ഹിറാഗുഹയിലെ സവിശേഷാനുഭവശേഷം മൂന്നുദിവസം മുഹമ്മദ് നബി ﷺ വീട്ടിൽ തന്നെകഴിഞ്ഞു. ഉത്തരവാദിത്വത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള ചിന്തകൾ ഉള്ളിൽ വളർന്നു. ജിബ്രീലുമായുള്ള അഭിമുഖത്തിന്റെ ഭീതി, എപ്പോഴാണിനി കാണുകയെന്ന ആശയിലേക്കു വഴിമാറി. ആശങ്കയും ഭയവും ഒഴിഞ്ഞ് ഹൃദയം ജിബ്രീലിനെ പ്രതീക്ഷിക്കുന്ന മനോഗതിയിലെത്തി. തിരുനബി ﷺ വീട്ടിൽനിന്നു പുറത്തിറങ്ങി. കഅ്ബയുടെ പരിസരത്തെ താഴ് വാരത്തേക്കു നടന്നു. അപ്പോൾ ഒരു ശബ്ദം!. ആരാണത്? നാലുപാടും നോക്കി. ആരെയും കാണുന്നില്ല. 'അല്ലയോ മുഹമ്മദേ: ഒരു വിളിയാളം. തിരുനബി ﷺ ദൃഷ്ടി മേലോട്ടുയർത്തി. അവിടെയിരിക്കുന്നു ഹിറയിൽ വെച്ചുകണ്ട അതേ മലക്, ജിബ്രീൽ. വിസ്മയകരമായ കാഴ്ച. എവിടെയും സ്പർശിക്കാതെ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന പ്രൗഢമായ ഇരിപ്പിടത്തിൽ ജിബ്രീലിന്റെ ഇരുത്തം. തിരുനബിയിൽ ﷺ വീണ്ടും ഒരു വിഹ്വലത പടർന്നുകയറി. ആകാശം ഭൂമിയെ ആലിംഗനം ചെയ്യുന്നതിന്റെ ഒരു വിസ്മയശങ്ക. പ്രവാചകൻ ﷺ വീട്ടിലേക്കു തന്നെ നടന്നു.
പിന്നീട് കുറച്ചുകാലം വഹ് യിന് ഒരിടവേളയുണ്ടായി. ഏതാനും നാളുകൾ മാത്രമായിരുന്നു അതെന്നാണ് പ്രവാചകാനുചരൻ ഇബ്നുഅബ്ബാസിന്റെ നിവേദനം വ്യക്തമാക്കുന്നത്. തിരുനബി ﷺ തുടർച്ചയായി മൂന്നുവർഷം ഓരോ റമളാനിലും ഹിറാഗുഹയിൽ കഴിച്ചുകൂട്ടി. അതിൽ അവസാനവർഷം റമളാനിലാണ് വെളിപാട് ലഭിക്കുന്നത്. റമളാൻ 21 തിങ്കളാഴ്ച രാത്രിയാണ് ഖുർആനുമായി ജിബ്രീൽ വന്നതെന്ന നിഗമനമെടുക്കുമ്പോൾ ശവ്വാൽ ഒന്നിന് തന്നെ വഹ് യിന്റെ ഇടവേള അവസാനിക്കുകയും ചെയ്തു എന്ന് വായിക്കാം. അങ്ങനെ വരുമ്പോൾ കേവലം പത്തു ദിവസം മാത്രമാണ് ഇടവേള ഉണ്ടായിരുന്നത്. വഹ് യ് ലഭിക്കാതിരുന്ന ദിവസങ്ങൾ മുഹമ്മദ് നബിക്ക് ﷺ ദുഃഖസാന്ദ്രമായിരുന്നു. അല്ലാഹുവിൽ നിന്നുള്ള സന്ദേശം വീണ്ടും ലഭിക്കാൻ അത്യധികം ആഗ്രഹിച്ചുകൊണ്ട് വാനലോകത്തേക്കു കണ്ണുനട്ട് പലപ്രാവശ്യം പർവതമുകളിലേക്കു കയറി. പ്രഥമഘട്ടത്തിലെ ആശങ്കയിൽ നിന്ന് അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന സന്ദേശത്തോടുള്ള ആശയിലേക്ക് ഇതിനകം തിരുനബി ﷺ രൂപാന്തരപ്പെട്ടു.
മതപണ്ഡിതനായ ഇബ്നുഹജർ പറയുന്നു: “ഏതാനും ദിവസങ്ങൾ മാത്രമാണ് വഹ് യ് നിലച്ചിരുന്നത്. ഒരു ആത്മീയ സജ്ജീകരണത്തിന്റെ ഭാഗമായിരുന്നു അത്”. ഗുഹയിലെ അനുഭവശേഷമുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു ഹദീസ് ജാബിർ ബിൻ അബ്ദില്ലാഹ് നിവേദനം ചെയ്യുന്നുണ്ട്. തിരുനബി ﷺ പത്നി ഖദീജയെ വിളിച്ചു. 'പ്രിയേ എന്നെയൊന്നു തണുപ്പിക്കൂ'. നല്ല ചൂടുണ്ട്, പനി ബാധിച്ചതു പോലെ. ബീവി നല്ല തണുത്തവെള്ളം തയ്യാറാക്കി. കുളിക്കാൻ സൗകര്യമൊരുക്കി. കുളികഴിഞ്ഞ് തിരുനബി ﷺ വിശ്രമിക്കാൻ കിടന്നു. അൽപം കഴിഞ്ഞതേയുള്ളൂ, ജിബ്രീൽ ആഗതനായി. തിരുനബിയുടെ ﷺ തലഭാഗത്തിരുന്ന് പറഞ്ഞു: 'അല്ലയോ… പുതച്ചുകിടക്കുന്ന പ്രഭോ.... എഴുന്നേൽക്കൂ… ജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകൂ.. അങ്ങയുടെ രക്ഷിതാവിനെ മഹത്വപ്പെടുത്തൂ.. ഉടയാടകൾ പവിത്രമാക്കൂ. പാപങ്ങളിൽ നിന്ന് അകലം പാലിക്കൂ... കാര്യലാഭത്തിനായി ഉപകാരങ്ങൾ ചെയ്യാതിരിക്കൂ… രക്ഷിതാവിൻ്റെ പ്രീതിക്കു വേണ്ടി സഹിഷ്ണുതയോടെ വർത്തിക്കൂ... കാഹളം മുഴങ്ങിയാൽ അതൊരു പ്രയാസകരമായ ദിവസമായിരിക്കും' തുടങ്ങിയ ആശയങ്ങളുള്ള വിശുദ്ധ ഖുർആനിലെ എഴുപത്തിനാലാമത്തെ അധ്യായം'അൽമുദ്ദസിർ' ഓതിക്കൊടുത്തു.
ഹിറാഗുഹയിൽ ജിബ്രീലുമായി നടന്ന സംഭാഷണത്തെക്കുറിച്ച് പണ്ഡിതനായ സൈനീദഹ്ലാന്റെ വിവരണം ഇങ്ങനെ വായിക്കാം. ''നിറഞ്ഞ സുഗന്ധത്തോടെ സുന്ദരരൂപത്തിൽ ജിബ്രീൽ പ്രത്യക്ഷപ്പെട്ടു. പ്രവാചകരെ വിളിച്ചു,' ഓ മുഹമ്മദ്.. അല്ലാഹു അങ്ങേക്ക് അഭിവാദ്യം അറിയിച്ചിരിക്കുന്നു. അങ്ങ് മനുഷ്യ - ഭൂത വർഗങ്ങളിലേക്കുള്ള എന്റെ ദൂതനാകുന്നു. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ല, മുഹമ്മദ്നബി ﷺ അല്ലാഹുവിന്റെ ദൂതനാകുന്നു. ഈ ആശയത്തിലേക്ക് അവരെ ക്ഷണിക്കുക. ശേഷം ജിബ്രീൽ മടമ്പുകൊണ്ട് ഭൂമിയിലൊന്നു ചവിട്ടി. അപ്പോൾ ഒരുറവ പൊടിഞ്ഞു. ആ വെള്ളത്തിൽ നിന്ന് ജിബ്രീൽ അംഗസ്നാനം (വുളൂഅ്) നിർവഹിച്ചു. തിരുനബി ﷺ അതു നോക്കിനിന്നു. ശേഷം തിരുനബിയോട് ﷺ അപ്രകാരം ചെയ്യാൻ പറഞ്ഞു. നിസ്കാരത്തിനു വേണ്ടി അംഗശുദ്ധി വരുത്തുന്ന രീതി പഠിപ്പിക്കുകയായിരുന്നു അവിടെ. തിരുനബി അപ്രകാരം ചെയ്തു. ശേഷം ജിബ്രീൽ കഅ്ബാമന്ദിരത്തിന് അഭിമുഖമായി നിന്നു. ഒപ്പം നിൽക്കാനും ആരാധനകൾ പിന്തുടരാനും തിരുനബിയോടു ﷺ പറഞ്ഞു. ജിബിരീൽ നിസ്കരിച്ചു. തിരുനബിയും ﷺ അതുപോലെ നിർവഹിച്ചു. നിസ്കാരം കഴിഞ്ഞതിൽ പിന്നെ മലക്ക് ആകാശത്തേക്കുയർന്നു.
തിരുനബിﷺ വീട്ടിലേക്കു മടങ്ങി. വഴിയിലുടനീളം കല്ലുകളും ചില്ലകളും തിരുനബിക്ക് ﷺ അഭിവാദ്യമറിയിച്ചു:' അല്ലാഹുവിൻ്റെ ദൂതരേ സലാം'. അവിടുന്ന് നടന്ന് പ്രിയ പത്നി ഖദീജയുടെ സന്നിധിയിലെത്തി. നടന്ന സംഭവങ്ങൾ വിവരിച്ചു. വിവരങ്ങളറിഞ്ഞ് ഖദീജ സന്തോഷവതിയായി. തിരുനബി ﷺ പത്നിയുടെ കൈയിൽ പിടിച്ചു, രണ്ടു പേരും സംസം കിണറിനടുത്തേക്കു നടന്നു. അംഗസ്നാനം ചെയ്യുന്ന രൂപം കാണിച്ചുകൊടുത്തു. അപ്രകാരം തന്നെ മഹതിയും നിർവഹിച്ചു. ശേഷം തിരുനബി ﷺ നിസ്കരിച്ചു, അതുപ്രകാരം ഖദീജയും നിസ്കാരം നിർവഹിച്ചു. അങ്ങനെ ബീവി ഖദീജ പ്രവാചകർക്ക് ശേഷം ആദ്യ വിശ്വാസിയും ആദ്യമായി അംഗസ്നാനവും നിസ്കാരവും നടത്തിയ വ്യക്തിയുമായി മാറി. തിരുനബിയുടെ ﷺ സഹധർമിണിക്ക് ആ ജീവിതത്തിന്റെ ഒന്നരപ്പതിറ്റാണ്ട് കാലം, എല്ലാം ഉൾകൊള്ളാനുള്ള പ്രമാണനേരങ്ങളായിരുന്നു.
ഇത്രയൊക്കെയായപ്പോഴേക്കും പുറംലോകത്ത് ചർച്ചകൾ തുടങ്ങിയിരുന്നു. പ്രവാചകനിയോഗത്തിന്റെ വാർത്തകൾ പലയിടത്തും ചർച്ചാവിഷയമായി. മുഹമ്മദ്നബിയിൽ ﷺ വന്ന ഭാവമാറ്റങ്ങളെ മക്കക്കാർ നിരീക്ഷിക്കാൻ തുടങ്ങി. യുഗപുരുഷനെ കാത്തിരുന്നവർ സമയം നിർണയിച്ച് വിവരങ്ങൾ പങ്കുവെച്ചു. പലയിടങ്ങളിലും മക്കക്കാരെ തേടിപ്പിടിച്ച് വിശേഷങ്ങൾ അന്വേഷിച്ചു. വിദേശത്തുള്ള മക്കക്കാർ വാർത്തകൾ സ്ഥിരീകരിക്കാൻ സ്വദേശത്തേക്കു തന്നെ മടങ്ങി. ചിലർ ദൂതന്മാരെ അയച്ച് കാര്യങ്ങൾ അന്വേഷിച്ചു.
അങ്ങാടിയിലും മേച്ചിൽപ്പുറങ്ങളിലും ഒരുപോലെ ചർച്ചകൾ ഉയർന്നു. മനുഷ്യർക്കു പുറമേ, ഭൂതവർഗങ്ങളും നാൽക്കാലികളും വരെ പല സന്ദേശങ്ങളും കൈമാറി. ലോകത്തിനു മുഴുവൻ കരുണ ചൊരിയുന്ന ഒരു മഹാത്മാവിനായി എല്ലാ ജീവവർഗങ്ങളും കാത്തിരുന്നതുപോലെ. നീതിയും ന്യായവുമില്ലാതായ സർവവഴികളും ഒരു ന്യായദൂതനായി കാത്തിരിക്കുകയായിരുന്നു. അടിമച്ചന്തയിലെ മനുഷ്യരും ആവുന്നതിലേറെ ചുമടുതാങ്ങുന്ന മൃഗങ്ങളും അവകാശങ്ങൾക്കായി കരയുകയായിരുന്നു. അവരിലാകെയും ആശ്വാസത്തിന്റെ തണുപ്പ്. മോചനമേകാൻ നിലാവ് ‘ഉദയം ചെയ്തു’ കഴിഞ്ഞു. ഹൃദയങ്ങളിൽ പ്രതീക്ഷകൾ വിടർന്നു.





