വിജ്ഞാനം, ധനം, മനുഷ്യത്വം തുടങ്ങിയവ ഒത്തിണങ്ങിയ അതുല്യ വ്യക്തിത്വമാണ് ഇമാം ലൈസ് ബിൻ സഅ്ദ്. ഹിജ്റ 94-ൽ ഈജിപ്തിലെ 'ഖൽഖഷന്ദ' ഗ്രാമത്തിൽ പേർഷ്യൻ വംശജനായി ജനിച്ച അദ്ദേഹം, 'അബുൽ ഹാരിസ്' (ഹാരിസിന്റെ പിതാവ്) എന്നാണ് അറിയപ്പെട്ടത്. 'ശൈഖുൽ ഇസ്ലാം' (ഇസ്ലാം മതത്തിലെ മഹാപണ്ഡിതൻ), 'ആലിം അദ്ദിയാറിൽ മിസ്രിയ്യ' (ഈജിപ്ഷ്യൻ നാടുകളിലെ പണ്ഡിതൻ) എന്നീ സ്ഥാനപ്പേരുകളിൽ അറിയപ്പെട്ട അദ്ദേഹം, ഇമാം മാലികിന്റെ സമകാലികനും ഈജിപ്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാളുമായിരുന്നു.
ലൈസ് ബിൻ സഅ്ദിന്റെ വിജ്ഞാനസമ്പത്ത് അളക്കാനാവത്തത്ര വലുതായിരുന്നു. ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം മക്കയിൽ പോയി വിജ്ഞാനം നുകർന്നു. നബിയനുചരരുടെ പിൻഗാമികളിൽപ്പെട്ട (താബിഉകൾ) അഗാധജ്ഞാനികളായ അമ്പതിലധികം പണ്ഡിതരിൽ നിന്നാണ് അദ്ദേഹം വിജ്ഞാനം കൊളുത്തിയെടുത്തത്.
അറബിഭാഷയ്ക്ക് പുറമെ ലാറ്റിൻ, ഗ്രീക്ക്, കോപ്റ്റിക് പോലുള്ള ഭാഷകളിൽ പ്രാവീണ്യം നേടിയ ബഹുഭാഷാ പണ്ഡിതനായിരുന്നു ലൈസ്. ഇസ്ലാമിക കർമശാസ്ത്ര ഗവേഷണ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം. ഖുർആൻ, അറബി വ്യാകരണം, ഹദീസ് തുടങ്ങിയവയിൽ അതീവ പ്രാവീണ്യമുള്ള വ്യക്തിത്വമായിരുന്നു. ചർച്ചകളിൽ തലയെടുപ്പോടെ സംസാരിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. ലൈസ് ബിൻ സഅ്ദ് താൻ കണ്ടതിൽ വെച്ച് ഏറ്റവും സമ്പൂർണനായ വ്യക്തിയാണെന്ന് ശിഷ്യൻ അബുൽ വലീദ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
നബിവചനങ്ങൾ നിവേദനം ചെയ്യുന്നതിലെ കൃത്യതയും കണിശതയും കണ്ട് ഇമാം അഹ്മദ് ഇബ്നു ഹമ്പൽ അദ്ദേഹത്തെ ഉറച്ച വിശ്വസ്തൻ എന്നാണ് വിശേഷിപ്പിച്ചത്. പ്രഗത്ഭരായ ഇബ്നു മഈൻ, ഇബ്നു വഹബ്, ഇമാം മാലിക് തുടങ്ങിയ പണ്ഡിതന്മാരെല്ലാം ലൈസിനെ പുകഴ്ത്തി പറഞ്ഞതായി കാണാം. "എനിക്ക് സംതൃപ്തിയുള്ളവരിൽപ്പെട്ട ഒരാൾ പറഞ്ഞു" എന്ന് ഇമാം മാലിക് പറഞ്ഞത് ലൈസ് ബിൻ സഅ്ദിനെ കുറിച്ചാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
കർമശാസ്ത്രത്തിൽ അഗാധജ്ഞാനമുള്ള ലൈസ് ഇബ്നു സഅ്ദ് തന്റെതായ ഒരു കർമശാസ്ത്ര ചിന്താധാരയ്ക്ക് (മദ്ഹബ്) രൂപം നൽകിയിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ശിഷ്യന്മാർ അത് പ്രത്യേകം രേഖപ്പെടുത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യാത്തതാണ് ആ കർമശാസ്ത്ര ചിന്താധാര നഷ്ടപ്പെട്ടുപോകാൻ കാരണമായത്.
ധനവും ഔദാര്യവും
എൺപതിനായിരം ദിനാർ വാർഷിക വരുമാനമുണ്ടായിരുന്നു ലൈസ് ഇബ്നു സഅ്ദിന്. എന്നിട്ടും, സമ്പത്തിന് നിർബന്ധമായി നൽകേണ്ട സകാത് അദ്ദേഹത്തിന് നൽകേണ്ടിവന്നില്ല. കാരണം, സമ്പത്തിൽ സകാത് നിർബന്ധമാവാൻ ഒരു വർഷം ഉടമസ്ഥതയിലുണ്ടാവണമെന്ന് നിബന്ധനയുണ്ട്. വർഷം തികയും മുമ്പേ അദ്ദേഹത്തിന്റെ സമ്പത്തെല്ലാം ആവശ്യക്കാർക്ക് ദാനം ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്.
ചോദിക്കുന്നവർക്കെല്ലാം തന്റെ കൈയിലുള്ളത് നൽകിയിരുന്നു അദ്ദേഹം. വീട്ടിലെ പള്ളിയിൽ നിസ്കരിക്കാൻ വേണ്ടി തയ്യാറാക്കിയ മുസ്വല്ലയുടെ (നിസ്കാരപ്പായ) ചുവട്ടിൽ മഹാൻ ആയിരം ദിനാർ മാറ്റിവെക്കുമായിരുന്നു. അത് ആവശ്യക്കാർക്ക് നൽകിയ ശേഷം അദ്ദേഹം പറയും: "ഇത് എന്റെ മകനെ അറിയിക്കരുത്. അവൻ അറിഞ്ഞാൽ ഈ ദാനത്തിന്റെ മഹത്വം കുറഞ്ഞുപോകും"
ലൈസ് തന്റെ ജീവിതകാലത്ത് പലർക്കും ആയിരം സ്വർണനാണയങ്ങൾ നൽകിയ സംഭവങ്ങൾ ചരിത്രത്തിൽ കാണാനാവും. അവയുടെ ഇന്നത്തെ വില നോക്കുമ്പോഴാണ് അതിന്റെ പ്രാധാന്യം മനസ്സിലാകുക. പിതാവിന്റെ ഔദാര്യത്തെക്കുറിച്ച് മനസ്സിലാക്കിയ മകൻ ശുഐബ്, പിതാവിന്റെ ഔദാര്യമാണ് വലുത് എന്ന അഭിപ്രായത്തിൽ 999 സ്വർണനാണയങ്ങളാണ് നൽകാറുണ്ടായിരുന്നത്.
ലൈസ് ഇബ്നു സഅ്ദിന്റെ ജീവിതം ദാനധർമത്തിലധിഷ്ഠിതമായിരുന്നു. അത് അല്ലാഹുവിന്റെ കൈകളിൽ ഏൽപ്പിക്കുന്ന സമ്പത്താണ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ദാനം ചെയ്യുന്നതിലെ സന്തോഷം അത് സ്വീകരിക്കുന്നതിലെ സന്തോഷത്തെക്കാൾ വലുതാണെന്ന് ശിഷ്യരെ പഠിപ്പിച്ചു. ദാനധർമങ്ങൾ ചെയ്യുന്നതിലൂടെ ലഭിക്കുന്ന പ്രധാന ഫലങ്ങളായി അദ്ദേഹം പറയുന്നത് നോക്കൂ:
- സ്വർഗത്തിലേക്കുള്ള കവാടം തുറക്കപ്പെടുന്നു.
- സൽക്കർമങ്ങളിൽ ഏറ്റവും മഹത്തരമാണ്. അതിൽത്തന്നെ ആഹാരം നൽകുന്നത് ഏറ്റവും മികച്ചത്.
- ദാനം അന്ത്യദിനത്തിലെ തണലാണ്, നരകത്തിൽ നിന്നുള്ള മോചനവുമാണ്.
- അല്ലാഹുവിന്റെ കോപം ശമിപ്പിക്കും, മരണശേഷം ഖബറിലെ ചൂട് തണുപ്പിക്കും.
- മരണപ്പെട്ട വ്യക്തിക്ക് നൽകാവുന്ന ഏറ്റവും നല്ല കാര്യം ദാനമാണ്.
- ആത്മശുദ്ധീകരണം; നന്മകൾ കൂടുതൽ ചെയ്യാൻ പ്രേരണയുണ്ടാകും.
- അന്ത്യദിനത്തിൽ മുഖം പ്രകാശിക്കുന്നതിനും സന്തോഷിക്കുന്നതിനും കാരണമാകും.
- ദാനം എപ്പോഴും സുരക്ഷിതത്വം നൽകും.
- പാപങ്ങൾ പൊറുക്കപ്പെടും.
- ഉത്തമമായ അന്ത്യത്തിന് നിദാനമാകും; മാലാഖമാരുടെ പ്രാർഥനയുണ്ടാകും.
- ദാനം ചെയ്യുന്നവൻ ഉത്തമ മനുഷ്യനാണ്.
- ദാനം ചെയ്യുന്നവന് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.
- ഭയഭക്തിയുള്ളവരുടെ (മുത്തഖീൻ) ഗുണമാണത്; ദാനം ചെയ്യുന്നവരെ ജനങ്ങൾ ഇഷ്ടപ്പെടുന്നു.
- ഔദാര്യത്തിന്റെയും ഉദാരമനസ്കതയുടെയും അടയാളം.
- പ്രാർഥനകൾക്ക് ഉത്തരം ലഭിക്കും, ദുരിതങ്ങൾ നീങ്ങും.
- ദുരന്തങ്ങളെ തടയും.
- ആയുസ്, ധനം, ഉപജീവനം, വിജയം എന്നിവ വർദ്ധിപ്പിക്കും.
- രോഗങ്ങൾക്കുള്ള ചികിത്സയും ശമനവുമാണ് ദാനം.
- തീപിടുത്തം, മുങ്ങിമരണം, മോഷണം, മോശമായ മരണം എന്നിവയിൽ നിന്ന് സംരക്ഷിക്കും.
- മൃഗങ്ങൾക്കും പക്ഷികൾക്കും നൽകുന്ന ദാനത്തിനുപോലും പ്രതിഫലമുണ്ട്.
അബ്ബാസി ഖലീഫയായിരുന്ന അൽ-മൻസൂർ ലൈസ് ബിൻ സഅ്ദിന് ഈജിപ്തിലെ ഗവർണർ പദവി വാഗ്ദാനം ചെയ്തു. പക്ഷേ, ലൈസ് അത് നിരസിച്ചു. ഗവർണർ അല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ വാക്കുകൾക്കാണ് ആ നാട്ടുകാർ പ്രാമുഖ്യം നൽകിയത്. മൂന്നാം ഖലീഫ ഉസ്മാൻ സ്വീകരിച്ച പല നിലപാടുകളിലും നാട്ടുകാർക്ക് എതിരഭിപ്രായമുണ്ടായപ്പോൾ, അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിക്കൊടുക്കാൻ ലൈസ് ആവത് ശ്രമിക്കുകയും വിജയം കാണുകയും ചെയ്തു.
അദ്ദേഹത്തിന്റെ സദസ്സുകളിൽ എല്ലാവരും പരിഗണിക്കപ്പെട്ടിരുന്നു. സഹായം ആവശ്യമുള്ള ആളുകൾക്ക് പ്രത്യേക പരിഗണന ലഭിക്കും. നേരത്തെ ജോലിക്ക് പോകേണ്ട വ്യാപാരികളെ നേരത്തെ കാണാൻ അനുവദിക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
ഇമാം ലൈസ് ബിൻ സഅ്ദ് ഹിജ്റ 175-ൽ (AD 791) ശഅ്ബാൻ മാസം ഒരു വെള്ളിയാഴ്ചയാണ് മരണപ്പെടുന്നത്. വെള്ളിയാഴ്ച നിസ്കാരത്തിന് ശേഷമാണ് അദ്ദേഹത്തെ ഖബറടക്കിയത്. അവിടെ എത്തിച്ചേർന്ന എല്ലാവർക്കും ഏറ്റവുമടുത്തയാൾ നഷ്ടപ്പെട്ട പ്രതീതിയാണുണ്ടായത് എന്ന് ഖാലിദ് ബിൻ അബ്ദുസ്സലാം അസ്സദഫി രേഖപ്പെടുത്തുന്നുണ്ട്. ഈജിപ്തിലെ ഖാഹിറയിലുള്ള (കെയ്റോ) ഖറാഫതുസ്സുഗ്റയിലാണ് അന്ത്യവിശ്രമം. ഈ സ്ഥലം പിന്നീട് ഇമാം അൽ-ലൈസ് മസ്ജിദായി രൂപാന്തരപ്പെട്ടു. അബൂ യസീദ് അൽ-മിസ്രി എന്ന വ്യാപാരിയാണ് ഈ സ്ഥലം ആദ്യമായി നവീകരിച്ചത്. പിന്നീട് നിരവധി ഭരണാധികാരികൾ ഈ മസ്ജിദ് വികസിപ്പിച്ചു.




