ഒരു നദിയിലെ ജലം ശുദ്ധമായിരിക്കുന്നതുപോലെ, ഹദീസുകൾക്ക് അതിന്റെ പരിശുദ്ധി നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാൻ വിശ്വസ്തതയുള്ള ഒരു ശൃംഖല അനിവാര്യമായിരുന്നു. അതുകൊണ്ടുതന്നെ ഹദീസ് നിവേദനത്തിൽ ഓരോ വാക്കും വളരെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയുമാണ് കൈകാര്യം ചെയ്യപ്പെട്ടത്. നിവേദനം ചെയ്യപ്പെട്ട് നമ്മുടെ മുമ്പിലേക്കെത്തുന്ന ഒരു ഹദീസ് കേവലം ഒരു വാക്കു മാത്രമല്ല; അതിന് മൂന്ന് ഘടകങ്ങളുണ്ട്:
1. സനദ് (ശൃംഖല):
പ്രവാചകനിൽ നിന്ന് ഒരു ഹദീസ് കേട്ടയാൾ അത് അടുത്ത വ്യക്തിയിലേക്ക് കൈമാറുന്നു. ആ വ്യക്തി മറ്റൊരു വ്യക്തിക്ക് കൈമാറുന്നു. അങ്ങനെ തലമുറകളിലേക്കത് എത്തിച്ചേരുന്നു. ഈ ശൃംഖലയിലെ ഓരോ വ്യക്തിയും അതീവ സൂക്ഷ്മതയോടെയും സത്യസന്ധതയോടെയും അറിവ് കൈമാറുന്നവരായിരുന്നു.
2. മത്ൻ (ഉള്ളടക്കം):
ഹദീസിന്റെ യഥാർഥ ഉള്ളടക്കം. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ പ്രവാചകവാക്ക്; അതാണ് മത്ൻ.
3. റാവി (നിവേദകൻ):
ഹദീസ് കൈമാറ്റം ചെയ്യുന്ന വ്യക്തിയാണ് റാവി.
ഈ പ്രക്രിയയെ ഒരു കോടതി മുറിയിലെ വിസ്താരം പോലെയാണ് പണ്ഡിതന്മാർ കണ്ടിരുന്നത്. ഓരോ നിവേദകന്റെയും ജീവിതം, ഓർമശക്തി, ധാർമികത എന്നിവയെല്ലാം സൂക്ഷ്മമായി പരിശോധിച്ചിരുന്നു. ഈ ശാസ്ത്രശാഖയെ 'ഇൽമുൽ ഹദീസ്' (ഹദീസ് ശാസ്ത്രം) എന്ന് വിളിച്ചു. വ്യാജ ഹദീസുകളെയും ദുർബലമായ നിവേദനങ്ങളെയും വേർതിരിച്ചറിയാൻ ഈ ശാസ്ത്രശാഖ സഹായിച്ചു.
പ്രവാചകരുടെ വിയോഗശേഷം, അവിടത്തെ വാക്കുകൾ നഷ്ടപ്പെട്ടുപോകാതിരിക്കാൻ പ്രവാചകാനുചരർ അതീവ ശ്രദ്ധ ചെലുത്തി. അബൂഹുറയ്റയെപ്പോലുള്ളവർ തങ്ങളുടെ ജീവിതം ഹദീസ് ശേഖരണത്തിനായി സമർപ്പിച്ചു. സാഹചര്യങ്ങൾ വന്നപ്പോൾ അവർ വിദൂര ദേശങ്ങളിലേക്ക് യാത്ര ചെയ്ത് ഹദീസുകൾ പകർന്നുനൽകി. പിന്നീട് താബിഉകൾ, തബഉ താബിഉകൾ എന്നറിയപ്പെട്ട വിഭാഗം ആ ചുമതല വഹിച്ചു. അങ്ങനെ തലമുറകളായി ഈ അറിവ് കൈമാറിക്കൊണ്ടിരുന്നു. ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അഹ്മദ് തുടങ്ങിയ പണ്ഡിതന്മാർ ഈ അറിവുകളെ സമാഹരിച്ച് ഗ്രന്ഥങ്ങളാക്കി. ഇമാം ബുഖാരിയുടെ 'സ്വഹീഹുൽ ബുഖാരി'യും ഇമാം മുസ്ലിമിന്റെ 'സ്വഹീഹ് മുസ്ലിമും' ഈ പരിശ്രമത്തിന്റെ മധുരമുള്ള ഫലങ്ങളാണ്.
സമൂഹത്തില് ഹദീസുകള് ചെലുത്തിയ സ്വാധീനം
ഹദീസ് നിവേദനം, ഇസ്ലാം ഒരു സമൂഹത്തെ എങ്ങനെയാണ് വാർത്തെടുത്തത് എന്നതിന്റെ മകുടോദാഹരണം കൂടിയാണ്. സത്യസന്ധത, വിനയം, ക്ഷമ തുടങ്ങിയ മൂല്യങ്ങൾ ഹദീസുകളിലൂടെയാണ് സമൂഹത്തിൽ വേരുറച്ചത്. 'നിങ്ങൾ ഇഹലോകത്ത് ഒരു വഴിയാത്രക്കാരനെപ്പോലെയായിരിക്കുക' എന്ന പ്രവാചകവചനം ഭൗതികതയോടുള്ള സമീപനത്തെ മാറ്റിമറിച്ചു. അത്തരം ധാരാളം ഹദീസുകൾ ധാർമികമായി സമൂഹത്തെ പുനർനിർമിക്കാനുള്ള ശ്രമങ്ങളായി കാണാനാവും.
ഹദീസ് നിവേദനം ഒരു ശാസ്ത്രമായി മാറിയപ്പോൾ, അതുമായി ബന്ധപ്പെട്ട ധാരാളം പഠനശാഖകൾ രൂപപ്പെട്ടു. ഇത് ലൈബ്രറികൾ, മദ്റസകൾ, സർവകലാശാലകൾ തുടങ്ങിയവയുടെ വളർച്ചയ്ക്ക് കാരണമായി. ആ രൂപത്തിൽ പുതിയ ഒരു വിദ്യാഭ്യാസ വിപ്ലവത്തിനും ഹദീസ് ശിലപാകി.
ഇസ്ലാമിക നിയമം (ശരീഅത്) രൂപീകരിക്കുന്നതിൽ ഹദീസുകൾ പ്രധാന പങ്കുവഹിച്ചു. ഹദീസുകൾ വിശകലനം ചെയ്ത് നിയമങ്ങൾ രൂപപ്പെടുത്തുന്ന രീതി ഇസ്ലാമിക കർമശാസ്ത്രത്തിന്റെ (ഫിഖ്ഹ്) അടിസ്ഥാനമായി മാറി. നീതിന്യായ ലോകത്തും ഹദീസ് പാഠങ്ങൾ വലിയ പഠന-ഗവേഷണങ്ങൾക്ക് വഴിതുറന്നു.
ചുരുക്കത്തിൽ, ഹദീസ് നിവേദനം കേവല വാക്കുകളുടെ കൈമാറ്റമല്ല അർഥമാക്കുന്നത്; അത് വിശ്വാസത്തിന്റെയും അറിവിന്റെയും ധാർമികതയുടെയും ഒരു നൈരന്തര്യമാണ്. കാലം എത്ര കഴിഞ്ഞാലും പ്രവാചകരുടെ വാക്കുകളും പ്രവൃത്തികളും ഇന്നും ഒരു വെളിച്ചമായി നിലകൊള്ളുന്നത്, ആ വെളിച്ചം സൂക്ഷ്മതയോടെ സംരക്ഷിച്ച ഹദീസ് നിവേദകരുടെ ത്യാഗത്തിന്റെയും സത്യസന്ധതയുടെയും ഫലമാണ്. പ്രവാചകകർക്ക് ശേഷമുള്ള ആദ്യനൂറ്റാണ്ടിൽ ഹദീസ് നിവേദക പരമ്പരയുടെ നട്ടെല്ലായി മാറിയ ചില സ്വഹാബികളെ പരിചയപ്പെടാം.




