ഓരോ വാക്കിലും ഓരോ ചലനത്തിലും ഒരു സമൂഹത്തിന്റെ ഭാവിയെ രൂപപ്പെടുത്തിയ ഒരു മനുഷ്യനുണ്ടായിരുന്നു; അന്ത്യപ്രവാചകൻ മുഹമ്മദ് നബി! ആ ജീവിതം ഒരു നദി പോലെയായിരുന്നു. ഖുർആൻ ആ നദിയുടെ ഉറവിടവും, ഹദീസുകൾ അതിലെ കൈവഴികളും. ആ കൈവഴികളിലൂടെയാണ് ശുദ്ധമായ അറിവിന്റെ നീരൊഴുക്ക് നൂറ്റാണ്ടുകളോളം ലോകത്തേക്ക് ഒഴുകിയെത്തിയത്. ഈ പ്രവാഹം തടസ്സമില്ലാതെ കാത്തുസൂക്ഷിച്ച ഒരു ചരിത്രമുണ്ട്, അതാണ് ഹദീസ് നിവേദന ചരിത്രം.
അറിവ്, വാക്കുകൾക്കപ്പുറം ഒരു ജീവിതമാണ്. പ്രവാചകരെ സംബന്ധിച്ചിടത്തോളം ഹദീസ് ആ ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ്. ഖുർആൻ ഒരു വഴികാട്ടിയാണെങ്കിൽ, ഹദീസുകൾ ആ വഴിയിലെ ഓരോ കാൽവെപ്പും എങ്ങനെയാകണമെന്ന് മനുഷ്യകുലത്തെ പഠിപ്പിക്കുന്നു.
ഉദാഹരണം പറയാം: നിസ്കാരം എന്ന മഹത്തായ കർമമെടുക്കുക. ഖുർആൻ നിസ്കരിക്കാൻ പറഞ്ഞു. പക്ഷേ, എങ്ങനെ? തിരുനബി നിസ്കരിച്ചത് എങ്ങനെയാണെന്ന് ഹദീസുകളിലൂടെയാണ് അനുയായികൾ മനസ്സിലാക്കുന്നത്. ഓരോ ചലനവും ഓരോ വാക്കും എങ്ങനെയാകണമെന്ന് അവിടുത്തെ പ്രവൃത്തിയിലൂടെ പഠിപ്പിച്ചു.
അനാഥകളെ സംരക്ഷിക്കാനും ദരിദ്രരെ സഹായിക്കാനും ഖുർആൻ ആവശ്യപ്പെടുന്നു. പക്ഷേ, അതിനപ്പുറം, പ്രായോഗിക തലത്തിൽ പ്രവാചകൻ അതിന്റെ വഴികൾ കാണിച്ചുതരുന്നു. ഒരു പൂച്ചക്കുഞ്ഞിനോടുള്ള ദയയുടെ പേരിൽ ശിഷ്യന് 'അബൂഹുറയ്റ' എന്ന വിളിപ്പേര് നൽകിയ പ്രവാചകൻ ലോകത്തിന് കാരുണ്യത്തിന്റെ പുതിയ പാഠങ്ങൾ പകരുന്നു. ഈ പാഠങ്ങൾ ഹദീസുകളായി തലമുറകളിലേക്ക് പ്രവഹിക്കുന്നു.
ഒരു ഉദാഹരണം കൂടി നോക്കാം; കുടുംബങ്ങളോട് നല്ല നിലയിൽ പെരുമാറാൻ ഖുർആൻ പഠിപ്പിക്കുമ്പോൾ, "മാതാവിനാണ് കൂടുതൽ പരിഗണന നൽകേണ്ടത്" എന്ന് മൂന്നു തവണ ആവർത്തിച്ച് പറഞ്ഞ പ്രവാചകൻ കുടുംബബന്ധങ്ങൾക്ക് കൂടുതൽ ആഴം നൽകുന്നു.
ഇങ്ങനെ, ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും ഒരു കൈത്താങ്ങായിരുന്നു ഹദീസുകൾ. ഖുർആൻ നൽകിയ തത്വങ്ങളെ ജീവിതത്തിലേക്ക് എങ്ങനെ പകർത്തണമെന്ന് മനുഷ്യർക്ക് കാണിച്ചുതരുന്ന ജീവിതമാണ് തിരുനബിയുടെത്. അതിന്റെ നേർസാക്ഷ്യങ്ങളാണ് ഹദീസുകൾ. ആ ഹദീസുകൾ വഴിയാണ് നാം പ്രവാചക ജീവിതത്തെ കാണുന്നത്, അനുഭവിക്കുന്നത്.




