മുഹമ്മദ് നബിയുടെ ﷺ പ്രവാചകത്വ പ്രഖ്യാപനം പെട്ടെന്നുണ്ടായൊരു പ്രതിഭാസമല്ല. കാലവും ലോകവും ഒരു സമുദ്ധാരകനെ അത്രയും പ്രതീക്ഷിച്ചിരുന്നു. അന്ത്യപ്രവാചകനായി ഒരു പുണ്യാത്മാവ് നിയോഗിക്കപ്പെടുമെന്ന് വേദങ്ങളും ജഞാനികളും മുന്നറിവ് നൽകിയിരുന്നു. ആ ശ്രേഷഠവ്യക്തിയാണ് അബ്ദുല്ലയുടെ മകൻ മുഹമ്മദ് ﷺ. സ്വയമേ ഞാനൊരു ദൗത്യത്തിലേക്ക് നയിക്കപ്പെടുകയാണെന്ന ബോധ്യത്തിലേക്കു തിരുനബി സഞ്ചരിച്ചുകൊണ്ടിരുന്നു. ഒടുക്കം, എല്ലാ ഒരുക്കങ്ങളും പൂർത്തിയായ സമയബിന്ദുവിലാണ് പ്രവാചകത്വ പ്രഖ്യാപനമുണ്ടായത്.
തിരുനബി ﷺ സാക്ഷിയായ സ്വപ്നങ്ങൾ പ്രവാചകനിയോഗത്തിലേക്കുള്ള ആമുഖങ്ങളായിരുന്നു. തിരുനബിയുടെ ﷺ പത്നിമാരിൽ പ്രധാനിയായ മഹതി ആഇശ പ്രസ്താവിക്കുന്നു, ആദ്യഘട്ടത്തിൽ ദിവ്യബോധനത്തിന്റെ (വഹ്യ്) ഭാഗമായി തിരുനബിക്കു ﷺ ലഭിച്ചത് മനോഹരമായ സ്വപ്നങ്ങളായിരുന്നു. അവയെല്ലാം പകൽപോലെ പുലർന്നു. പൂർണമായ യാഥാർഥ്യങ്ങളായിരുന്നു ആ കിനാവുകൾ. ഗൗരവമേറിയ ചിന്തകൾ നൽകുന്ന നിരവധി സ്വപ്നദർശനങ്ങൾ ഇക്കാലത്ത് തിരുനബിക്ക് ലഭിച്ചു. പ്രവാചകത്വ പ്രഖ്യാപനത്തിന്റെ മുന്നോടിയായി ആറുമാസത്തോളം കാഴ്ചകളുടെ കാലമായിരുന്നുവെന്ന് പ്രമാണങ്ങൾ പറയുന്നു. സ്വപ്നത്തിൽ ഒരാൾ സമീപത്തു വന്നു. രണ്ടാളുകൾ പിന്നിലുമുണ്ട്. അവർ വളരെ സൂക്ഷ്മമായി തിരുനബിയെ ﷺ നിരീക്ഷിച്ചു. ഒരാൾ അപരനോട് ചോദിച്ചു: “നാം ഉദ്ദേശിച്ച വ്യക്തി ഇദ്ദേഹം തന്നെയല്ലേ?” തിരുനബി ﷺ ഒന്നു പരിഭ്രമിച്ചു. പിറ്റേന്ന് രാവിലെ പിതൃസഹോദരൻ അബൂത്വാലിബിനോട് വിവരം പറഞ്ഞു."അതൊരു സ്വപ്നമല്ലേ, കാര്യമാക്കേണ്ടതില്ല". അദ്ദേഹം ആശ്വസിപ്പിച്ചു. സ്വപ്നം ആവർത്തിച്ചു. വീണ്ടും അബൂത്വാലിബിനോട് വിഷയമുണർത്തി. അദ്ദേഹം സഹോദര പുത്രനെക്കൂട്ടി പ്രസിദ്ധനായൊരു ചികിത്സകനെ സമീപിച്ചു. അദ്ദേഹം തിരുനബിയെ അടിമുടി പരിശോധിച്ചു. പാദങ്ങളും ചുമലുകളും പ്രത്യേകം നിരീക്ഷിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു, “ഓ, അബൂത്വാലിബ്.. നിങ്ങൾ വ്യാകുലപ്പെടേണ്ടതില്ല. അങ്ങയുടെ സഹോദരപുത്രന് ഒന്നും സംഭവിച്ചിട്ടില്ല. ഉത്തമരിൽ ഉത്തമ വ്യക്തിത്വമാണിത്. ഒരുപാട് നന്മകൾ ഈ മാന്യനിൽ വന്നുചേരും. ഒരിക്കലും പിശാചുബാധയോ മറ്റോ ഈ ദേഹത്തിൽ ഏൽക്കില്ല. ഈ മഹാത്മാവിലേക്ക് നാമൂസ് (ജിബ്രീൽ) ആഗതമാകാൻ അടുത്തിരിക്കുന്നു, അതിന്റെ ലക്ഷണങ്ങളാണിതെല്ലാം”
മുഹമ്മദ് നബിയിൽ ﷺ ആഭ്യന്തരമായ പാകപ്പെടലുകൾ സംഭവിക്കുകയായിരുന്നു. അകക്കാഴ്ചയുള്ളവർ ദൈവദൂതന്റെ അവതരണം മുഹമ്മദിൽ ﷺ പ്രതീക്ഷിച്ചു. പരിസരങ്ങൾ വീണ്ടും വീണ്ടും വാഗ്ദത്ത ദൂതരോട് ചിലതൊക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഹദീസ് വിജ്ഞാനരംഗത്തെ വിശ്രുതനായ ഇമാം'മുസ്ലിം' ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ വായിക്കാം, തിരുനബി ﷺ പറഞ്ഞു: "മക്കയിലൊരു കല്ലുണ്ടായിരുന്നു. നിയോഗത്തിനു മുമ്പുതന്നെ എനിക്കത് സലാം പറഞ്ഞിരുന്നു. ഇപ്പോഴും എനിക്കതിനെ അറിയാം”. വാസ്തവത്തിൽ ഒരു കല്ല് മാത്രമായിരുന്നില്ല. പല ചേതന-അചേതന വസ്തുക്കളും തിരുനബിയെ ﷺ തിരിച്ചറിഞ്ഞ് അഭിവാദ്യം ചെയ്തിരുന്നു. പ്രവാചക അനുചരൻ അലി പറയുന്നു: “തിരുനബിയോടൊപ്പം മക്കയിൽ കഴിയുന്ന കാലം. ഞങ്ങൾ ഒരുമിച്ച് ചില പ്രാന്തപ്രദേശങ്ങളിലേക്കു പോയി. കുന്നുകളും മരങ്ങളുമുള്ള വഴിയായിരുന്നു. ഓരോ മരവും കുന്നും തിരുനബിക്ക് ﷺ സലാം പറയുന്നുണ്ടായിരുന്നു:” ‘അസ്സലാമു അലൈക യാ റസൂലല്ലാഹ് (അല്ലാഹുവിന്റെ ദൂതരേ, അങ്ങേക്ക് നാഥന്റെ രക്ഷയുണ്ടാകട്ടെ)'. മറ്റൊരു ചരിത്ര നിവേദനത്തിൽ ഇങ്ങനെ കൂടി വായിക്കാം: "സഞ്ചാരവഴിയിൽ അടുത്തുള്ള എല്ലാ മരങ്ങളും കല്ലുകളും തിരുനബിക്ക് ﷺ സലാം പറഞ്ഞിരുന്നു. എനിക്കും അത് വ്യക്തമായി കേൾക്കാമായിരുന്നു".
ഇത്തരം നിരവധി സംഭവങ്ങൾ ഹദീസുകളിലും ചരിത്രഗ്രന്ഥങ്ങളിലുമുണ്ട്. ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്ന സംശയത്തിന് സ്ഥാനമില്ല. ആലങ്കാരികമായി പറഞ്ഞതാണെന്ന വ്യാഖ്യാനത്തിനും പഴുതില്ല. കാരണം, ഇത്തരം വിസ്മയസംഭവങ്ങൾ മുഹമ്മദ് നബിക്ക് ﷺ മുഅജിസതായി (അമാനുഷികസിദ്ധി) അല്ലാഹു നൽകിയതാണ്. ചില അചേതന വസ്തുക്കൾ വിവേകത്തോടു കൂടി പെരുമാറിയത് അതിന്റെ ഭാഗമാണ്. അല്ലാഹുവിനോടുള്ള ഭയത്താൽ ഉരുളുന്ന പാറകളെക്കുറിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ട്. അല്ലാഹുവിനെ വാഴ്ത്തുകയും സ്തുതികളർപ്പിക്കുകയും ചെയ്യാത്ത ഒരു വസ്തുവുമില്ലെന്നും ഖുർആൻ വിശദമാക്കുന്നു. പ്രസിദ്ധപണ്ഡിതൻ ഇമാം നവവി രേഖപ്പെടുത്തിയ വിശദീകരണത്തിന്റെ ഭാഗമാണിത്.
പ്രവാചകത്വത്തിന്റെ പ്രഖ്യാപനത്തിനു മുമ്പ് തിരുനബി ﷺ പല അശരീരികളും കേൾക്കുമായിരുന്നു. വാനലോകത്ത് ചില പ്രത്യേകമായ പ്രകാശവീചികൾ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെടും. ഒരിക്കൽ പ്രിയ പത്നി ബീവി ഖദീജയോട് പറഞ്ഞു: "ഓ ഖദീജാ.. ഞാൻ ചില അശരീരികൾ കേൾക്കുന്നു. ചില പ്രത്യേക പ്രകാശങ്ങൾ ദർശിക്കുന്നു. എന്താകുമത്? എന്തെങ്കിലും സംഭവിച്ചു പോകുമോ എന്ന് ഞാൻ ആശങ്കപ്പെടുന്നു”. പക്വമതിയായ പ്രിയതമ പറഞ്ഞു: “ആശങ്കപ്പെടാനൊന്നുമില്ല. അല്ലാഹു സത്യം, അവിടുത്തേക്ക് നന്മയല്ലാത്തതൊന്നും സംഭവിക്കുകയില്ല. അങ്ങ് സത്യസന്ധനല്ലേ, കുടുംബബന്ധം സംരക്ഷിക്കുന്നവരല്ലേ".
ക്രമേണ മുഹമ്മദ് നബിയിൽ ﷺ മാറ്റങ്ങൾ വന്നുതുടങ്ങി. ഒരു വലിയദൗത്യം ഏറ്റെടുക്കുന്നതിന്റെ പാക്കപ്പെടലുകൾ. അല്ലാഹു അവന്റെ ദൂതനെ ഒരുക്കുകയാണ്. ലോകം മുഴുവൻ സമുദ്ധരിക്കാനുള്ള ഒരു സംഹിത ഏൽപിച്ചുകൊടുക്കാൻ സംവിധാനിക്കുകയാണ്. അക്കാലത്ത്, തിരുനബി ﷺ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ വിജനതയിൽ നിന്ന് ആരൊക്കെയോ സലാം ചൊല്ലും. അല്ലാഹുവിന്റെ ദൂതരേയെന്നു വിളിച്ച്, അഭിവാദ്യമർപ്പിക്കും.
പിന്നെപ്പിന്നെ പ്രവാചകർക്ക് ﷺ ഏകാന്തത ഒരു ഹരമായി. അല്ലാഹുവിനെ ആലോചിച്ചും അവന് ആരാധനകൾ അർപ്പിച്ചും ഒറ്റക്കിരിക്കാൻ തുടങ്ങി. ഈ ധ്യാനം പ്രത്യേക കാരണങ്ങളാൽ തിരുനബി ﷺ പദ്ധതിയൊരുക്കി രൂപപ്പെടുത്തിയതല്ല. അല്ലാഹുവിൽ നിന്നുള്ള ആത്മചോദനയുടെ ഭാഗമായി വന്നുചേർന്നതാണ്. സാമൂഹിക അനർഥങ്ങളിൽ ആകുലപ്പെട്ട് ധ്യാനം തിരഞ്ഞെടുത്ത ദാർശനികന്മാരെപ്പോലെയോ, നിശ്ചിത കർമപദ്ധതികളുടെ ഭാഗമായി ചിട്ടപ്പെടുത്തിയ കാനനവാസത്തെപ്പോലെയോ അല്ല. അത്തരം ആലോചനയോ പദ്ധതിയോ ഒന്നുമില്ലാതിരുന്ന ഒരാൾ, അന്ത്യദൂതനായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ അല്ലാഹു കൽപിച്ചുനൽകിയ ഏകാന്തവാസമാണിത്. അതിൽ തിരുനബി ﷺ ആത്മാർഥമായി ആനന്ദം കണ്ടു. സവിശേഷമായ ഏകാന്തതക്കായി മക്കയിലെ 'പ്രകാശക്കുന്നിന്റെ' (ജബലുന്നൂർ) ഉച്ചിയിലെ ഹിറാഗുഹയിൽ പോയി ധ്യാനമിരിക്കാൻ അവിടുത്തേക്ക് ഉൾവിളിയുണ്ടായി.





