനമാനങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചില്ല. ലബനാന് മലനിരകളില്‍ ഇസ്ലാമിക രാഷ്ട്രത്തിനു കീഴില്‍ നികുതി കൊടുത്ത് താമസിച്ചിരുന്ന ക്രൈസ്തവ വിഭാഗത്തില്‍പെട്ട ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ അതിനെതിരില്‍ അബ്ബാസി ഗവര്‍ണര്‍ സ്വാലിഹ് ബ്നു അബ്ദുല്ലാഹ് അവരെ മുഴുവന്‍ നാട് കടത്താന്‍ തീരുമാനിച്ചു. ഇതറിഞ്ഞ ഇമാം ഔസാഈ ഏതാനും ചിലയാളുകളുടെ കുറ്റകൃത്യം കൊണ്ട് ഒരു ജനതയെ മുഴുവന്‍ ശിക്ഷിക്കുന്നത് ഖുര്‍ആനിനും സുന്നതിനും (നബിചര്യക്കും) നിരക്കുന്നില്ലെന്ന് പ്രസ്താവിച്ചു. ഇതറിഞ്ഞ ഗവര്‍ണര്‍ തീരുമാനം മാറ്റുകയാണ് ഉണ്ടായത്.
ഇമാം ഔസാഈയുടെ ഉപദേശങ്ങള്‍ യുക്തിപൂര്‍വകവും സന്ദര്ഭോചിതവുമായിരുന്നു. അബ്ബാസി ഖലീഫ മന്‍സൂര്‍ ഭരണമേറ്റെടുത്തപ്പോള്‍ ഇമാം നല്കിയ ഉപദേശങ്ങള്‍ ചരിത്രപ്രസിദ്ധമാണ്. 'അമീറുല്‍ മുഅ്മിനീന്‍, പര്‍വതങ്ങളും ആകാശഭൂമികളും ഭയം മൂലം ഏറ്റെടുക്കാന്‍ വിസമ്മതിച്ച ഉത്തരവാദിത്വമാണിത്.
തിരുനബി ഇങ്ങനെ പറഞ്ഞിരിക്കുന്നു: ഉത്തരവാദിത്വം ഏല്പിക്കപ്പെടുന്ന വ്യക്തി തന്റെ പ്രജകളോട് വഞ്ചന കാണിച്ചാല്‍ സ്വര്‍ഗത്തിന്റെ ഗന്ധം പോലും അല്ലാഹു അവന് നിഷേധിക്കും’.
ശേഷം തിരിച്ചുപോകാന്‍ തുടങ്ങിയ ഇമാമിന് ഖലീഫ മന്‍സൂര്‍ നല്കിയ പണം നിഷേധിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'എനിക്കിതിന്റെ ആവശ്യമില്ല, ഭൗതികനേട്ടത്തിനു വേണ്ടി ഉപദേശങ്ങള്‍ വില്ക്കുന്നവനല്ല ഞാന്‍'.
സത്യത്തില്‍ നിന്ന് അല്പം പോലും വ്യതിചലിക്കാത്തതിനാല്‍ ഭരണാധികാരികളും ഗവര്‍ണര്‍മാരും മഹാനെ ഭയപ്പെട്ടിരുന്നു. 'അബൂഅംറെ, താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ. എന്നെ ഗവര്‍ണര്‍ സ്ഥാനം ഏല്പിച്ച ഖലീഫയെക്കാള്‍ എനിക്ക് മഹാനെയായിരുന്നു ഭയം' എന്ന് ഇമാമിന്റെ മരണാനന്തരം അബ്ബാസി ഗവര്‍ണര്‍ പറഞ്ഞിരുന്നു.
തന്റെ അവസാന കാലം കുടുംബസമേതം ലബനാനിലെ ബയ്റൂതിലാണ് താമസിച്ചത്. ഹിജ്റ 157 ല്‍ എഡി 773 ല്‍ 67-ാം വയസില്‍ മരണപ്പെടുകയും ബയ്റൂതിലെ ഹന്തൂസ് ഗ്രാമത്തില്‍ മറമാടുകയും ചെയ്തു. സുദീര്‍ഘമായ കാലം അറിവിനു വേണ്ടി ചെലവഴിച്ച മഹാനവര്‍കളുടെ തൂലികയില്‍ നിന്ന് ഒരുപാട് കിതാബുകള്‍ (മതഗ്രന്ഥങ്ങൾ) വിരചിതമായിട്ടുണ്ട്. കിതാബു സുനന്, അല്മസാഇലു ഫില്‍ ഫിഖ്ഹ്, അല്‍മുസ്നദ് എന്നിവ അതിൽ എടുത്തുപറയേണ്ടതാണ്.




