പ്രവാചകപത്നി ആഇശയുടെ പാണ്ഡിത്യം അസാധാരണമായിരുന്നു. ഹദീസ്, ഫിഖ്ഹ്, തഫ്സീര്‍, വൈദ്യശാസ്ത്രം, കവിത തുടങ്ങിയ ജ്ഞാനശാഖകളില്‍ അവര്‍ അഗാധമായ അറിവ് നേടി.
ഇമാം സുഹ്രി പറഞ്ഞു: “പ്രവാചകന്റെ മറ്റു ഭാര്യമാരുടെയും എല്ലാ സ്ത്രീകളുടെയും അറിവുകള്‍ ഒരുമിച്ചുചേര്‍ത്താല്‍ പോലും, ആഇശയുടെ അറിവായിരിക്കും കൂടുതല്‍ മികച്ചു നില്ക്കുക”
ഹിശാം ബ്നു ഉര്‍വ പറഞ്ഞു; “ഖുര്‍ആനിലോ, അനന്തരാവകാശ നിയമങ്ങളിലോ, ഹലാലിലോ, ഹറാമിലോ, കവിതയിലോ, അറബികളുടെ ചരിത്രത്തിലോ, ഗോത്രവിജ്ഞാനത്തിലോ ആഇശയെക്കാള്‍ അറിവുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല”
പ്രവാചകരുടെ വേർപാടിന് ശേഷം, ആഇശയുടെ വീട് ഒരു വിജ്ഞാനകേന്ദ്രമായി മാറി. ആയിരക്കണക്കിന് ശിഷ്യന്മാര് അവരില്‍ നിന്ന് അറിവ് നേടി. പ്രമുഖരായ സ്വഹാബിമാരും (ഉമര്‍, ഫാത്വിമ, അബൂഹുറൈറ, ഇബ്നു ഉമര്‍, ഇബ്നു അബ്ബാസ്) അവരുടെ പിന്മുറക്കാരായ ഇസ്ലാമിന്റെ നേതൃത്വമായ താബിഈങ്ങളും അവരുടെ ശിഷ്യന്മാരായിരുന്നു.
പ്രവാചകരുടെ അളവറ്റസ്നേഹം
തിരുനബി, പത്നി ആഇശയെ അതിയായി സ്നേഹിച്ചിരുന്നു. അവരുടെ മടിത്തട്ടില്‍ തല വെച്ചാണ് അവിടുന്ന് മരണപ്പെട്ടത്. രോഗബാധിതനായിരുന്നപ്പോള്‍ തന്റെ മറ്റു ഭാര്യമാരോട് അനുവാദം ചോദിച്ച് ആഇശയുടെ വീട്ടില്‍ കഴിഞ്ഞത് ഈ സ്നേഹത്തിന്റെ തെളിവാണ്. പ്രിയപ്പെട്ടവരെ സ്നേഹത്തോടെ വിളിക്കുന്നതുപോലെ പ്രവാചകര്‍ അവരെ 'യാ ആഇശ്' അല്ലെങ്കില്‍ 'യാ ഉവൈശ്' എന്ന് വിളിച്ചിരുന്നു.
പ്രവാചകന് സമ്മാനങ്ങള്‍ നല്കാന് ആഗ്രഹിച്ച ആളുകള്‍ ആഇശയുടെ ഊഴം വരുന്നത് വരെ കാത്തിരിക്കുമായിരുന്നു. ഈ കാര്യം ഉമ്മു സലമ നബിയോട് ഉണര്‍ത്തിയപ്പോള്‍ തിരുനബി മറുപടി പറഞ്ഞു: “ഉമ്മു സലമ, ആഇശയുടെ കാര്യത്തില്‍ എന്നെ വേദനിപ്പിക്കരുത്. അല്ലാഹുവാണെ! അവരുടെ പുതപ്പിനകത്തായിരിക്കുമ്പോള് പോലും എനിക്ക് ദിവ്യബോധനം ഇറങ്ങിയിട്ടുണ്ട്”
രാഷ്ട്രീയ ജീവിതവും ധീരതയും
ആഇശക്ക് അസാധാരണമായ ധൈര്യമുണ്ടായിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ അവര്‍ മുന്നിട്ടിറങ്ങി മുറിവേറ്റവര്‍ക്ക് വെള്ളവും മരുന്നും നല്കി. ഖന്ദഖ് യുദ്ധത്തില്‍, സ്ത്രീകളെ പാര്‍പ്പിച്ച കോട്ടയില്‍ നിന്ന് അവര്‍ മുന്‍നിരയിലേക്ക് ഇറങ്ങിവന്നു. ജമല് യുദ്ധത്തില്‍ മഹതി സൈന്യത്തെ നയിച്ചത് അവരുടെ അസാമാന്യ ധീരതക്ക് ഉദാഹരണമാണ്.
ഖലീഫ ഉസ്മാന്റെ രക്തസാക്ഷിത്വത്തിന് ശേഷം, മുസ്ലിംലോകം ആഭ്യന്തര കലഹങ്ങളിലേക്ക് നീങ്ങിയപ്പോള്‍, ഉസ്മാന്റെ കൊലപാതകികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആഇശ ഒരു സംഘത്തെ നയിച്ചു. ഇത് ഖലീഫ അലിയുടെ പക്ഷവുമായി സംഘര്‍ഷത്തിന് കാരണമായി. ഈ യുദ്ധമാണ് ചരിത്രത്തില്‍ 'ജമല് യുദ്ധം' എന്നറിയപ്പെടുന്നത്. ഈ യുദ്ധത്തില്‍ അവര്‍ ഒട്ടകപ്പുറത്ത് സഞ്ചരിച്ചതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. ഈ സംഭവം പിന്നീട് ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമായി അവര്‍ ഓര്‍മിക്കാറുണ്ട്.
അനശ്വരമായ പൈതൃകം
ഹിജ്റ 58-ല്‍ റമളാന്‍ 17-ന്, ഒരു ചൊവ്വാഴ്ച രാത്രിയിലാണ് ആഇശ ബീവി ഈ ലോകത്തോട് വിടപറഞ്ഞത്. മദീനയിലെ ജന്നതുല്‍ ബഖീഇല്‍ മറ്റു പ്രവാചക പത്നിമാര്ക്കൊപ്പമാണ് അന്ത്യവിശ്രമം. അബൂഹുറൈറയാണ് നിസ്കാരത്തിന് നേതൃത്വം നല്‍കിയത്. ധൈര്യം, അറിവ്, വിവേകം, ദൃഢനിശ്ചയം തുടങ്ങിയവയുടെ പൂര്‍ണരൂപമാണ് ബീവി ആഇശയുടെ ജീവിതം.
ഇസ്ലാമിക സമൂഹത്തിന് അവര്‍ നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. അവരുടെ ഓര്‍മകള്‍ ഓരോ വിശ്വാസിക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, വലിയ പ്രചോദനമാണ്. കാരണം, ഇസ്ലാമിൽ അറിവിനും നേതൃത്വത്തിനും ലിംഗഭേദമില്ലെന്ന് ബീവി ആഇശ തെളിയിച്ചു. രണ്ടായിരത്തിലധികം ഹദീസുകളാണ് അവര്‍ നിവേദനം ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ഹദീസുകള്‍ നിവേദനം ചെയ്ത രണ്ടാമത്തെ വ്യക്തിയും, ആദ്യത്തെ വനിതയും അവര്‍ തന്നെ.




