ഇസ്ലാമിക ചരിത്രത്തിലെ ഹിജ്റ രണ്ടാം നൂറ്റാണ്ട്, അഥവാ എ.ഡി എട്ടാം നൂറ്റാണ്ട്, ലോകത്തിന് വിജ്ഞാനവെളിച്ചം പകർന്ന ഒരുപാട് മഹാരഥന്മാരുടെ കാലഘട്ടമായിരുന്നു. ആ നിരയിലെ പ്രധാനിയാണ് ഇമാം അബൂ അബ്ദില്ലാഹ് സുഫ്യാൻ ബിൻ സഈദ് അസ്സൗരി (എ.ഡി 716-778). ആഴത്തിലുള്ള പാണ്ഡിത്യവും ലോകത്തോടുള്ള വിരക്തിയും ഭരണകൂടത്തിന് മുന്നിൽ സത്യം തുറന്നുപറയാനുള്ള ധീരതയുമാണ് അദ്ദേഹത്തെ 'അമീറുൽ മുഅ്മിനീൻ ഫിൽ ഹദീസ്' (ഹദീസിലെ വിശ്വാസികളുടെ നേതാവ്) എന്ന വിശിഷ്ട പദവിക്ക് അർഹനാക്കിയത്. കൂഫയിലാണ് ജനനം. പ്രശസ്തി ആഗ്രഹിക്കാതെ ആളുകളിൽ നിന്ന് അകന്നുജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.
കൂഫാ നഗരത്തിലെ വിജ്ഞാനകുതുകികളുടെ കുടുംബത്തിലായിരുന്നു സുഫ്യാൻ അസ്സൗരിയുടെ ജനനം. അദ്ദേഹത്തിന്റെ പിതാവ് സഈദ് ബിൻ മസ്റൂഖ് ഒരു ഹദീസ് (നബിവചനം) പണ്ഡിതനായിരുന്നു. ചെറുപ്രായത്തിൽ തന്നെ മകനെ വിജ്ഞാന സമ്പാദനത്തിലേക്ക് തിരിച്ചുവിട്ട പിതാവിന്റെ ശിക്ഷണം സുഫ്യാന്റെ ജീവിതത്തിൽ നിർണായകമായി. അദ്ദേഹത്തെ ഇത്ര വലിയ പണ്ഡിതനാക്കിയതിൽ മാതാവിന്റെ പങ്കും വളരെ വലുതാണ്. അവർ നൂൽനെയ്താണ് മകന് പഠിക്കാനുള്ള സാമ്പത്തിക സഹായം നൽകിയിരുന്നത്. അതിലുപരി, അവർ മകന് നൽകിയ ഉപദേശം അറിവ് നേടുന്നതിലെ ലക്ഷ്യബോധത്തെ ഓർമിപ്പിക്കുന്നതായിരുന്നു: "മകനേ, നീ പത്തക്ഷരങ്ങൾ പഠിക്കുമ്പോൾ, അത് നിന്റെ ഭയഭക്തിയിലും വിനയത്തിലും വർദ്ധനവുണ്ടാക്കുന്നുണ്ടോ എന്ന് നോക്കണം. ഇല്ലെങ്കിൽ, ആ അറിവ് ദോഷകരവും പ്രയോജനകരമല്ലാത്തതുമാണെന്ന് മനസ്സിലാക്കുക". അറിവിനെ കേവലം പഠനമായി കാണാതെ, ധാർമിക വളർച്ചയുടെയും ആത്മീയ ശുദ്ധീകരണത്തിന്റെയും ഉപാധിയായി കാണാൻ ഈ തത്വം അദ്ദേഹത്തെ പഠിപ്പിച്ചു.
സുഫ്യാൻ അസ്സൗരിയുടെ പാണ്ഡിത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ അസാമാന്യമായ ഓർമശക്തിയായിരുന്നു. കേട്ടതൊന്നും മറക്കാത്ത ഈ കഴിവ് കാരണം, ചില സന്ദർഭങ്ങളിൽ ജനങ്ങളുടെ സംസാരം കേട്ട് അനാവശ്യ കാര്യങ്ങൾ മനഃപാഠമാക്കാതിരിക്കാൻ അദ്ദേഹം ചന്തയിലൂടെ നടക്കുമ്പോൾ കാതുകൾ പൊത്തിപ്പിടിക്കുമായിരുന്നു എന്ന് ചരിത്രത്തിലുണ്ട്. അദ്ദേഹത്തിന്റെ ഗുരുവായ ഇമാം ശുഅ്ബ, അതീവ ഓർമശക്തിയുള്ള ആളായിട്ടു പോലും, സുഫ്യാനെ തന്നെക്കാൾ നല്ല ഓർമശക്തിയുള്ളവനായി കണക്കാക്കിയിരുന്നു.
അറിവിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും, സുഫ്യാൻ അസ്സൗരിയുടെ ജീവിതം വിനയത്തിന്റെയും ദൈവഭക്തിയുടെയും മാതൃകയായിരുന്നു. രാത്രികൾ മുഴുവൻ ആരാധനയിൽ മുഴുകിയിരുന്നു അദ്ദേഹം. ചിലപ്പോൾ മക്കയിൽ മസ്ജിദുൽ ഹറമിൽ വെച്ച് ദീർഘനേരം നിസ്കാരത്തിൽ ചെലവഴിക്കും. ആരും അറിയാതെ സമാധാനത്തോടെ ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. പ്രശസ്തി ആത്മീയ നാശത്തിന് കാരണമായേക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു.
എന്നാൽ, ഭൗതികമായ ആസ്തികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം പ്രായോഗികമായിരുന്നു. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അദ്ദേഹം തുറന്നുപറഞ്ഞു: "പണം മുൻകാലങ്ങളിൽ വെറുക്കപ്പെട്ടിരുന്നു, എന്നാൽ ഇന്ന് അത് വിശ്വാസിയുടെ പരിചയാണ്”. ഭരണകൂടത്തിന്റെ ദുർബലമായ സ്വാധീനത്തിൽ നിന്ന് വിട്ടുനിൽക്കാനും സത്യം തുറന്നുപറയാനും ധനം അത്യാവശ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. "എന്റെ കൈകളിൽ ഈ ദീനാറുകൾ (പണം) ഇല്ലായിരുന്നെങ്കിൽ, രാജാക്കന്മാർ നമ്മെ തൂവാലയായി ഉപയോഗിക്കുമായിരുന്നു" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ, അധികാരം ദുരുപയോഗം ചെയ്യുന്നവരുടെ മുന്നിൽ സാമ്പത്തിക സ്വാതന്ത്ര്യം സത്യം പറയാനുള്ള ധൈര്യം നൽകുമെന്ന് അടിവരയിടുന്നു.
സുഫ്യാന്റെ ഈ ധാർമിക നിലപാടുകളാണ് അന്നത്തെ ഭരണകൂടത്തിൽ നിന്ന് അദ്ദേഹത്തെ അകറ്റിയത്. അബ്ബാസി ഖലീഫമാരായിരുന്ന അബൂ ജഅ്ഫർ അൽ-മൻസൂർ, അൽ-മഹ്ദി എന്നിവർ അദ്ദേഹത്തെ ന്യായാധിപസ്ഥാനത്തേക്ക് ക്ഷണിച്ചെങ്കിലും, ഭരണാധികാരികളുടെ ഇഷ്ടത്തിനനുസരിച്ച് നിയമം വളച്ചൊടിക്കേണ്ടി വരുമെന്ന് ഭയന്ന് അദ്ദേഹം അത് നിഷേധിച്ചു. ഈ നിരാസം ഭരണകൂടത്തിന്റെ ഇഷ്ടക്കേടിന് നിദാനമായി. ഭരണകൂടം അദ്ദേഹത്തെ വേട്ടയാടി. പദവി സ്വീകരിച്ചേ മതിയാവൂ എന്ന ഘട്ടത്തിൽ അദ്ദേഹം ആലോചിക്കാനായി ഒരു ദിവസത്തെ അവധി ചോദിച്ചു. ഒടുവിൽ, അധികാരികളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാനായി രാത്രിയിൽ കഴുതപ്പുറത്തേറി അദ്ദേഹം കൂഫയിൽ നിന്ന് പലായനം ചെയ്ത് മക്കയിലും യമനിലും ബസ്വറയിലും താമസിച്ചു. സ്വന്തം ഗ്രന്ഥങ്ങൾ പോലും ഒളിപ്പിച്ചുവെച്ച്, ഒരു സാധാരണക്കാരനായി, ചിലപ്പോൾ തോട്ടങ്ങളിൽ കൂലിവേല ചെയ്തുകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. അദ്ദേഹത്തിന്റെ ജീവിതശുദ്ധി കണ്ട് ഒരു തോട്ടമുടമ, "ഇദ്ദേഹത്തെ കണ്ടിട്ട് സുഫ്യാൻ അസ്സൗരിയെപ്പോലെയുണ്ട്" എന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഇതുകേട്ട അദ്ദേഹം തിരിച്ചറിയപ്പെടും മുമ്പ് അവിടെനിന്ന് രക്ഷപ്പെട്ടു.
ഹിജ്റ 161-ൽ (എ.ഡി 778) ബസ്വറയിൽ വെച്ചാണ് സുഫ്യാൻ അസ്സൗരി അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണം അറിഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് അവിടെ എത്തിച്ചേർന്നത്. ഹദീസ്, ഫിഖ്ഹ്, തഫ്സീർ (ഖുർആൻ വ്യാഖ്യാനം) എന്നിവയിൽ 'അൽ-ജാമിഅ് അൽ-കബീർ', 'അൽ-ജാമിഅ് അസ്സഗീർ', 'കിതാബുൽ ഫറാഇള്' തുടങ്ങിയ വിശ്വപ്രസിദ്ധമായ ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹത്തിന്റെ ജീവിതം, അറിവും ഭയഭക്തിയും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാം എന്നതിന്റെ ഉത്തമമായ പാഠമാണ് നൽകുന്നത്.




