ബാഗ്ദാദിൽ നിന്ന് ഏകദേശം അഞ്ഞൂറ്റി മുപ്പത്തിരണ്ട് കിലോമീറ്റർ അകലെയാണ് ബസ്വറ. പ്രാചീനകാലം മുതൽതന്നെ ഇറാഖിലെ അറിയപ്പെട്ട രണ്ട് നഗരങ്ങളാണ് കൂഫയും ബസ്വറയും. ഇസ്ലാമിക ചരിത്രത്തിലെ പ്രഗത്ഭ പണ്ഡിതനായ അബൂ സഈദ് ഹസനുബ്നു അബിൽ ഹസൻ ബസ്വറക്കാരനായിരുന്നു. ബസ്വറ എന്ന നാട്ടിലേക്ക് ചേർത്തിയാണ് അദ്ദേഹത്തെ ഹസനുൽ ബസ്വരി എന്ന് വിളിക്കുന്നത്. വിജ്ഞാനം, സൂക്ഷ്മത, ആരാധന എന്നിവയിലെല്ലാം അഗ്രഗണ്യനായിരുന്നു ഹസൻ.
പ്രശസ്ത നബി അനുചരൻ സൈദ് ബ്നു സാബിതിന്റെ സേവകനായിരുന്നു ഹസന്റെ പിതാവ്. മാതാവ് ഖൈറ, തിരുനബിയുടെ പത്നി ഉമ്മുസലമയുടെ ഭൃത്യയുമായിരുന്നു. പ്രവാചകന്റെ മദീനാ പലായനത്തിനു ശേഷം ഇരുപത്തിയൊന്നാം വർഷമാണ് ഹസൻ ജനിക്കുന്നത്. തിരുനബിയുടെ പത്നി ഉമ്മുസലമയുടെ വീട്ടിലായിരുന്നു ജനനം. രണ്ടാം ഖലീഫയായിരുന്ന ഉമറിന്റെ കാലത്താണ് അദ്ദേഹം ജനിക്കുന്നത്. അദ്ദേഹത്തിന് ഹസൻ എന്ന് പേരിട്ടതും ഉമറായിരുന്നു.
ജോലി സമയങ്ങളിൽ പല ആവശ്യങ്ങൾക്കും വേണ്ടി മാതാവ്, ഖൈറ പുറത്തുപോകുമ്പോൾ മുലകുടി പ്രായത്തിലായിരുന്ന ഹസൻ വിശന്നു കരയും. ആ കരച്ചിൽ കേട്ട് ഉമ്മുസലമയ്ക്ക് സഹിക്കില്ല. കുട്ടികളോട് വലിയ കാരുണ്യമുണ്ടായിരുന്ന പ്രവാചകപത്നി അത് എങ്ങനെ സഹിക്കും! അവർ കുട്ടിയെ വാരിയെടുക്കും; തന്റെ മടിയിലിരുത്തി മുല കൊടുക്കും. മാതാവ് വരുംവരെ കുട്ടി കരയാതെയിരിക്കും. പ്രവാചകപത്നിയുടെ മുലകുടിച്ചു വളർന്നതിന്റെ എല്ലാവിധ ഐശ്വര്യവും ഹസന്റെ ജീവിതത്തിൽ പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ അഗാധമായ ജ്ഞാനത്തിനും യുക്തിക്കും വാക്ചാതുരിക്കും കാരണവും അതാണെന്ന് പണ്ഡിതന്മാർ നിരീക്ഷിക്കുന്നു. പല നബി അനുചരന്മാരോടും അതീവ ബന്ധം പുലർത്തിയിരുന്നതിനാൽ അദ്ദേഹത്തിന്റെ ചെറുപ്പകാലം അറിവിന്റെ ലോകത്തേക്കുള്ള പ്രവേശനമായിരുന്നു.
അറബി സാഹിത്യത്തിൽ അതീവ നിപുണനായിരുന്നു ഹസൻ. അക്കാലത്ത് അറബി സാഹിത്യത്തിൽ ഏറ്റവും ജ്ഞാനമുള്ളത് ഹസനായിരുന്നു എന്ന് ചരിത്രത്തിൽ കാണാം. ഇസ്ലാമിക ഭരണകൂടത്തിന്റെ തലസ്ഥാന നഗരിയായിരുന്ന മദീനയിലാണ് അദ്ദേഹം വളർന്നത്. മൂന്നാം ഖലീഫ ഉസ്മാന്റെ പ്രസംഗങ്ങൾ ഒരുപാട് കേട്ടിരുന്നു. ഉസ്മാൻ വധിക്കപ്പെടുമ്പോൾ ഹസന് പതിനാല് വയസ്സായിരുന്നു പ്രായം. പതിനഞ്ചാം വയസ്സിൽ, നാലാം ഖലീഫ അലിയുടെ ഭരണകാലത്ത് ഉസ്മാനുബ്നു ഹുനൈഫ് ബസ്വറയിലെ ഗവർണറായിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് കുടുംബസമേതം ബസ്വറയിലേക്ക് താമസം മാറുന്നത്.
നല്ല ഉയരമുണ്ടായിരുന്ന ഹസൻ സൗന്ദര്യത്തിലും മുൻപന്തിയിലായിരുന്നു. ബസ്വറ സ്വദേശികളിൽ ഏറ്റവും സുന്ദരനായിരുന്നുവത്രേ. ഒരിക്കൽ വാഹനപ്പുറത്തു നിന്ന് വീണ് മൂക്കിന് ക്ഷതമേൽക്കുകയുണ്ടായി; എന്നിട്ടും സൗന്ദര്യത്തിന് ഒരു കുറവുമുണ്ടായില്ല. ആസ്വിമുൽ അഹ്വൽ എന്ന പണ്ഡിതൻ ബസ്വറയിലേക്ക് യാത്ര ചെയ്യാനുദ്ദേശിച്ചപ്പോൾ അദ്ദേഹം ശുഅ്ബി എന്നവരോട് ചോദിച്ചു: "നിങ്ങൾക്കുവേണ്ടി ബസ്വറയിൽ വെച്ച് വല്ലതും ചെയ്യേണ്ടതുണ്ടോ?" ശുഅ്ബി പറഞ്ഞു: "ബസ്വറയിലെത്തിയാൽ എന്റെ സലാം ഹസനോട് പറയണം". "അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല. എങ്ങനെ ഞാൻ മനസ്സിലാക്കും?" "അവിടെ എത്തിയാൽ ഏറ്റവും സൗന്ദര്യമുള്ളയാളെ തിരക്കുക. അത് ഹസനായിരിക്കും". അങ്ങനെ അന്വേഷിച്ചപ്പോൾ ഹസനെ കണ്ടെത്തുകയും ചെയ്തു.
വിജ്ഞാനത്തിലും കർമങ്ങളിലുമെന്ന പോലെ യുദ്ധരംഗങ്ങളിലും ഹസൻ നിപുണനായിരുന്നു. മുആവിയയുടെ ഭരണകാലത്ത് ഖുറാസാൻ ഗവർണറുടെ എഴുത്തുകാരനായും ജോലി ചെയ്തു. ധാരാളം നബി അനുചരരിൽ നിന്ന് നബിവചനങ്ങൾ ശേഖരിക്കുകയും പിൻതലമുറയ്ക്ക് കൈമാറുകയും ചെയ്തു അദ്ദേഹം. സത്യം തുറന്നുപറയുന്നതിൽ ആരെയും ഭയപ്പെട്ടിരുന്നില്ല. യസീദുബ്നു അബ്ദുൽ മലികിന്റെ ഭരണകാലത്ത് ഇറാഖിലെ ഗവർണറായി നിയമിതനായ ഉമറുബ്നു ഹുബൈറ എന്നയാൾ ഹസനുൽ ബസ്വരി, ശഅ്ബി, ഇബ്നു സീരീൻ എന്നീ പണ്ഡിതരെ വിളിച്ച് അഭിപ്രായം ചോദിച്ചു. ഇബ്നു സീരീനും ശഅ്ബിയും കൃത്യമായ അഭിപ്രായം പറയാതെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എന്നാൽ ഹസൻ ബസ്വരി ഒന്നും മറച്ചുവെക്കാതെ പറഞ്ഞു: "ഇബ്നു ഹുബൈറാ, യസീദിന്റെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ പേടിക്കുക. അല്ലാഹുവിന്റെ കാര്യത്തിൽ യസീദിനെ പേടിക്കരുത്. കാരണം, യസീദിൽ നിന്ന് താങ്കളെ അല്ലാഹു രക്ഷിക്കും; അല്ലാഹുവിൽ നിന്ന് താങ്കളെ യസീദ് രക്ഷിക്കില്ല". ഇബ്നു ഹുബൈറ മൂന്നുപേർക്കും സമ്മാനങ്ങൾ നൽകിയപ്പോൾ ഹസന് കൂടുതൽ നൽകുകയാണ് ചെയ്തത്.
ഉമറുബ്നു അബ്ദിൽ അസീസ് ഭരണമേറ്റപ്പോൾ ഹസന് കത്തെഴുതി: "ഞാൻ ഭരണകാര്യം കൊണ്ട് പരീക്ഷിക്കപ്പെട്ടിരിക്കുന്നു. എനിക്ക് സഹായികൾ വേണം, നിങ്ങൾ കണ്ടെത്തിത്തരൂ". ഹസൻ മറുപടി എഴുതി: "ഭൗതിക ചിന്താഗതിക്കാരെ താങ്കൾ ഉദ്ദേശിക്കുന്നുണ്ടാവില്ല; പാരത്രിക ചിന്താഗതിക്കാരാവട്ടെ ആ പ്രവൃത്തി ആഗ്രഹിക്കുകയുമില്ല. അതിനാൽ, അല്ലാഹുവിനോട് സഹായം തേടുക". ഈ രൂപത്തിൽ ഹസന്റെ വാക്കുകൾ മിക്കതും വലിയ തത്വജ്ഞാനങ്ങളായിരുന്നു.
അദ്ദേഹത്തിന്റെ വിജ്ഞാന സദസ്സുകളിൽ ഭരണാധികാരികൾ പോലും പങ്കെടുക്കുമായിരുന്നു. ഭരണാധികാരികളും പരിവാരങ്ങളും ഉയർന്ന ഉദ്യോഗസ്ഥരും സദസ്സിൽ വന്നിരുന്നാലും ഹസൻ ക്ലാസ് നിർത്തുകയോ അവരെ പ്രത്യേകം പരിഗണിക്കുകയോ ചെയ്തിരുന്നില്ല. തന്റെ ക്ലാസിലേക്കെത്തുന്ന എല്ലാവരും ഒരുപോലെയാണ്, അതിൽ ഉന്നതർ, താഴ്ന്നവർ എന്ന വ്യത്യാസമില്ലെന്ന് അദ്ദേഹം തെളിയിച്ചു. മുസ്ലിംകളും അമുസ്ലിംകളും ഹസന്റെ സദസ്സിൽ ആവേശത്തോടെ പങ്കെടുത്തിരുന്നു. സ്ഥിരമായി ക്ലാസിനെത്തുന്ന ക്രിസ്ത്യാനിയായ വ്യക്തി മരണപ്പെട്ടപ്പോൾ ഹസൻ സന്ദർശിച്ചതും അയൽവാസിയായ ജൂതനോടുള്ള ബാധ്യതകൾ കൃത്യമായി നിറവേറ്റിയതും ചരിത്രത്തിൽ കാണാം.
ഒരിക്കൽ ഒരാൾ മഹാപണ്ഡിതനായ ഇബ്നു സീരീനോട് വന്നു പറഞ്ഞു: "പള്ളിയിൽ നിന്ന് ഏറ്റവും നല്ല ഒരു ചരൽക്കല്ല് ഒരു പക്ഷി എടുത്തുകൊണ്ടുപോകുന്നത് ഞാൻ സ്വപ്നം കണ്ടു." ഉടനെ ഇബ്നു സീരീൻ പ്രതികരിച്ചു: "നിങ്ങൾ സ്വപ്നം കണ്ടത് സത്യമാണെങ്കിൽ ഹസൻ മരണപ്പെട്ടിരിക്കുന്നു". അധികം കഴിയും മുമ്പ് തന്നെ ഹസൻ ബസ്വരി അന്തരിച്ച വിവരം അവിടെയെത്തി. വൈജ്ഞാനിക രംഗത്ത് ഒളിമങ്ങാതെ പ്രശോഭിച്ച ഈ പണ്ഡിതൻ ബസ്വറയിൽ വെച്ചാണ് മരണപ്പെട്ടത്. നാട്ടിലെ മുഴുവൻ ആളുകളും മരണാനന്തര ചടങ്ങുകളിൽ വ്യാപൃതരായതിനാൽ അന്ന് നാട്ടിലെ പള്ളിയിൽ വൈകുന്നേര നിസ്കാരം (അസ്വർ) ആളുകളില്ലാത്തതിനാൽ മുടങ്ങിപ്പോയി. അക്കാലം വരെ പള്ളിയിലെ നിസ്കാരം മുടങ്ങിയിട്ടില്ലായിരുന്നു.




