കയ്യിൽ ഒരു കൊച്ചു പൂച്ചക്കുഞ്ഞുമായി തിരുനബിസമക്ഷം കടന്നുചെന്ന ആ ചെറുപ്പക്കാരനെ, ലോകം പിന്നീട് വായിച്ചത് 'പൂച്ചക്കുഞ്ഞിന്റെ ഉടമ' എന്ന വിളിപ്പേരിലായിരുന്നു - അബൂഹുറയ്റ! യഥാർഥ നാമമായ അബ്ദുറഹ്മാൻ ബിൻ സ്വഖ്ർ പലപ്പോഴും ആ സ്നേഹനിർഭരമായ വിളിപ്പേരിന് പിന്നിൽ മറഞ്ഞുനിന്നു. പൂച്ചകളെ താലോലിച്ചതുപോലെ, പ്രവാചകരുടെ മൊഴികളെയും അദ്ദേഹം തന്റെ ഹൃദയത്തിൽ ഏറ്റവും കരുതലോടെ സൂക്ഷിച്ചു.
അനാഥനായാണ് അബൂഹുറയ്റ വളർന്നത്. കച്ചവടവും കൃഷിയുമറിയാതെ, ലളിതജീവിതം നയിച്ചിരുന്ന ആ ചെറുപ്പക്കാരൻ ഇസ്ലാമിനെക്കുറിച്ച് കേട്ടറിഞ്ഞത് തന്റെ ഗോത്രത്തിലെ തുഫൈൽ ബിൻ അംറിൽ നിന്നാണ്. ഹിജ്റ ഏഴാം വർഷം അദ്ദേഹം മദീനയിലെത്തി. അന്ന് മദീന സമരനാളുകളിലായിരുന്നു. ആ തിരക്കിനിടയിലും അബൂഹുറയ്റയുടെ മനസ്സ് പ്രവാചകനെ തിരഞ്ഞുകൊണ്ടിരുന്നു.
പള്ളിക്ക് സമീപമുള്ള 'അഹ്ലുസ്സുഫ്ഫ' എന്ന അഭയകേന്ദ്രത്തിൽ അദ്ദേഹം ഒരംഗമായി ചേർന്നു. അവിടെ വിശപ്പും ദാരിദ്ര്യവുമായിരുന്നു കൂട്ടിന്. പക്ഷേ, അത് അബൂഹുറയ്റക്ക് ഒരു കുറവായിരുന്നില്ല. 'ഭക്ഷണം എത്രയായാലും കുഴപ്പമില്ല, എനിക്ക് തിരുനബിയോടൊപ്പം കഴിയണം' എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. അത്രയേറെ തിരുനബിയെ സ്നേഹിക്കുകയും സന്തതസഹചാരിയായി കൂടെക്കൂടുകയും ചെയ്തവരാണവർ.
മറ്റുള്ളവർ ജോലികളിൽ വ്യാപൃതരാകുമ്പോഴും അബൂഹുറയ്റ തന്റെ നിമിഷങ്ങളോരോന്നും പ്രവാചകനരികിൽ ചെലവഴിച്ചു. ആ സഹവാസം അദ്ദേഹത്തിന് അമൂല്യമുത്തുകൾ ശേഖരിക്കാൻ അവസരമൊരുക്കി - അതാണ് ഹദീസുകൾ. പ്രവാചകർക്കു പുറമെ അബൂബക്ർ, ഉമർ, ആഇശ തുടങ്ങിയവരിൽ നിന്നും അദ്ദേഹം അറിവുനേടി. ഒരുകാലത്ത് ഹദീസുകൾ പറഞ്ഞുകൊടുത്തവർ പോലും പിന്നീട് ഹദീസുകൾ ശേഖരിക്കാൻ അദ്ദേഹത്തെ സമീപിച്ചു. ഖലീഫമാരായ ഉമറും ഉസ്മാനും അലിയും അദ്ദേഹത്തോട് ഹദീസുകൾ ചോദിച്ച് മനസ്സിലാക്കിയിരുന്നു. എണ്ണൂറിലധികം പേർ അദ്ദേഹത്തിൽ നിന്ന് ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സത്യം പറഞ്ഞ കള്ളന്റെ കഥ
ഒരിക്കൽ സകാത് സൂക്ഷിക്കാൻ തിരുനബി അബൂഹുറയ്റയെ ഏൽപിച്ചു. രാത്രി ഒരു കള്ളൻ സകാതിൽ നിന്ന് മോഷ്ടിക്കാൻ ശ്രമിച്ചു. ദാരിദ്ര്യം കാരണം മോഷ്ടിച്ചതാണെന്ന് അയാൾ പറഞ്ഞപ്പോൾ അബൂഹുറയ്റ അയാളെ വെറുതെവിട്ടു. പിറ്റേന്ന് വിവരമറിഞ്ഞ പ്രവാചകൻ പറഞ്ഞു: “അവൻ കളവ് പറഞ്ഞതാണ്, അവൻ വീണ്ടും വരും”. പ്രവാചകൻ പറഞ്ഞതുപോലെ മൂന്നുതവണ കള്ളൻ വന്നു. ഓരോ തവണയും ദാരിദ്ര്യം പറഞ്ഞ് അയാൾ രക്ഷപ്പെട്ടു. മൂന്നാമത്തെ തവണ അബൂഹുറയ്റ പിടികൂടി. ഇനി തന്നെ വിട്ടയക്കില്ലെന്ന് തറപ്പിച്ചുപറഞ്ഞപ്പോൾ, “ഒരു അറിവ് പറഞ്ഞുതരാം എന്നാൽ വിട്ടയയ്ക്കുമോ” എന്നായി അയാൾ. 'അറിവ്' എന്ന് കേട്ടപ്പോൾ അബൂഹുറയ്റ സമ്മതിച്ചു. ആഗതൻ പറഞ്ഞു: “കിടക്കുന്നതിനു മുമ്പ് ആയതുൽ കുർസിയ്യ് പാരായണം ചെയ്താൽ പ്രഭാതം വരെ അല്ലാഹു നിനക്ക് കാവൽ നൽകും; പിശാച് നിന്നെ സമീപിക്കില്ല”
പിറ്റേന്ന് തിരുദൂതർ അബൂഹുറയ്റയോട് പറഞ്ഞു: “അവൻ കള്ളനാണ്. പക്ഷേ, പറഞ്ഞത് സത്യമാണ്. പിശാചാണവൻ”. അബൂഹുറയ്റയുടെ ജീവിതത്തിൽ സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തിന്റെ ഒരു നേർക്കാഴ്ചയായിരുന്നു ഈ സംഭവം.
പോരാളിയും ഭരണാധികാരിയും
തിരുനബിയോടൊപ്പം മക്കാ വിജയം, ഹുനൈൻ, തബൂക് തുടങ്ങിയ പ്രധാന യുദ്ധങ്ങളിൽ അബൂഹുറയ്റ പങ്കെടുത്തു. ഒന്നാം ഖലീഫ അബൂബകറിന്റെ കാലത്തെ മതപരിത്യാഗികൾക്കെതിരെയുള്ള യുദ്ധത്തിലും രണ്ടാം ഖലീഫ ഉമറിന്റെ കാലത്തെ പേർഷ്യൻ പോരാട്ടത്തിലും അദ്ദേഹം സജീവമായിരുന്നു. ഭരണപാടവം തെളിയിച്ച മഹാൻ, ബഹ്റൈന്റെ ഭരണച്ചുമതലയും വഹിച്ചിട്ടുണ്ട്.
മൂന്നാം ഖലീഫ ഉസ്മാനെതിരെ കലാപം നടന്നപ്പോൾ, അദ്ദേഹത്തിനുവേണ്ടി വാളെടുക്കാൻ അബൂഹുറയ്റ തയ്യാറായിരുന്നു. പക്ഷേ, ഖലീഫയുടെ നിർദ്ദേശമനുസരിച്ച് പിൻവാങ്ങി. അലിയും മുആവിയയും തമ്മിൽ അഭിപ്രായഭിന്നതകളുണ്ടായപ്പോൾ അദ്ദേഹം തർക്കങ്ങളിൽ നിന്ന് വിട്ടുനിന്നു. പക്ഷേ, അലിയെ തന്റെ ഖലീഫയായി അംഗീകരിച്ചു.
വിമര്ശനങ്ങളുടെ മറയ്ക്കപ്പുറം
ധാരാളം ഹദീസുകൾ നിവേദനം ചെയ്തതിന്റെ പേരിൽ പലരും അബൂഹുറയ്റക്കെതിരെ വിമർശനമുന്നയിച്ചിട്ടുണ്ട്. എന്നാൽ, ഈ വിമർശനങ്ങൾക്കൊന്നും അടിത്തറയില്ല. മറ്റു അനുയായികൾക്ക് ലഭിക്കാത്തത്രയും കാലം തിരുനബിയുമായി അടുത്ത് സഹവസിക്കാൻ കഴിഞ്ഞതാണ് ഈ ആധിക്യത്തിന് കാരണമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു. വയറു നിറയെ ഭക്ഷണം ലഭിച്ചതുകൊണ്ടാണ് തിരുനബിയോടൊപ്പം കഴിഞ്ഞതെന്ന അദ്ദേഹത്തിന്റെ വാക്കുകളെ പലരും വിമർശിച്ചതായി കാണുന്നുണ്ട്. പക്ഷേ, മഹാൻ ഉദ്ദേശിച്ചത് തനിക്ക് ലഭിച്ച അനുഗ്രഹങ്ങളും അറിവുകളും ഹദീസുകളുമാണെന്ന് പണ്ഡിതർ വിശദീകരിക്കുന്നുണ്ട്.
അറിവിനും പ്രബോധനത്തിനുമായി ജീവിതം സമർപ്പിച്ച ആ വിശുദ്ധജ്ഞാനി, ഒടുവിൽ ഹിജ്റ 57-ൽ വിയോഗം പ്രാപിച്ചു. മദീനയിലെ അഖീഖിൽ വെച്ച് മരണപ്പെട്ട അദ്ദേഹത്തെ ജന്നതുൽ ബഖീഇൽ ഖബറടക്കി.
അബൂഹുറയ്റയുടെ ജീവിതം, അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും പ്രവാചകനോടുള്ള ആഴമേറിയ സ്നേഹത്തിന്റെയും ഉജ്ജ്വലകഥയാണ്. പൂച്ചക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത ആ കൈകളിലാണ് ഇസ്ലാമിക വിജ്ഞാനത്തിന്റെ വലിയൊരു ഭാഗം ലോകത്തേക്ക് ഒഴുകിയെത്തിയത്. അയ്യായിരത്തിലധികം ഹദീസുകളാണ് അബൂഹുറയ്റ നിവേദനം ചെയ്തത്.




