മുഹമ്മദ് നബിയുടെ ﷺ പ്രവാചകദൗത്യങ്ങൾക്ക് ഹിറയിലെ ദിവ്യസന്ദേശത്തിലൂടെ ആരംഭമായി. മനുഷ്യകുലത്തിലേക്കുള്ള ദൂതരായി അല്ലാഹു നിയോഗിച്ചിരിക്കുന്നു എന്ന വിവരം പരസ്യമായി വിളംബരം ചെയ്യാനുള്ള നിർദ്ദേശം ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നില്ല. ലഭിച്ച സന്ദേശങ്ങളുടെ ഉറ്റവരിലേക്കും ആത്മമിത്രങ്ങളിലേക്കുമുള്ള, സ്വാഭാവിക കൈമാറ്റമായിരുന്നു പ്രാഥമികഘട്ടം. പ്രിയപത്നി ഖദീജയും, സന്തതസഹചാരിയായ അബൂബകറും, വീട്ടിൽ തന്നെ ഒപ്പമുണ്ടായിരുന്ന പിതൃസഹോദരപുത്രൻ അലിയും, തിരുനബിയിലുണ്ടായ ﷺ മാറ്റങ്ങളെ കൃത്യമായി മനസ്സിലാക്കി. എല്ലാം പിന്തുടരാനുള്ള വിചാരങ്ങൾ അവരിലുണ്ടായി. പ്രബോധനത്തിന്റെ ആദ്യനാളുകളിൽ തന്നെ അവർ പ്രവാചകൻ ﷺ മുന്നോട്ടുവെച്ച ആശയങ്ങൾ സ്വീകരിച്ചു.
പരസ്യമായൊരു പ്രഖ്യാപനം നടത്തിയില്ലെങ്കിലും തിരുനബിയിലുണ്ടായ ﷺ മാറ്റങ്ങളും ആത്മബന്ധുക്കളിൽ രൂപപ്പെട്ട വിചാരങ്ങളും മക്കയിൽ ചെറിയ ചെറിയ ചർച്ചകൾ രൂപപ്പെടുത്തി. ബഹുദൈവങ്ങളെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സമൂഹഘടനയിൽ നിന്ന് ഏകദൈവവിശ്വാസത്തിലേക്കുള്ള പരിവർത്തനമാണുണ്ടാകുന്നതെന്ന് തുടങ്ങുന്ന സൂചനകൾ, ചർച്ചകൾക്ക് ആഴം വർധിപ്പിച്ചു. തങ്ങൾ ആരാധിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളെയും ശക്തികളെയും നിരാകരിക്കേണ്ടി വരുമല്ലോയെന്ന ചിന്ത മക്കയിലെ പ്രമുഖരിൽ മുഴുവനും വിരുദ്ധവികാരം ഉണർത്തി.
പ്രപിതാക്കന്മാരുടെ വിശ്വാസാചാരങ്ങൾ ചോദ്യം ചെയ്യപ്പെടാൻ പോവുകയാണെന്ന വാർത്ത ഏതു സമൂഹത്തിലാണ് അലയൊലികളുണ്ടാക്കാത്തത്! വ്യവസ്ഥിതികളെ ചോദ്യം ചെയ്യാൻ ഒരാൾ വരുന്നുവെന്നറിഞ്ഞാൽ ഏതു ജനവിഭാഗത്തിലാണ് വിരുദ്ധവിചാരങ്ങളും വികാരങ്ങളും ഉണരാതിരിക്കുക! പരസ്യമായ പ്രബോധന പ്രവർത്തനങ്ങൾ ആരംഭിച്ചില്ലെങ്കിലും നാട്ടിലെ ഏറ്റവും സ്വീകാര്യനായ ഒരു വ്യക്തി ചില വേറിട്ട ചിന്തകൾ ഉന്നയിക്കുന്നു എന്നറിഞ്ഞാൽ മറ്റുള്ളവർക്ക് എങ്ങനെയാണ് ഉറക്കംവരിക!
കഅ്ബയുടെ പരിസരത്തെ അടക്കംപറിച്ചിലുകളും, മക്കയിലെ പ്രമുഖരിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ചർച്ചകളും തിരുനബി ﷺ അറിഞ്ഞു. അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങൾക്കനുസൃതമായി മാത്രം മുന്നോട്ടുപോവുകയായിരുന്നു തിരുനബി ﷺ. പ്രപഞ്ചാധിപനുമായുള്ള സംഭാഷണങ്ങളുടെ മാധുര്യത്തിലും സന്ദേശങ്ങുളുടെ വശ്യതയിലും മുഴുകി ആ ജീവിതം. അങ്ങനെയിരിക്കെയാണ് ‘ഉറ്റമിത്രങ്ങൾക്ക് താക്കീത് നൽകുക’ എന്ന ആശയം വരുന്ന ഖുർആനിക സൂക്തം അവതരിക്കുന്നത്. ഏറ്റവുമടുത്തവരിൽ സ്വകാര്യമായി പ്രബോധനം ആരംഭിക്കുക എന്നതായിരുന്നു ലക്ഷ്യം. അതോടെ ഔദ്യോഗികമായി രഹസ്യബോധനത്തിലേക്ക് പ്രവാചകൻ ﷺ പ്രവേശിച്ചു.





