ഇസ്ലാമികചരിത്രത്തില്‍ സമാനതകളില്ലാതെ തിളങ്ങിനില്‍ക്കുന്ന നാമമാണ് ഇമാം അബൂഹനീഫ. ഇസ്ലാമികവിജ്ഞാനത്തില് കൂടുതല്‍ അറിവുള്ളവരെയാണ് ഇമാം എന്ന് സാങ്കേതികമായി വിളിക്കാറുള്ളത്. ഇസ്ലാമികപണ്ഡിതന്‍ എന്നതിലുപരി, രാഷ്ട്രീയാധികാരത്തിന്റെ ബലത്തില്‍ നീതിക്കെതിരെ പ്രവര്‍ത്തിച്ച ഭരണകൂടത്തെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ച നേതാവുമാണ് ഇമാം അബൂഹനീഫ. ഇന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്ന ഒരു നിയമപാതയുടെ സ്ഥാപകനുമാണ് അദ്ദേഹം. ഏറ്റവും ഉന്നതിയിലുള്ള ഇമാം എന്നര്‍ഥം വരുന്ന അൽ-ഇമാമുൽ-അഅ്സം എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന്റെ ബൗദ്ധിക ഔന്നത്യത്തിന് ലോകം നല്കിയ അംഗീകാരമാണ്.
ആരാണ് അബൂഹനീഫ?
ഇമാം അബൂഹനീഫയുടെ സ്വാധീനവും സ്ഥാനവും തിരിച്ചറിയാൻ അദ്ദേഹത്തിന്റെ പശ്ചാത്തലം മനസ്സിലാക്കണം. ഇസ്ലാമികകര്മശാസ്ത്രത്തിലെ നിയമസ്കൂളുകളെയാണ് 'മദ്ഹബുകള്‍' എന്ന് പറയുന്നത്. പ്രബലമായ നാല് മദ്ഹബുകളാണ് ഇന്ന് നിലവിലുള്ളത്. സുന്നി മുസ്ലിം കര്‍മശാസ്ത്ര നിയമസ്കൂളുകളില് ഏറ്റവും പ്രഥമവും കൂടുതല്‍ അനുയായികളുള്ളതുമായ സ്കൂളാണ് ഹനഫീ ധാര; ഹനഫീ മദ്ഹബ്. ആ ധാരയുടെ സ്ഥാപകനാണ് ഇമാം അബൂഹനീഫ. അദ്ദേഹം സ്ഥാപിച്ച നിയമധാര എന്നനിലക്കാണ് ഹനഫീ എന്ന പേര് തന്നെ വരുന്നത്. ഇന്ന് മധ്യേഷ്യ, തുര്‍ക്കി, ദക്ഷിണേഷ്യ (ഇന്ത്യ, പാകിസ്ഥാന്), ബാല്‍ക്കണ്‍സ് (യൂറോപ്പിലെ തെക്ക്കിഴക്കൻ ഭാഗം), റഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ബഹുഭൂരിഭാഗം മുസ്ലിംകളും അദ്ദേഹത്തിന്റെ നിയമധാരയെയാണ് (മദ്ഹബ്) പിന്തുടരുന്നത്.
എ. ഡി 699 ല്‍ പേര്‍ഷ്യന്‍ വംശജനായ സാബിതിന്റെ മകന് നുഅ്മാന്റെ പുത്രനായി, ഇന്നത്തെ ഇറാഖിലെ കൂഫയിലാണ് ഇമാം അബൂഹനീഫ ജനിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം, വ്യാപാര പശ്ചാത്തലമുള്ളവരായിരുന്നു. ഈ സാമ്പത്തികഭദ്രതയാണ് നിയമപരമായ കാര്യങ്ങളില്‍ പ്രായോഗിക സമീപനം സ്വീകരിക്കാനും ഭരണാധികാരിയായ ഖലീഫയുടെ ഔദ്യോഗികപദവികള്‍ നിരസിച്ച് സ്വതന്ത്രമായി നിലകൊള്ളാനും അദ്ദേഹത്തിന് ധൈര്യം നല്‍കിയത്. അന്ന് കൂഫ, രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെയും പണ്ഡിതചര്ച്ചകളുടെയും പ്രഭവകേന്ദ്രമായിരുന്നു. അവിടെയാണ് ഇസ്ലാമികനിയമത്തിലെ പ്രബലമായ ഒരു ചിന്താധാരക്ക് തുടക്കം കുറിക്കുന്നത്.
താബിഈ എന്ന പദവി
മുഹമ്മദ് നബിയെ നേരിൽക്കണ്ട അനുയായികളെയാണ് 'സ്വഹാബി' എന്ന് വിളിക്കുന്നത്. സ്വഹാബികളെ നേരിൽ കണ്ടവരെ 'താബിഈ' എന്നും വിളിക്കുന്നു. അബൂഹനീഫ ജനിക്കുന്നത് തിരുനബിയുടെ വിയോഗശേഷം 60 വർഷം കഴിഞ്ഞാണ്. എങ്കിലും, പ്രവാചകനെ ദർശിച്ച ആദ്യ തലമുറയിലെ പ്രഗത്ഭരായ പല അനുചരരിൽ നിന്നും അറിവുകൾ നുകരാൻ ഇമാം അബൂഹനീഫക്ക് ഭാഗ്യം ലഭിച്ചു. അതുകൊണ്ടുതന്നെ 'താബിഈ' എന്ന പദവിയിൽ മുൻപന്തിയിൽ തന്നെ അദ്ദേഹത്തിന് സ്ഥാനമുണ്ട്. അത് അദ്ദേഹത്തിന്റെ അക്കാദമികസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഇമാം അബൂഹനീഫയുടെ ഏറ്റവും വലിയ സംഭാവന, ഇസ്ലാമികനിയമത്തിലെ വിധികൾ രൂപപ്പെടുത്തുന്നതിനുള്ള വ്യവസ്ഥാപിതവും യുക്തിസഹവുമായ ഒരു ചട്ടക്കൂട് (ഉസൂലുൽ ഫിഖ്ഹ്) സ്ഥാപിച്ചു എന്നതാണ്. ഇസ്ലാമിക നിയമ സ്രോതസ്സുകൾക്ക് ഒരു ക്രമം അദ്ദേഹം സ്വീകരിച്ചിരുന്നു. ഖുർആനും പ്രവാചകവചനങ്ങളുമാണ് അതിൽ പ്രഥമസ്ഥാനത്തുണ്ടായിരുന്നത്. പിന്നെ നബി അനുചരന്മാരുടെ വാക്കുകളെയും അഭിപ്രായങ്ങളെയും പരിഗണിച്ചു. പിന്നീട് 'ഖിയാസ്' എന്ന സമാന അനുമാനത്തിന് (Analogical Reasoning) പരിഗണന നൽകി. (സമാന അനുമാനം എന്നാൽ ഒരു കാര്യത്തിൽ കൃത്യമായ തീരുമാനം പറഞ്ഞാൽ അതിനു സമാനമായ കാര്യങ്ങളിലും ആ തീരുമാനം ബാധകമാവുന്ന തിയറിയാണ്).
നിയമനിര്‍മാണ കൗണ്‍സില്‍
ഇമാം അബൂഹനീഫ നടപ്പാക്കിയ ഏറ്റവും ശ്രദ്ധേയമായ കാര്യം, അദ്ദേഹം ഏകപക്ഷീയമായി വിധികൾ നൽകിയില്ല എന്നതാണ്. 36 മുതൽ 40 വരെ ശിഷ്യന്മാരടങ്ങുന്ന ഒരു നിയമനിർമാണ കൗൺസിൽ അദ്ദേഹം രൂപീകരിച്ചു. ഈ സംഘം നിയമപരമായ പ്രശ്നം ചർച്ച ചെയ്യുകയും കൂട്ടായി ഒരു വിധിയിൽ എത്തുകയും ചെയ്തു. ഇത് ഒരു വ്യക്തിയുടെ വീക്ഷണത്തിൽ നിന്ന് വ്യത്യസ്തമായി, കൂട്ടായ നിയമനിർമാണ രൂപമായിരുന്നു. ഈ രീതി നൽകുന്ന തീരുമാനങ്ങൾക്ക് കൂടുതൽ സ്ഥിരതയും സ്വീകാര്യതയും ലഭിച്ചു.
ഹനഫീ നിയമത്തിന്റെ വഴക്കം
ഹനഫീ മദ്ഹബിന്റെ ലോകവ്യാപനത്തിന് പിന്നിലെ പ്രധാനശക്തി അതിന്റെ വഴക്കമായിരുന്നു. ഇതിനുകാരണമായ പ്രധാന നിയമങ്ങളാണ് ഇസ്തിഹ്സാനും ഉര്‍ഫും. വിശദീകരിക്കാം:
ഇസ്തിഹ്സാന് (Istihsan - Juristic Preference): സമാനാനുമാനത്തിലൂടെ ലഭിച്ച ഒരു മതവിധി കടുപ്പമേറിയതും അനീതിയിലേക്ക് നയിച്ചേക്കാവുന്നതുമാണെങ്കില് അത് ഒഴിവാക്കി, പൊതുനന്മയ്ക്ക് വേണ്ടി മറ്റൊരു വിധിയിലേക്ക് മാറുന്ന രീതിയാണിത്. ഈ രീതി, നിയമത്തെ കൂടുതല്‍ കാരുണ്യവും പ്രായോഗികവുമാക്കാന്‍ സഹായിച്ചു.
ഉര്‍ഫ് (Urf - Local Custom): പ്രാദേശിക ആചാരങ്ങളെ നിയമത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന രീതിയാണിത്. ഇസ്ലാം അറബ് ലോകത്തിന് പുറത്തേക്ക് വ്യാപിച്ചപ്പോള്‍, തദ്ദേശീയമായ ആചാരങ്ങളെ പൂര്‍ണമായും നിരാകരിക്കാതെ, ഇസ്ലാമിക സംസ്കാരവുമായി യോജിക്കുകയോ, അല്ലെങ്കില്‍ വിയോജിക്കാതിരിക്കുകയോ ചെയ്യുന്ന ആചാരങ്ങളെ ഇസ്ലാമിക നിയമങ്ങളുമായി സമന്വയിപ്പിക്കാന്‍ ഈ സമീപനം ഹനഫീ മദ്ഹബിനെ സഹായിച്ചു. ഈ രണ്ട് ഉള്കൊള്ളലുകളാണ് ഹനഫീധാരക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ കാരണമായത്.
സ്വാതന്ത്ര്യവും ധീരതയും
പണ്ഡിതന് അധികാര സ്ഥാനങ്ങളിലിരിക്കുന്നതിന് ഇമാം അബൂഹനീഫ പ്രോത്സാഹനം നല്‍കിയില്ല. പണ്ഡിതന് എപ്പോഴും സ്വതന്ത്രനായിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു. അധികാരം, പാണ്ഡിത്യത്തെ കളങ്കപ്പെടുത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഉമവിയ്യ, അബ്ബാസിയ്യ ഖിലാഫതുകൾ അദ്ദേഹത്തിന് ചീഫ് ജഡ്ജ് സ്ഥാനം പോലെ ഉയർന്ന പദവികൾ നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിച്ചു. എ.ഡി 763-ൽ ഖലീഫ അൽ മൻസൂർ തന്റെ രാജ്യത്തിന്റെ മുഖ്യന്യായാധിപനാകാൻ ഇമാം അബൂഹനീഫയോട് ആവശ്യപ്പെട്ടു. താൻ അതിന് യോഗ്യനല്ലെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിച്ചു. "താങ്കളാണ് അതിന് ഏറ്റവും യോഗ്യൻ" എന്ന് ഖലീഫ പറഞ്ഞപ്പോൾ, "ഞാൻ യോഗ്യനല്ലെന്ന് കള്ളം പറയുകയാണ് എന്നല്ലേ താങ്കൾ പറഞ്ഞതിന്റെ അർഥം? ഞാൻ കള്ളം പറയുകയാണെങ്കിൽ, എന്റെ നിലപാടല്ലേ കൂടുതൽ ശരി? കള്ളം പറയുന്ന ഒരാളെ എങ്ങനെയാണ് താങ്കൾക്ക് ഒരു മുഖ്യന്യായാധിപനായി നിയമിക്കാൻ കഴിയുക?" എന്നായിരുന്നു ഖലീഫയോടുള്ള അദ്ദേഹത്തിന്റെ മറുപടി.
അധികാരത്തിലിരുന്ന് നീതിരഹിതമായ നിലപാടുകൾ സ്വീകരിച്ചവർക്കെതിരെ 'നന്മ കൽപിക്കുക, തിന്മ വിലക്കുക' (നല്ല കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്യുക എന്ന സാമൂഹിക/ധാർമിക ഉത്തരവാദിത്വം ഇസ്ലാമിന്റെ അടിസ്ഥാന ആശയമാണ്) എന്ന തത്വത്തിൽ ഇമാം അബൂഹനീഫ ഉറച്ചുനിന്നു. ഉമവി, അബ്ബാസി ഭരണാധികാരികൾക്കെതിരെ നീതിക്കു വേണ്ടി ശബ്ദമുയർത്താനും അദ്ദേഹം തയ്യാറായി. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നീതിയിലുള്ള അചഞ്ചലമായ വിശ്വാസം പ്രകടമാക്കി. പണ്ഡിതൻ ഭരണകൂടത്തിൽ നിന്ന് അകന്നുനിന്ന്, അധികാരികളെ ഭയപ്പെടാതെ മതപരമായ സത്യസന്ധത ഉയർത്തിപ്പിടിക്കണം എന്ന മാതൃക അദ്ദേഹം ജീവിതത്തിലൂടെ കാണിച്ചുതരികയായിരുന്നു.
തടവറയും രക്തസാക്ഷിത്വവും
നീതിക്കു വേണ്ടിയുള്ള സന്ധിയില്ലാ സമരത്തിൽ ഖലീഫ അൽ-മൻസൂറുമായി ഇമാം അബൂഹനീഫക്ക് ഏറ്റുമുട്ടേണ്ടി വന്നു. ധീരമായ ആ ഏറ്റുമുട്ടലിനെത്തുടർന്ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. കഠിനമായ പീഡനങ്ങൾക്കാണ് ജയിലിൽ അദ്ദേഹം വിധേയനായത്. എ.ഡി 767-ൽ അദ്ദേഹം ബാഗ്ദാദിലെ ജയിലിൽ വെച്ച് മരണപ്പെട്ടു. ഖലീഫ അദ്ദേഹത്തിന് വിഷം നൽകി കൊലപ്പെടുത്തിയതാണ് എന്ന് ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നുണ്ട്.
ഖലീഫ തടവിലിട്ട ഒരു പണ്ഡിതന് ലഭിച്ച ബഹുമാനം, ഭരണകൂടത്തിന്റെ അധികാരത്തെക്കാൾ വലുതാണ് എന്നതിന് ജനങ്ങളുടെ മതപരമായ അംഗീകാരം വലിയ തെളിവായി. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളിൽ 50,000-ത്തിലധികം ആളുകൾ പങ്കെടുത്തു. ജനത്തിരക്ക് കാരണം ജനാസ നിസ്കാരം (മരിച്ച വ്യക്തിക്ക് വേണ്ടി നടത്തുന്ന പ്രത്യേക പ്രാർഥന) ഒരുപാട് തവണ ആവർത്തിക്കേണ്ടി വന്നുവെന്ന് ചരിത്രത്തിൽ കാണാം.
ഈ ത്യാഗപൂർണമായ പ്രതിരോധമാണ് അദ്ദേഹത്തിന്റെ നിയമ ചിന്താധാരയ്ക്ക് സമുദായത്തിൽ വലിയ ധാർമിക പിന്തുണയും സ്വീകാര്യതയും നേടിക്കൊടുത്തത്. അങ്ങനെ അദ്ദേഹം 'അൽ-ഇമാമുൽ-അഅ്സം' (The Great Imam) ആയി മാറി.




