ജിബ്രീൽ എന്ന മലക്ക് വഴി അല്ലാഹുവിൽ നിന്നു തിരുനബിക്ക് ലഭിച്ച സന്ദേശത്തിന് വഹ്യ് എന്നാണ് പറയുക. വഹ്യ് എന്ന പദത്തെ ദിവ്യസന്ദേശം, ദിവ്യബോധനം, വെളിപാട് എന്നെല്ലാം ഭാഷാന്തരം ചെയ്യാം. പരോക്ഷമാർഗത്തിൽ സന്ദേശം നൽകുകയെന്നതാണ് സാമാന്യമായി ഈ പദത്തിൻ്റെ അർഥം. പ്രപഞ്ചനാഥനായ അല്ലാഹു അവൻ നിയോഗിക്കുന്ന ദൂതന്മാർക്ക് സന്ദേശങ്ങൾ അറിയിക്കുന്ന സവിശേഷമായ രീതിയാണിത്. വ്യത്യസ്തരീതികളിൽ അല്ലാഹു അവൻ്റെ ദൂതരോടു സംവദിക്കും. സാങ്കേതികമായി പറഞ്ഞാൽ, വഹ്യിന് വ്യത്യസ്ത രീതികളുണ്ട്.
ഒന്ന്: സ്വപ്നത്തിലൂടെ നൽകുന്ന സന്ദേശങ്ങൾ. മകൻ ഇസ്മാഈലിനെ ബലിനൽകാൻ ഇബ്റാഹിം നബിക്ക് അല്ലാഹു ദിവ്യബോധനം നൽകിയത് സ്വപ്നത്തിലൂടെ ആയിരുന്നു. തിരുനബി ﷺ കണ്ട സ്വപ്നങ്ങൾ പകൽപോലെ പുലരുമായിരുന്നുവെന്ന് നാം വായിച്ചു കഴിഞ്ഞു.
രണ്ട്: ഒരു മലക്ക് മുഖേന അല്ലാഹു പ്രവാചകന്മാരുടെ ഹൃദയത്തിലോ ബോധമണ്ഡലത്തിലോ സന്ദേശങ്ങൾ നിക്ഷേപിക്കുക. എല്ലാസമയത്തും മലക്ക് നേരിട്ട് മുന്നിൽ ഹാജരാകണമെന്നില്ല. 'പവിത്രാത്മാവ് എൻ്റെ ഹൃദയത്തിലൊരു സന്ദേശം ഇട്ടുതന്നു' എന്ന ആശയം വരുന്ന പ്രയോഗങ്ങൾ ഹദീസുകളിൽ1 വന്നിട്ടുണ്ട്.
മൂന്ന്: മലക്ക് തനത് രൂപത്തിൽ തന്നെ വരികയും സന്ദേശം കൈമാറുകയും ചെയ്യുക. അതു ചിലപ്പോൾ ഒരു മണിനാദത്തിന്റെ അകമ്പടിയോടെ ആയിരിക്കും. വഹ് യ് അനുഭവത്തിലെ ഏറ്റവും ഗൗരവരൂപം ഇതാണെന്നു തിരുനബി ﷺ തന്നെ പറഞ്ഞിട്ടുണ്ട്.
നാല്: മലക്ക് മനുഷ്യരൂപത്തിൽ വന്ന് സന്ദേശം കൈമാറൽ. സത്യമതത്തിന്റെ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്ന സമഗ്രവും പ്രസിദ്ധവുമായ ഹദീസ് മലക് ജിബ്രീൽ മനുഷ്യരൂപത്തിൽ വന്നുകൊണ്ടാണ് തിരുനബിയോട് ﷺ പങ്കുവെച്ചത്. ഹദീസ് ജിബ്രീൽ എന്ന പേരു കൂടി ആ ഹദീസിനുണ്ട്.
അഞ്ച്: ജിബ്രീൽ തന്റെതായ വേഷത്തിലും ഭാവത്തിലും നേരിട്ടുവന്ന് സന്ദേശം കൈമാറുക. ഇത് അപൂർവമായി മാത്രമേ ഉണ്ടാകാറുള്ളൂ. ജിബ്രീലിനെ തനതുരൂപത്തിൽ കണ്ടത് മുഹമ്മദ് നബി ﷺ മാത്രമാണെന്ന പരാമർശവും പ്രമാണങ്ങളിലുണ്ട്.
ആറ്: മധ്യവർത്തികളില്ലാതെ അല്ലാഹു നേരിട്ടു തന്നെ സന്ദേശം കൈമാറുക. അപ്പോഴും ഒരു തിരശ്ശീലയ്ക്കു പിന്നിൽ നിന്നായിരിക്കും സന്ദേശം ലഭിക്കുന്നത്. മൂസാ പ്രവാചകനോട് അല്ലാഹു സംവദിച്ച രൂപം ഇങ്ങനെയാണെന്ന് മനസ്സിലാക്കാം.
എഴ്: മധ്യവർത്തിയോ തിരശ്ശീലയോ ഇല്ലാതെ അല്ലാഹു നേരിട്ടു തന്നെ സന്ദേശം കൈമാറൽ. മിഅ്റാജിന്റെ രാത്രിയിൽ തിരുനബിക്ക് ﷺ സന്ദേശം ലഭിച്ചത് അങ്ങനെയായിരുന്നു. രൂപമോ ഭാവമോ സൃഷ്ടിപരമായ വിശേഷങ്ങളോ ഒന്നുമില്ലാത്ത അല്ലാഹുവിനെ നേരിട്ടു കണ്ടിട്ടുള്ളത് മുഹമ്മദ് നബി ﷺ മാത്രമാണ്.
എട്ട്: സവിശേഷമായ രൂപത്തിൽ ഉറക്കത്തിൽ ലഭിക്കുന്ന സന്ദേശം. സ്വപ്നദർശനമല്ലാത്ത മറ്റൊരു രൂപമാണിത്. ഇമാം അഹ്മദ് ഉദ്ധരിച്ച പ്രസിദ്ധമായൊരു ഹദീസിന്റെ ഉള്ളടക്കം ഈ വിധത്തിൽ ലഭിച്ചതാണ്.
ഒമ്പത്: തേനീച്ചയുടെ ഇരമ്പൽപോലെ അനുഭവപ്പെടുന്ന സന്ദേശം. ഇത്തരമൊരു സന്ദർഭം പ്രവാചകഅനുചരൻ ഉമർ പറഞ്ഞതായി അഹ്മദ് ഉദ്ധരിച്ചിട്ടുണ്ട്.
മുഹമ്മദ് നബിയുടെ അറിവിന്റെയും പ്രസ്താവനകളുടെയും ഉറവിടം വഹ്യ് തന്നെയാണ്. വഹ്യിന്റെ അടിസ്ഥാനത്തിലല്ലാതെ മുഹമ്മദ് നബി ﷺ സംസാരിക്കുകയില്ലെന്ന് ഖുർആൻ തന്നെ പ്രസ്താവിക്കുന്നുണ്ട്.





