ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍, ഭരണകൂടത്തിനു മുന്നില്‍ തലകുനിക്കാതെ, വിജ്ഞാനത്തിന്റെയും ധാര്‍മികതയുടെയും പവിത്രത ഉയര്‍ത്തിപ്പിടിച്ച മഹാപണ്ഡിതനായിരുന്നു സഈദ് ബ്നുല്‍ മുസ്വയ്യബ്. ഇസ്ലാമികപണ്ഡിതരുടെ നേതാവ് (സയ്യിദുത്താബിഈന്‍) എന്ന് ആദരവോടെ വിളിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിതം, ഭീഷണികളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് സത്യസന്ധതയില്‍ ഉറച്ചുനില്ക്കാന് പ്രചോദനമാകുന്ന ചരിത്രമാണ്. അദ്ദേഹത്തിന്റെ ചരിത്രം, സമ്പത്തിനെക്കാളും അധികാരത്തെക്കാളും മൂല്യം ധാര്‍മികമായ നിലപാടുകള്‍ക്കാണ് എന്ന് അടിവരയിടുന്നുണ്ട്.
ഖലീഫ ഉമറിന്റെ ഭരണകാലത്ത് മദീനയിലാണ് സഈദ് ബിന്‍ മുസ്വയ്യബ് ജനിക്കുന്നത്. ഇസ്ലാമിക ഭരണത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു അത്. അതുകൊണ്ടുതന്നെ ബാല്യകാലത്ത് അറിവിനോടുള്ള അഗാധമായ ദാഹവുമായാണ് സഈദ് വളര്‍ന്നത്. വലിയ പാണ്ഡിത്യമുള്ളവരുടെ കൂടെ വളര്‍ന്നതു കൊണ്ടുതന്നെ വിജ്ഞാനത്തിന്റെ അങ്ങേയറ്റം കരഗതമാക്കിയ പണ്ഡിതനാകാൻ അദ്ദേഹത്തിനായി. പ്രഗത്ഭ നബിഅനുചരന്മാരായ ഉമര്‍, ഉസ്മാന്, അബൂഹുറൈറ തുടങ്ങിയ പ്രമുഖരില്‍ നിന്ന് നേരിട്ട് വിജ്ഞാനം നുകര്‍ന്നതിനാല്‍ അദ്ദേഹം മദീനയിലെ വിജ്ഞാന രംഗത്തെ പ്രമുഖനായി മാറി. ഖുര്‍ആന്‍ വ്യാഖ്യാന മേഖലയിലും കര്‍മശാസ്ത്ര, നബിവചനശാസ്ത്ര മേഖലകളിലും അതിനിപുണനായിരുന്നു. പില്ക്കാലത്ത്, ലോകത്ത് ഇസ്ലാമിക വിജ്ഞാനശാഖകളുടെ അടിസ്ഥാനമായി മാറിയ ഫുഖഹാഉസ്സബ്അ എന്നറിയപ്പെട്ട, മദീനയിലെ ഏഴ് പ്രമുഖ പണ്ഡിതരില്‍ ഒരാളായിരുന്നു അദ്ദേഹം. ദൈവാനുസരണമാണ് മനുഷ്യനെ പ്രതാപവാനാക്കുന്നതെന്നും ദൈവധിക്കാരം അവനെ നിന്ദ്യനുമാക്കുന്നുവെന്നും അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചു.
സഈദിന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ നിലപാട് അധികാരികളോടുള്ള സമീപനമായിരുന്നു. ഒരിക്കല്‍ ഖലീഫ അബ്ദുല്‍ മലിക് ഇബ്നു മര്വാന് ഹജ്ജ് യാത്രക്കിടെ മദീനയിലെത്തി. മസ്ജിദുന്നബവിയിലെ (പ്രവാചകന്റെ പള്ളി) നിറഞ്ഞ വൈജ്ഞാനിക സദസ്സുകള്‍ അദ്ദേഹത്തില്‍ വലിയ മതിപ്പുണ്ടാക്കി. ഒരുദിവസം, ഖലീഫ തന്റെ കാര്യസ്ഥനെ പള്ളിയിലേക്ക് അയച്ച്, തനിക്ക് ക്ലാസ്സെടുക്കാന്‍ കഴിയുന്ന ഒരു പണ്ഡിതനെ വിളിച്ചു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. താബിഉകളിലെ പ്രധാനിയായ സഈദ് ബ്നുല്‍ മുസ്വയ്യബിന്റെ അടുത്തെത്തിയ കാര്യസ്ഥന് ഖലീഫയുടെ ആഗ്രഹം അറിയിച്ചു. എന്നാല്‍, സഈദിന്റെ മറുപടി വിജ്ഞാനത്തിന്റെ ഔന്നത്യം വ്യക്തമാക്കുന്നതായിരുന്നു: 'ആര്‍ക്കെങ്കിലും വല്ലതും ആവശ്യമായി വന്നാല്‍ അങ്ങോട്ട് പോകുകയാണ് ചെയ്യുക. അദ്ദേഹത്തിന് താല്പര്യമുണ്ടെങ്കില് ഈ വിജ്ഞാന സദസ്സിലേക്ക് സ്വാഗതം. വിജ്ഞാനം നാം തേടിപ്പോകണം, വിജ്ഞാനം ആരെയും തേടിപ്പോകുകയില്ല’
അധികാരം തേടി വിജ്ഞാനം ഒരിക്കലും പോകില്ലെന്ന് അദ്ദേഹം ആ വാക്കുകളിലൂടെ പ്രഖ്യാപിച്ചു. റോമിലെ രാജാക്കന്മാര് പോലും വിധേയരാകുന്ന ഒരു ഭരണാധികാരിയുടെ കല്പനയെ ധാര്‍മികമായ തത്വങ്ങളുടെ പേരില്‍ അദ്ദേഹം സധൈര്യം തള്ളിക്കളഞ്ഞു.
ഭരണകൂടത്തിന്റെ പ്രലോഭനങ്ങളോടുള്ള അദ്ദേഹത്തിന്റെ നിലപാട് ഇതിലും ശക്തമായിരുന്നു. ഖലീഫ അബ്ദുല്‍ മലിക്, ഭാവിയിലെ ഖലീഫയും കിരീടാവകാശിയുമായ തന്റെ മകന് വലീദിനുവേണ്ടി സഈദിന്റെ മകളെ വിവാഹം ആലോചിച്ചു. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ ഭാവി രാജ്ഞിയാകാനുള്ള ആ അവസരം, പക്ഷേ, അദ്ദേഹം നിരാകരിച്ചു. തന്റെ മകളുടെ സംരക്ഷണം തന്റെ ബാധ്യതയാണെന്നും രാജകുടുംബത്തിന്റെ ആഢംബരവും പത്രാസും അവളുടെ മനസ്സ് മാറ്റിയേക്കുമോ എന്ന് ഭയപ്പെടുന്നുവെന്നും അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞു. ഭൗതികതയെ നിരാകരിക്കുന്നതില്‍ അദ്ദേഹത്തിന് തുല്യമായി മറ്റൊരാളെ കാണാന്‍ കഴിയില്ലെന്ന് ആളുകള്‍ അക്കാലത്ത് പറഞ്ഞിരുന്നു.
ഈ സംഭവത്തിന് പിന്നാലെ, അദ്ദേഹം തന്റെ ശിഷ്യരില്‍ ഒരാളായ അബൂവദാഅ എന്ന ദരിദ്രനായ യുവാവിനാണ് മകളെ വിവാഹം ചെയ്തുകൊടുത്തത്. ഒരാഴ്ചയോളം ക്ലാസില്‍ വരാതിരുന്ന അബൂവദാഇന്റെ വിവരങ്ങള്‍ തിരക്കിയ ശൈഖ്, അദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടതിനെക്കുറിച്ചറിഞ്ഞു. അബൂവദാഇന്റെ ദാരിദ്ര്യം അറിഞ്ഞിട്ടും, സൽസ്വഭാവവുമുള്ള ഒരാള്‍ വിവാഹമന്വേഷിച്ചു വന്നാല്‍ അദ്ദേഹത്തിന് മകളെ വിവാഹം ചെയ്തുകൊടുക്കും, താങ്കളുടെ ദീനിന്റെയും സ്വഭാവത്തിന്റെയും കാര്യത്തില്‍ ഞങ്ങള്‍ പൂര്‍ണ സംതൃപ്തരാണ്' എന്ന് പറഞ്ഞുകൊണ്ട്, വെറും രണ്ടു ദിര്‍ഹം മഹ്റിന് (വിവാഹമൂല്യം) അദ്ദേഹം മകളെ ശിഷ്യന് വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു.
അന്ന് വൈകുന്നേരം, അപ്രതീക്ഷിതമായി, തന്റെ മകളെയും കൂട്ടി സഈദ് ബ്നുല്‍ മുസ്വയ്യബ് അബൂവദാഇന്റെ വീട്ടിലെത്തി. 'നീ ഇപ്പോള്‍ ഒറ്റക്കാണ് കഴിയുന്നത് എന്നെനിക്ക് മനസ്സിലായി. നീ ഇവിടെയും നിന്റെ തുണ മറ്റൊരിടത്തുമായി താമസിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു. അതിനാല്‍ അവളെയും കൂട്ടിയാണ് ഞാന്‍ ഇങ്ങോട്ട് വന്നത്' എന്ന് അദ്ദേഹം പറഞ്ഞു. മദീനയിലെ ഏറ്റവും സുന്ദരിയും, ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ, സ്ത്രീകളുടെ ബാധ്യതകളും കടപ്പാടും തിരിച്ചറിഞ്ഞ മഹതിയായിരുന്നു ആ വധു. അധികാരത്തിന്റെ കൊട്ടാരം നിരസിക്കപ്പെട്ട ആ പണ്ഡിതപുത്രി, വിജ്ഞാനം തേടിയെത്തിയ ഒരു ദരിദ്രയുവാവിന്റെ തുണയായി മാറിയതിലൂടെ, സഈദ് ലോകത്തിന് നല്‍കിയത് ലളിതജീവിതത്തിന്റെയും ഉന്നതമായ ധാര്‍മിക മൂല്യങ്ങളുടെയും സന്ദേശമായിരുന്നു.
സത്യം പറയുന്നതിലെ ധീരത അദ്ദേഹത്തെ വലിയ പരീക്ഷണങ്ങളിലേക്ക് നയിച്ചു. ഖലീഫ അബ്ദുല്‍ മലിക് തന്റെ മക്കളായ വലീദിനും സുലൈമാനും വേണ്ടി സഈദില്‍ നിന്ന് ബൈഅത് (കൂറ് പ്രതിജ്ഞ) വാങ്ങാന്‍ മദീനയിലെ ഗവര്‍ണര്‍ ഹിശാമുബ്നു ഇസ്മാഈലിനോട് ആവശ്യപ്പെട്ടു. തിരുനബി ഒരേസമയം രണ്ടുപേര്‍ക്ക് ബൈഅത് ചെയ്യുന്നത് വിരോധിച്ചിരിക്കുന്നു എന്ന കാരണത്താല്‍ സഈദ് അത് നിരസിച്ചു. ഭരണാധികാരിയോട് എതിരാവുന്നത് വലിയ പ്രശ്നമാണ്, അതിനാല്‍ ഒഴിഞ്ഞുനില്ക്കുവാന് സുഹൃത്തുക്കളായ പണ്ഡിതന്മാര് ഉപദേശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: 'നിസ്കാരത്തിലേക്ക് വരൂ എന്നു പള്ളിയില്‍ നിന്ന് ആഹ്വാനം ചെയ്യുമ്പോള്‍ വീട്ടിലിരിക്കാനാണോ നിങ്ങള്‍ എന്നോട് പറയുന്നത്, അതല്ല, അല്ലാഹുവിന്റെ ഒരു സൃഷ്ടിയെ ഭയന്ന് നാട് വിട്ടുപോകാനോ? ഇവിടെനിന്നും ഒരടി ഞാന്‍ മുന്നോട്ടോ പിന്നോട്ടോ പോകില്ല’
ഈ ധീരമായ നിലപാടിനെത്തുടര്‍ന്ന്, ഖലീഫയുടെ കല്പനപ്രകാരം അദ്ദേഹത്തെ വിവസ്ത്രനാക്കി, അമ്പത് പ്രാവശ്യം ചാട്ടവാറുകൊണ്ട് അടിക്കുകയും മദീനയിലെ അങ്ങാടിയിലൂടെ വലയംവെച്ചു നടത്തുകയും ജയിലിലടക്കുകയും ചെയ്തു. വാള് കാട്ടി ഭീഷണിപ്പെടുത്തിയിട്ടും അദ്ദേഹം തന്റെ നിലപാടില്‍ നിന്ന് ഒരടി പിന്നോട്ട് പോയില്ല. അല്ലാഹുവിന്റെ കല്പനകള്ക്ക് മുന്നില്‍ മനുഷ്യന്റെ അധികാരങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു. ക്രൂരമായ ശിക്ഷ കൊണ്ട് മെരുക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഖലീഫ ഒടുവില്‍ അദ്ദേഹത്തെ ജയില്‍ മോചിതനാക്കി.
എ ഡി 712 ല്‍ സഈദ് ബ്നുല്‍ മുസ്വയ്യബ് ലോകത്തോട് വിടചൊല്ലി. എന്നാല്‍, ഭൗതിക പ്രലോഭനങ്ങളെയും അധികാരത്തിന്റെ ഭീഷണികളെയും അതിജീവിച്ച അദ്ദേഹത്തിന്റെ ജീവിതം, എല്ലാ കാലത്തേക്കുമുള്ള മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് ഭരണാധികാരികള്‍ക്കും പണ്ഡിതന്മാര്ക്കും, സത്യസന്ധതയുടെയും ധാര്‍മികതയുടെയും പാതയില്‍ ഉറച്ചുനില്ക്കാന് ഏറെ പ്രചോദനമാണ്.




