വിശ്വസ്തതയും വിജ്ഞാനവും ഒത്തുചേർന്ന വ്യക്തിത്വമാണ് അനസ് ഇബ്നു മാലിക്. പ്രവാചകരുടെ കൂടെ പത്തുവർഷം നീണ്ട സേവകനായും, ഇസ്ലാമിക പാരമ്പര്യത്തിലെ ഏറ്റവും വലിയ ഹദീസ് നിവേദകരിൽ ഒരാളായും അദ്ദേഹം അറിയപ്പെടുന്നു. പ്രവാചകരുമായുള്ള ആത്മബന്ധം, അറിവിനോടുള്ള ദാഹം, ധീരനായ പോരാളിയായുള്ള ജീവിതം എന്നിവയെല്ലാം ചരിത്രത്തിൽ സവിശേഷമായ ഒരു സ്ഥാനം അദ്ദേഹത്തിന് നേടിക്കൊടുത്തു.
എ.ഡി. 612-ൽ മദീനയിലാണ് അനസ് ഇബ്നു മാലിക് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാവ് ഉമ്മുസുലൈം, ഇസ്ലാമിനൊപ്പം ആദ്യനാളുകളിൽ തന്നെ നിലയുറപ്പിച്ച ധീരവനിതയായിരുന്നു. അനസിന്റെ ആത്മീയജീവിതത്തിലും വിദ്യാഭ്യാസവളർച്ചയിലും അവർ വലിയ പങ്കുവഹിച്ചു. ഹിജ്റയ്ക്ക് ശേഷം പ്രവാചകർ മദീനയിൽ എത്തിയപ്പോൾ, തന്റെ പത്തു വയസ്സുകാരനായ മകനെ ഉമ്മുസുലൈം തിരുനബിയുടെ അടുത്ത് കൊണ്ടുപോയി.
“അല്ലാഹുവിന്റെ ദൂതരേ, താങ്കളെ സേവിക്കാൻ എന്റെ മകനെ ഞാൻ സമർപ്പിക്കുന്നു”. പ്രവാചകർ സന്തോഷത്തോടെ കുട്ടിയെ സ്വീകരിക്കുകയും പ്രത്യേകമായി പ്രാർഥിക്കുകയും ചെയ്തു: “അല്ലാഹുവേ, അവന്റെ സമ്പത്തിലും സന്താനങ്ങളിലും നീ ബറകത് (നന്മ) ചൊരിയേണമേ”. ഈ പ്രാർഥനയുടെ ഫലം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉടനീളം ദൃശ്യമായിരുന്നു. അനസ് പിന്നീട് വലിയ സമ്പന്നനായിത്തീരുകയും, ധാരാളം സന്താനങ്ങളുണ്ടാവുകയും ചെയ്തു.
പത്തു വർഷക്കാലം പ്രവാചകരുടെ വിശ്വസ്ത സേവകനായി അനസ് ജീവിച്ചു. ഈ അതുല്യസ്ഥാനം, പ്രവാചകരുടെ ജീവിതത്തെയും അധ്യാപനങ്ങളെയും നേരിട്ട് അടുത്തറിയാൻ അദ്ദേഹത്തിന് അവസരം നൽകി. പ്രവാചകരുടെ ഓരോ ചലനവും സംസാരവും മൗനാനുവാദങ്ങളും അദ്ദേഹം ശ്രദ്ധയോടെ നിരീക്ഷിച്ചു. തിരുദൂതരുടെ സ്വഭാവത്തെയും ജീവിതരീതിയെയും അടുത്തറിയാൻ അദ്ദേഹത്തിന് ഈ ജീവിതം ഒരു സുവർണാവസരം തുറന്നുനൽകി.
തിളങ്ങുന്ന പാണ്ഡിത്യം
അനസ് ഒരു സാധാരണ സേവകനായിരുന്നില്ല. പ്രവാചകരോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും അറിവിന്റെ വലിയൊരു ശേഖരം സ്വന്തമാക്കാൻ അദ്ദേഹം പരിശ്രമിച്ചു. തിരുനബിയുടെ വിയോഗശേഷം, ഏറ്റവും കൂടുതൽ നബിവചനങ്ങൾ നിവേദനം ചെയ്ത പ്രവാചകാനുചരരിൽ ഒരാളായി അദ്ദേഹം മാറി. രണ്ടായിരത്തോളം ഹദീസുകൾ അദ്ദേഹത്തിന്റെ പേരിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഹദീസുകൾ ഇസ്ലാമിക നിയമങ്ങളുടെയും കർമശാസ്ത്രത്തിന്റെയും പ്രധാന ഉറവിടങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. പ്രവാചകരുടെ വാക്കുകളും പ്രവൃത്തികളും നേരിട്ടനുഭവിച്ച നിവേദനങ്ങളായതിനാൽ, ഇസ്ലാമിക നിയമം, ദൈവശാസ്ത്രം, സദാചാരശാസ്ത്രം എന്നിവ മനസ്സിലാക്കുന്നതിൽ ഈ ഹദീസുകൾക്ക് വലിയ പ്രാധാന്യമുണ്ട്.
അനസിന്റെ ഹദീസുകൾക്ക് പ്രാധാന്യം കൈവരുന്നതിന്റെ മറ്റൊരു കാരണം, അവ പ്രവാചകരുടെ വ്യക്തിജീവിതത്തെയും സ്വഭാവഗുണങ്ങളെയും ആരാധനാരീതികളെയും തിരുനബിയുടെ മൗലികമായ നിർദ്ദേശങ്ങളെയും വിശദീകരിക്കുന്നവയാണ് എന്നതാണ്. പ്രവാചകരുടെ സംസാരത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ആകാരഭംഗിയെ സംബന്ധിച്ചും നടപ്പും ഇരിപ്പും തുടങ്ങിയ ജീവിതസൗന്ദര്യമേഖലയെപ്പറ്റിയും പുറംലോകത്തിന് വിശദീകരിച്ചത് അനസായിരുന്നു. തിരുനബി തന്നോട് കാണിച്ച വാത്സല്യത്തെക്കുറിച്ചും അദ്ദേഹം ഓർമിക്കുന്നുണ്ട്. “തിരുനബി ഒരിക്കലും എന്നോട് എന്തിനിത് ചെയ്തു എന്ന് ചോദിച്ചിട്ടില്ല” എന്ന് അദ്ദേഹം പറഞ്ഞത് പ്രവാചകരുടെ ഉന്നതമായ സ്വഭാവത്തിന് ഒരു ഉദാഹരണമാണ്.
ജ്ഞാനകൈമാറ്റത്തിലെ സംഭാവനകള്
അനസ് ഒരു ഹദീസ് നിവേദകൻ എന്നതിലുപരി ഒരു വിജ്ഞാന പ്രചാരകനായിരുന്നു. പ്രവാചകരുടെ വിയോഗശേഷം അദ്ദേഹം ബസ്വറയിലേക്ക് താമസം മാറി. അവിടെ ഒരു വലിയ വിജ്ഞാനകേന്ദ്രം സ്ഥാപിച്ചു. പിൽക്കാലത്ത് ആ കാലഘട്ടത്തിലെ പ്രമുഖ പണ്ഡിതന്മാരായി മാറിയ ഹസനുൽ ബസ്വരി, ഇബ്നു സിരീൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. ഹദീസുകളുടെ അധ്യാപനത്തിലും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനും അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. പ്രവാചകരുടെ അധ്യാപനങ്ങൾ കൃത്യതയോടെ വരുംതലമുറകളിലേക്ക് കൈമാറുന്നതിൽ ഈ ദൗത്യം നിർണായകമായിരുന്നു.
അനസ് തിരുനബിയുടെ ജീവിതത്തിൽ നടന്ന നിരവധി അത്ഭുതങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ നടന്ന ഒരു സംഭവം നോക്കൂ: 'പ്രവാചകർ മഴയ്ക്കായി പ്രാർഥിച്ചപ്പോൾ ആകാശത്ത് ഒരു മേഘം പോലും ഇല്ലാതിരുന്നിട്ടും ഉടൻതന്നെ മേഘങ്ങൾ കൂട്ടംകൂടുകയും മഴ പെയ്യുകയും ചെയ്തു. പിന്നീട് മഴ നിർത്താൻ പ്രാർഥിച്ചപ്പോൾ തൽക്ഷണം നിൽക്കുകയും മേഘങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്തു’
അഗാധമായ പ്രവാചകാനുരാഗം
അനസിന്റെ പ്രവാചകസ്നേഹം അത്രയും ആഴത്തിലായിരുന്നു. തിരുദൂതരുടെ ഓരോ പ്രവൃത്തിയും അനുകരിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ആരാധനാരീതികളും ഭക്ഷണം കഴിക്കുന്ന ശൈലിയും പകർത്തിയിരുന്നു. പ്രവാചകരുടെ വിയോഗം അദ്ദേഹത്തിൽ വലിയ ദുഃഖമുണ്ടാക്കി. തിരുനബി മദീനയിൽ എത്തിയ ദിവസം എല്ലാം പ്രകാശപൂരിതമായിരുന്നെന്നും, അവിടുന്ന് മരണപ്പെട്ട ദിവസം മദീനയിലെ എല്ലാവെളിച്ചങ്ങളും അണഞ്ഞ അനുഭവമുണ്ടായെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രവാചകരുടെ വിയോഗശേഷം 80 വർഷത്തോളം അദ്ദേഹത്തിന് എല്ലാ രാത്രിയിലും പ്രവാചകരെ സ്വപ്നത്തിൽ കാണാൻ കഴിഞ്ഞിരുന്നുവെന്നത് മഹാന് ലഭിച്ച ഒരു വലിയ അനുഗ്രഹമാണ്.
അനസ് ഇബ്നു മാലിക് 103 വയസ്സുവരെ ജീവിച്ചു. ഇസ്ലാമിന്റെ ആദ്യകാലം മുതൽ അതിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഈ ദീർഘായുസ് അദ്ദേഹത്തിന് അവസരം നൽകി. തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ കാഴ്ചശക്തി നഷ്ടപ്പെട്ടെങ്കിലും വിജ്ഞാനത്തോടുള്ള ആവേശത്തെ അത് ഒട്ടും തളർത്തിയില്ല. പ്രവാചകരുടെ വിയോഗശേഷം ഏറ്റവും കൂടുതൽ കാലം ജീവിച്ച അനുചരിൽ ഒരാളും അനസ് ബിൻ മാലികാണ്. ഹിജ്റ 93-ൽ (എ.ഡി. 711-712) ബസ്വറയിൽ വെച്ച് മഹാൻ ഈ ലോകത്തോട് വിടചൊല്ലി. പ്രവാചകരുടെ ഏതാനും ചില തിരുശേഷിപ്പുകൾ സഹിതമാണ് ശരീരം മറവ് ചെയ്തത്.




