ഇസ്ലാമികചരിത്രത്തിലെ മഹാരഥന്മാരായ പ്രവാചകാനുചരരിൽ പ്രധാനിയാണ് അബ്ദുല്ലാഹിബ്നു ഉമർ. ഇസ്ലാമിന്റെ രണ്ടാം ഖലീഫയായ ഉമറിന്റെ പുത്രൻ എന്നതിലുപരി, തിരുനബിയുടെ ജീവിതചര്യയെ അതേപടി, ഏറ്റവും സൂക്ഷ്മതയോടെ പിൻപറ്റിയ വ്യക്തി എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
വളരെ ചെറുപ്പത്തിൽ, പത്തുവയസ്സ് തികയും മുമ്പേ അബ്ദുല്ലാഹിബ്നു ഉമർ ഇസ്ലാം സ്വീകരിച്ചു. പിതാവായ ഉമറിനോടും പിന്നീട് പ്രവാചകരുടെ പത്നിയായി മാറിയ സഹോദരി ഹഫ്സയോടുമൊപ്പം അദ്ദേഹം മദീനയിലേക്ക് പലായനം ചെയ്തു. സൈന്യത്തിൽ ചേരാൻ ആവശ്യമായ പ്രായം തികയാതിരുന്നതിനാൽ ബദ്ർ, ഉഹ്ദ് യുദ്ധങ്ങളിൽ പങ്കെടുക്കാനായില്ല. എങ്കിലും, തന്റെ പതിനഞ്ചാം വയസ്സിൽ ഖന്ദഖ് യുദ്ധസമയത്ത് കിടങ്ങ് കുഴിക്കുന്നതിനും യുദ്ധരംഗത്ത് പുരുഷന്മാരുടെ നിരയിൽ ചേരുന്നതിനും അദ്ദേഹത്തിന് അനുമതി ലഭിച്ചു.
ഹിജ്റ മുതൽ എഴുപത് വർഷങ്ങൾക്ക് ശേഷം മരണം വരെ ഇബ്നു ഉമർ ഇസ്ലാമിന്റെ സേവനത്തിനായി സ്വയം സമർപ്പിച്ചു. അബൂ മൂസ അൽ-അശ്അരി അദ്ദേഹത്തെ നന്നായി പ്രോത്സാഹിപ്പിക്കുകയും പ്രവർത്തനങ്ങൾക്ക് പ്രശംസ നൽകുകയും ചെയ്തിരുന്നു. അറിവ്, വിനയം, ഔദാര്യം, ഭക്തി, സത്യസന്ധത, ഭൗതികവിരക്തി, ആരാധനകളിലെ സ്ഥിരത തുടങ്ങിയ നന്മയുടെ വഴികളിൽ മുൻപന്തിയിലായിരുന്നു അബ്ദുല്ലാഹിബ്നു ഉമർ.
തിരുനബിയിൽ നിന്നും പിതാവായ ഉമറിൽ നിന്നും അദ്ദേഹം നേരിട്ട് അറിവുകൾ നുകർന്നു. വിവിധ സാഹചര്യങ്ങളിൽ പ്രവാചകരുടെ ഓരോ വാക്കും പ്രവൃത്തിയും അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചു. തിരുനബി ഒരു പ്രത്യേക സ്ഥലത്തുവെച്ച് നിസ്കരിക്കുന്നത് കണ്ടാൽ പിന്നീട് അതേസ്ഥലത്തുവെച്ചു തന്നെ അദ്ദേഹം നിസ്കരിക്കും.
പ്രവാചകർ ഒട്ടകത്തിൽ നിന്ന് ഇറങ്ങി രണ്ട് റക്അത് നിസ്കരിക്കുന്നത് കണ്ടാൽ, അതേസ്ഥലത്ത് ഒട്ടകം നിർത്തി ഇബ്നു ഉമറും രണ്ട് റക്അത് നിസ്കരിക്കും. മക്കയിലെ ഒരു പ്രത്യേകസ്ഥലത്ത് തിരുദൂതർ തന്റെ ഒട്ടകത്തെ രണ്ടുതവണ തിരിച്ചതിനുശേഷം ഇറങ്ങി നിസ്കരിച്ചു. പിന്നീട് അതേ സ്ഥലത്തെത്തിയപ്പോൾ, ഇബ്നു ഉമർ ഒട്ടകത്തെ മുട്ടുകുത്തിക്കുന്നതിനു മുമ്പ് ഒട്ടകത്തെ രണ്ടുതവണ തിരിച്ചു. തുടർന്ന് തിരുനബി ചെയ്തതുപോലെ ഇറങ്ങി നിസ്കരിക്കുകയും ചെയ്തതായി ചരിത്രത്തിൽ കാണാം.
പ്രവാചകരോടുള്ള അദ്ദേഹത്തിന്റെ അഗാധമായ ഈ ഭക്തിയെക്കുറിച്ച് ബീവി ആഇശ പറഞ്ഞു: “തിരുദൂതർ കാൽവെച്ച സ്ഥലങ്ങളിൽ ഇബ്നു ഉമറിനെപ്പോലെ പിന്തുടർന്ന ആരും ഉണ്ടായിരുന്നില്ല”
അബ്ദുല്ലാഹിബ്നു ഉമർ നബിവചനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലും അതീവ ജാഗ്രത പാലിച്ചു. ഒരു ഹദീസിലെ ഓരോ വാക്കും തനിക്ക് കൃത്യമായി ഓർമയുണ്ടെന്ന് പൂർണമായി ഉറപ്പാക്കിയാൽ മാത്രമേ അദ്ദേഹം അത് റിപ്പോർട്ട് ചെയ്യുമായിരുന്നുള്ളൂ. സമകാലികരായ പണ്ഡിതർ പലരും ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രണ്ടായിരത്തി അറുനൂറിലധികം നബിവചനങ്ങൾ, അഥവാ ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട് ഇബ്നു ഉമർ.
ജനങ്ങൾക്ക് മതനിയമങ്ങൾ പകർന്നുകൊടുക്കുന്ന വിഷയത്തിലും അദ്ദേഹം ഇതേ ജാഗ്രത തുടർന്നു. ഒരു വിഷയത്തിൽ വിധി ചോദിച്ചുവന്ന ഒരാളോട് “നിങ്ങൾ ചോദിക്കുന്നതിനെക്കുറിച്ച് എനിക്കറിയില്ല” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ആ മനുഷ്യൻ പോയപ്പോൾ അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു: “ഉമറിന്റെ മകനോട് അറിയാത്ത കാര്യത്തെക്കുറിച്ച് ചോദിച്ചു, അവൻ പറഞ്ഞു: ‘എനിക്കറിയില്ല'”. അങ്ങനെ പറഞ്ഞതിൽ അദ്ദേഹത്തിന് ഒട്ടും നാണക്കേട് തോന്നിയില്ല.
ന്യായാധിപസ്ഥാനം ലഭിക്കാൻ യോഗ്യതയുണ്ടായിട്ടും, ഖലീഫ ഉസ്മാൻ അദ്ദേഹത്തിന് ന്യായാധിപസ്ഥാനം വാഗ്ദാനം ചെയ്തപ്പോൾ, ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിധിന്യായത്തിൽ പിഴവുകൾ വന്നുപോകുമോ എന്ന സൂക്ഷ്മതയുടെ ഭയം കാരണം അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
അബ്ദുല്ലാഹിബ്നു ഉമർ 'രാത്രിയുടെ സഹോദരൻ' (അഖുല്ലൈൽ) എന്ന് അറിയപ്പെട്ടിരുന്നു. രാത്രികളിൽ ഉണർന്നിരുന്ന് നിസ്കരിക്കുകയും കരഞ്ഞും പ്രപഞ്ചരക്ഷിതാവിനോട് പാപമോചനം തേടിയും ഖുർആൻ പാരായണം ചെയ്തും അദ്ദേഹം സമയം ചെലവഴിച്ചതുകാരണമാണ് ആ വിളിപ്പേര് ലഭിച്ചത്.
ഭക്തിയിലും ലാളിത്യത്തിലും ഔദാര്യത്തിലും അങ്ങേയറ്റമായിരുന്നു ഇബ്നു ഉമറിന്റെ ജീവിതം. ധനികനായിരുന്നിട്ടും, തന്റെ കൈവശമുള്ള സമ്പത്ത് മുഴുവൻ ദരിദ്രർക്കും ആവശ്യക്കാർക്കുമായി ഉദാരമായി നൽകി. ഒരിക്കൽ നാലായിരം ദിർഹവും ഒരു പുതപ്പും സമ്മാനമായി ലഭിച്ചപ്പോൾ അന്ന് രാത്രിക്ക് മുമ്പു തന്നെ അദ്ദേഹം അത് മുഴുവൻ ദാനം ചെയ്ത സംഭവം ഔദാര്യത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ്.
ഖുറാസാനിൽ നിന്നുള്ള ഒരു സുഹൃത്ത് സമ്മാനിച്ച മനോഹരമായ വസ്ത്രം നിരസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'എനിക്ക് എന്നെത്തന്നെ പേടിയാണ്. ഈ വസ്ത്രം എന്നെ അഹങ്കാരിയും പൊങ്ങച്ചക്കാരനുമാക്കും. അഹങ്കാരിയായ പൊങ്ങച്ചക്കാരനെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'. അദ്ദേഹത്തിന്റെ വീട്ടുസാധനങ്ങൾക്കെല്ലാം കൂടി ഏകദേശം നൂറ് ദിർഹമിന്റെ വില മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാരണം, സമ്പത്ത് അദ്ദേഹത്തിന് ഒരു ദാസൻ മാത്രമായിരുന്നു, യജമാനനായിരുന്നില്ല.
ഹിജ്റ 73-ൽ (എ.ഡി. 693) മക്കയിൽ വെച്ച് എൺപത്തിനാലാമത്തെ വയസ്സിൽ അദ്ദേഹം ഇഹലോകം വെടിഞ്ഞു. പ്രവാചകചര്യയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും വിജ്ഞാനത്തിലെ സൂക്ഷ്മതയും അദ്ദേഹത്തെ ഇസ്ലാമിക സമൂഹത്തിന് എന്നെന്നും മാതൃകയാക്കി നിർത്തുന്നു.




