ഹിറാഗുഹാവാസം തുടരുകയാണ്. ഏകാന്തധ്യാനങ്ങൾക്ക് മൂന്നുവർഷം തികയാനാകുന്നു. എ ഡി 610 ആഗസ്റ്റ് 10, റമളാൻ 21 തിങ്കളാഴ്ച ദിവസം ഒരതിഥി പ്രവാചകർ മുഹമ്മദിനെ ﷺ തേടിയെത്തി. ചാന്ദ്രവർഷക്കണക്കിൽ തിരുനബിക്ക് നാൽപത് വയസ്സും ആറുമാസവും പന്ത്രണ്ട് ദിവസവുമാണ് അന്ന്. സൗരവർഷ പ്രകാരം 39 വയസ്സും മൂന്നുമാസവും 20 ദിവസവും തികഞ്ഞ ദിവസം. മുഹമ്മദ് നബി ﷺ ഏകാന്തനായി ധ്യാനത്തിലിരിക്കെ, ഹിറാഗുഹയിലേക്ക് അതിഥി കടന്നുവന്നു: മുൻകാല പ്രവാചകന്മാർക്കു മുഴുവനും അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങൾ എത്തിച്ചുകൊണ്ടിരുന്ന 'മലക്ക് ജിബിരീൽ'.
‘‘വായിക്കുക” ആഗതൻ പറഞ്ഞു. “ഞാൻ വായിക്കുന്ന ആളല്ല.” തിരുനബി ﷺ പ്രതികരിച്ചു. അപ്പോൾ ജിബ്രീൽ ശക്തമായി ആലിംഗനം ചെയ്തു. വീണ്ടും വായിക്കാൻ ആവശ്യപ്പെട്ടു. നേരത്തേ പറഞ്ഞ മറുപടി തന്നെ തിരുനബി ആവർത്തിച്ചു. മൂന്നുതവണ മലക്ക് തന്റെ നിർദ്ദേശം തുടർന്നു. ഒടുവിൽ വിശുദ്ധ ഖുർആനിലെ തൊണ്ണൂറ്റിയാറാം അധ്യായത്തിലെ ആദ്യ 13 സൂക്തങ്ങൾ ജിബ്രീൽ പാരായണം ചെയ്തു. “ഇഖ്റഅ് ബിസ്മി.."എന്നാരംഭിക്കുന്ന വരികൾ. ആശയമിതാണ്: 'സൃഷ്ടികർമം നിർവഹിക്കുന്ന, അങ്ങയുടെ രക്ഷിതാവിൻ്റെ നാമത്തിൽ വായിക്കുക. രക്തപിണ്ഡത്തിൽ നിന്ന് അവൻ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക, അങ്ങയുടെ സ്രഷ്ടാവ് അത്യുദാരനാണ്. അവൻ പേനകൊണ്ട് പഠിപ്പിച്ചിരിക്കുന്നു”.
സവിശേഷമായ ഈ അനുഭവത്താൽ പ്രവാചകരുടെ ﷺ ഭാവങ്ങൾ മാറി. ശരീരമാകെയും കോരിത്തരിച്ചു. ദിവ്യവെളിപാടിന്റെ സന്ദേശങ്ങൾ ഏറ്റുവാങ്ങിയതിന്റെ ഭാരവും പേറി ഗുഹയിൽ നിന്നിറങ്ങി. “എനിക്ക് പുതച്ചു തരൂ.. പുതച്ചു തരൂ” എന്നു പറഞ്ഞ് പ്രിയപത്നി ഖദീജയുടെ അടുക്കലെത്തി. അവർ പ്രിയതമനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച്, പുതച്ചുകൊടുത്തു. അതോടെ ഭയം വിട്ടുമാറി. നടന്നതെല്ലാം ഖദീജയോടു പങ്കുവെച്ചു.' എൻ്റെ ജീവനെക്കുറിച്ചു തന്നെ ഭയം തോന്നുന്നു'. നല്ലപാതി പ്രിയതമനോട് പറഞ്ഞു. “ഇല്ല, ഒരിക്കലും അങ്ങയെ അല്ലാഹു നിസ്സാരപ്പെടുത്തുകയില്ല. കാരണം അങ്ങ് കുടുംബബന്ധം ചേർക്കുന്നു. മറ്റുള്ളവരുടെ ഭാരങ്ങൾ ഏറ്റുവാങ്ങുന്നു. അശരണർക്ക് ആശ്രയമേകുന്നു. വിപത്തുകളിൽ കുരുങ്ങിയവരെ സഹായിക്കുന്നു”: ഖദീജ തിരുനബിക്ക് ﷺ ആശ്വാസവാക്കായി.
ഖദീജയുടെ പിതൃസഹോദരപുത്രൻ വറകത് ബ്നു നൗഫൽ വലിയൊരു വേദപണ്ഡിതനാണ്. വേദപുസ്തകങ്ങൾ പകർത്തിയെഴുതുന്ന വ്യക്തിയാണദ്ദേഹം. ഖദീജ തിരുനബിയെയും കൂട്ടി അദ്ദേഹത്തിന്റെ അടുത്തേക്കു പുറപ്പെട്ടു. കാര്യങ്ങളുടെ നിജസ്ഥിതി അറിയണമല്ലോ. അദ്ദേഹം രണ്ടുപേരെയും ഹൃദ്യമായി സ്വീകരിച്ചു. നടന്നതെല്ലാം തിരുനബിയിൽ നിന്ന് കൃത്യമായി കേട്ടു. വിഷയങ്ങളെല്ലാം വിലയിരുത്തി അദ്ദേഹം പറഞ്ഞു:"പ്രവാചകൻ മൂസാനബിയുടെ അടുക്കൽ അല്ലാഹു നിയോഗിച്ച അതേ മലക്, ജിബ്രീലാണ് ഹിറയിൽ വന്നത്. അങ്ങയെ അങ്ങയുടെ ജനങ്ങൾ ഈ നാട്ടിൽ നിന്ന് പുറത്താക്കുന്ന സമയത്ത് ആരോഗ്യവാനായി ഞാൻ ഉണ്ടായിരുന്നെങ്കിൽ!’’. അത്ഭുതത്തോടെ തിരുനബി ﷺ ചോദിച്ചു: എൻ്റെ നാട്ടുകാർ എന്നെ പുറത്താക്കുകയോ?". അതെ, അങ്ങ് പ്രബോധനം ചെയ്യാൻ പോകുന്ന ആശയം പറഞ്ഞ എല്ലാവരെയും ജനങ്ങൾ ശത്രുവായാണ് കണ്ടത്. അന്ന് ഞാൻ ജീവിച്ചിരിക്കുമെങ്കിൽ ശക്തമായ പിന്തുണയുമായി ഒപ്പമുണ്ടാകും". എന്നാൽ അതുവരെ ജീവിക്കാൻ വറകതിന് നിയോഗമുണ്ടായില്ല.
ഈ സംഭാഷണത്തോടെ ഒരു മഹാനിയോഗത്തിലേക്കാണ് താൻ എത്തിയതെന്ന് തിരുനബി ﷺ തിരിച്ചറിഞ്ഞു. എല്ലാ പിന്തുണയുമായി പ്രിയപത്നി ഖദീജ ഒപ്പമുണ്ടെന്നത് ഉള്ളിൽ വലിയ ആശ്വാസം!





