ആഫ്രിക്കയാണ് ബിലാലിന്റെ ദേശം. മക്കയിൽ ഉമയ്യതിന്റെ അടിമയായി കഴിയുകയാണ്. തിരുനബിയുടെ ﷺ വാക്കുകൾ സ്വീകരിച്ച് ബിലാൽ ഇസ്ലാം മതത്തിലേക്ക് നടന്നു. ഉടമസ്ഥന് അതിഷ്ടമായില്ല. അയാൾ പിന്തിരിപ്പിക്കാൻ ആവതും നോക്കി. പക്ഷേ ബിലാൽ വഴങ്ങിയില്ല. ഉമയ്യ അക്രമാസക്തനായി. ബിലാലിനെ കെട്ടിവരിഞ്ഞ് പൊള്ളുന്നമണലിൽ മലർത്തിക്കിടത്തി. ഭാരമുള്ള പാറക്കല്ല് മാറിൽ കയറ്റിവെച്ചു. ചാട്ടവാർ കൊണ്ട് മർദ്ദിക്കാൻ തുടങ്ങി. അയാൾ ആക്രോശിച്ചുകൊണ്ടിരുന്നു: "മരിക്കാൻ മോഹമില്ലെങ്കിൽ മുഹമ്മദിൻ്റെ ദൈവത്തെ നിഷേധിക്കൂ. ലാതയെയും ഉസ്സയെയും വിശ്വസിക്കൂ". ബിലാൽ ഇളകിയില്ല. അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു:" ‘അഹദ്’.. അഹദ്’ (രക്ഷിതാവായ ‘ഏകൻ ഏകൻ’) ഞാൻ ലാതയെയും ഉസ്സയെയും നിരാകരിക്കുന്നു”
ഉമയ്യതിന്റെ ക്രോധം വർധിച്ചു. അയാൾ അക്രമം ശക്തിപ്പെടുത്തി. ബിലാലിന്റെ അഹദെന്ന സ്വരവും ഉയർന്നുകൊണ്ടിരുന്നു. പ്രവാചകഅനുചരൻ അംറ് ബിൻ അൽ ആസ്വ് പറയുന്നു: "ഞാൻ മക്കയിലൂടെ നടന്നുപോകുമ്പോൾ ബിലാലിനെ മർദ്ദിക്കുന്നത് നേരിൽ കാണാനിടയായി. ‘അഹദ് അഹദ്’ എന്ന് ബിലാൽ പറയുന്തോറും ഉമയ്യ കൂടുതൽ ക്രൂരനായി. ബിലാലിൻ്റെ ശരീരം തിളച്ചമണ്ണിൽ പുളയുന്നു. അദ്ദേഹം ഇടയ്ക്കിടക്കിടെ ബോധരഹിതനാവുന്നു. പിന്നെയും ബോധം തെളിയുന്നു. അപ്പോഴെല്ലാം ‘അഹദ്’ എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു"
പ്രവാചകശിഷ്യനായ ഹസ്സാൻ ബിൻ സാബിതിന്റെ സാക്ഷ്യം: "ഞാൻ ഉംറ ചെയ്യാൻ കഅ്ബയുടെ അടുത്തെത്തി. അപ്പോഴതാ കുട്ടികൾ ഒരു നീണ്ടകയറിൽ ബിലാലിനെ കെട്ടിവലിക്കുന്നു. അദ്ദേഹം ഉറക്കെ വിളിച്ചുപറയുന്നു. ലാത, ഉസ്സ, മനാത, ഹുബുൽ, നാഇല, ബുവാന എന്നീ ദൈവങ്ങളെ ഞാൻ നിഷേധിക്കുന്നു. ഉടനെ ഉമയ്യത് വന്ന് അദ്ദേഹത്തെ പൊള്ളുന്ന മരുഭൂമിയിലേക്കു കിടത്തി"
പ്രവാചകഅനുചരൻ അബ്ദുല്ലാഹിബ്നു അബ്ബാസിന്റെ ശിഷ്യനും പ്രമുഖ താബിഈയുമായ മുജാഹിദ് പ്രസ്താവിക്കുന്നു: "ഖുറൈശികൾ ബിലാലിന്റെ കഴുത്തിൽ കയറുകെട്ടി. അദ്ദേഹത്തെ മക്കയിലെ മലകൾക്കിടയിൽ വലിച്ചിഴക്കാൻ കുട്ടികളോടു പറഞ്ഞു. അതുപ്രകാരം കുട്ടികൾ വലിച്ചിഴച്ചു. ബിലാൽ ‘അഹദ് അഹദ്’ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ബിലാൽ തന്നെ പിൽക്കാലത്ത് പറഞ്ഞു. അവർ എന്നെ ഒരു രാവും പകലും തുടർച്ചയായി കെട്ടിവലിച്ചു. എൻ്റെ തൊണ്ട വരണ്ടു. ഒരക്ഷരവും പുറത്തുവരാത്ത അവസ്ഥയായി”
ഒടുവിൽ പ്രവാചകരുടെ ഉറ്റചങ്ങാതി അബൂബകർ അതുവഴിവന്നു. അദ്ദേഹം ഉമയ്യതിനോടു ചോദിച്ചു: "അല്ലയോ ഉമയ്യാ... ഈ പാവത്തിന്റെ കാര്യത്തിൽ നീ പടച്ചവനെ ഭയക്കുന്നില്ലേ? നീയീ പാവത്തെ ഏതുവരെയാണ് ശിഷിക്കാൻ ഉദ്ദേശിക്കുന്നത്?” ഉമയ്യ പറഞ്ഞു: "നിങ്ങൾ തന്നെയാണ് ഇവനെ നശിപ്പിച്ചത്. നിങ്ങൾ തന്നെ ഇവനെ രക്ഷപ്പെടുത്താൻ വേണ്ടത് ചെയ്തോളൂ”. അബൂബകർ ആ പുണ്യകർമത്തിനൊരുങ്ങി. അബൂബകർ ബിലാലിനെ ഏറ്റെടുത്ത് സ്വതന്ത്രനാക്കി. ബിലാൽ അടിമത്തത്തിന്റെ ചങ്ങലയിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്കു പ്രവേശിച്ചു.
മുഹമ്മദ് ബിൻ സീരീനിൻ്റെ നിവേദനത്തിൽ ഇപ്രകാരം വായിക്കാം: "ബിലാൽ മുസ്ലിമായപ്പോൾ ശത്രുകൾ അദ്ദേഹത്തെ മരുഭൂമിയിൽ കിടത്തി മർദ്ദിക്കാൻ തുടങ്ങി. എന്നിട്ടവർ പറഞ്ഞു. “നിന്റെ ദൈവം ലാതയും ഉസ്സയുമാണെന്നു പറയൂ”. അദ്ദേഹം പറഞ്ഞു. ‘അഹദ് അഹദ്’, എൻ്റെ രക്ഷിതാവ് ഏകനായ അല്ലാഹുവാണ്. അപ്പോൾ അബൂബകർ അതുവഴി കടന്നുവന്നു. അദ്ദേഹം ചോദിച്ചു: നിങ്ങൾ എന്തിനാണിദ്ദേഹത്തെ പീഡിപ്പിക്കുന്നത്? ശേഷം വലിയ വിലനൽകി ബിലാലിനെ വാങ്ങി സ്വതന്ത്രനാക്കി. വിവരം തിരുനബിയെ ﷺ അറിയിച്ചു. അവിടുന്നു പറഞ്ഞു,"ഞാനും അതിൽ പങ്കാളിയാകാം". അതിനകം സിദ്ദീഖ് അദ്ദേഹത്തെ സ്വതന്ത്രനാക്കിക്കഴിഞ്ഞിരുന്നു.





