പണ്ഡിതചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് ഇമാം മാലിക് ബ്നു അനസ്. ഇസ്ലാമിക ജ്ഞാന ധാരയിലെ അതിനിപുണരായ പണ്ഡിതന്മാർക്കാണ് 'ഇമാം' എന്ന് പറയുന്നത്. മദീനയുടെ നിയമജ്ഞൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇസ്ലാമിലെ പ്രസിദ്ധമായ നാല് നിയമധാരകളിലെ (മദ്ഹബ്) രണ്ടാമത്തെ ധാരയായ "മാലികി" ധാരയുടെ സ്ഥാപകനാണ് അദ്ദേഹം. തന്റെ ജീവിതകാലത്ത് നിരവധി രാഷ്ട്രീയ വെല്ലുവിളികളെ ധീരമായി നേരിടുകയും പ്രവാചക പാരമ്പര്യത്തെ (സുന്നത്) സംരക്ഷിക്കുകയും ചെയ്തു ഈ പണ്ഡിതൻ. ഇന്നും വടക്കൻ ആഫ്രിക്കയിലെയും പശ്ചിമാഫ്രിക്കയിലെയും അനേകം ആളുകൾ ഈ ധാരയാണ് പിന്തുടരുന്നത്.
എ.ഡി 711-ൽ മദീനയിലാണ് ഇമാം മാലിക് ജനിക്കുന്നത്. മദീനയിൽ തന്നെയാണ് ജീവിച്ചതും. പ്രവാചകൻ മുഹമ്മദ് നബി തന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങൾ ചെലവഴിച്ച നഗരമാണല്ലോ മദീന! ഇസ്ലാമിന്റെ രാഷ്ട്രീയ തലസ്ഥാനങ്ങൾ പലപ്പോഴായി ഡമസ്കസിലേക്കും ബാഗ്ദാദിലേക്കും മാറിയിരുന്നെങ്കിലും ആത്മീയവും ബൗദ്ധികവുമായ കേന്ദ്രമായി എന്നും മദീന മുൻപന്തിയിലുണ്ടായിരുന്നു. മദീനയിലെ ഈ ജീവിക്കുന്ന പാരമ്പര്യത്തിലാണ് മാലികി ധാരയുടെ അടിത്തറ കിടക്കുന്നത്. പ്രവാചക ശിഷ്യരും (സ്വഹാബികൾ) അവരുടെ പിൻഗാമികളും (താബിഉകൾ) തലമുറകളായി തുടർന്നുവരുന്ന കൂട്ടായ ആചാര അനുഷ്ഠാനങ്ങളെ ഏറ്റവും പ്രധാനപ്പെട്ട തെളിവായി അദ്ദേഹം ദർശിച്ചു. ഒറ്റപ്പെട്ട ഒരു നബിവചനം ശരിയായ വാമൊഴി പാരമ്പര്യത്തിലൂടെ ലഭ്യമായാൽ പോലും, അത് മദീനയിലെ പ്രബലമായ ആചാര അനുഷ്ഠാനത്തിന് വിരുദ്ധമാണെങ്കിൽ അദ്ദേഹം സ്വീകരിച്ചില്ല. ഇമാം മാലികിനെ സംബന്ധിച്ചിടത്തോളം മദീന ഒരു നിയമ ലബോറട്ടറിയായിരുന്നു.
പാണ്ഡിത്യയാത്ര
മാലിക് ഇബ്നു അനസ് ഒരു പണ്ഡിത കുടുംബത്തിലാണ് വളർന്നത്. കുട്ടിക്കാലത്ത് പുസ്തകങ്ങൾ വാങ്ങാൻ പണമില്ലാത്തതിനാൽ വീടിന്റെ കഴുക്കോലുകൾ പോലും വിറ്റതായി അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്നു. ഈ അദമ്യമായ വിജ്ഞാനതൃഷ്ണ അദ്ദേഹത്തെ ഇസ്ലാമിക ലോകത്തെ ഏറ്റവും വലിയ അധ്യാപകനാക്കി മാറ്റി.
ഇമാം മാലിക് തൊള്ളായിരത്തിലധികം (900-ൽ അധികം) ഗുരുക്കന്മാരിൽ നിന്ന് വിജ്ഞാനം നേടിയതായി കാണാം. നബിവചനങ്ങളുടെ നിവേദക ശൃംഖലയിൽ ഏറ്റവും ആധികാരികമായി കണക്കാക്കപ്പെടുന്ന സുവർണ ശൃംഖലയുടെ (സിൽസിലതുദ്ദഹബ്) പ്രധാന കണ്ണിയും അദ്ദേഹമായിരുന്നു.
അറിവിനോടുള്ള അദ്ദേഹത്തിന്റെ ആദരവ് ശ്രദ്ധേയമായിരുന്നു. നബിവചനങ്ങള് പഠിപ്പിക്കുന്നതിനു മുമ്പ് അദ്ദേഹം പൂർണമായ ശുദ്ധിയെടുക്കുകയും (വുളൂ - അംഗസ്നാനം) ഏറ്റവും നല്ല വസ്ത്രം ധരിക്കുകയും ചെയ്തു. വിനയത്തിന്റെ കാര്യത്തിലും അദ്ദേഹം മാതൃകയായിരുന്നു. ഒരു ചോദ്യത്തിന് ഉത്തരം ഉറപ്പില്ലെങ്കിൽ 'എനിക്കറിയില്ല' എന്ന് തുറന്നുപറയാൻ ഒരിക്കലും മടിച്ചില്ല. ഇമാം മാലികിന്റെ കൂടെ വർഷങ്ങൾ ചെലവഴിച്ച അദ്ദേഹത്തിന്റെ ശിഷ്യൻ ഇബ്നുൽ ഖാസിമിന്റെ വാക്കുകൾ നോക്കൂ: "ഞാൻ ഇമാം മാലികിന്റെ കൂടെ ഇരുപത് വർഷം ചെലവഴിച്ചു. ഒരു കൊല്ലം അറിവിനും, പത്തൊമ്പത് കൊല്ലം മര്യാദകൾക്കും". അറിവിനെക്കാൾ പ്രധാനമാണ് മര്യാദ എന്ന് ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കാനാവും.
അല്-മുവത്വ
ഇമാം മാലികിന്റെ നബിവചനങ്ങളുടെ ശേഖരമാണ് അൽ-മുവത്വ. 'സമ്മതം ലഭിച്ച പാത' എന്നാണ് ആ വാക്കിന്റെ അർഥം. ഇസ്ലാമിക നിയമത്തെക്കുറിച്ചുള്ള നിലവിലുള്ള ഏറ്റവും പഴയ രേഖകളിൽ ഒന്നായാണ് ഈ ഗ്രന്ഥം പരിഗണിക്കപ്പെടുന്നത്. ഹദീസ് പഠന ശാഖകളിൽ മുൻപന്തിയിലുള്ള ഗ്രന്ഥവുമാണ്.
ഏകദേശം 40 വർഷം ചെലവഴിച്ചാണ് അദ്ദേഹം ഈ ഗ്രന്ഥം തയ്യാറാക്കിയത്. ശേഖരിച്ച ഒരുപാട് ഹദീസുകളിൽ നിന്ന് കൃത്യമായ നിയമവ്യവസ്ഥയോടെ തിരഞ്ഞെടുത്തവ മാത്രമാണ് പ്രസ്തുത ഗ്രന്ഥത്തിൽ നൽകിയിരിക്കുന്നത്. നബിവചനങ്ങളെയും നിയമ-ശാസ്ത്ര വിധികൾ/കർമശാസ്ത്ര വിധികളെയും സംയോജിപ്പിച്ചാണ് ഈ ഗ്രന്ഥം വിരചിതമായത്. മദീനയിലെ നിയമ വിദഗ്ധരായ എഴുപത് പണ്ഡിതന്മാർ ഈ ഗ്രന്ഥം പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്തു എന്നത് ഈ ഗ്രന്ഥത്തിന്റെയും ഗ്രന്ഥകാരന്റെയും ഖ്യാതി വർദ്ധിപ്പിക്കുന്നു
ധാര്മിക നിലപാട്
ഇമാം മാലിക് ഒരു നിയമജ്ഞൻ എന്നതിലുപരി ധാർമികതയുടെ പ്രതീകമായിരുന്നു. രാഷ്ട്രീയ അധികാരികളുടെ സമ്മർദ്ദത്തിന് വഴങ്ങാൻ അദ്ദേഹം വിസമ്മതിച്ചു. നിർബന്ധിതമായി അധികാരികൾക്ക് നൽകുന്ന പ്രതിജ്ഞ നിയമപരമായി അസാധുവാണെന്ന് അദ്ദേഹം വിധി നൽകി. ഈ വിധി ഭരണകൂടത്തിന്റെ രാഷ്ട്രീയ അധികാരത്തിന്മേലുള്ള നേരിട്ടുള്ള വെല്ലുവിളിയായി മാറി. തത്ഫലമായി മദീനയിലെ ഗവർണർ അദ്ദേഹത്തെ ചാട്ടവാറടിക്ക് വിധേയനാക്കുകയും പൊതുജനമധ്യത്തിലൂടെ ഒട്ടകപ്പുറത്ത് കൊണ്ടുപോവുകയും ചെയ്തു. പക്ഷേ, അദ്ദേഹം വിധി മാറ്റാൻ തയ്യാറായില്ല. ആ വിധി തന്നെ പിന്നെയും ആവർത്തിക്കുകയാണ് ചെയ്തത്.
പിൽക്കാലത്ത് ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഔദ്യോഗിക നിയമമായി ‘മുവത്വ’ എന്ന ഗ്രന്ഥത്തെ പ്രഖ്യാപിക്കണമെന്ന് ഖലീഫ ആവശ്യപ്പെട്ടപ്പോഴും, തന്റെ ഗ്രന്ഥമായിരുന്നിട്ടു കൂടി ഇമാം മാലിക് അതിന് തയ്യാറായില്ല. നിയമവ്യാഖ്യാനത്തിൽ ഏകത്വമില്ലെന്നും വഴക്കം ആവശ്യമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. മറ്റു പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾക്കും പ്രാദേശിക ആചാരങ്ങൾക്കും ഇടം നൽകണമെന്നും അദ്ദേഹം വാദിച്ചു. ഇത്, ഇസ്ലാമിക നിയമത്തിന്റെ ബൗദ്ധികമായ സ്വാതന്ത്ര്യം അദ്ദേഹം ഉയർത്തിപ്പിടിച്ചതിന്റെ ഉത്തമ ഉദാഹരണമാണ്.
മാലികി ധാരയുടെ വ്യാപനം
ഇമാം മാലികിന്റെ മരണശേഷം അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് ഈ നിയമസംഹിതയെ വ്യവസ്ഥാപിതമാക്കിയത്. മാലികി മദ്ഹബിന്റെ ഏറ്റവും ആധികാരികമായ പ്രായോഗിക നിയമഗ്രന്ഥമാണ് 'അൽ-മുദവ്വനത്തുൽ കുബ്റാ'. ഇത് ക്രോഡീകരിച്ചത് ശിഷ്യനായ സഹ്നൂൻ ആണ്. പ്രധാനമായും ഇബ്നുൽ ഖാസിമിൽ നിന്ന് ലഭിച്ച ഇമാം മാലികിന്റെ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയത്.
മാലികി ധാരയുടെ തനതായ നിയമതത്വങ്ങളായ ഇസ്തിസ്വ് ലാഹ് (പൊതുതാൽപര്യം), ഉർഫ് (നാട്ടാചാരം) എന്നിവ ഉപയോഗിക്കുന്നത്, പ്രാദേശിക സാമൂഹിക ഘടനയുമായി പൊരുത്തപ്പെടാൻ ഈ നിയമസംഹിതയെ സഹായിച്ചു. ഈ വഴക്കമാണ് മാലികി മദ്ഹബ് വടക്കൻ ആഫ്രിക്ക (മഗ്രിബ്), പടിഞ്ഞാറൻ ആഫ്രിക്ക, ഇസ്ലാമിക സ്പെയിൻ തുടങ്ങിയ മേഖലകളിൽ അതിവേഗം പടർന്നുകയറാൻ സഹായിച്ചത്.
ഇമാം മാലിക് ബ്നു അനസ് ഇന്നും മദീനയുടെ നിയമജ്ഞനും ഇസ്ലാമിക നിയമത്തിന്റെ ധാർമികതയുടെ പ്രതീകവുമായി നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ പൈതൃകം, നിയമപരമായ ഗ്രന്ഥങ്ങളിൽ മാത്രം ഒതുങ്ങാതെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്ലിംകളുടെ ദൈനംദിന ജീവിതത്തിലും നിയമപരമായ തീരുമാനങ്ങളിലും ആഴത്തിൽ വേരൂന്നിയിട്ടുണ്ട്.




