വിശ്വാസസംരക്ഷണത്തിനായി ആത്മത്യാഗം ചെയ്ത ഖബ്ബാബ് ബിൻ അൽ അറത് തിളങ്ങുന്ന ഓർമയാണ്. ഒരുദിവസം സിബാഉ ബിൻ അബ്ദുൽ ഉസ്സയും കൂട്ടുകാരും ഖബ്ബാബിനെ വളഞ്ഞു: “നീ വഴിപിഴച്ചെന്നും പുതിയവാദവുമായി വന്ന ഹാശിം കുടുംബത്തിലെ ആ വ്യക്തിയെ അനുകരിക്കുന്നുവെന്നും കേട്ടല്ലോ?” ആലയിൽ ആയുധപ്പണിയിൽ നിന്ന ഖബ്ബാബ് ആരോടെന്നില്ലാതെ പറഞ്ഞു: "ഞാൻ വഴിപിഴച്ചതൊന്നുമല്ല. നിങ്ങൾ ആരാധിക്കുന്ന ദൈവങ്ങളെ വിട്ട് രക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കുന്നു. അത്രമാത്രം”. അടിമയായ കൊല്ലപ്പണിക്കാരന്റെ മറുപടി സിബാഇനു പിടിച്ചില്ല. അവൻ മർദ്ദനമുറകൾക്കൊരുങ്ങി. ആലയിലെ ആയുധങ്ങളെടുത്ത് ആക്രമിച്ചു. ഖബ്ബാബ് രക്തത്തിൽ കുളിച്ചു. ഈ വിവരം മക്കയിൽ പ്രചരിച്ചു. ഒരു അടിമ പരസ്യമായി വിശ്വാസം പ്രഖ്യാപിച്ചത് അവർക്കും ഉൾക്കൊള്ളാനായില്ല. ഖുറൈശി പ്രമുഖന്മാരായ അബൂജഹലും അബൂസുഫിയാനും വലീദും ദാറുന്നദുവയിൽ ഒരുമിച്ചു. അക്രമങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനമെടുത്തു. ഖബ്ബാബിനെ നിലക്കുനിർത്താൻ അദ്ദേഹത്തിന്റെ യജമാനത്തി ഉമ്മു അമ്മാറിന്റെ സഹോദരൻ സിബാഇനെ ഏൽപിച്ചു.
ഖബ്ബാബിനെ എരിയുന്ന വെയിലിൽ, പൊള്ളുന്ന മണലിൽ നഗ്നനാക്കിക്കിടത്തി. ഭാരമുള്ള കല്ലുകൾ മേനിയിൽ കയറ്റിവെച്ചു."മുഹമ്മദിനെപ്പറ്റി നീ ഇപ്പോൾ എന്തു പറയുന്നു." അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതൻ, എന്റെ പ്രവാചകൻ”. ശരീരത്തിൽ ഇരുമ്പുകവചങ്ങൾ അടിച്ചുകയറ്റി അവർ ചോദ്യം തുടർന്നു: "ലാതയെയും ഉസ്സയെയും കുറിച്ച് നീയെന്തു പറയുന്നു?" “എന്തു പറയാൻ, രണ്ടു കൽപ്രതിമകൾ”, ഖബ്ബാബ് മറുപടി പറയുമ്പോൾ മർദ്ദനങ്ങളുടെ മൂർച്ചകൂടും. ഖബ്ബാബ് ശിക്ഷിക്കപ്പെടുന്ന രംഗം ഒരിക്കൽ തിരുനബി ﷺ കാണാനിടയായി. അവിടുത്തെ കണ്ണുകൾ നിറഞ്ഞു. കവിളുകൾ നനഞ്ഞു, ആത്മാർഥമായി ആ ഹൃദയം പ്രാർഥിച്ചു. “അല്ലാഹുവേ നീ ഖബ്ബാബിനെ കാത്തുരക്ഷിക്കേണമേ”
തമീം ഗോത്രത്തിലെ അറതിന്റെ മകനായി നജ്ദിലായിയിരുന്നു ഖബ്ബാബ് ജനിച്ചത്. കൊള്ളക്കാരുടെ കൈയിലകപ്പെട്ട് മക്കയിലെ ചന്തയിലെത്തി. 'ഖുസാഅ' ഗോത്രത്തിലെ സമ്പന്നയായ ഉമ്മുഅമ്മാർ അവനെ വിലയ്ക്കു വാങ്ങി. ആയുധപ്പണിയിൽ മികവുകാണിച്ച അടിമയെ അവൾ കൊല്ലപ്പണി പരിശീലിപ്പിച്ചു. അങ്ങനെ ഖബ്ബാബ് മക്കയിലെ അറിയപ്പെട്ട കൊല്ലപ്പണിക്കാരനായി. അതുവഴി ഉമ്മുഅമ്മാർ അതിസമ്പന്നയായി. വിഗ്രഹാരാധനയോടും മറ്റും ആദ്യമേ താത്പര്യമില്ലാതിരുന്ന അദ്ദേഹം ഒരു മോചനമാർഗം കാത്തിരുന്നപ്പോഴാണ് തിരുനബിയുടെ ﷺ ആഗമനം. അതോടെ ഖബ്ബാബിന് ആവേശമായി. അദ്ദേഹം തൗഹീദ് (സത്യവിശ്വാസം) പ്രഖ്യാപിച്ചു. പക്ഷേ, ഉമ്മുഅമ്മാറിന് അതു ദഹിച്ചില്ല. അവൾ ഖബ്ബാബിനെ ആക്രമിച്ചു. എന്നാൽ വൈകാതെ അവർ രോഗിയായി. ഇരുമ്പുദണ്ഡ് ചൂടാക്കി നിത്യവും തലയിൽ ചൂടുകൊള്ളിക്കാൻ വൈദ്യൻ നിർദ്ദേശിച്ചു. ചികിത്സ നടത്താൻ ഖബ്ബാബിനെ ചുമതലപ്പെടുത്തി. വേദന കൊണ്ട് പുളഞ്ഞ്, പൊള്ളുന്ന ദണ്ഡിൻ്റെ തീക്ഷ്ണതയിൽ ഓടുന്ന ഉമ്മു അമ്മാറിനെ ഖബ്ബാബിനു കാണേണ്ടിവന്നു. കാലത്തിൻ്റെ കൗതുകം നിറഞ്ഞ മറുപടി.
പീഡനങ്ങളുടെ നൊമ്പരകാലത്തെ ഓർമപ്പെടുത്തുന്ന ഒരു നിവേദനം ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. ഖബ്ബാബ് പറയുന്നു. "മക്കയിൽ ഞങ്ങൾ ശക്തമായി പീഡിപ്പിക്കപ്പെടുന്ന കാലം. ഞാൻ തിരുനബിയുടെ ﷺ സന്നിധിയിലെത്തി. അവിടുന്ന് കഅ്ബയുടെ തണലിൽ ഒരു മേൽമുണ്ട് മടക്കി തലയിണവെച്ചു കിടക്കുകയായിരുന്നു. ഞാൻ ചോദിച്ചു: “അല്ലയോ, അല്ലാഹുവിന്റെ ദൂതരേ! അവിടുന്ന് നമുക്കുവേണ്ടി പ്രാർഥിക്കുന്നില്ലേ?” തിരുനബി എഴുന്നേറ്റിരുന്നു.“നിങ്ങളുടെ മുൻഗാമികൾ എത്രമേൽ മർദ്ദനങ്ങൾ ഏറ്റുവാങ്ങി. അവരിൽ ചിലരെ ശത്രുക്കൾ ഇരുമ്പിന്റെ ചീർപ്പുകൊണ്ട് വാർന്നു. എല്ലിൽ നിന്ന് മാംസമാണ് വാർന്നുമാറ്റിയത്. ചിലരുടെ മൂർദ്ധാവിൽ ഈർച്ചവാൾ വെച്ചു മരം പിളർക്കുന്നതു പോലെ രണ്ട് ഭാഗമാക്കി പിളർത്തി. അപ്പോഴൊന്നും അവർ വിശ്വാസം കൈവിട്ടില്ല. ഈ പ്രസ്ഥാനം പൂർണവളർച്ചയെത്തും. അന്ന് സൻആ മുതൽ ഹള്ർമൗത് വരെ ഒരാൾ യാത്ര ചെയ്താൽ അല്ലാഹുവിനെയും ഒപ്പമുള്ള ആടിനെ ചെന്നായ പിടിക്കുമോയെന്നതിനെയും ഭയന്നാൽ മതിയാകും”
മുൻഗാമികൾ അനുഭവിച്ച ത്യാഗം ഓർമപ്പെടുത്തി, തിരുനബി ﷺ വിശ്വാസികളെ ആശ്വസിപ്പിച്ചു. പീഡനങ്ങൾ അതിജയിച്ച് എത്തിച്ചേരാവുന്ന ഭാവിയെക്കുറിച്ച് പ്രതീക്ഷ നൽകി. അനിവാര്യമായ സഹനത്തിന്റെ പ്രാധാന്യം ഓർമപെടുത്തി. ഇതെല്ലാമായിരുന്നു തിരുനബിയുടെ ﷺ ഇടപെടലിന്റെ സാരം. കാലം കഴിയെ, ഖബ്ബാബ് ഖുർആൻ നന്നായി പഠിച്ചു. മറ്റുള്ളവർക്കു പഠിപ്പിച്ചുകൊടുക്കുന്ന അധ്യാപകനായി മാറി.





