മുഹമ്മദ് നബി ﷺ പ്രബോധനത്തിന്റെ ആദ്യനാളുകളിലേക്ക് കടന്നു. കുടുംബമാണ് മുന്നിൽ. തിരുനബി പറഞ്ഞു: “ഒരു നേതാവും സ്വന്തം കുടുംബത്തോട് കളവു പറയില്ല. ഞാൻ ലോകത്തോട് മുഴുവൻ കളവു പറഞ്ഞാലും നിങ്ങളോടു പറയുമോ? ലോകത്തെ മുഴുവൻ വഞ്ചിച്ചാലും നിങ്ങളെ വഞ്ചിക്കുമോ? ഏകനായ അല്ലാഹു സത്യം. ഞാൻ നിങ്ങളിലേക്കും മുഴുവൻ ജനതയിലേക്കുമുള്ള അല്ലാഹുവിന്റെ ദൂതനാണ്. അല്ലാഹു സത്യം, ഉറങ്ങുന്നതു പോലെ നിങ്ങൾ മരണപ്പെടും. ഉണരുന്നതു പോലെ പുനർജനിക്കും. സത്കർമങ്ങൾക്ക് നന്മ പ്രതിഫലമായി ലഭിക്കും. തെറ്റുകൾക്ക് ശിക്ഷയായിരിക്കും ഫലം. ഒന്നുകിൽ അനന്തമായ സ്വർഗം. അല്ലെങ്കിൽ ശാശ്വത നരകം..”
ബന്ധുക്കൾക്കിടയിൽ നിന്ന് വ്യാപക വിമർശനങ്ങൾ ഉയർന്നു. എന്നാൽ ചുരുക്കം ചിലർ തിരുനബിയുടെ ﷺ ചാരത്തെത്തി. അവർ നേർവഴിയുടെ മാധുര്യമറിഞ്ഞു. ആദ്യഘട്ടത്തിൽ തന്നെ ഇസ്ലാമിലേക്കു വന്നവരെ ഖുർആൻ പ്രത്യേകം പ്രശംസിച്ചിട്ടുണ്ട്. സൂറ: തൗബയിലെ “പ്രാരംഭഘട്ടത്തിൽ ഇസ്ലാമിലേക്കു വന്ന മുഹാജിറുകളും1 അൻസാറുകളും2 അവരെ പിൻപറ്റിയവരും, അല്ലാഹുവിനെ തൃപ്തിപ്പെട്ടിരിക്കുന്നു. അല്ലാഹു അവരെയും തൃപ്തിപ്പെട്ടിരിക്കുന്നു. താഴ്വരകളിൽ അരുവിയൊഴുകുന്ന ഉദ്യാനങ്ങൾ രക്ഷിതാവ് അവർക്കു വേണ്ടി ഒരുക്കിയിരിക്കുന്നു. അവരതിൽ ശാശ്വതരായിരിക്കും. അതാണ് മഹത്തായ വിജയം”
ഏറ്റവും ആദ്യം ഇസ്ലാം സ്വീകരിച്ച നാലുപേർ, പ്രവാചകപത്നി ബീവി ബദീജ, പിൽക്കാലത്ത് ഒന്നാം ഖലീഫയായ3 അബൂബകർ സിദ്ദീഖ്, മൂന്നാംഖലീഫയും പിതൃസഹോദര പുത്രനുമായ അലിയ്യു ബിൻ അബീത്വാലിബ്, സൈദ് ബിൻ ഹാരിസ എന്നിവരാണ്. സ്ത്രീ, പുരുഷൻ, കുട്ടി, ഭൃത്യൻ യഥാക്രമം ഓരോ വിഭാഗത്തിലെയും ഒന്നാമത്തെയാൾ ഈ നാലുപേരാണ്. ഇസ്ലാമിന്റെ നാലാം ഖലീഫ ഉമർ ഇസ്ലാം സ്വീകരിച്ചത് നാൽപതാമത്തെ ആളായാണ്.
ആദ്യഘട്ടത്തിൽ ഇസ്ലാം പുൽകിയ ഏഴുപത്തിമൂന്ന് ആളുകൾ: അബൂബകർ, ഖദീജ, അലി, സൈദ് ബിൻ ഹാരിസ, ബിലാൽ, ആമിർ ബിൻ ഫുഹൈറ, അബൂ ഫുകൈഹ, ശഖ്റാൻ, അമ്മാർ ബിൻ യാസിർ, സുമയ്യ, യാസിർ, ഉമ്മു ഐമൻ, ഖാലിദ് ബിൻ സഈദ് ബിനുൽ ആസ്, ഉസ്മാൻ ബിൻ അഫ്ഫാൻ, ആമിന ബിൻത് ഖലഫ്, സഅദ് ബിൻ അബീവഖാസ്, ത്വൽഹത് ബിൻ ഉബൈദില്ലാഹ്, സുബൈർ ബിനുൽ അവാം, അബ്ദുറഹ്മാൻ ബിൻ ഔഫ്, അയ്യാശ് ബിൻ റബീഅ, മിസ്അബ് ബിൻ ഉമൈർ, സുഹൈൽ ബിൻ സിനാൻ, ഉസ്മാൻ ബിൻ മള്ഗൂൻ, മിഖ്ദാദ്, അർഖം ബിനുൽ അർഖം, ഉമ്മുൽ ഫള്ൽ, അബൂ റാഫിഅ്, അബൂസലമ, ഉമ്മുസലമ (ഹിന്ദ്), അബൂ ഉബൈദ, ഖബ്ബാ ബിനുൽ അറത്, ഖുദാമ: ബിൻ മള്ഗൂൻ, സഈദ് ബിൻ സൈദ്, ഫാത്വിമ ബിൻത് ഖത്വാബ്, ഉത്ബത് ബിൻ ഗസ്വാൻ, അബ്ദുല്ലാഹ് ബിൻ മസ്ഊദ്, ഉമൈർ ബിൻ അബീവഖാസ്, ഉബൈദത് ബിൻ ഹാരിസ്, ഖുദാമത് ബിൻ മള്ഗൂൻ, അബ്ദുല്ലാഹ് ബിൻ മള്ഊൻ, അബ്ദുല്ലാഹ് ബിൻ ഖൈസ്, ഖുനൈസ് ബിൻ ഹുദാഫ, അസ്മാ ബിൻതു സിദ്ദീഖ്, സലീത്വ് ബിൻ അംറ്, ഇബ്ൻ ഖുസൈമതുൽ ഖാർറ, ഉത്ബത് ബിൻ മസ്ഊദ്, അംറ് ബിൻ അബസ, ആമിർ ബിൻ റബീഅ അൽ അനസി, അബൂദർറ് അൽ ഗിഫാരി, മാസിൻ ബിൻ മാലിക്, ഹാത്വിബ് ബിൻ അൽഹാരിസ്, ജഅ്ഫർ ബിൻ അബീത്വാലിബ്, അസ്മാ ബിൻത് ഉമൈസ്, അബ്ദുല്ലാഹ് ബിൻ ജഹ്ശ്, അനീസ് ബിൻ ജുനാദ അൽ ഗിഫാരി, അൽ മുത്വലിബ് ബിൻ അസ്ഹർ, സാഇബ് ബിൻ ഉസ്മാൻ, ഖത്വാബ് ബിൻ അൽഹാരിസ്, മഅ്മർ ബിൻ അൽഹാരിസ്, ഫാത്വിമ ബിൻത് മുജല്ലൽ, അബൂ ഹുദൈഫത് ബിൻ അൽ മുഗീറ, ഹാത്വിബ് ബിൻ ഉമർ, ഇബ്നു മുലൈഹ്, നുഐമ് ബിൻ അബ്ദില്ലാഹ്, റംല ബിൻത് അബീ ഔഫ്, ഖാലിദ് ബിൻ ബുകൈർ, ആമിർ ബിൻ ബുകൈർ, മസ്ഊദ് ബിൻ അൽ ഖാരി, ഇയാസ് ബിൻ അബ്ദുയാലിൽ, വാഖിദ് ബിൻ അബ്ദില്ലാഹ്, ആഖിൽ ബിൻ ബുകൈർ, അസ്മാഅ് ബിൻത് സലാമ: ഫക്ഹ ബിൻതു യസാർ (റളിയല്ലാഹു അൻഹും).





