ചരിത്രത്തിൽ ജ്ഞാനം, വിവേകം, അർപണബോധം എന്നിവയുടെ പര്യായമായി തിളങ്ങിനിൽക്കുന്ന ഒരു നാമമാണ് അബ്ദുല്ലാഹിബ്നു അബ്ബാസ്. പ്രവാചകരുടെ പ്രിയപ്പെട്ട പിതൃവ്യൻ അബ്ബാസ് ബിൻ അബ്ദുൽ മുത്വലിബിന്റെ പുത്രനായി മക്കയിൽ പിറന്ന ഈ മഹാമനീഷി, 'ഹബ്റുൽ ഉമ്മ' (സമുദായത്തിലെ മഹാപണ്ഡിതൻ), 'തർജുമാനുൽ ഖുർആൻ' (ഖുർആനിന്റെ വ്യാഖ്യാതാവ്) എന്നീ വിശേഷണങ്ങളിൽ അറിയപ്പെട്ടു. വിജ്ഞാനസമ്പാദനത്തിനായി സമർപ്പിക്കപ്പെട്ട ഒരു യാത്രയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
പിറന്ന ഉടനെ അബ്ദുല്ലാഹിബ്നു അബ്ബാസിനെ മാതാവായ ഉമ്മുൽഫള്ല് ലുബാബ ബിൻത് ഹാരിസ് തിരുനബിയുടെ അടുക്കൽ കൊണ്ടുപോയി. നന്മകൾക്കായി തിരുനബി ഉമിനീർ അദ്ദേഹത്തിന്റെ വായിൽ തൊട്ടുനൽകി. ഈ അനുഗ്രഹം ഒരു തുടക്കമായിരുന്നു. പ്രവാചകരുടെ വീട്ടിൽ വളർന്ന അദ്ദേഹം ചെറുപ്പത്തിൽ തന്നെ പ്രവാചകരുമായി അടുത്തു. ഒരു ദിവസം തിരുനബി അദ്ദേഹത്തിനുവേണ്ടി പ്രത്യേകമായി പ്രാർഥിച്ചു: “അല്ലാഹുവേ, ഇവന് ദീനീ വിജ്ഞാനം നൽകുകയും ഖുർആൻ വ്യാഖ്യാനം പഠിപ്പിക്കുകയും ചെയ്യേണമേ”. തിരുദൂതരുടെ ഈ പ്രാർഥനയുടെ ഫലമായി അദ്ദേഹത്തിന്റെ മനസ്സ് ഖുർആൻ വിജ്ഞാനങ്ങൾക്കായി തുറക്കപ്പെട്ടതായി ചരിത്രത്തിൽ വായിക്കാം.
തിരുനബിയുടെ മരണസമയത്ത് കേവലം പതിമൂന്ന് വയസ്സായിരുന്നു അബ്ദുല്ലാഹിബ്നു അബ്ബാസിന്. തിരുനബിയുടെ ഓരോ ചലനവും സശ്രദ്ധം വീക്ഷിച്ചു. നബിവചനങ്ങൾ മനഃപാഠമാക്കി. പ്രവാചകരുടെ അടുക്കൽ ജിബ്രീൽ വന്നത് രണ്ടുതവണ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രത്യേകമായ സാമീപ്യം അദ്ദേഹത്തെ അറിവിന്റെ അക്ഷയഖനിയാക്കി മാറ്റി.
വിജ്ഞാനദാഹം
തിരുനബിയുടെ വിയോഗശേഷം അബ്ദുല്ലാഹിബ്നു അബ്ബാസിന്റെ അറിവ് തേടിയുള്ള യാത്ര ആഴത്തിലായി. ഒരു നബിവചനത്തിനുവേണ്ടി അദ്ദേഹം കാണിച്ച അർപണബോധം ഇസ്ലാമിക ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഏടാണ്. ഒരു ഹദീസ് നിവേദനം ചെയ്ത നബിയനുചരന്റെ വീട്ടിലേക്ക് അദ്ദേഹം യാത്ര ചെയ്തു. ആ സ്വഹാബി ഉറങ്ങിക്കിടക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം വാതിലിനു മുന്നിൽ തന്റെ മേൽമുണ്ട് വിരിച്ച് കാത്തിരുന്നു. കാറ്റിൽ പൊടി ശരീരത്തിൽ വീണിട്ടും അദ്ദേഹത്തെ ശല്യപ്പെടുത്താൻ അബ്ദുല്ലാഹിബ്നു അബ്ബാസ് തയ്യാറായില്ല. ആ സ്വഹാബി ഉണർന്നപ്പോൾ അദ്ദേഹം അത്ഭുതത്തോടെ ചോദിച്ചു: “താങ്കൾക്ക് എന്നെ വിളിച്ചുണർത്താമായിരുന്നില്ലേ?” അപ്പോൾ അബ്ദുല്ലാഹിബ്നു അബ്ബാസ് പറഞ്ഞു: “വിജ്ഞാനമാണ് എന്റെ ലക്ഷ്യം, താങ്കളുടെ വിശ്രമത്തെ ഭംഗപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല”
അബ്ദുല്ലാഹിബ്നു അബ്ബാസ് വിജ്ഞാനം തേടിപ്പോയതുപോലെ, പിന്നീട് വിജ്ഞാനം അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തിന്റെ സദസ്സ് ഒരു വിദ്യാലയം പോലെയായിരുന്നു. ഖുർആൻ വ്യാഖ്യാനം, ഫിഖ്ഹ് (കർമശാസ്ത്രം), ഹദീസ് (നബിവചനശാസ്ത്രം), ഭാഷാശാസ്ത്രം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ അറിവ് തേടി ധാരാളം പണ്ഡിതന്മാർ അദ്ദേഹത്തെ സമീപിച്ചു"
ഭരണരംഗവും ഉപദേശകനും
അറിവിൽ മാത്രം ഒതുങ്ങിയില്ല അബ്ദുല്ലാഹിബ്നു അബ്ബാസിന്റെ വ്യക്തിത്വം. ഭരണപരമായ കാര്യങ്ങളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. ഖലീഫ ഉമർ അദ്ദേഹത്തെ തന്റെ ഉപദേശകസമിതിയിൽ ഉൾപ്പെടുത്തി. മുതിർന്ന നബിയനുചർക്കിടയിൽ ഒരു യുവപണ്ഡിതനെ ഇരുത്തിയതിനെക്കുറിച്ച് ചിലർ ചോദ്യം ചെയ്തപ്പോൾ, ഖലീഫ ഉമർ അവർക്ക് കാരണം ബോധ്യപ്പെടുത്തിക്കൊടുത്തു. ചോദ്യോത്തരത്തിൽ അബ്ദുല്ലാഹിബ്നു അബ്ബാസ് നൽകിയ മറുപടികൾ അദ്ദേഹത്തിന്റെ പക്വതയുടെയും അഗാധമായ വിജ്ഞാനത്തിന്റെയും തെളിവായിരുന്നു.
ഖലീഫ അലിയുടെ കാലഘട്ടത്തിൽ അദ്ദേഹത്തെ ബസ്വറയിലെ ഗവർണറായി നിയമിച്ചു. അവിടെ അദ്ദേഹം ജനങ്ങൾക്കിടയിൽ നീതിപൂർവം ഭരണം നടത്തി. ഭരണാധികാരിയും പണ്ഡിതനുമായി ഒരുപോലെ ശോഭിച്ച ആ ജീവിതം, അറിവും അധികാരവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്ന് തെളിയിച്ചു.
ഖവാരിജികളുമായുള്ള സംവാദം
ഇസ്ലാമിക സമൂഹം വലിയ ആഭ്യന്തര ഭിന്നതയെ അഭിമുഖീകരിച്ച സമയത്താണ് ഖവാരിജുകളുടെ രംഗപ്രവേശം. വലിയൊരു വിഭാഗം മുസ്ലിംകൾ ഖലീഫ അലിയിൽ നിന്ന് പിരിഞ്ഞുപോവുകയും അദ്ദേഹത്തിനെതിരെ നിലപാടെടുക്കുകയും ചെയ്തു. ഈ ഭിന്നത മുസ്ലിം സമൂഹത്തെ ദുർബലപ്പെടുത്തുമെന്ന് മനസ്സിലാക്കിയ അലി, അവരുമായി സംവദിക്കാൻ അബ്ദുല്ലാഹിബ്നു അബ്ബാസിനെ നിയോഗിച്ചു.
ഖവാരിജുകളുടെ താവളത്തിലേക്ക് ചെന്ന്, അദ്ദേഹം അവരുടെ വാദങ്ങളെ ഖുർആനും നബിവചനങ്ങളും ഉപയോഗിച്ച് ഖണ്ഡിച്ചു. സംവാദത്തിന്റെ ഫലമായി ഖവാരിജുകളിൽ ഭൂരിഭാഗം പേരും തങ്ങളുടെ തെറ്റായ നിലപാടുകൾ ഉപേക്ഷിച്ച് സത്യത്തിലേക്ക് മടങ്ങിയെത്തി. വാളെടുക്കാതെ, അറിവിന്റെ മൂർച്ചകൊണ്ട് ഒരു വലിയ വിഭാഗത്തെ നേർവഴിയിലേക്ക് നയിച്ച ഈ സംഭവം അദ്ദേഹത്തിന്റെ യുക്തിബോധത്തിനും സംവാദപാടവത്തിനും ഉദാഹരണമാണ്.
അവസാന നാളുകള്
മുആവിയയുടെ വിയോഗശേഷമുണ്ടായ രാഷ്ട്രീയമാറ്റങ്ങളിൽ മനംനൊന്ത് അബ്ദുല്ലാഹിബ്നു അബ്ബാസ് മക്ക വിട്ട് ത്വാഇഫിലേക്ക് താമസം മാറി. തന്റെ ജീവിതത്തിന്റെ സായാഹ്നത്തിൽ അദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടപ്പെട്ടെങ്കിലും, മനസ്സിന്റെ കാഴ്ചയ്ക്ക് ഒരു മങ്ങലുമേറ്റിരുന്നില്ല. ഹിജ്റ 68-ൽ (എ.ഡി. 687/688) ത്വാഇഫിൽ വെച്ച് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ മയ്യിത് നിസ്കാരത്തിന് നേതൃത്വം നൽകിയത് പ്രമുഖ താബിഈങ്ങളിൽ (നബിയനുചരിൽ നിന്ന് അറിവ് നേടിയവർ) ഒരാളായ മുഹമ്മദ് ഇബ്നുൽ ഹനഫിയ്യ ആയിരുന്നു.
അബ്ദുല്ലാഹിബ്നു അബ്ബാസ് ഒരു വ്യക്തി എന്നതിലുപരി, വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും പ്രതീകമായിരുന്നു. ആ ജീവിതം ഓരോ വിദ്യാർഥിക്കും വലിയ പ്രചോദനമാണ്. വിജ്ഞാനസമ്പാദനത്തിൽ അവർ കാണിച്ച ക്ഷമയും അർപണബോധവും ജനങ്ങൾക്ക് പകർന്നുനൽകിയതിലെ ആത്മാർഥതയും ഇസ്ലാമിക ചരിത്രത്തിൽ എന്നും സുവർണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യം ഇസ്ലാമിക വിജ്ഞാനങ്ങളുടെ എല്ലാ മേഖലകളെയും സമ്പന്നമാക്കി; വരുംതലമുറകൾക്ക് അത് ഒരു വിളക്കുമാടമായി ഇന്നും പ്രകാശിച്ചുനിൽക്കുന്നു. 1660-ൽ പരം ഹദീസുകളാണ് ഇബ്നു അബ്ബാസ് നിവേദനം ചെയ്തത്.




