ഹിറാഗുഹയിലെ ആദ്യ ഖുർആൻ സന്ദേശത്തോടൊപ്പം തന്നെ നിസ്കാരത്തെ കുറിച്ചും അതിന് മുന്നോടിയായി നിർവഹിക്കേണ്ട അംഗസ്നാനത്തെ കുറിച്ചും (വുളൂഅ്) ജിബിരീൽ തിരുനബിക്ക് നിർദ്ദേശങ്ങൾ നൽകി. അതിന്റെ പ്രായോഗികതലം അവതരിപ്പിച്ചു. പണ്ഡിതനായ ഇമാം ഇബ്നു ഹജർ പറയുന്നു: "നിസ്കാരം പൊതുനിയമമാകുന്ന, ആകാശാരോഹണ സംഭവത്തിനു1 മുമ്പ് തന്നെ തിരുനബിയും ﷺ ശിഷ്യരും നിസ്കാരകർമം നിർവഹിച്ചിരുന്നു. എന്നാൽ, അത് അഞ്ചുനേരത്തെ നിർണയിക്കപ്പെട്ട നിസ്കാരമായിരുന്നില്ല. ഉദയാസ്തമയങ്ങൾക്കു മുമ്പുള്ള നിസ്കാരമായിരുന്നു അക്കാലത്ത് നിയമമുണ്ടായിരുന്നതെന്ന അഭിപ്രായമുണ്ട്. സൈദ് ബിൻ ഹാരിസ നിവേദനം ചെയ്യുന്നു: "തിരുനബിക്ക് ﷺ ആദ്യം വെളിപാട് ലഭിച്ചപ്പോൾ ജിബിരീൽ വുളൂഅ് പഠിപ്പിച്ചു. ശേഷം അൽപം വെള്ളമെടുത്ത് രഹസ്യഭാഗത്തിനു നേരെ തളിച്ചു. ഇബ്നുമാജയും മറ്റും ഈ ആശയമുള്ള നിവേദനങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്.
തിരുനബിയും അനുയായികളും നിശ്ചിത സമയങ്ങളിൽ താഴ് വാരങ്ങളിലേക്കു പോയി നിസ്കാരം നിർവഹിച്ച റിപ്പോർട്ടുകൾ ഇബ്നുഹിശാം ഉദ്ധരിച്ചിട്ടുണ്ട്. രഹസ്യമായി നിർവഹിച്ച ഈ കർമം ശ്രദ്ധയിൽപ്പെട്ട അബൂത്വാലിബ് വിശദാംശങ്ങൾ കേട്ടപ്പോൾ അതു നിർവഹിച്ചുകൊള്ളാൻ അനുവദിക്കുകയും ചെയ്തു. ഇങ്ങനെ ഒരു അനുഷ്ഠാനമല്ലാതെ, മറ്റെന്തെങ്കിലും സവിശേഷമായ അനുഷ്ഠാനങ്ങൾ ഇക്കാലത്ത് കൽപിക്കപ്പെട്ടിരുന്നില്ല. പ്രപഞ്ചാധിപൻ ഏകനായ അല്ലാഹുവിനെക്കുറിച്ചുള്ള ശരിയായ വിശ്വാസം കൃത്യമായി ഉൾക്കൊള്ളാനും പരിപാലിക്കാനുമാണ് അക്കാലത്തെ പ്രബോധനങ്ങൾ മുഴുവനും ലക്ഷ്യം വെച്ചത്. മൂന്നുവർഷത്തെ ഇപ്രകാരമുള്ള പ്രവർത്തനം, പരസ്പരസ്നേഹവും ബഹുമാനവുമുള്ള ഒരു ചെറിയ സംഘത്തെ രൂപപ്പെടുത്തി. തിരുനബിയുടെ ﷺ വ്യക്തിത്വത്തെ അറിഞ്ഞ് സ്നേഹലോകത്തേക്ക് ഹൃദയം തുറന്നുവെച്ചു അവരെല്ലാം.
തിരുനബിയും ﷺ അനുചരൻ അലിയും ആദ്യകാലത്ത് ആരാധനയിൽ ഏർപ്പെട്ട ഒരു രംഗം പറയാം: യമനിൽ നിന്ന് വ്യാപാരാർഥം മക്കയിൽ എത്തിയിരുന്ന അഫീഫ് അൽ കിൻദി പറയുന്നു: “ഞാൻ ഒരു ഹജ്ജ് വേളയിൽ മക്കയിലെത്തി. ബഹുമാന്യനായ അബ്ബാസിന്റെ കൂടെയാണന്ന് താമസിച്ചത്. ഞങ്ങൾ തമ്മിൽ കച്ചവട ബന്ധങ്ങളുണ്ടായിരുന്നു. അദ്ദേഹം യമനിൽ വന്നാൽ എൻ്റെയടുക്കലാണുണ്ടാവുക. ഒരുദിവസം ഞങ്ങൾ മിനയിലിരിക്കുമ്പോൾ യുവത്വം പിന്നിട്ട ഒരാൾ ഒരു ടെൻ്റിൽ നിന്നു പുറത്തേക്കിറങ്ങി. ആകാശത്തേക്കു നോക്കി മധ്യാഹ്നം പിന്നിട്ടു എന്നുറപ്പിച്ചു. ശേഷം നിസ്കാരം ആരംഭിച്ചു. തൊട്ടുപിന്നിൽ ഒരു സ്ത്രീ ഇറങ്ങിവന്ന് ആദ്യത്തെ വ്യക്തിയുടെ പിന്നിൽ തുടർന്നു. ഉടനെ ഒരു കൗമാരപ്രായക്കാരൻ ഇറങ്ങിവന്നു. ഇവരോടൊപ്പം ചേർന്നു നിസ്കരിച്ചു. ഞാൻ ചോദിച്ചു: അല്ലയോ അബ്ബാസ്, അവർ ആരാണ്? അവരെന്താണ് ചെയ്യുന്നത്? അദ്ദേഹം പറഞ്ഞു. ‘ആദ്യം പുറത്തുവന്നത് എന്റെ സഹോദരൻ അബ്ദുല്ലയുടെ മകൻ മുഹമ്മദാണ്. ശേഷം വന്നത് ഖുവൈലിദിന്റെ മകൾ ഖദീജ: മുഹമ്മദിന്റെ ഭാര്യ. ആ ചെറുപ്പക്കാരനാരാണ്? അത് എന്റെ സഹോദരൻ അബൂത്വാലിബിന്റെ മകൻ അലി. അവർ നിസ്കരിക്കുകയാണ്. അബ്ബാസ് തുടർന്നു. മുഹമ്മദ് പറയുന്നത്, മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്നാണ്. പ്രസ്തുത വാദം ഭാര്യയും അലിയും മാത്രമേ അംഗീകരിച്ചിട്ടുള്ളൂ. കിസ്റയുടെയും കൈസറിന്റെയും നിധികുംഭങ്ങൾ വരെ അവർ ജയിച്ചടക്കുമെന്നാണ് ഇപ്പോഴുള്ള സംസാരം”
ഇതേ അഫീഫ് പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ചു. അന്നദ്ദേഹം പറഞ്ഞു: "എന്റെ ഭാഗ്യദോഷമെന്നല്ലാതെ എന്തു പറയാൻ. അന്ന് ഞാൻ സന്മാർഗം സ്വീകരിച്ചിരുന്നെങ്കിൽ പ്രവാചകഅനുചരൻ അലിയുടെ രണ്ടാമനായി ഇസ്ലാമിൽ ചേരാമായിരുന്നു"





